പിന്നിട്ടത് പതിറ്റാണ്ടുകൾ; ഇത്തവണ അബൂബക്കറിന്റെ നോമ്പ് നാട്ടിൽ
text_fieldsഅബൂബക്കർ
അജ്മാന്: കെ.പി. അബൂബക്കർ എന്ന കൂറ്റനാട് സ്വദേശിയായ പ്രവാസിയുടെ ഇത്തവണത്തെ റമദാൻ നോമ്പ് നാട്ടിലായിരിക്കും. പല പ്രവാസികളെയുംപോലെ നീണ്ട പതിറ്റാണ്ടുകൾക്കുശേഷമാണ് അദ്ദേഹത്തിന് ആ ഭാഗ്യം വന്നുചേരുന്നത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇതെന്നത് ഒരു യാദൃച്ഛികതയാണ്.
കൂറ്റനാട് പാലക്കൽ പീടികകുണ്ടിൽ പീടികയിൽ വീട്ടില്‍ കെ.പി. അബൂബക്കര്‍ 1973ലാണ് ആദ്യമായി പ്രവാസ ലോകത്ത് എത്തുന്നത്. മുംബൈയിൽനിന്ന് കപ്പലില്‍ ഒമാനിലേക്കാണ് ആദ്യയാത്ര. കൂട്ടിന് ജ്യേഷ്ഠ സഹോദരൻ മുഹമ്മദ് കുട്ടിയുമുണ്ടായിരുന്നു. നിർമാണ കമ്പനിയില്‍ ലേബർ ആയിട്ടായിരുന്നു ആദ്യ ജോലി. കാഠിന്യമേറിയ ആദ്യ പ്രവാസ അനുഭവമായിരുന്നു അത്. തുടർച്ചയായി അഞ്ചു വർഷം അവിടെ ജോലി ചെയ്തു.
പിന്നീട് നാട്ടിലേക്ക് തിരിച്ചു. 1980ലാണ് സഹോദരൻ അയച്ച മറ്റൊരു വിസയിൽ ഷാർജയിൽ എത്തുന്നത്. പല ജോലികൾക്കുശേഷം മൂന്നു വർഷത്തിനുശേഷം നാട്ടിൽ പോയി. ആ പോക്കിലാണ് 1982ൽ പടിഞ്ഞാറങ്ങാടി ഒറവിൽ മൊയ്തുണ്ണി മാസ്റ്ററുടെ മകൾ സാബിറയെ ജീവിത സഖിയായി കൂടെ കൂട്ടിയത്. ശേഷം ആറു വർഷത്തോളം ഷാർജ ഡിഫൻസില്‍ സ്റ്റോർ കീപ്പറായി ജോലി ചെയ്തു.
തുടർന്ന് സഹോദരൻ മൊയ്തുട്ടി ജോലി ചെയ്തിരുന്ന ഷാർജ പാലസിൽ പൊലീസ് കിച്ചനിൽ കുക്കായി ജോലി ലഭിച്ചു. തുടര്‍ച്ചയായി 30 വർഷം അവിടെ ജോലി ചെയ്തു. ഈ ഫെബ്രുവരി 28ന് ജോലിയിൽ നിന്നിറങ്ങി. ഷാർജയിൽ ഫാർമസിസ്റ്റായ മകൾ ജൗഹറ, ദുബൈയില്‍ എൻജിനീയറായ ജുനൈദ്, നാട്ടിലുള്ള ഡോ. ജുഹൈന എന്നിവരാണ് മൂന്ന് മക്കൾ. ഹോട്ട്പാക്കില്‍ ജോലിചെയ്യുന്ന ഹക്കീം, ബംഗളൂരിലുള്ള ജസീം, ഡോ. റംസീന എന്നിവർ മരുമക്കള്‍.
മക്കളെ നല്ല നിലയിൽ പഠിപ്പിച്ച് കരക്കെത്തിക്കാന്‍ കഴിഞ്ഞത് വലിയ സംതൃപ്തിയായി അബൂബക്കര്‍ കാണുന്നു. ഷാര്‍ജ ശൈഖ് ഇമാമായി നിന്ന നമസ്കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ പ്രവാസത്തിലെ വലിയ സന്തോഷം. പ്രവാസ കാലത്തിനിടയില്‍ റമദാൻ നാട്ടില്‍ കൂടാന്‍ കഴിഞ്ഞിട്ടില്ല. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ലൈഫ് മെമ്പറാണ് അബൂബക്കര്‍. നാട്ടിലെത്തി ഭാര്യയുമൊത്ത് ഹജ്ജിന് പോകണം എന്ന ആഗ്രഹത്തിലാണ് ഇദ്ദേഹം. അബൂബക്കര്‍ 0507864897.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

