Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightപാണക്കാട്ടെ ...

പാണക്കാട്ടെ പെൺനോമ്പുകൾ

text_fields
bookmark_border
ഫാത്തിമ നർഗീസ്
cancel
camera_alt

വനിത ലീഗ് പ്രവർത്തകർ സമ്മാനിച്ച ഛായാചിത്രവുമായി ഫാത്തിമ നർഗീസ്

മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൾ ഫൈറൂസ് ബീവിയുടെയും മരുമകൾ ഹനിയ്യ സഖാഫിന്റെയും പേരക്കുട്ടി ഫാത്തിമ നർഗീസിന്റെയം റമദാൻ അനുഭവങ്ങളിൽ കടലുണ്ടിപ്പുഴയോളം വിശാലമായ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കഥകള്‍ പരന്നുകിടക്കുന്നു

പാണക്കാട്ടേക്ക് വഴിതെറ്റിയെത്തുന്ന ഒരു പൂച്ചക്കുട്ടി പോലും വിശന്നുകൊണ്ട് തിരിച്ചുപോകരുതെന്ന് നിർബന്ധമുണ്ടായിരുന്ന ഒരു മഹതി ജീവിച്ചിരുന്നു കൊടപ്പനക്കൽ തറവാട്ടിൽ. അവരുടെ ഓർമകളെ തലോടിക്കൊണ്ടാണ് ഓരോ നോമ്പുകാലത്തെയും പാണക്കാട്ടുകാർ വരവേല്‍ക്കുന്നത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പ്രിയപ്പെട്ട മകളും പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരുമകളും മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതസഖിയുമായ പുതിയമാളിയേക്കൽ ശരീഫ ഫാത്തിമ ബീവി.

പാണക്കാടൊരു വിളക്കുമാടമായിരുന്നെങ്കിൽ ആ വിളക്കുമാടത്തിനകത്ത് പുറംലോകമറിയാതെ ഒഴുകിപ്പരന്ന വെളിച്ചമായിരുന്നു ശരീഫ ബീവിയുടെ ജീവിതം. തൊട്ടുപിറകിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ ഓളങ്ങളോളം ഹൃദ്യമായി ആ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കഥകള്‍ പരന്നുകിടന്നു.

ആദ്യ പാഠം: അളവില്ലാതെ ഭക്ഷണമൊരുക്കണം!

വലിയ ആരവങ്ങളോടെയായിരുന്നു ഓരോ റമദാനെയും കൊടപ്പനക്കൽ തറവാട്ടിലേക്ക് ശരീഫ ബീവി സ്വീകരിച്ചത്. മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം റമദാനാകുമ്പോൾ ഉമ്മയുടെയും ബാപ്പയുടെയും സ്നേഹത്തണലുള്ള പാണക്കാട് ഗ്രാമത്തിലേക്ക് ഓടിയെത്തുക പതിവാണ്.

കുടുംബങ്ങളും അയല്‍വാസികളും ശിഹാബ് തങ്ങളെ കാണാനെത്തുന്ന മനുഷ്യരുമൊക്കെയായി ഒരു ചെറിയ കല്യാണത്തിനുള്ള ആളുണ്ടാവും ഓരോ ദിവസവും നോമ്പ് തുറക്കാന്‍. അളവില്ലാതെ ഭക്ഷണമൊരുക്കുന്നതാണ് കൊടപ്പനക്കൽ തറവാട്ടിലെ അടുക്കള മാതൃക. എപ്പോഴും ജനങ്ങളൊഴുകിയെത്തുന്ന ആ വീട്ടിൽ വരുന്ന ഓരോ മനുഷ്യന്റെയും വയറും മനസ്സും നിറച്ച് പറഞ്ഞയക്കാന്‍ ശരീഫ ബീവി തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു അത്.

