‘ക്രിസ്മസ് വില്ലേജി’ന് വർണാഭമായ തുടക്കം
text_fieldsമാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ഒരുക്കിയ ബൈത് അൽ
ബത്ലഹേം ക്രിസ്മസ് വില്ലേജിന്റെ ദൃശ്യങ്ങൾ
മസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ സംഘടനയായ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ ബൈത് അൽ ബത്ലഹേം ക്രിസ്മസ് വില്ലേജിന് വർണാഭമായ തുടക്കം. ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളുടെ ചരിത്രത്തിൽതന്നെ ഇതാദ്യമായാണ് വ്യത്യസ്തമായൊരുക്കിയ ഈ ക്രിസ്മസ് ഗ്രാമം.
യേശുദേവന്റെ ജനനസ്ഥലമായ ബേത്ലഹേമിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അതിമനോഹരമായാണ് വില്ലേജ് ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്മസ് സന്ദേശം പകരുന്ന ദൃശ്യാവിഷ്കാരങ്ങളും ആത്മീയ അന്തരീക്ഷവും സന്ദർശകർക്ക് നവ്യാനുഭവം പകരുന്നതാണ്. ഉദ്ഘാടനദിവസംതന്നെ നൂറുകണക്കിന് ആളുകളാണ് ഈ ദൃശ്യവിരുന്ന് ആസ്വദിക്കാനെത്തിയത്. വരും ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിൽനിന്ന് കൂടുതൽ സന്ദർശകരെത്തുന്നതോടെ ക്രിസ്മസ് വില്ലേജ് കൂടുതൽ സജീവമാകുമെന്ന് സംഘാടകർ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച ക്രിസ്മസ് ട്രീ, പുൽക്കൂട് മത്സരം എന്നിവ നടക്കും. തുടർന്ന് സമാപനദിവസമായ ഡിസംബർ 27ന് ക്രിസ്മസ് കേക്ക് അലങ്കാരം, സാന്താ ക്ലോസ്, ക്വയർ ഗ്രൂപ്പുകളുടെ ക്രിസ്മസ് കാരൾ തുടങ്ങി വിവിധ മത്സരങ്ങളും നടത്തും. അന്നേദിവസം റുവി സെന്റ് തോമസ് ചർച്ചിൽ വിപുലമായ ആഘോഷങ്ങളോടെ സമാപനവും മത്സരങ്ങളിൽ വിജയികളാകുന്നവർക്കുള്ള സമ്മാനദാനവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

