Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഐക്യ​പ്പെടലിന്റെ...

ഐക്യ​പ്പെടലിന്റെ പെരുന്നാൾ

text_fields
bookmark_border
ഐക്യ​പ്പെടലിന്റെ പെരുന്നാൾ
cancel

ആത്മസമര്‍പ്പണം, ത്യാഗസന്നദ്ധത, ആദര്‍ശ തീക്ഷ്ണത എന്നിവയുടെ ജ്വലിക്കുന്ന ഓര്‍മകളുമായി വീണ്ടുമൊരു ബലിപെരുന്നാള്‍ സമാഗതമായി. ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബി(അ)യുടെയും ജീവിത സ്മരണയിലലിഞ്ഞും ബലിയര്‍പ്പണം നടത്തിയും ലോക മുസ്‍ലിംകള്‍ ഈ ദിനം ആഘോഷപൂര്‍ണമാക്കുന്നു. ദൈവിക വിളികേട്ടു മക്കയിലെത്തിയ ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും മനുഷ്യര്‍ക്കിടയിലുണ്ടായിരിക്കേണ്ട സമഭാവനയുടെ പ്രാധാന്യം ഉൾക്കൊള്ളാനും പെരുന്നാളാഘോഷിക്കുന്നവരുടെ മനസ്സ് പാകപ്പെടേണ്ടതുണ്ട്. ഇസ്‍ലാമിലെ അതിപ്രധാനമായ പഞ്ചകര്‍മങ്ങളിലൊന്നാണല്ലോ ഹജ്ജ്. ശ്രേഷ്ഠമായ ഈ അനുഷ്ഠാനത്തിന്റെ കര്‍മനൈരന്തര്യങ്ങളിലേര്‍പ്പെട്ട ദശലക്ഷക്കണക്കിനു വിശ്വാസികളോട് ഹൃദയം കൊണ്ട് സമരസപ്പെടാനും അവരുടെ സന്തോഷത്തില്‍ പങ്കുചേരാനും സ്രഷ്ടാവ് ആഹ്വാനം ചെയ്യുന്നുണ്ട്.

തന്റെ ഇഷ്ടദാസര്‍ക്ക് മനസ്സറിഞ്ഞ് സന്തോഷിക്കാനും ആഹ്ലാദപൂര്‍വം കൊണ്ടാടാനുമുള്ള രണ്ട് സന്തോഷദിനങ്ങളാണ് ഈദുല്‍ ഫിത്റും ഈദുല്‍ അദ്ഹയും. അതായത് ചെറിയ പെരുന്നാളും ബലിപെരുന്നാളും. രണ്ടു ആഘോഷങ്ങളിലും സന്തോഷങ്ങള്‍ പരസ്പരം പങ്കിടാനും സ്‌നേഹ കൈമാറ്റങ്ങള്‍ നടത്താനും ഇസ്‍ലാം പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു. പ്രസ്തുത ദിനങ്ങളിലെ വ്രതാനുഷ്ഠാനം നിഷിദ്ധവുമാക്കി. വൈയക്തിക ചോദനകള്‍ക്കും ഭൗതിക താൽപര്യങ്ങള്‍ക്കും അതീതമായി, ജീവിതാന്ത്യം വരെ സ്രഷ്ടാവിന്റെ ആജ്ഞാനുവര്‍ത്തികള്‍ക്കുമുന്നില്‍ സദാ നമ്രഃശിരസ്‌കരായ ഇബ്രാഹീം-ഇസ്മാഈല്‍ നബിമാരുടെ തിരുസ്മരണകളാണ് ഓരോ ബലിപെരുന്നാളും.

