ബോൺ നത്താലെ 27ന്; 15,000 ക്രിസ്‌മസ് പാപ്പമാർ നഗരം ചുറ്റും
text_fieldsതൃശൂർ: പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോൺ നത്താലെ റാലി 27ന് വൈകീട്ട് അഞ്ചിന് തൃശൂർ സെന്‍റ് തോമസ് കോളജിൽനിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി കോളജിൽതന്നെ സമാപിക്കുമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
15,000 ക്രിസ്‌മസ് പാപ്പമാർ പ്രത്യേകം ചിട്ടപ്പെടുത്തിയ പാട്ടിനനുസരിച്ചു നൃത്തച്ചുവടുകൾ വെക്കും. ഈ വർഷം എ.ഐ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ചലിക്കുന്ന നാലു പ്ലോട്ടുകളും കേരളത്തിന്‍റെയും ഇന്ത്യയുടെയും സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന 15 വലിയ പ്ലോട്ടുകളും ഉണ്ടാകും.
കാരുണ്യത്തിന്‍റെ ആഘോഷമായി ബോൺ നത്താലെയുടെ ഭാഗമായി പത്തോളം വീടുകൾ പാവപ്പെട്ടവർക്കായി നിർമിച്ചുനൽകും. ഈ ഭവനങ്ങളുടെ താക്കോൽദാനം സമാപന ചടങ്ങിൽ കൈമാറും. വിൻസെന്‍റ് ഡീപോൾ സംഘടന മൂന്നു ഡയാലിസീസ് മെഷീനുകൾ ജൂബിലി മിഷൻ മെഡിക്കൽ കോളജിനു നൽകും. എല്ലാ ഇടവകകളിലും ഇടവക ബോൺ നത്താലെ സംഘടിപ്പിക്കും. ഇടവകയിലെ പാവപ്പെട്ടവർക്ക് വിവിധ സഹായപദ്ധതികളും നടപ്പാക്കും.
നാളെ മുതൽ ജനുവരി അഞ്ചുവരെ ബോൺ നത്താലെ എക്സിബിഷൻ ശക്തൻ നഗറിൽ നടക്കും. ജ്യോതി എൻജിനീയറിങ് കോളജിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളാണു ചലിക്കുന്ന പ്ലോട്ടുകൾ നിർമിക്കുന്നത്. കേന്ദ്ര സാംസ്കാരിക ടൂറിസം കാബിനറ്റ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പിള്ളി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രാഷ്ട്രീയ സാമൂഹ്യ-സാംസ്‌കാരിക മതമേലധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും. 2014ൽ ഏറ്റവും കൂടുതൽ ക്രിസ്‌മസ് പാപ്പമാരെ പങ്കെടുപ്പിച്ചു നേടിയ ഗിന്നസ് വേൾഡ് റെക്കാർഡ് ഇപ്പോഴും തൃശൂരിലെ ബോൺ നത്താലെയുടെ പേരിലാണെന്നും ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
വാർത്തസമ്മേളനത്തിൽ ജോസ് കോനിക്കര, ഫാ. ജോൺ പോൾ ചെമ്മണ്ണൂർ, മുൻ മേയർ എം.കെ. വർഗീസ്, ജോർജ് ചിറമ്മൽ, ജോജു മഞ്ഞില, ഫാ. സിംസൺ ചിറമ്മൽ, ബാബു ചിറ്റിലപ്പിള്ളി, ജോഷി വടക്കൻ, ഷിന്‍റോ മാത്യു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

