50 പള്ളികളുടെ പരിപാലനത്തിന് പദ്ധതിയുമായി ദുബൈ ഔഖാഫ്
text_fieldsദുബൈ: എമിറേറ്റിലെ 50 പള്ളികളുടെ പരിപാലനത്തിന് വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വാണിജ്യ കെട്ടിടം നിർമിക്കുമെന്ന് ദുബൈ ഔഖാഫ് അറിയിച്ചു. പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് കാമ്പയിൻ ആരംഭിച്ചാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്.
നാലു കോടി ദിർഹം ചെലവഴിച്ച് നിർമിക്കാൻ പദ്ധതിയിടുന്ന വാണിജ്യ കെട്ടിടത്തിന്റെ രൂപരേഖയും ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ടു. നിലവിൽ നടത്തിപ്പിന് സ്ഥിരസംവിധാനമോ സ്പോൺസർമാരോ ഇല്ലാത്ത പള്ളികൾക്കാണ് പദ്ധതി വഴി പണം കണ്ടെത്തുക. അൽ ഖവാനീജിലാണ് കെട്ടിടം നിർമിക്കുന്നത്. 29 കടകൾ, മെഡിക്കൽ സെന്റർ, പാർക്കിങ് ഏരിയ എന്നിവ അടങ്ങുന്നതായിരിക്കും കോംപ്ലക്സ്.
ദുബൈ ഔഖാഫ് ഫൗണ്ടേഷൻ സ്ഥാപിതമായശേഷം 40.3 കോടി ദിർഹം മൂല്യമുള്ള 21 പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ആകെ മൂല്യത്തിന്റെ 20 ശതമാനം എല്ലാ വർഷവും പദ്ധതികൾ വഴി ലഭിക്കുന്നുണ്ട്. ഇവ പള്ളികളുടെ പരിപാലനത്തിനാണ് ഉപയോഗിക്കുന്നത്. ദുബൈയിലെ ഓരോ പള്ളികൾക്കും വഖ്ഫ് സംവിധാനം ഉണ്ടാവുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ അലി അൽ മുതവ്വ പറഞ്ഞു.
ഖവാനീഫിൽ നിർമിക്കുന്ന കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, വ്യക്തികൾ എന്നിവരോട് പദ്ധതിയിലേക്ക് സംഭാവന ചെയ്യാനും സുസ്ഥിര വഖ്ഫ് സംവിധാനം രൂപപ്പെടുത്താൻ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