ഇബ്രാഹീം നബിയുടേത് മനുഷ്യകുലത്തിനുതന്നെ കാലാതീതമായ സമ്പൂര്‍ണ മാതൃകയാണ്. വിശ്വാസാദര്‍ശങ്ങളുടെ പ്രചാരണ-പ്രസരണങ്ങള്‍ക്ക് ഉത്തമ മാതൃക അദ്ദേഹം അവതരിപ്പിച്ചു. പൊതുജന സമക്ഷം ബോധ്യപ്പെടുത്തുന്നതിനുമുമ്പ്, സ്വന്തമെന്നു കരുതുന്നവരെയാണ് ആദ്യം സമീപിക്കേണ്ടതെന്നാണ് ഇബ്രാഹീമിയന്‍ പാഠം. സ്വപിതാവില്‍ തന്നെയാണ് അദ്ദേഹം പ്രബോധന ദൗത്യമാരംഭിച്ചത്. മതപ്രബോധന-പ്രസരണ രംഗത്ത് ദേശ-കാലഭേദങ്ങള്‍ക്കതീതമായ ദൗത്യനിര്‍വഹണമാണ് വിശ്വാസി നടത്തേണ്ടതെന്നാണ് ഇബ്രാഹീമിയന്‍ ശൈലി. ലളിതവും സുഗ്രാഹ്യവും കാലികവും യുക്തിഭദ്രവുമായ സംവേദനങ്ങളായിരിക്കണം വിശ്വാസികളുടേത്. അകവും പുറവും തെളിഞ്ഞ മനസ്സോടെ ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്കു കൈമാറ്റം ചെയ്യപ്പെടണം. തന്റെ ബോധ്യവും നിലപാടുകളും ശരിയുടെ പക്ഷത്താണെന്നു തോന്നിയാല്‍ പിന്നെ സ്രഷ്ടാവിനെയല്ലാതെ മറ്റാരെയും ഭയപ്പെടേണ്ടതുമില്ല. പിതാവടക്കം സ്വന്തക്കാരെല്ലാവരും അകന്നപ്പോഴും ഭീഷണി സ്വരങ്ങള്‍ ഉയര്‍ത്തിയപ്പോഴും ഒന്നും കണ്ടില്ലെന്നു നടിച്ചു. നാഥനിലര്‍പ്പിച്ച ദൃഢവിശ്വാസത്തിന്റെ ബലത്തില്‍ പിതാവിനോടുപോലും അദ്ദേഹം സമരസപ്പെട്ടില്ല. വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശം ഇങ്ങനെയാണ്: ‘ഇബ്രാഹീം നബി പിതാവ് ആസറിനോട് ചോദിച്ച ഘട്ടം സ്മരണീയമാണ്: ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി വരിച്ചിരിക്കുന്നത്? താങ്കളും സ്വജനതയും സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്! അങ്ങനെ ഭുവന-വാനങ്ങളുടെ അദൃശ്യാധിപത്യം ഇബ്രാഹീം നബിക്കു നാം കാണിച്ചു കൊടുത്തു; താന്‍ ദൃഢവിശ്വാസമുള്ളവരുടെ ഗണത്തിലുള്‍പ്പെടാന്‍ വേണ്ടി’ (വി.ഖു. 6:74). തന്റെ ഉദ്യമത്തില്‍നിന്നു പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. എന്നാല്‍, അതൊന്നും അദ്ദേഹം ഗൗനിച്ചില്ല. എനിക്കു പടച്ചവന്‍ മതി. കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ അവനാണുത്തമന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മതരംഗത്ത് സ്വാർഥതയില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിരന്തര വിമര്‍ശനങ്ങളും പ്രതികൂല സാഹചര്യങ്ങളും തിരസ്‌കരണങ്ങളും നേരിടേണ്ടി വരും. എന്നാല്‍, സർവതും ദൈവിക മാര്‍ഗത്തില്‍ ഭരമേല്‍പിച്ചു മുന്നോട്ടുപോയാല്‍ വിജയം സുനിശ്ചിതമാണെന്ന വലിയ മാതൃകയാണ് ഇബ്രാഹീം നബിയിലുള്ളത്. ബഹുദൈവാരാധനയില്‍ മൂടുറച്ചുപോയവരായിരുന്നു നബിയുടെ ജനത; ബിംബ നിര്‍മാണ കേന്ദ്രത്തിലായിരുന്നു തന്റെ ജനനം. ആ ജനവിഭാഗത്തിന്റെ ശ്രദ്ധയും ചിന്തയും തട്ടിയുണര്‍ത്താന്‍ ബോധപൂര്‍വവും തത്ത്വദീക്ഷിതവുമായ വഴികള്‍ അദ്ദേഹം സ്വീകരിച്ചു. ഒരു സാമ്രാജ്യവും ചക്രവര്‍ത്തിയും സമൂഹവും ഒന്നടങ്കം യുദ്ധപ്രഖ്യാപനം നടത്തിയെങ്കിലും ചിന്തോദ്ദീപകവും എതിര്‍കക്ഷിയെ അപ്രസക്തമാക്കുന്നതുമായ പ്രമാണങ്ങള്‍ നിരത്തി അദ്ദേഹം അവരെ മുട്ടുകുത്തിച്ചു.

സത്യമാര്‍ഗത്തില്‍നിന്ന് അകന്ന സമൂഹത്തോട് സദാ കലഹിച്ചതിന്റെ പേരില്‍ മെസപ്പൊട്ടോമിയന്‍ ചക്രവര്‍ത്തി നംറൂദ് അദ്ദേഹത്തെ തീക്കുണ്ഡാരത്തിലെറിഞ്ഞു. പക്ഷേ, കത്തിജ്ജ്വലിക്കുന്ന അഗ്‌നിനാളങ്ങളെ നിര്‍വീര്യമാക്കി അദ്ദേഹം പുറത്തെത്തി.




