Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വല്ലിമ്മയുടെ വലിയ സമ്മാനം

text_fields
bookmark_border
മ​മ്മൂ​ക്ക ഒ​രു നോ​മ്പു​കാ​ല​ത്ത് ചെ​ന്നൈ​യി​ൽ ഷൂ​ട്ട് ന​ട​ക്കു​മ്പോ​ൾ ഹോ​ട്ട​ലി​ൽ കൊ​ണ്ടു​പോ​യി അ​ത്താ​ഴം വാ​ങ്ങിത്തന്നി​ട്ടു​ണ്ട്
വല്ലിമ്മയുടെ വലിയ സമ്മാനം
cancel

എന്റെ ചെറുപ്പത്തിൽ വാപ്പാടെ വീട്ടിലും ഉമ്മാടെ വീട്ടിലുമായിരുന്നു പെരുന്നാളാഘോഷങ്ങൾ. ഞങ്ങളുടെ തറവാട് എറണാകുളത്ത് ഇന്നത്തെ കവിത തീയറ്ററിനടുത്ത സെൻട്രൽ മാൾ നിൽക്കുന്ന കണക്കത്തറ പറമ്പിനടുത്തായിരുന്നു. വല്ലിമ്മാക്ക് അഞ്ച് ആൺമക്കളും രണ്ടു പെൺമക്കളുമായിരുന്നു. എന്റെ ബാപ്പ അമീർ ഹംസയായിരുന്നു മൂത്തത്. കൊച്ചാപ്പമാരും ചിന്നമ്മമാരും (അമ്മായി) ഒരു തറവാട്ടിൽ തന്നെയായിരുന്നു താമസം. അപ്പോൾ പെണ്ണുങ്ങൾ നോമ്പിനും പെരുന്നാളിനുമൊക്കെ അടുക്കളയിൽ അത്യധ്വാനത്തിലായിരിക്കും. എന്നാലും ഇന്ന് അന്നത്തെപ്പോലെ ഒരുപാട് പലഹാരങ്ങളോ വിഭവങ്ങളോ ഒന്നും ഇല്ലായിരുന്നു.

പെരുന്നാളിന് വൈകുന്നേരമാകുമ്പോഴേക്ക് ഒരുപാട് വിരുന്നുകാരെത്തുമായിരുന്നു. അവർക്കൊക്കെ ഭക്ഷണമുണ്ടാക്കി കരുതി വെക്കണം. തലേന്ന് പള്ളിയിൽനിന്ന് കൊച്ചാപ്പമാർ വരുമ്പോഴാണ് നിലാവ് കണ്ടിട്ടുണ്ടെന്നും നാളെ പെരുന്നാളാണെന്നും അറിയിക്കുക. അപ്പോൾ ഞങ്ങൾ കുട്ടികൾക്ക് സങ്കടമാണ്. കാരണം കുട്ടികൾക്ക് ഓരോ നോമ്പിനും ഒരു സമ്മാനം വീതം വല്ലിമ്മ തരുമായിരുന്നു. 30 നോമ്പെടുത്തവർക്ക് വലിയ സമ്മാനം കിട്ടും. അത് നഷ്ടപ്പെടുമല്ലോ എന്നതാണ് സങ്കടം. മറ്റൊന്ന് പെരുന്നാളിന് പുത്തനുടുപ്പുകൾ എടുക്കാനുള്ള ടെൻഷനായിരുന്നു. കാരണം ഇന്നത്തെപ്പോലെ അന്ന് റെഡിമെയ്ഡ് ഡ്രസ്സുകളില്ല. രാവിലെ പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകും. അന്ന് ഇന്നത്തെപ്പോലെ ഈദ് ഗാഹില്ല.

