'അതികഠിനം ശരണവഴികൾ' ; ഇത്തവണ കാനനപാത ശരണം
text_fieldsനിർമാണം ഇഴയുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഇളകൊള്ളൂർ ഭാഗം
കോവിഡും മഴയും സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ശബരിമലയിൽ 17മുതൽ തീർഥാടനകാലത്തിന് തിരിതെളിയും. അതോടെ ജില്ലയിലെ തെരുവുകളിലെല്ലാം ശരണമന്ത്രങ്ങൾ നിറയും.പ്രതിദിനം 25,000 തീർഥാടകർക്ക് ക്ഷേത്ര ദർശനത്തിന് അവസരമൊരുക്കാനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. തീർഥാടകരുടെ വരവിന് ദിവസങ്ങൾ മാത്രം ശേഷിക്കുേമ്പാഴും ജില്ലയിലെ പ്രധാന റോഡുകൾ മുതൽ ഇടത്താവളങ്ങൾവരെ ദുരിതാവസ്ഥയിലാണ്.ഒരുവർഷത്തെ ഇടവേള ലഭിച്ചെങ്കിലും സ്ഥിതി മോശമാവുകയാണ് ചെയ്തത്. എല്ലാ വർഷവും തയാറെടുപ്പുകളിലെ പിഴവുകൾക്ക് പഴി മഴക്കാണ് ലഭിക്കുക. ഇത്തവണയും അതിെൻറ തനിയാവർത്തനമാണ്. ഇനിയെങ്കിലും അധികൃതർ മനസ്സുവച്ചാൽ സൗകര്യം കുറെക്കൂടി മെച്ചപ്പെടുത്താനാകും. ശരണംവിളികളുമായി എത്തുന്ന ഭക്തർക്ക് അധികൃതരുടെ അനാസ്ഥമൂലം താണ്ടേണ്ടിവരുന്ന ദുർഘടങ്ങൾ ചൂണ്ടിക്കാട്ടുന്ന അന്വേഷണം:
യാത്രയാണ് ശബരിമല തീർഥാടകരെ എന്നും കുഴക്കുന്നത്
റോഡുകൾ ഒരിക്കലും സുഗമ സഞ്ചാരത്തിന് ഉതകാറില്ല. ഇത്തവണ യാത്ര ദുരിതം ഏറെയാണ്. പുനലൂർ-മൂവാറ്റുപുഴ പാത തീർഥാടകരെ കുഴക്കുംവിധം കുളമായിക്കിടക്കുന്നു. സുഗമ സഞ്ചാരം സാധ്യമായിെല്ലങ്കിലും തീർഥാടകർക്ക് നടുവൊടിയാതെ കടന്നുപോകാനുള്ള സൗകര്യമെങ്കിലും ഒരുക്കാൻ ആരും മുൻകൈയെടുത്തില്ല. പാതയുടെ നിർമാണം നടക്കുന്നതിനിടെയുള്ള തീർഥാടനം ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരെയാണ് ഏറെ ദുരിതത്തിലാക്കുക. ആന്ധ്ര, കർണാടക എന്നിവടങ്ങളിൽനിന്ന് എത്തുന്ന അയ്യപ്പന്മാർ ചെങ്കോട്ട, പുനലൂർ, കോന്നി, വടശ്ശേരിക്കര, പെരുനാട് വഴിയാണ് ശബരിമലക്ക് പോകുന്നത്. ഇത്തവണ പുനലൂർ മുതൽ റാന്നിവരെ മിക്കയിടങ്ങളിലും നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചിരിക്കുന്നു.
പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾ 738 കോടി െചലവിൽ മൂന്ന് റീച്ചുകളായാണ് നടക്കുന്നത്. നിർമാണം ഇഴയാൻ കാരണമായി മഴയെ ആണ് അധികൃതർ പഴിചാരുന്നത്. മഴയെത്തുമെന്ന് മുൻകൂട്ടി അറിയില്ലായിരുന്നോ എന്ന് ചോദിച്ചാൽ എല്ലാവരും മൗനം പാലിക്കും.
ഇത്തവണ കാനനപാത ശരണം
പ്രധാന റോഡ് ഈ വിധം കുളമായി കിടക്കുന്നതിനാൽ ഇത്തവണ തീർഥാടകർക്ക് കാനന പാതയെ ആശ്രയിക്കേണ്ടിവരും. ചെങ്കോട്ട, അച്ഛൻകോവിൽ, തുറ, കല്ലേലി, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് ശബരിമലയിൽ എത്തിച്ചേരണ്ടിവരും. കാനന പാതയിൽ കല്ലേലി മുതൽ അച്ഛൻകോവിൽ വരെ റോഡിന് വീതിയില്ലാത്തത് ഇരുവശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് ബുദ്ധിമുട്ടാകും. തീർഥാടകർ കൂടുതലും അച്ചൻകോവിൽ ക്ഷേത്രദർശനം കഴിഞ്ഞ് കല്ലേലി എത്തുമ്പോൾ വഴിയിൽ വന്യമൃഗ ശല്ല്യവും രൂക്ഷമാണ്. കല്ലേലി മുതൽ തുറവരെയുള്ള ഭാഗങ്ങളിൽ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല. കോന്നിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഈ മാസം തന്നെ പുനലൂർ-മൂവാറ്റുപുഴ പാത നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. കാനനപാതയിൽ തീർഥാടനത്തിന് ആവശ്യമായ സൌകര്യങ്ങളൊരുക്കിയാൽ 40 കിലോമീറ്റർ ദൂരം തീർഥാടകർക്ക് ലാഭിക്കാനാകും.
കാനനപാതയുടെയും സ്ഥിതി വളരെ ശോചനീയമാണ്. മഴ ശക്തമായതോടെ വെള്ളം കെട്ടിനിന്ന് കാനനപാതയും തകർന്നിരിക്കുകയാണ്. കൂടാതെ പാതയുടെ ഇരുവശങ്ങളിലും കാട്ടുചെടികൾ റോഡിലേക്ക് വളർന്നുനിൽകുന്നതും റോഡിന് വീതിയില്ലാത്തതും അപകടം സൃഷ്ടിക്കും. കാനനപാതയുടെ വിവിധ പ്രദേശങ്ങളിൽ വനംവകുപ്പ് താൽക്കാലിക സംവിധാനത്തിൽ ഇടത്താവളം ഒരുക്കിയിട്ടുണ്ട്. നടുവത്ത് മൂഴി, കരിപ്പാൻ തോട് ഫോറസ്റ്റ് സ്റ്റേഷൻ, കല്ലേല്ലി എന്നിവടങ്ങളിലാണ് ഇടത്താവളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

