നക്ഷത്ര നോമ്പുതുറകൾ
text_fieldsഡബ്ലു ദോഹയിലെ സുൽതാൻ നൈറ്റ് ടെന്റ്, അൽ മെസ്സില റിസോർട്ടിലെ ഗാർഡൻ
ഇഫ്താർ -സുഹൂർ
ദോഹ: പോക്കറ്റിൽ ചില്ലിക്കാശില്ലാതെയും നോമ്പുകാലത്ത് ജീവിക്കാമെന്നതാണ് അറബ് മണ്ണിലെ ഏറ്റവും വലിയ പുണ്യം. റമദാൻ പിറന്നാൽ, ഭക്ഷണം വിളമ്പിയും നോമ്പുതുറപ്പിച്ചും പുണ്യം നേടാൻ മത്സരിക്കുന്ന നാട്ടിൽ സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ ഇഫ്താറും വിഭവസമൃദ്ധമായ ഭക്ഷണവും ലഭിക്കാൻ ഒരുപാട് വഴികളുണ്ട്. ഔഖാഫും ഖത്തർ ചാരിറ്റിയും ഉൾപ്പെടെ സർക്കാറിനു കീഴിലുള്ള ഇഫ്താർ ടെന്റുകളും പള്ളികൾ കേന്ദ്രീകരിച്ച നോമ്പുതുറയും മുതൽ സ്വകാര്യ വ്യക്തികൾ, സംഘടനകൾ, കൂട്ടായ്മകൾ തുടങ്ങി നോമ്പു തുറക്കാൻ ഒരുപാട് വഴികളുണ്ട്.
ഇതിനിടയിൽ, പോക്കറ്റിൽ കനമുള്ളവന് നോമ്പുതുറ അൽപം ‘റിച്ചാക്കാനും’ വഴിയുണ്ട്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഇഫ്താർ-അത്താഴ പാർട്ടികൾ സംഘടിപ്പിച്ച് റമദാനിലെ രാത്രികൾക്ക് നിറപ്പകിട്ട് നൽകാൻ ഒരുങ്ങുന്നവരെ കാത്തിരിക്കുകയാണ് ഖത്തറിലെ നക്ഷത്ര ഹോട്ടലുകൾ. കുടുംബ സൗഹൃദ സംഗമങ്ങൾ മുതൽ ബിസിനസ് പാർട്ടികളും കമ്പനി ഇഫ്താറുകളുമെല്ലാമായി റമദാനിലെ നോമ്പുതുറ ഗ്രാൻഡ് ആക്കാൻ ഒരുപിടി വഴികൾ.
പഞ്ചനക്ഷത്ര ഹോട്ടലുകൾ വൈവിധ്യമാർന്ന ഓഫറുകളോടെയാണ് നോമ്പുതുറ ഗ്രാൻഡാക്കാൻ അവസരം ഒരുക്കുന്നത്. സുൽത്താൻ ടെന്റ് മുതൽ പ്രൈവറ്റ് മജ്ലിസ്, വണ്ടർലാൻഡ് ടെന്റ്, 40 നില ഉയരമുള്ള കതാറ ടവറിന്റെ മട്ടുപ്പാവിൽ അറേബ്യൻ കടലിന്റെയും ലുസൈൽ നഗരത്തിന്റെയും ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഇഫ്താർ വരെ നീളുന്നു.
ഇതിനു പുറമെ, ഒരു രാത്രി താമസം കൂടി വാഗ്ദാനം ചെയ്തുള്ള റമദാൻകാല ഓഫറുകളും നക്ഷത്ര ഹോട്ടലുകളും റിസോർട്ടുകളും ഈ നാളിൽ സന്ദർശകർക്ക് നൽകുന്നുണ്ട്. വിദേശ സന്ദർശകർ ഉൾപ്പെടെ ഒരു വിഭാഗം അവധിക്കാലംപോലെ റമദാനെ വരവേൽക്കുമ്പോൾ അവർക്ക് ആഡംബരത്തോടെ അനുഭവം വാഗ്ദാനം ചെയ്യുകയാണ് ഇവർ. മാർച്ച് 23നാണ് റമദാൻ ആരംഭിച്ചതെങ്കിലും നേരത്തേ തന്നെ ഇവിടങ്ങളിൽ ബുക്കിങ് തുടങ്ങിയിരുന്നു. ഏപ്രിൽ 20 വരെയാണ് റമദാൻകാല സ്പെഷൽ പാക്കേജുകൾ ലഭ്യമാക്കുന്നത്.
