പിരിശത്തിന്റെ പെരുന്നാള്‍ വൈബ്
text_fieldsഓള്‍ഗോ പര്‍ദോ ഭർത്താവ് ഡോ. ഹാരിസിനും മക്കൾക്കുമൊപ്പം
മോസ്കോയില്‍നിന്ന് കോഴിക്കോട്ടുകാരന് ഡോ. ഹാരിസിന്റെ നല്ലപാതിയായി കടലും കടന്ന് എത്തിയതില്‍ പിന്നെ ഇവിടമാണ് തനിക്ക് ഏറെ പ്രിയമെന്ന് കോഴിക്കോടന്‍ സ്റ്റൈലില്‍ തട്ടം പുതച്ച് ഓള്‍ഗോ പര്‍ദോ പറയുന്നു
തണുപ്പിന്റെ മേലാടകളുരുകി ചൂടിന്റെ കിരണങ്ങളുദിച്ചു തുടങ്ങുന്ന റഷ്യന്‍ മണ്ണിലിരിക്കുമ്പോള്‍ കോഴിക്കോടിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് ഓള്‍ഗോ പര്ദോക്ക്. തെരുവുകള്വരെ നിറയുന്ന പെരുന്നാള്‍ നമസ്കാരവും തക്ബീറലകളും ബിരിയാണിയും പായസവുമൊക്കെയുള്ള കോഴിക്കോടിന്റെ ആ പെരുന്നാള്‍ വൈബ് ഇവിടില്ലെന്നാണ് ഓള്ഗോയുടെ പക്ഷം. മോസ്കോയില്‍നിന്ന് കോഴിക്കോട്ടുകാരന് ഡോ. ഹാരിസിന്റെ നല്ലപാതിയായി കടലും കടന്ന് എത്തിയതില്‍ പിന്നെ ഇവിടമാണ് തനിക്ക് ഏറെ പ്രിയമെന്ന് കോഴിക്കോടന്‍ സ്റ്റൈലില്‍ തട്ടം പുതച്ച് മൊഞ്ചത്തി പറയുന്നു.
കുറച്ചു ദിവസത്തെ അവധിക്ക് ജന്മനാടായ റഷ്യയിലാണുള്ളത് ഓള്‍ഗ. ‘ഇന്നലെ ഞങ്ങള്‍ പെരുന്നാളിന് തുടക്കം കുറിച്ചു. ഇവിടെ നമ്മുടെ രാജ്യത്തെ ആഘോഷത്തിനു ഒരുദിവസം മുമ്പാണ്. ഞായറാഴ്ച വരെയുള്ള മൂന്നു ദിവസത്തെ ആഘോഷമാണ്’ -ഓള്‍ഗ പര്‍ദോ പറഞ്ഞു. ‘റഷ്യയില്‍ നമ്മുടേതില്‍നിന്ന് വലിയ വ്യത്യാസമൊന്നുമില്ല. കുടുംബാംഗങ്ങള്‍ക്കെല്ലാം പുതുവസ്ത്രവും രുചികരമായ ബിരിയാണിയും പായസവും എല്ലാം ഉണ്ട്.
എന്നാല്‍ ആ കോഴിക്കോടന്‍ വൈബില്ലേ... രാവുകള്‍ പകലായി കടല്ത്തിരത്താളത്തില് തക്ബീര്‍ ചൊല്ലി കൂട്ടംകൂടി മൈലാഞ്ചിയിട്ട് മനംനിറക്കുന്ന പലഹാരങ്ങളൊരുക്കി പരസ്പരം സ്നേഹത്താല്‍ പൊതിഞ്ഞുവെക്കുന്ന ആ പിരിശത്തിന്റെ പെരുന്നാള്‍ വൈബ്. അത് കിട്ടണമെങ്കില്‍ അവിടെ തന്നെ എത്തണം.’ ഓര്‍മകളുടെ തിരയിളക്കത്തില്‍ അവര്‍ പറയുന്നു. ഏറെ ഇഷ്ടപ്പെട്ട വിഭവം ഏതെന്ന് ചോദിച്ചാല്‍ അവര്‍ക്കത് ഫിഷ് മാംഗോ കറിയാണ്.
അതാലോചിക്കുമ്പോള്തന്നെ വായില്‍ വെള്ളമൂറും. സംഗതി റഷ്യക്കാരിയൊക്കെ തന്നെ. എന്നാല്‍ ഒരാഴ്ച പോലും കോഴിക്കോടിനെ വിട്ടുനില്‍ക്കാന്‍ ഇഷ്ടമല്ലെന്നതാണ് സത്യം. മോസ്കോയിലെത്തി ഒരാഴ്ച കഴിയുമ്പോഴേക്കും കോഴിക്കോടന്‍ വിഭവങ്ങള്‍ വല്ലാതെ മിസ് ചെയ്യും -ഒരു ഭക്ഷണപ്രിയ കൂടിയായ ഓള്‍ഗ പറയുന്നു. മാരത്തണ്‍ ഓട്ടക്കാരിയും നര്‍ത്തകിയുമാണ് ഓള്‍ഗ. ഡോ. ഹാരിസ്-ഓള്‍ഗ പര്‍ദോ ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. റീഹാന് ഹാരിസും മിലാന ഹാരിസും.