ഇത് പറയുമ്പോൾ ചിരിയോടെ ഒരു കഥയോര്‍ക്കുന്നുണ്ട് മരുമകളും മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രിയപത്നിയുമായ ഹനിയ്യ സഖാഫ്. ഒന്നരപ്പതിറ്റാണ്ട് മുമ്പ് ഹനിയ്യ ബീവി ആദ്യമായി ഏറ്റെടുത്ത് നടത്തിയ ഒരു നോമ്പുതുറക്ക് എണ്ണം പറഞ്ഞ ആളുകളിലും കൂടുതല്‍ അളവില്‍ തന്നെ അവർ ഭക്ഷണമൊരുക്കിയിരുന്നെങ്കിലും നോമ്പ് തുറക്കാനുള്ള സമയമായതും നേരത്തേ പറഞ്ഞതിലും ഇരട്ടിയിലധികം ആളുകള്‍ കടന്നുവരുന്നതുകണ്ട് എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചുനിന്ന ഒരു പെൺകുട്ടിയുടെ ഓര്‍മ.

അളവില്ലാതെ ഭക്ഷണമൊരുക്കേണ്ട, എണ്ണമില്ലാത്തത്രയും അതിഥികളെത്തുന്ന ഒരു വീടാണിതെന്ന വലിയ പാഠം ആ പെൺകുട്ടിയെ പഠിപ്പിക്കുകയായിരുന്നു. പിന്നീടൊരിക്കലും കൊടപ്പനക്കലെ ഒരു പരിപാടിയിലും അങ്ങനെയൊരു അബദ്ധം ഹനിയ്യ ബീവിക്ക് സംഭവിച്ചിട്ടില്ല. ഇന്ന് കൊടപ്പനക്കൽ തറവാട്ടിലെത്തുന്ന ഓരോ മനുഷ്യനെയും സ്നേഹം കൊണ്ട് വിരുന്നൂട്ടുന്നത് ഹനിയ്യ ബീവിയുടെ അടുക്കളയാണ്.

കൊയിലാണ്ടിയിലെ സഖാഫ് കുടുംബത്തിലെ ഹനിയ്യ സഖാഫ് എന്ന 18കാരിപെണ്‍കുട്ടി കൊടപ്പനക്കൽ തറവാടിന്റെ പടി കയറുമ്പോൾ വലിയൊരു ഉത്തരവാദിത്തത്തിലേക്കാണ് താനെത്തുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ കാലം ആ പെണ്‍കുട്ടിയെ പാണക്കാട്ടെ ഹനിയ്യ ബീവിയിലേക്ക് മനോഹരമായി രൂപപ്പെടുത്തിയെടുത്തു.

ആ മാറ്റത്തിന്റെ കഥകളത്രയും ശിഹാബ് തങ്ങളെന്ന ബാപ്പയുടെയും ശരീഫ ബീവിയെന്ന ഉമ്മയുടെയും സ്നേഹത്തിൽ ചാലിച്ച ഓര്‍മകളിലാണവർ പറഞ്ഞുവെക്കുന്നതത്രയും.


ഉമ്മയുടെ സ്നേഹവും കരുതലും ആവോളമനുഭവിച്ച രണ്ടുവര്‍ഷങ്ങൾക്കപ്പുറം അപ്രതീക്ഷിതമായ ഒരു നേരത്ത് ഉമ്മ പോയതിൽ പടര്‍ന്ന ശൂന്യതയും അവിടന്നിങ്ങോട്ട് ഉമ്മ അത്ര കാലവും കൊണ്ടുനടന്ന 'ഉമ്മയുടെ അടുക്കള ലോകത്തിന്റെ' ഉത്തരവാദിത്തം താനേറ്റെടുക്കേണ്ടി വന്നതുമായ കഥകള്‍ പറയുമ്പോള്‍ ഹനിയ്യ ബീവിയുടെ കണ്ണുകള്‍ നിറയുന്നുണ്ട്, നോവിന്റെ ഒരു കടല്‍ തന്നെ ആ വാക്കുകളിലത്രയുമുണ്ട്.

തറവാട്ടിലെ തറാവീഹും നിസ്കാരക്കുപ്പായ വിൽപനയും

നേരമെത്ര പാതിര കടന്നാലും ബാപ്പ വരുന്നതും കാത്ത് ഗേറ്റിലേക്ക് കണ്ണും നട്ടിരിക്കുന്ന തന്റെ ബാല്യമാണ് ശിഹാബ് തങ്ങളെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ മകൾ ഫൈറൂസ് ബീവിയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്. 'ബാപ്പക്കുട്ടി'യായിരുന്ന ഫൈറൂസ് ബീവിയുടെ ലോകമാകെ കറങ്ങിയിരുന്നത് തന്നെ ബാപ്പയുടെ ചുറ്റിലുമാണ്.

