പെരുന്നാൾ ഷോപ്പിങ് തിരക്കിലേക്ക് നാടും നഗരവും...
text_fieldsഈദുൽ ഫിത്‌റിനോടനുബന്ധിച്ച് ഐ.എം.ഐ സലാല വനിത വിഭാഗം ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തവർ
മസ്കത്ത്: വിശുദ്ധ റമദാൻ വിടപറയാൻ ഒരുങ്ങുന്നതോടെ, ഒമാൻ വ്യാഴാഴ്ച പെരുന്നാൾ ഷോപ്പിങ്ങിന്റെ തിരക്കിലമരും. വ്യാഴാഴ്ച ശവ്വാൽ പിറ കാണാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങളോട് ചന്ദ്രദർശനത്തിന് വഖഫ്-മതകാര്യ മന്ത്രാലയം കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു.
പൗരന്മാരും പ്രവാസികളും അതത് വിലായത്തുകളിലെ ഫീൽഡ് ടീമുകളുമായി സഹകരിച്ചോ വാലിമാരുടെ ഓഫിസുകളിലെ ഉപസമിതികളുമായി ബന്ധപ്പെടുകയോ ചെയ്ത് ശവ്വാൽ ചന്ദ്രപ്പിറവി നടത്തണമെന്നാണ് അഭ്യർഥന. വകുപ്പു മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മാമരിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച വൈകുന്നേരം മസ്‌കത്തിൽ ചേരുന്ന പ്രധാന ചന്ദ്രദർശന കമ്മിറ്റി യോഗം ഒമാനിലെ പെരുന്നാൾ സംബന്ധിച്ച് തീരുമാനമെടുക്കും.
മറ്റു ഗൾഫ് നാടുകളിൽ വെള്ളിയാഴ്ച പെരുന്നാളാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒമാനിൽ വ്യാഴാഴ്ചയോടെ 29 നോമ്പ് പൂർത്തിയാവും. വ്യാഴാഴ്ച ചന്ദ്രപിറവി കാണാനായില്ലെങ്കിൽ ഒമാനിൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച പെരുന്നാളാഘോഷിക്കും.
പെരുന്നാൾ അവധിക്ക് മുന്നോടിയായി അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സ്വദേശികളും പ്രവാസികളും വിപണികളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പെരുന്നാൾ ദിനമടക്കം അഞ്ചുദിവസത്തെ ഈ അവധിക്കാലം ഷോപ്പിങ് വിപണിക്കും ടൂറിസം മേഖലക്കും വലിയ ഉണർവേകും.മത്ര സൂഖ് ഉൾപ്പെടെയുള്ള പൈതൃക വിപണികളിൽ വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഒമാന്റെ തനത് ശൈലിയിലുള്ള ഹബ്ത മാർക്കറ്റുകളും വിവിധ ഗവർണറേറ്റുകളിൽ സജീവമായിക്കഴിഞ്ഞു. കന്നുകാലികൾ, ഈന്തപ്പഴം, മധുരപലഹാരങ്ങൾ എന്നിവ ഹബ്ത മാർക്കറ്റുകളിൽ ലഭ്യമാണ്. നഗരങ്ങളിലെ പ്രധാന ഷോപ്പിങ് മാളുകൾ ആകർഷകമായ ഓഫറുകളുമായി ഉപഭോക്താക്കളെ വരവേൽക്കുന്നുണ്ട്.
തിരക്ക് നിയന്ത്രിക്കുന്നതിനും കൃത്രിമ വിലക്കയറ്റം തടയുന്നതിനും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയും നഗരസഭ അധികൃതരും വിപണികളിൽ കർശന പരിശോധന നടത്തുന്നുണ്ട്.
പെരുന്നാൾ നമസ്കാര സമയം
- ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഒമാൻ
റൂവി: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഒമാന്റെ നേതൃത്വത്തിൽ റൂവി അൽ കരാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ ഈദ്ഗാഹ് സംഘടിപ്പിക്കും. രാവിലെ 6.55ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. ഷെമീർ ചെന്ത്രാപ്പിന്നി നേതൃത്വം നൽകും.
വാദി കബീർ: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഒമാന്റെ നേതൃത്വത്തിൽ വാദി കബീർ ഇബ്നു കൽദൂൻ സ്കൂൾ കോമ്പൗണ്ടിൽ രാവിലെ 6.55ന് നടക്കുന്ന ഈദ്ഗാഹിന് ഹാഷിം അംഗടിമുഗർ നേതൃത്വം നൽകും.
സീബ്: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഒമാന്റെ നേതൃത്വത്തിൽ സീബിലെ കാലിഡോണിയൻ കോളജ് ഗേറ്റ് നാലിൽ നടക്കുന്ന ഈദ്ഗാഹിന് നിഷാദ് സ്വലാഹി നേതൃത്വം നൽകും. പെരുന്നാൾ നമസ്കാര സമയം- രാവിലെ 7.10.