നോമ്പുതുറയും സുഹൂറും പ്രാർഥന സൗകര്യങ്ങളും ഒപ്പം കുട്ടികൾക്ക് വിനോദ പരിപാടികളും നൽകുന്ന ഓഫറുകളും വിവിധ ഇടങ്ങളിൽ ഉണ്ട്. സാധാരണ ഹോട്ടലുകളിൽ എട്ടും പത്തും റിയാലിൽ ഒതുങ്ങുന്ന നോമ്പുതുറ അത്യാഡംബരത്തോടെ മൂന്നും നാലും അക്കത്തിലെത്തുന്നതാണ് ഇവിടങ്ങളിലെ ബജറ്റ്.
ദോഹയിലെ പ്രധാന ഹോട്ടലുകളിലൊന്നായ റാഡിസൺ ബ്ലൂ 160 റിയാൽ മുതൽ നിരക്കിൽ ഔട്ട്ഡോർ ഇഫ്താർ പാർട്ടികൾ സജ്ജമാക്കുന്നു. ‘റമദാൻ നൈറ്റ്സ്’ എന്ന ടാഗിലാണ് നക്ഷത്ര ഹോട്ടലായ റിറ്റ്സ് കാൾട്ടൻ പരസ്യം ചെയ്യുന്നത്. ഇഫ്താറും സുഹൂറും ഒപ്പം, ലക്ഷ്വറി-സ്യൂട്ട് റൂമിലെ താമസവും വാഗ്ദാനം ചെയ്യുന്നു.
പ്രൈവറ്റ് മജ്ലിസും ലൈവ് വിനോദ പരിപാടികളുമായി ‘ദ നെദ് ദോഹ’ റമദാൻ ഓഫറായി പ്രഖ്യാപിച്ചത്. കുടുംബസമേതമെത്തി താമസിക്കാനും വിനോദം, ഇഫ്താർ-സുഹൂർ ഉൾപ്പെടെയുള്ളവയും വാഗ്ദാനം ചെയ്യുകയാണ് ഗ്രാൻഡ് ഹയാത്, അൽ റയാൻ തുടങ്ങിയ നക്ഷത്ര ഹോട്ടലുകൾ.
ഡബ്ല്യു ദോഹയാണ് അത്യാഡംബരം നൽകുന്ന ‘സുൽത്താൻ ടെന്റുകൾ’ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ലുസൈലിലെ ഏറ്റവും ശ്രദ്ധേയമായി ഖത്തറിന്റെ ഐക്കൺ കെട്ടിടമായി മാറിയ കതാറ ടവറിലെ സിക്സ് സ്റ്റാർ ഹോട്ടലാണ് റാഫ്ൾസ് ദോഹ. 40 നിലയുള്ള കെട്ടിടത്തിന്റെ മട്ടുപ്പാവിൽ രാത്രി ആസ്വദിച്ചുള്ള നോമ്പുതുറയും സുഹൂറുമാണ് ‘അൽ ഫ്രെസ്കോ’ (ഓപൺ എയർ ഡൈനിങ്) ഇവർ വാഗ്ദാനം ചെയ്യുന്നത്.
തങ്ങളുടെ ഏറ്റവും മനോഹരമായ പൂന്തോട്ടത്തിൽ നക്ഷത്രക്കാഴ്ചകൾക്കു താഴെയുള്ള ഇഫ്താറാണ് അൽ മെസ്സില റിസോർട്ടിന്റെ സ്പെഷൽ ഓഫർ. ഇഫ്താറിന് ആളൊന്നിന് 250 റിയാലും സുഹൂറിന് 175 റിയാലും നിരക്ക്.
വേറിട്ട രുചിവൈവിധ്യങ്ങളുമായി തയാറാക്കിയ മെനുവുമായാണ് ലാ സിഗാല ഹോട്ടൽ ക്ഷണിക്കുന്നത്. ഹിൽട്ടൻ സൽവ ബീച്ച് റിസോർട്ടിൽ ഇഫ്താറിനും സുഹൂറിനുമൊപ്പം വാട്ടർ പാർക്ക് സൗകര്യവുമുണ്ട്.
ഏപ്രിൽ അഞ്ചിന് കുട്ടികളുടെ നോമ്പ് ആഘോഷമായ കരങ്കാവോ ഓഫർ ഒരുക്കുകയാണ് തവർ മാൾ. അറബിക് ബാൻഡ്, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിങ്ങനെ ഒരുപിടി പരിപാടികൾ ഈ ദിനം തവർ മാളിൽ സജ്ജമാക്കും. പോക്കറ്റ് കാലിയായവന് നോമ്പ് സമൃദ്ധമാക്കാനുള്ളതുപോലെ, കാശുള്ളവനും ആഘോഷിക്കാൻ ഈ ചുറ്റിലും അവസരങ്ങളേറെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

