കരോളിന്റെ മത്സരാവേശം
text_fieldsഒരു വർഷകാലഘട്ടത്തിൽ നമുക്ക് ഏറ്റവും ഇഷ്ടമുള്ള സമയം ഏതാണ് എന്ന് ചോദിച്ചാൽ എനിക്ക് നിസംശയം പറയുവാൻ സാധിക്കും ക്രിസ്മസ് കാലഘട്ടമെന്ന്. ഞങ്ങളുടെയൊക്കെ ചെറുപ്പകാലം മുതലേ കരോളിനു പോവുകയും അതിനോടനുബന്ധിച്ച് ഒത്തിരിയേറെ അനുഭവങ്ങളും ക്രിസ്മസ് കാലഘട്ടത്ത് ഉണ്ടായിട്ടുണ്ട്.
ഞങ്ങളുടെയൊക്കെ നാട്ടിലെ ദേവാലയം ഇരിക്കുന്ന സ്ഥലം 4- 5 പള്ളികൾ അടുത്തടുത്ത് ഉള്ള സ്ഥലങ്ങളാണ്. ഞങ്ങളുടെ ചെറുപ്പം മുതൽ പള്ളിയിൽ കരോൾ കഴിഞ്ഞിട്ട് അടുത്ത പള്ളികളിൽ കൂടി കരോളിന് പോകുമായിരുന്നു. പ്രത്യേകിച്ച് ഓരോ ഏരിയകൾ നമ്മൾ കരോൾ പോകുമ്പോൾ മൂന്നുനാലും പള്ളികളുടെ കരോൾ സംഘങ്ങൾ ഒരുമിച്ചു വരികയും അവിടെ ഒരു മത്സരത്തിന്റെ പ്രതീതി ഉളവാക്കി ആവേശത്തോടെ കരോൾ പാടി നടന്ന ആ ചെറുപ്പകാലം ഇന്നും വളരെ സന്തോഷത്തോടെ ഓർക്കുന്നു. അതുപോലെതന്നെ വൈകീട്ട് ആറരമുതൽ രാവിലെ ഏഴു വരെ തുടരുന്ന ആ കരോളിന്റെ ഇടയ്ക്കുള്ള രസകരമായ അനുഭവങ്ങൾ വളരെയധികം നമുക്ക് മിസ് ചെയ്യുന്ന ഒന്നാണ്. അന്ന് മൊബൈൽ ഫോൺ, ടോർച്ച് ഒന്നുമില്ലാത്ത കാലമാണ്. വെറും രണ്ട് പെട്രോൾ മാക്സിന്റെ വെളിച്ചത്തിലൂടെ ചെറിയ റോഡ് സൗകര്യങ്ങളിലൂടെയൊക്കെ വേണം പോവാൻ. പ്രത്യേകിച്ച് പാടത്തിന്റെ സൈഡിലൂടെ പോകുമ്പോള് പലരും തന്നെ പാടത്ത് വീഴും. ആ രസകരമായ അനുഭവങ്ങളൊക്കെ ഓർക്കുമ്പോൾ സന്തോഷം തരുന്നവയാണ്.
ആ ക്രിസ്മസ് കാലഘട്ടം ഞങ്ങൾക്ക് മസ്കറ്റിലും പുനരാവിഷ്കരിക്കാൻ സാധിച്ചു എന്നുള്ളതാണ് സന്തോഷം തരുന്ന കാര്യം. ഞങ്ങളുടെ കൂട്ടായ്മകളിലും അതുപോലെ എല്ലാ സംഘടനകളിലും ഡിസംബറിൽ കരോളിന് പോകുവാൻ സാധിച്ചിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ കുടുംബബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും കൂടുതൽ ഇഴയടുപ്പം ഉണ്ടാവാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. ഈ കാലഘട്ടം എല്ലാ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഈശോ ജനിക്കുന്ന സന്തോഷവും പുതുവർഷത്തെ വരവേൽക്കാനുള്ള ആവേശവും എല്ലാവർക്കും അനുഭവിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

