ബത്ലഹേം പുൽക്കൂട് ഒരു "റീ ക്രിയേഷൻ"
text_fieldsഒത്തുപിടിച്ചാൽ മലയും പോരും" എന്ന പഴമൊഴി പോലെ, ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും വലിയൊരു സന്ദേശമാണ് ഓരോ ക്രിസ്മസ് കാലവും നമുക്ക് പകർന്നു നൽകുന്നത്. മണ്ണും വിണ്ണും നക്ഷത്രങ്ങളും ആട്ടിടയന്മാരും ഒത്തുചേരുന്ന ആ പുൽത്തൊട്ടി ഭാവനയിൽ വിരിയുമ്പോൾ, 'എന്തുകൊണ്ട് എനിക്കും ആ ബത്ലഹേം പുൽക്കൂട്ടിൽ ഒരിടം കണ്ടെത്തിക്കൂടാ' എന്ന ചിന്ത പ്രസക്തമാകുന്നു. സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും കാലമാണിത്. ആകാശത്തിലെ ദൂതന്മാരെ മാത്രമല്ല, ജീവിതത്തിൽ തോറ്റുപോയവരെയും അശരണരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെട്ടവരെയുമെല്ലാം ആ പുൽക്കൂട്ടിൽ നമുക്ക് പുനഃസൃഷ്ടിക്കാം. അത്തരത്തിൽ തഴയപ്പെട്ടവർക്കിടയിലേക്കാണ് ലോകത്തെ വിസ്മയിപ്പിച്ച ആ സുവാർത്ത എത്തിയത്: "ഇതാ നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു!"
എന്തുകൊണ്ടാണ് ജനിക്കാൻ ഇത്ര എളിയ ഒരിടം തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന്, "മഹിയിൽ വസിക്കുന്നവൻ എന്നെ കണ്ടെത്തിയാൽ അവിടം ഞാൻ പുൽക്കൂടാക്കും, അവിടം ഞാൻ സ്വർഗ്ഗമാക്കും" എന്ന മനോഹരമായ മറുപടിയാണ് ആ പൈതൽ നൽകുന്നത്. 'ദൈവം നമ്മോടു കൂടെ' എന്നർത്ഥമുള്ള 'ഇമ്മാനുവേൽ' എന്നത് വെറുമൊരു പേരല്ല; മറിച്ച് ദൈവസ്നേഹത്തിന്റെ പരസ്യമായ പ്രഖ്യാപനമാണ്. നീതി നിഷേധിക്കപ്പെട്ടവർക്കും പിന്തള്ളപ്പെട്ടവർക്കും ആശ്വാസമാകേണ്ട പേരാണത്. സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ദൂതൻ ആട്ടിടയന്മാരോട് ഘോഷിച്ച ആ മഹാസന്തോഷം ഇന്നും പ്രസക്തമാണ്.
രാജകൊട്ടാരങ്ങളിലോ പ്രഭുകുടുംബങ്ങളിലോ ഇടം ലഭിക്കാതെ, ആരുമില്ലാത്തവരുടെ ഇടങ്ങളിലേക്ക് ദൈവം ഇറങ്ങിവന്നത് സാധാരണക്കാരന്റെ ഹൃദയങ്ങളിൽ തനിക്ക് ലഭിക്കുന്ന സ്വീകാര്യത തിരിച്ചറിഞ്ഞതുകൊണ്ടാണ്. പൂർണ്ണഗർഭിണിയായ ഒരു സ്ത്രീക്കും നാമമാത്ര ധാരിയായ അവളുടെ ഭർത്താവിന്റെയും മുൻപിൽ സത്രത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടപ്പോൾ, ആരും തുറക്കാത്ത ഒരിടത്താണ് ഈ ലോകരക്ഷകൻ പിറന്നത്. ആ ചെറിയ പുൽക്കൂട് പിന്നീട് രാജാക്കന്മാരും ശാസ്ത്രിമാരും ദൂതന്മാരും വന്നെത്തുന്ന വലിയൊരു വിശുദ്ധ മന്ദിരമായി മാറി. അവിടെ വെച്ച് ഓരോ മനുഷ്യപുത്രനും തന്നിലെ ദൈവപുത്രനെ തിരിച്ചറിയുന്ന 'റീ-ക്രിയേഷൻ' സംഭവിക്കുന്നു. ക്രിസ്തുബോധത്തിന്റെ ഈ പുനരാവിഷ്കാരം നമ്മുടെ ജീവിതങ്ങളെ അർത്ഥപൂർണ്ണമാക്കട്ടെ. ഏവർക്കും ക്രിസ്മസ്, പുതുവത്സരാശംസകൾ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