മുഹബ്ബത്തിന്റെ രുചി
ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദക്കുറവൊന്നും കോഴിക്കോട്ടെ ചൈനക്കാരി ആമിന ലീക്ക് വിഷയമല്ല. ഇന്ത്യ ചീന ഭായി ഭായി ആണ് അവര്‍ക്ക്. കോഴിക്കോടിന്റെ മരുമകളായി വന്നത് മുതല്‍ അവര്‍ക്ക് തറവാടിനേക്കാള്‍ പ്രിയമാണ് വന്നുകേറിയ ഈ ഇടം. ചൈനയിലെ ഏത് കുട്ടിയെ പോലെയും ആമിനയുടെ സംരക്ഷണവും സ്കൂളിനും മുത്തച്ഛനും മുത്തശ്ശിക്കുമായിരുന്നു. അവർക്ക് സഹോദരനും സഹോദരിയുമുണ്ടായിരുന്നില്ല.
ഏകാന്തതയില്‍നിന്ന് രക്ഷപ്പെടാനാണ് വായന ശീലമാക്കിയത്. അതുവഴി ഇസ്ലാമിനെ കുറിച്ച് അറിഞ്ഞു. ചേര്‍ത്തുനിര്‍ത്തലിന്റെയും സ്നേഹത്തിന്റെയും മതം. കൂടുതല്‍ പഠിച്ചു. ചൈനയിൽനിന്നു തന്നെയാണ് പഠിച്ചുതുടങ്ങിയത്. ഹാൻ ഒഴികെ ചൈനയിലെ ഏറ്റവും വലിയ ദേശീയ ന്യൂനപക്ഷമാണ് മുസ്ലിംകൾ.
ആമിന ലീയും ഓള്‍ഗോ പര്ദോയും കോഴിക്കോട്ടെ ഒരു പരിപാടിയിൽ
അതിനിടക്കെപ്പോഴോ കോഴിക്കോട്ടുകാരന് അബ്ദുല്‍ റഫീഖിനെ പരിചയപ്പെട്ടു. അടുത്തറിഞ്ഞു. തന്നെ ചേര്‍ത്തു നിര്‍ത്താന്‍ ആ മനുഷ്യന് കഴിയുമെന്ന് മനസ്സിലാക്കി. വൈകാതെ റഫീഖിന്റെ ജീവിതസഖിയുമായി. അവിടന്ന് അതിരുകള്‍ കടന്ന് ഇങ്ങ് കോഴിക്കോട്ടെത്തി. ബിസിനസുകാരനാണ് റഫീഖ്. മക്കള്‍ മറിയവും മുഹമ്മദും.
ആദ്യമാദ്യം കോഴിക്കോട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു ഇറുകിയ കണ്ണുകളുള്ള ഈ ചൈനീസ് സുന്ദരി. എന്നാല്‍, പെട്ടെന്നാണ് അവള് അവരിലൊരാളായി മാറിയത്. കോഴിക്കോട്ടെ പെണ്‍കുട്ടികള്‍ മഫ്ത ചുറ്റുന്നത് പോലെ ചുറ്റാനും അവരുടെ രീതികള്‍ ചെയ്യാനും അവള്‍ക്ക് പറ്റി. നല്ലൊരു കോഴിക്കോടന്‍ പാചകക്കാരി കൂടിയാണ് ഇന്ന് ആമിന ലീ.
സദ്യയാണ് അവരുടെ മാസ്റ്റര്‍പീസ്. ഏറെ ഇഷ്ടവും സദ്യ തന്നെ. വല്ലപ്പോഴുമൊക്കെ ചൈനയില്‍ പോയാല്‍ അസ്സലൊരു സദ്യ വീട്ടുകാരെ തീറ്റിച്ചിട്ടേ ആമിന ലീ തിരിച്ചുവരാറുള്ളൂ. കേരളം പ്രത്യേകിച്ച് കോഴിക്കോട്...രുചിയുടെ മേളമാണ് ഇവിടം. വെറുമൊരു കട്ടന്ചായയില്പോലും മുഹബ്ബത്തിനാല് രുചിയുടെ മാജിക് തീര്‍ക്കുന്നവര്‍. ദയയും കാരുണ്യവും ചേര്‍ത്ത് പുറംനാട്ടുകാരെ പോലും സ്വന്തത്തിലേക്ക് ചേര്‍ത്തുവെക്കുന്നവര്‍- ആമിന ലീ പറഞ്ഞു നിര്‍ത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

