Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightEasterchevron_rightകമ്യൂണിസ്റ്റ്...

കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഈസ്റ്റർ

text_fields
bookmark_border
easter eggs
cancel
Listen to this Article

ക്രിസ്തുമത പ്രചാരണം നിഷിദ്ധമായിട്ടുള്ള ചില കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഈസ്റ്റർ രഹസ്യമായി കൊണ്ടാടപ്പെടുന്നുണ്ടെന്ന് എത്രപേർക്കറിയാം?. അങ്ങനെയൊന്നുണ്ട്. ആ വിശേഷങ്ങളിലുടെയാണ് ഇനി. ഈസ്റ്റർ ഗാനങ്ങൾ ആലപിക്കുന്നതിൽ തെക്കൻ കൊറിയയിലെ ക്രൈസ്തവർ വളരെ സന്തോഷം പ്രകടിപ്പിക്കാറുണ്ട്. പൊതുവെ അഭ്യാസികളായ അവർ വിവിധതരം കലാപ്രകടനങ്ങൾ നടത്തി തങ്ങളുടെ ആഹ്ലാദം മറ്റുള്ളവരുമായി പങ്കിടുകയും ചെയ്തുവരുന്നു. റഷ്യ, ചൈന, വിയറ്റ്നാം, ക്യൂബ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽ പോകുമ്പോഴും പരോക്ഷമായിട്ടെങ്കിലും ക്രൈസ്തവർ ഈസ്റ്റർ ആചരിക്കുന്നത് കാണാം.

റഷ്യയിൽ നിരവധി അംഗങ്ങൾ ഉൾപ്പെട്ട സഭയാണ് റഷ്യൻ ഓർത്തഡോക്സ് സഭ. അവിടെയുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിൽ വളരെയധികം ഉത്സാഹം കാണിക്കുന്നവരാണ്. ഓരോ ക്രിസ്തീയ കുടുംബത്തിനും ദേവാലയങ്ങളോട് വളരെയധികം മാനസിക ബന്ധവുമുണ്ട്. ഈസ്റ്റർ ദിനത്തിൽ റഷ്യൻ ക്രൈസ്തവർ പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നത് ഈസ്റ്റർ മുട്ടകളാണ്. ശുദ്ധമായ അരിമാവിൽ പഞ്ചസാരയും കളറും ചേർത്തുണ്ടാക്കുന്നവയായിരിക്കും മുട്ടകൾ. മുട്ടകളിൽ സഭാപിതാക്കന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ടാകും. ഇതെല്ലാം കണ്ടറിയേണ്ട കാഴ്ചകൂടിയാണ്.

ചൈനയിൽ ധാരാളം ഒളിവ് സഭകളും രഹസ്യ ക്രിസ്ത്യാനികളുമുണ്ട്. മതപ്രചാരണം നിഷിദ്ധമായ കമ്യൂണിസ്റ്റ് രാജ്യമാണെങ്കിലും വിശ്വാസികൾ രഹസ്യമായി ഈസ്റ്റർ ആഘോഷിക്കാറുമുണ്ട്. ദേവാലയങ്ങൾ തകർക്കുകയും മിഷനറിമാരെയും വിശ്വാസികളെയും തുറുങ്കിലടക്കുകയും ചെയ്തുവരുന്നുണ്ട് ഇവിടെയെങ്കിലും ഫിനിക്സ് പക്ഷിയെപോലെ ക്രിസ്തീയ സഭകളും രഹസ്യ പ്രവർത്തനങ്ങളും ഓരോ ദിവസവും അവിടെ വർധിച്ചുവരുകയാണെന്നറിയാൻ അവിടം സന്ദർശിക്കുകതന്നെ വേണം.

പോളണ്ടിലെ ക്രൈസ്തവർ ഈസ്റ്റർ ആഘോഷങ്ങളിൽ ധാരാളം ആടുകളെ പങ്കെടുപ്പിക്കും. തൂവെള്ള നിറമുള്ള ആടുകളെ കുളിപ്പിച്ച് ഒരുക്കി വൃത്തിയുള്ള കൂട്ടിൽ നിർത്തി സ്വാദിഷ്ടമായ ഭക്ഷണസാധനങ്ങൾ നൽകുക എന്നത് അവിടുത്തെ കുട്ടികളുടെ വിനോദമാണ്. നയന മനോഹരമായ ഒരു കാഴ്ചകൂടിയാണത്.