പിന്നീട് തിരികെ വന്ന് ബാപ്പയുടെ കൈയിൽ നിന്ന് പെരുന്നാൾപടി എന്ന പെരുന്നാൾ കാശ് വാങ്ങും. അത് കൊച്ചാപ്പമാരും ചിന്നമ്മമാരും എല്ലാം തരും. വൈകീട്ട് ഉമ്മയുടെ വീട്ടിൽ പോകും. ഉമ്മ കർണാടകയിലെ മംഗളുരു സ്വദേശിയാണ്. അതിനാൽ അവിടത്തെ ഭക്ഷണങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഉമ്മയുടെ ബാപ്പ ബാങ്കിലാണ്. അതിനാൽ ഒന്നിന്റെയും രണ്ടിന്റെയും ഫ്രഷ് നോട്ടുകൾ ഞങ്ങൾക്ക് പെരുന്നാൾ പടിയായി കരുതി വെച്ചിട്ടുണ്ടാകും. മറ്റു ബന്ധുക്കളും പെരുന്നാൾ പടി തരും. മറ്റു ചിലപ്പോൾ ബന്ധുക്കൾ വൈകുന്നേരമാകുമ്പോൾ ബ്രോഡ് വേയിലെ ചിൽഡ്രൻസ് പാർക്കിൽ കൊണ്ടുപോകും. അവിടെനിന്ന് ചവിട്ടുന്ന കാറും സൈക്കിളും വാടകക്കെടുത്ത് കളിക്കും. അന്നത്തെ പെരുന്നാളുകൾ അങ്ങനെയൊക്കെയായിരുന്നു. വലുതായി സ്കൂളിലും കോളജിലും എത്തിയപ്പോൾ വീട്ടിലേക്ക് സുഹൃത്തുക്കളെ കൊണ്ടുവരാൻ തുടങ്ങി. തൊമ്മൻ വട്ടോളി എന്ന സുഹൃത്തായിരുന്നു സ്ഥിരസാന്നിധ്യം. ക്രിസ്മസിന് അവന്റെ വീട്ടിൽ ഞാനും പോകുമായിരുന്നു. മമ്മൂക്കയുമൊത്ത് പെരുന്നാൾ ആഘോഷിച്ചിട്ടില്ലെങ്കിലും നോമ്പനുഭവങ്ങളുണ്ട്. മൗനം സമ്മതം എന്ന സിനിമയുടെ ഷൂട്ട് ചെന്നൈയിൽ നടക്കുമ്പോൾ നോമ്പുകാലമായിരുന്നു.

അന്ന് അവിടെ അത്താഴം ലഭിക്കുന്ന ഹോട്ടലുകൾ ഒന്നുമില്ലായിരുന്നു. അപ്പോൾ മമ്മൂക്കയാണ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നിരുന്നത്. പിന്നീട് സേതുരാമയ്യർ സി.ബി.ഐ എന്ന സിനിമയുടെ ഷൂട്ട് ആലപ്പുഴ മുഹമ്മയിൽ നടക്കുമ്പോഴും നോമ്പുകാലമായിരുന്നു. അന്നും ഞാനും മമ്മൂക്കയും ഒരുമിച്ചാണ് നോമ്പ് നോറ്റിരുന്നതും ഷൂട്ടിങ് നിർത്തിവെച്ച് നോമ്പ് തുറന്നിരുന്നതും. വിവാഹിതനായതോടെ ഉച്ചക്കുശേഷം ഭാര്യ സൈനയുടെ വീട്ടിൽ പോകുക പതിവായി. കുട്ടികളായതോടെ ഭാര്യയും കുട്ടികളുമൊത്ത് ഈദ് ഗാഹിൽ പോകാൻ തുടങ്ങി. രണ്ട് മക്കൾ വിവാഹിതരായി പേരക്കുട്ടികളായപ്പോൾ അവരുമൊത്തായി പെരുന്നാൾ. ഇപ്പോൾ തിരുവനന്തപുരത്താണ് താമസം.

ഇത്തവണ ഇളയ മകൾ അംറിനും ഭാര്യയുമാണ് പെരുന്നാളിന് കൂടെ. ഈടെയായി വളരെ ലളിതമായാണ് പെരുന്നാൾ ആഘോഷിക്കുന്നത്. ഇന്നിപ്പോൾ ഭക്ഷണവും വസ്ത്രവും ഒക്കെ യഥേഷ്ടമുള്ളതിനാൽ അതിനെക്കുറിച്ച് ആശങ്കയില്ല. എന്നാൽ ലോകത്തിന്റെ പല ഭാഗത്തും മനുഷ്യർ ഭക്ഷണവും വസ്ത്രവും ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ട്. ഇത്തവണ സാമ്രാജ്യത്വ രാജ്യങ്ങൾ യുദ്ധഭീതി വിതച്ച പശ്ചാതലത്തിലാണ് പെരുന്നാൾ. അത് ലോകത്തെയാകെ ബാധിക്കുന്ന രൂപത്തിൽ എത്തിനിൽക്കെ ആശങ്കയകന്ന് പ്രതീക്ഷയുടെ പെരുന്നാൾ പുലരുവാൻ നമുക്ക് പ്രാർഥിക്കാം.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - eid al fitr
Next Story