ക്ഷേത്രങ്ങളിൽ ഉത്സവകാലം
text_fieldsതീക്കുട്ടിച്ചാത്തൻ തിറ
നന്മണ്ട: നന്മണ്ടയിലും കാക്കൂരിലും നരിക്കുനിയിലും തുടങ്ങി മിക്ക ദേശങ്ങളിലെ ക്ഷേത്രങ്ങളിലും ദേശക്കാവുകളിലും തറവാട്ട് കാവുകളിലും ഉത്സവമേളങ്ങളുടെ കാലമാണിപ്പോൾ. ധനുവിൽ ആരംഭിക്കുന്ന ഉത്സവകാലം മേടമാസത്തോടെയാണ് അവസാനിക്കുക.
നന്മണ്ട കൂളിപ്പൊയിൽ ചേരോത്ത് കരിയാത്തൻ ക്ഷേത്രം, ചീക്കിലോട് കരിങ്കാളികാവ്, കുട്ടമ്പൂർ താഴെപ്പാട്ട് കുട്ടിച്ചാത്തൻ ക്ഷേത്രം, കേളോത്ത് കുട്ടിച്ചാത്തൻകാവ് ഭഗവതി ക്ഷേത്രം, പുന്നശ്ശേരി പാറോൽ ഭഗവതി ക്ഷേത്രം, ബാലുശ്ശേരി തച്ചൻകണ്ടി ഭഗവതിക്കാവ്, മരക്കാട്ട് മീത്തൽ ഭഗവതി ക്ഷേത്രം, നരിക്കുനി കാവുംപൊയിൽ അമ്മ ദേവി ക്ഷേത്രം, ആശാരിക്കണ്ടി ഗുരുദേവൻ ക്ഷേത്രം, രാമല്ലൂർ കൊരഞ്ഞൂര് കുലവൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും കാവുകളിലും വിപുലമായ തിറ മഹോത്സവങ്ങളാണ് എല്ലാവർഷവും നടക്കുക.
ഓരോ തിറയാട്ടക്കോലങ്ങളുടെയും വൈവിധ്യമാർന്ന മുഖത്തെഴുത്ത് ആകർഷണീയമാണ്. പലതരത്തിലുള്ള നിറക്കൂട്ടുകളാണ് ഇതിന് ഉപയോഗിക്കുന്നത്. മനോല, മഷി, കാരം, അരിച്ചാന്ത്, ചായില്യപ്പൊടി, മഞ്ഞൾപ്പൊടി, അരിപ്പൊടി, വെളിച്ചെണ്ണ തുടങ്ങിയവയാണ് മുഖത്തെഴുത്തിന് എടുക്കാറുള്ളതെന്ന് പരമ്പരാഗത കലാകാരനും ഫോക്ലോർ പുരസ്കാര ജേതാവുമായ നിധീഷ് കാവുംവട്ടം സാക്ഷ്യപ്പെടുത്തുന്നു.
തെയ്യക്കോലങ്ങളിൽ ചമയങ്ങളും മേൽച്ചാർത്തുകളും ഉത്സവ ദിവസത്തിൽ തന്നെ നിർമിക്കുന്നതാണ്. ഇതിന് കുരുത്തോല, വാഴപ്പോള, പച്ചപ്പാള, മുള എന്നിവയാണ് ഉപയോഗിക്കുന്നത്. തികഞ്ഞ കലാവൈദഗ്ധ്യം പ്രകടമാക്കുന്ന ഈ നിർമാണ ജോലികളെല്ലാം തിറയാട്ട കലാകാരന്മാർ കൂട്ടായ്മയോടെയാണ് നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