സ്രഷ്ടാവില്‍ ദൃഢവിശ്വാസമുണ്ടെങ്കില്‍ ഏതു പ്രതികൂല സാഹചര്യങ്ങളെയും തൃണവത്ഗണിക്കാമെന്ന വലിയ ജീവിത പാഠവും നബി വിശ്വാസികള്‍ക്കു പകര്‍ന്നു. ഒരു പുരുഷായുസ്സ് മുഴുവനും മക്കളില്ലാതെ ജീവിച്ച അദ്ദേഹം സന്താന ലബ്ധിക്കായി നാഥനോടു പ്രാർഥിച്ചുവെങ്കിലും തന്റെ 86ാം വയസ്സിലാണ് ഇസ്മാഈല്‍ എന്ന പുത്രന്‍ ജനിക്കുന്നത്. വാര്‍ധക്യകാലത്തും പ്രതീക്ഷ കൈവിടാതെ അദ്ദേഹം പ്രാർഥിച്ചു. എന്നാല്‍, മകനെ ബലിയറുക്കാന്‍ അല്ലാഹു ആജ്ഞാപിച്ചപ്പോള്‍ മകന്റെ മൃദുലകണ്ഠത്തില്‍ കത്തിവെക്കാനും തയാറായി. ആ ത്യാഗസന്നദ്ധതയുടെയും അര്‍പ്പണബോധത്തിന്റെയും ഓര്‍മ പുതുക്കി വിശ്വാസികള്‍ പെരുന്നാളില്‍ ബലിയറുക്കുന്നു.

സാമൂഹിക-സാമുദായിക ചുറ്റുപാടുകള്‍ തീര്‍ത്തും പ്രതികൂലമാണെങ്കിലും സത്യപ്രചാരണത്തിനും നിലപാടുകളുടെ സമർഥനത്തിനും ആരെയും കാത്തിരിക്കേണ്ടതില്ലെന്ന സമകാലിക പാഠം ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗ സമര്‍പ്പിത ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു. ധാര്‍മികതയും മാനുഷിക മൂല്യങ്ങളും അപ്രസക്തമാവുകയും മുതലാളിത്ത താൽപര്യങ്ങളും ഭൗതികാസ്വാദനവും അരങ്ങുവാഴുകയും ചെയ്യുന്ന പുതിയ കാലത്ത് ഇബ്രാഹീമിയന്‍ മാതൃകകളെ പിന്തുടരാന്‍ നാം സന്നദ്ധരാകണം. നൂതന സാങ്കേതിക വിദ്യകളുടെ കാലത്ത് നൈമിഷിക സുഖങ്ങളില്‍ മാത്രം അഭിരമിക്കുകയും നിസ്സാര കാര്യങ്ങള്‍ക്കു പോലും വ്യഥപൂണ്ടിരിക്കുകയും ചെയ്യുന്നവരാണ് പുതിയ തലമുറയിലുള്ളവര്‍. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലൗകിക ജീവിതത്തിലെ സര്‍വ പ്രയാസങ്ങളെയും അതിജയിക്കാന്‍ കഴിയുന്നവനും ദൈവിക മാര്‍ഗത്തില്‍ പരിഹാരം തേടുന്നവനുമായിരിക്കണം ഓരോ വിശ്വാസിയും. നിരവധി പ്രയാസങ്ങളാല്‍ ജീവിതം ദുസ്സഹമായ അനേകമാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് അതിജീവനത്തിന്റെ ഉദാത്തപാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. പിറന്ന ഭൂമിയില്‍ ജീവിതം നിഷേധിക്കപ്പെട്ട നിരവധി ന്യൂനപക്ഷങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇസ്രായേലികളുടെ നരാധമചെയ്തികളും ബോംബു വര്‍ഷവും ഫലസ്തീന്റെ മണ്ണില്‍ ഇപ്പോഴും നിര്‍ലജ്ജം തുടരുകയാണ്. ഗസ്സയുടെ മുനമ്പ് ഇപ്പോഴും നരകഭൂമിയായി അവശേഷിക്കുകയാണ്. ഫലസ്തീന്‍ ജനതയെ പ്രാര്‍ഥനകളും സഹായങ്ങളും നല്‍കി ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്.

ഖുദ്‌സിന്റെ മണ്ണില്‍ വരത്തന്മാരായി എത്തിയവര്‍ നിര്‍ദയം കൊന്നുതള്ളിയ അനേകമാളുകളുടെ കുടുംബാംഗങ്ങള്‍ക്ക് ഈ പെരുന്നാള്‍ ദിനങ്ങള്‍ ബഹുമുഖ വേദനകള്‍ നിറഞ്ഞതാണ്. ഹൃദയം തൊട്ടുള്ള പ്രാർഥനകളും പിന്തുണകളും നല്‍കി അവരോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ ഈ പെരുന്നാള്‍ സന്തോഷങ്ങളില്‍ നമുക്ക് സാധിക്കണം. അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.

(അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും

ദാറുൽ ‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല

വൈസ് ചാന്‍സലറുമാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid MessageEid Al Adha
News Summary - EID al adha message from islamic scholar
Next Story