സുവൈഖ്: സുവൈഖിലെ ഷാഹി ഫുഡ്സ് കോമ്പൗണ്ടിൽ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഒമാന്റെ നേതൃത്വത്തിൽ ഈദ്ഗാഹ് സംഘടിപ്പിക്കും. രാവിലെ ഏഴിന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് സഫർ മാഹി നേതൃത്വം നൽകും.
- ഒമാൻ ഇസ്‍ലാഹി സെന്റർ
മസ്കത്ത്: ഒമാൻ ഇസ്‍ലാഹി സെന്ററിന്റെ നേതൃത്വത്തിൽ റൂവി കെ.എം ട്രേഡിങിന് സമീപം (പഴയ ഫാമിലി ഷോപ്പിങ് സെന്റർ കോമ്പൗണ്ട്) സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് ഇക്ബാൽ മാട്ടുമ്മൽ നേതൃത്വം നൽകും. നമസ്കാര സമയം 7.05. ഈദ് ഗാഹിലേക്ക് വരുന്നവർ വുദു എടുത്ത് മുസ്വല്ലയോട് കൂടി വരണമെന്ന് സംഘാടകർ അറിയിച്ചു.
- മസ്കത്ത് കെ.എം.സി.സി
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിയുടെയും മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്രസയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കും. മബേല മദീന മാർക്കറ്റിന് സമീപമുള്ള ബി.പി മസ്ജിദിൽ രാവിലെ 7.45 ന് പെരുന്നാൾ നമസ്കാരം നടക്കും. ഷക്കീർ ഫൈസി തലപ്പുഴ നേതൃത്വം നൽകും.
- സലാലയിലെ പെരുന്നാൾ നമസ്കാരം
സലാല: സലാലയിൽ വിവിധ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഈദ്ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാൾ നമസ്കാരം നടക്കും. ഔഖാഫ് പള്ളികളിൽ രാവിലെ 7.13ന് പെരുന്നാൾ നമസ്കാരം നടക്കും.
ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഫാസ് അക്കദമി ഗ്രൗണ്ടിൽ ( അൽ നാസർ ക്ലബ്ബ്) നടക്കും. രാവിലെ 7.20 ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് ജി. സലിം സേട്ട് നേതൃത്വം നൽകും.
എസ്.ഐ.സി സലാലയുടെ നേതൃത്വത്തിൽ മസ്ജിദ് ഹിബ്റിൽ പെരുന്നാൾ നമസ്കാരം രാവിലെ എട്ടിന് നടക്കും. അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ നേതൃത്വം നൽകും.
ഐ.സി.എഫ് സലാലയുടെ നേതൃത്വത്തിൽ മസ്ജിദ് ബാ അലവിയിൽ രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം നടക്കും. മുഹമ്മദ് റാഫി സഖാഫി നേതൃതൃത്വം നൽകും.
ഒമാൻ ഇന്ത്യൻ ഇസ് ലാഹി സെന്ററിന്റെ നേതൃത്വത്തിൽ ഇത്തിഹാദ് ക്ലബ്ബ് ഗ്രൗണ്ടിൽ ഈദ്ഗാഹ് സംഘടിപ്പിക്കും. രാവിലെ 6.55 ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് എൻ.എം. മുഹമ്മദലി നേതൃത്വം നൽകും. ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ കീഴിൽ ഒമാനിൽ വിവിധയിടങ്ങളിൽ നടക്കുന്ന ഈദ്ഗാഹിൽ പത്തൊമ്പതാമത് ഖുർആൻ വിജ്ഞാൻ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഗൾഫ്, അറബ് രാജ്യങ്ങളിലെ തലവന്മാർക്ക് പെരുന്നാൾ ആശംസ നേർന്ന് സുൽത്താൻ
മസ്‌കത്ത്: ഗൾഫ്, അറബ്, ഇസ്‍ലാമിക് രാജ്യങ്ങളിലെ നിരവധി നേതാക്കളുമായി ഈദുൽ ഫിത്വർ ആശംസ ടെലിഫോൺ സംഭാഷണങ്ങളിലൂടെ കൈമാറി സുൽത്താൻ ഹൈതം ബിൻ താരിഖ്. നേതാക്കളോടും അവരുടെ രാജ്യങ്ങളോടും ലോകമെമ്പാടുമുള്ള മുസ്‍ലിംകളോടും ഈ അവസരം സന്തോഷവും അനുഗ്രഹവും നിറഞ്ഞതാകട്ടെ എന്ന് അദ്ദേഹം പ്രാർഥന നേർന്നു. ഹൃദയാശംസകളും അഭിനന്ദനങ്ങളും സുൽത്താൻ അറിയിച്ചു. അതേസമയം, മറ്റു നേതാക്കൾ സുൽത്താനും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും ഒമാൻ ജനതയുടെ സമൃദ്ധിക്കും അനുഗ്രഹങ്ങൾക്കും വേണ്ടി പ്രാർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