നോമ്പും പെരുന്നാളുമൊക്കെ സകാത്തും ആരാധനകളുമെല്ലാം കൊണ്ട് ആഘോഷമാക്കിയിരുന്ന ഉമ്മയും ബാപ്പയും മക്കളുടെയും ഹൃദയങ്ങളില്‍ കൊളുത്തിവെച്ചതും ഒരിക്കലും മാഞ്ഞുപോകാത്തത്രയും കരുണ തന്നെയാണ്. നോമ്പിന് ജീരകക്കഞ്ഞി ബാപ്പയുടെ ഇഷ്ടവിഭവമായിരുന്നു.

റമദാനിൽ ദൂരെയൊന്നും പോകാതിരിക്കാന്‍ ബാപ്പ കഴിവതും ശ്രമിച്ചിരുന്നു. അതുപോലെ രാത്രികാലങ്ങളിൽ ചുറ്റുവട്ടത്തുള്ള സ്ത്രീകളെല്ലാവരും കൊടപ്പനക്കൽ വീട്ടിൽ തറാവീഹിനായി ഒത്തുചേരുക ഉമ്മയുള്ള കാലത്ത് പതിവായിരുന്നു. വസ്ത്രങ്ങൾ തുന്നുന്നതിലെ ഉമ്മയുടെ കൗതുകത്തെയും ഫൈറൂസ് ബീവി ഓർക്കുന്നുണ്ട്. നിസ്കാരക്കുപ്പായങ്ങളും പേരക്കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളുമൊക്കെ സ്വയം തുന്നുന്നത് ഉമ്മയുടെ ഇഷ്ടവിനോദമായിരുന്നു.

ഈ നിസ്കാരക്കുപ്പായങ്ങളുടെ വില്‍പനയും കൊടപ്പനക്കലിന്റെ അടുക്കളവാതില്‍ വഴി നടന്നിരുന്നു, അധ്വാനിച്ചു ജീവിക്കണമെന്ന വലിയൊരു സന്ദേശം കൂടി ഇതിലൂടെ പാണക്കാട്ടെ ബീവിത്താത്ത തന്റെ ചുറ്റുമുള്ള പെണ്‍ജീവിതങ്ങളിലേക്ക് പകര്‍ന്നു നല്‍കി.

ശരീഫ ബീവിയുടെ സഹായങ്ങൾ ലഭിച്ച മനുഷ്യർ അതിരുകളേതുമില്ലാതെ പരന്നുകിടക്കുന്നതായിരുന്നു. അതിന്റെ യഥാർഥ ആഴമെത്രയാണെന്നത് മക്കള്‍ പോലും തിരിച്ചറിയുന്നത് ഉമ്മ പോയ ശേഷം കൊടപ്പനക്കലെ വീട്ടിൽ വന്ന് വിതുമ്പിക്കൊണ്ട് ഉമ്മ സഹായിച്ച കഥകള്‍ പറയുന്ന മനുഷ്യരിലൂടെയാണ്.

കാരുണ്യത്തിന്റെ വറ്റാത്തൊരു ലോകമായിരുന്ന ബാഫഖി തങ്ങളുടെ പ്രിയപ്പെട്ട പുത്രിയുടെ സ്നേഹവാത്സല്യ കഥകള്‍ ഉമ്മയെ ഓർക്കുമ്പോൾ ഫൈറൂസ് ബീവിയുടെ മനസ്സിലാകെ തിളങ്ങി നിൽക്കുന്നുണ്ട്.