കമ്യൂണിസ്റ്റ് രാജ്യമെങ്കിലും ക്രിസ്തുമത പ്രചാരണം നിഷിദ്ധമല്ലാത്ത രാജ്യമാണ് ക്യൂബ. ഫിദൽ കാസ്ട്രോയുടെ മൃദു സമീപനമാണ് ക്രിസ്തീയ സഭകൾക്ക് അവിടെ രക്ഷയായത്. ഈസ്റ്റർ ഗാനങ്ങൾ ആലപിക്കുക, ഈസ്റ്റർ മുട്ടകൾ കൈമാറുക എന്നിവയാണ് അവിടുത്തെ ഈസ്റ്റർ ആഘോഷങ്ങളിലെ മുഖ്യ പരിപാടികൾ. ഈസ്റ്ററിന് ഒരാഴ്ച മുമ്പുതന്നെ ഇവർ ഒരുക്കങ്ങൾ തുടങ്ങുമെങ്കിലും ആഘോഷങ്ങൾ അതിന്റെ പൂർണാവസ്ഥയിലെത്തുന്നത് ഈസ്റ്റർ ദിനത്തിലും തലേന്നുമായിരിക്കും.

വിയറ്റ്നാം ക്രിസ്ത്യാനികളിൽ പുരുഷന്മാരും കുട്ടികളുമായിരിക്കും ഈസ്റ്റർ ആഘോഷങ്ങളിൽ പരസ്യമായി പങ്കെടുക്കുക. സ്ത്രീജനങ്ങൾ മിക്കവാറും വീടിന്റെ പരിസരത്തുനിന്ന് ആഘോഷങ്ങൾ ആസ്വദിക്കും. വിഭവസമൃദ്ധമായ സദ്യ ഇവർക്കും പ്രധാനമാണ്. സമുദ്രത്തിൽ സ്നാനം നടത്തിയും സമുദ്രതീരത്ത് ഭക്ഷണം പാകം ചെയ്തുമാണ് വിയറ്റ്നാമീസ് പുരുഷന്മാർ ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുക്കുന്നത്.

കമ്യൂണിസ്റ്റ് രാജ്യമായ ലാവോസിലും ചെറിയ തോതിലെങ്കിലും ഈസ്റ്റർ ആഘോഷങ്ങൾ അരങ്ങേറുന്നുണ്ട്. നീന്തുക, സൈക്കിളിൽ ഈസ്റ്റർ കൊടികൾ കെട്ടി യാത്രചെയ്യുക, ഈസ്റ്റർ മുട്ടകൾ വിതരണം ചെയ്യുക എന്നിവയും ഇവരുടെ ആഘോഷങ്ങളിൽ ഉൾപ്പെടും.

ദക്ഷിണ കൊറിയ ക്രൈസ്തവരോട് ഉദാരമായ സമീപനം സ്വീകരിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയ ക്രിസ്തീയ മിഷനറിമാരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്ന ഒരു രാജ്യമാണ്. എന്നാൽ, ദക്ഷിണ കൊറിയയിലെ ക്രൈസ്തവർ തികഞ്ഞ ആഹ്ലാദത്തോടെയാണ് ഈസ്റ്ററിനെ വരവേൽക്കുന്നത്. ഓരോ വീട്ടിലും പാകം ചെയ്ത മധുരപലഹാരങ്ങൾ ഇവർ ബന്ധുമിത്രാദികൾക്ക് വിതരണം ചെയ്യും.

ഈസ്റ്റർ കരോൾ സംഘടിപ്പിക്കുന്നതിലാണ് അവിടുത്തുകാർ കൂടുതൽ ഉത്സാഹം കാട്ടുന്നത്. ദേവാലയങ്ങളിൽ അവർ ഈസ്റ്റർ സദ്യ ക്രമീകരിക്കുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് സെമിനാറുകളും പ്രസംഗയോഗങ്ങളും സംഘടിപ്പിച്ചു വരുന്നു. സന്തോഷത്തിൽ മുങ്ങിക്കുളിക്കുന്ന ദക്ഷിണ കൊറിയൻ ക്രൈസ്തവർ കായികവിനോദങ്ങളിൽ ഏർപ്പെടാനും ആ ദിവസം വിനിയോഗിക്കാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eastercommunist countries
News Summary - Easter in communist countries
Next Story