കവിതപോലെ ഹൃദയത്തിൽ പതിയുന്ന ക്രിസ്മസ്
text_fieldsക്രിസ്മസ് എന്നാൽ ഒരു ദിനത്തിന്റെ ആഘോഷം മാത്രമല്ല; അത് ഓർമകളുടെയും ബന്ധങ്ങളുടെയും സംയുക്തമായ അനുഭവകാലമാണ്. ബാല്യകാല ക്രിസ്മസുകൾ ഇന്നും ഹൃദയത്തിൽ മായാതെ നിലകൊള്ളുന്ന ഓർമകളാണ്. ക്രിസ്മസ് കാലം എത്തുമ്പോൾ വീടുകളും മനസ്സും ഒരുമിച്ച് ഒരുങ്ങും. ക്രിസ്മസ് ട്രീ അലങ്കരിക്കൽ, നക്ഷത്രം തെളിയിക്കൽ, കുടുംബത്തോടൊപ്പമുള്ള മുന്നൊരുക്കങ്ങൾ...ഇവയെല്ലാം ചേർന്ന് ആ ദിനങ്ങൾ നമ്മെ പഠിപ്പിച്ചത്, ഒന്നിച്ചിരിക്കുന്നതിന്റെ ധാർമിക മൂല്യവും, പങ്കുവെപ്പിന്റെ സന്തോഷവുമാണ്.
നക്ഷത്രത്തിന്റെ വെളിച്ചം വെറും അലങ്കാരമല്ല. രാത്രി ഇരുട്ടിൽ അത് പ്രത്യാശയും സന്തോഷവും പകർന്നു നൽകുന്ന ഒരു അടയാളമായിരുന്നു. കുട്ടികൾ നക്ഷത്രം കൈയിൽ പിടിച്ച് കരോളുകൾ പാടുമ്പോൾ, പാട്ടിനൊപ്പം പങ്കുവെച്ചത് സൗഹൃദവും ചിരിയും സ്നേഹവുമായിരുന്നു. ക്രിസ്മസ് എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തിയ ഒരു ഉത്സവമായിരുന്നു.
ഈ ക്രിസ്മസ് നാളുകളിൽ ഒരു നഷ്ടവിയോഗത്തിന്റെ ഓർമകൂടി എന്നെ പൊതിയുന്നുണ്ട്. എന്റെ ജീവിതത്തിലെ വഴികാട്ടിയും പ്രചോദനവുമായിരുന്ന പ്രിയപ്പെട്ട എന്റെ പിതാവിന്റെ ഓർമകളാണത്. ഈ വർഷം ഞങ്ങളിൽനിന്ന് വിട്ടുപിരിഞ്ഞ അദ്ദേഹമില്ലാതെയുള്ള ആദ്യ ക്രിസ്മസ്. അദ്ദേഹം പകർന്നു നൽകിയ അനുഭവങ്ങളുടെ ഊഷ്മളതയിൽ ഓർമകളുടെ വേദനകൾക്കിടയിലും ലോകത്തിന്റെ ആഘോഷത്തിൽ പങ്കുചേരുകയാണ്. എന്റെ ബാല്യകാല ക്രിസ്മസ് കാലം അത്രമേൽ മനോഹരമായതിന്റെ കാരണം വന്ദ്യപിതാവിന്റെ സ്നേഹവും കരുതലുമാണ്. പ്രിയപ്പെട്ട ആ ഓർമക്ക് മുന്നിൽ സ്തുതി.
എല്ലാറ്റിന്റെയും കേന്ദ്രബിന്ദു മനുഷ്യത്വമാണെന്ന് ക്രിസ്മസ് നമ്മെ ഓർമിപ്പിക്കുന്നു. ആഡംബരങ്ങളിലല്ല, ജീവിതത്തിന്റെ ലാളിത്യത്തിനും സഹാനുഭൂതിക്കും സ്നേഹത്തിനുമാണ് പ്രാധാന്യമെന്ന് ക്രിസ്മസ് നമുക്ക് മനസ്സിലാക്കിത്തരുന്നു. യേശുവിന്റെ ജനനം കൊട്ടാരത്തിലല്ല, സാധാരണ മനുഷ്യരുടെ ഇടയിൽനിന്നുമാണ്. ആ കഥ നമ്മോട് പറയുന്നത് ലളിതമായ ഒരു സത്യമാണ്. സ്നേഹത്തിനാണ് ലോകത്തെ മാറ്റാനുള്ള ശക്തി.
ക്രിസ്മസ് കവിതപോലെയാണ്. ശബ്ദമില്ലാതെ ഹൃദയത്തിൽ പതിയുന്ന വരികൾ. കരോളുകളുടെ സംഗീതവും പ്രാർഥനയുടെ നിശ്ശബ്ദതയും ചേർന്നപ്പോൾ മനുഷ്യൻ തന്റെ ഉള്ളിലേക്കു തിരിഞ്ഞുനോക്കും. ഇന്ന് യുദ്ധങ്ങളും വിഭജനങ്ങളും നിറഞ്ഞ ലോകത്ത്, ക്രിസ്മസ് നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. സ്വന്തമാക്കലിനേക്കാൾ പങ്കുവെക്കൽ, അധികാരത്തേക്കാൾ വിനയം, അകലെത്തെക്കാൾ അടുപ്പം. ഒരു പുഞ്ചിരി, ഒരു കൈത്താങ്ങ്, ഒരു ഓർമ -ഇവയാണ് ക്രിസ്മസിന്റെ യഥാർഥ അലങ്കാരം.
ഈ ക്രിസ്മസിൽ, നക്ഷത്രങ്ങൾ ആകാശത്തും നമ്മുടെ ഹൃദയങ്ങളിലും തെളിയട്ടെ. ബാല്യകാല ഓർമകളുടെ സമ്പത്തും നമ്മെ വിട്ടുപോയവരുടെ സ്നേഹവും എന്നും നമ്മെ വഴി കാണിക്കട്ടെ. ഓർമകളിലൂടെ, സ്നേഹത്തിലൂടെ, മനുഷ്യത്വത്തിലൂടെ ക്രിസ്മസ് നമ്മെ എല്ലാവരെയും കൂടുതൽ നല്ല മനുഷ്യരാക്കട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