ഇന്ന് ഉമ്മയും ബാപ്പയുമില്ലാത്ത കൊടപ്പനക്കൽ വീട്ടിൽ ആ ശൂന്യത ആവോളമുണ്ടെങ്കിലും നോവിന്റെ ആ വിടവ് നികത്താന്‍ പ്രിയപ്പെട്ട അനിയന്‍ കോയ, പുറം ലോകത്തിനറിയുന്ന മുനവ്വറലി ശിഹാബ് തങ്ങൾ അങ്ങേയറ്റം ശ്രമിക്കുന്നുണ്ടെന്ന് ഫൈറൂസ് ബീവി പറയുന്നു. എങ്കിലും കൊടപ്പനക്കലിന്റെ ഗേറ്റ് കടക്കുമ്പോൾ ആ വട്ടമേശക്കരികെ ബാപ്പയില്ലല്ലോ എന്ന കാഴ്ച ശിഹാബ് തങ്ങളുടെ പ്രിയപ്പെട്ട മക്കളുടെയെല്ലാം കണ്ണുകളെ തെല്ലൊന്നുമല്ല നിറച്ചുകളയുന്നത്.

ഇളംമുറക്കാരി

കൊടപ്പനക്കല്‍ വീട്ടിലെ ഇളംതലമുറയായ മുനവ്വറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് ശിഹാബിന് നോമ്പുകാലമെന്നാല്‍ എപ്പോഴും നിറയെ തിരക്കുകളില്‍ ഓടിനടക്കുന്ന ബാപ്പ കുറച്ചെങ്കിലും തിരക്കുകളൊഴിഞ്ഞ് വീട്ടിലുണ്ടാവുന്ന സമയമെന്നാണ്, അതുകൊണ്ടുതന്നെ കുടുംബത്തിന്റെ സമയമാണ് റമദാനെന്ന് നർഗി മോൾ പറഞ്ഞുവെക്കുന്നു.

നോമ്പുകാലത്ത് സ്‌കൂളിനും അവധിയായതുകൊണ്ട് കൊടപ്പനക്കൽ വീട്ടിൽ മുനവ്വറലി തങ്ങളുടെ നാല് മക്കളും ഒരുമിച്ചുണ്ടാവും. കുടുംബമൊരുമിച്ചുള്ള നമസ്കാരങ്ങളുടെയും പ്രാർഥനകളുടെയും പാചകങ്ങളുടെയും ബാപ്പയുടെയും ഉമ്മയുടെയും പഴയകാല കഥകള്‍ കൊണ്ട് നിറയുന്ന രാത്രികളുടെയുമെല്ലാം അനുഭവങ്ങളാണ് ഓരോ റമദാനും നർഗീസിന് സമ്മാനിക്കുന്നത്.

ജീരകക്കഞ്ഞിയും കട്ട്ലറ്റും നോമ്പുകാലത്ത് കൊടപ്പനക്കലെ തീന്മേശയിലെ സ്ഥിരം വിഭവമാണ്. പാചകത്തിൽ താൽപര്യമുള്ള നർഗീസിന് നോമ്പുകാലം പുതിയ പാചകപരീക്ഷണങ്ങളുടെ കൂടി സമയമാണ്. കോവിഡ് കാലത്തെ നോമ്പിന് കൊടപ്പനക്കലെ അടുക്കളയില്‍ പിറന്ന ചക്കവിഭവങ്ങളെയും രസകരമായി ഓര്‍ക്കുന്നുണ്ട് മുനവ്വറലി തങ്ങളുടെ നാല് മക്കളിലെ ഏക പെണ്‍തരി.

ഉമ്മയും ബാപ്പയും ഇക്കാക്ക ഷെബുവും അനിയന്മാരായ അമാനുവും ഇഹ്സാനുമെല്ലാം ഒരുമിച്ചുള്ള യാത്രകളും, ഒരുപാട് അതിഥികള്‍ നോമ്പുതുറക്കാന്‍ ഓരോ ദിവസവും വീട്ടിലേക്കെത്തുന്നതും, കുടുംബവീടുകളിലേക്കെല്ലാം നോമ്പുതുറക്കാന്‍ പോകുന്നതുമൊക്കെ നർഗീസിന് നോമ്പുകാലത്തെ കുറിച്ചുള്ള ആനന്ദമുള്ള ഓർമകളാണ്. കൊടപ്പനക്കൽ വീട്ടിൽ വല്ലാത്തൊരു ശൂന്യതയുണ്ടെന്ന് ശിഹാബ് തങ്ങളുടെ പേരക്കുട്ടികളായ മദീഹ ഹദ്ദാദും മിർസ ഹദ്ദാദും പറഞ്ഞുവെക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PanakkadRamadan 2024Ramadan Stories
News Summary - female fast in panakkadu
Next Story