ബിദിയ പളളി ലോക പൈതൃകത്തിലേക്ക്
text_fieldsഫുജൈറയിലെ പുരാതന പള്ളിയായ ബിദിയ പള്ളിയെ ലോക പൈതൃക സ്ഥലമായി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടക്കം കുറിച്ചിരിക്കുകയാണ് ഫുജൈറ സര്‍ക്കാർ. കഴിഞ്ഞ സെപ്റ്റംബർ അവസാനം സൗദി അറേബ്യയിലെ റിയാദ് ആതിഥേയത്വം വഹിച്ച യുനെസ്‌കോയുടെ ലോക പൈതൃക സമിതിയുടെ നാൽപ്പത്തിയഞ്ചാമത് സെഷന്‍റെ യോഗങ്ങളിൽ ഫുജൈറയിലെ ടൂറിസം, പുരാവസ്തു വകുപ്പ് പങ്കെടുത്തിരുന്നു.
ബിദിയ പള്ളിയും പരിസര പ്രദേശങ്ങളും ലോക പൈതൃക സ്ഥലമായി ഉൾപ്പെടുത്തുന്നതിന് യുനെസ്കോയുമായി ബന്ധപ്പെട്ടവർക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉള്ള പരിപാടിയില്‍ ആണ് ഫുജൈറയിലെ ടൂറിസം, പുരാവസ്തു വകുപ്പ്. ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ചരിത്രപരമായ പൈതൃകത്താൽ സമ്പന്നമാണ് ബിദിയ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ പള്ളി.
ഫുജൈറ പുരാവസ്തു സ്ഥലങ്ങളുടെ നാമനിർദ്ദേശം യു.എ.ഇ സാംസ്കാരിക യുവജന മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് നടക്കുന്നതെന്ന് ഫുജൈറയിലെ ടൂറിസം, പുരാവസ്തു വകുപ്പ് ഡയറക്ടർ സഈദ് അൽ സമാഹി പറഞ്ഞു. ഫുജൈറയിലെ പുരാവസ്തു വിഭാഗം ഓസ്ട്രേലിയയിലെ സിഡ്നി യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് 1997 98 കാലഘട്ടത്തിൽ നടത്തിയ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് പ്രകാരം എഡി 1446 ലാണ് ഈ പള്ളി നിർമിച്ചതെന്ന് ഇവിടെ സ്ഥാപിച്ച ചരിത്രഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കളിമണ്ണും ബിദിയ പ്രദേശത്തു ലഭിക്കുന്ന ചെറിയ ഉരുണ്ട കല്ലുകളും ഉടച്ചുചേർത്ത് പശപശപ്പ് പോലെയാക്കി കുഴച്ചാണ് പള്ളിയുടെ നിർമാണം പൂർത്തീകരിച്ചത്. നാലു കളിമണ്‍ മിനാരങ്ങൾ ഉണ്ട് ഈ പള്ളിക്ക്. ആധുനിക മിനാരങ്ങളെ പോലും വെല്ലുന്ന തരത്തില്‍ ഉള്ള ഇതിന്‍റെ നിര്‍മിതിയാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. മരം തീരെ ഉപയോഗിക്കാതെയാണ് പള്ളിയുടെ മേൽക്കൂര നിർമിച്ചിരിക്കുന്നത്. കളിമണ്ണിൽ പണിതീർത്ത മൂന്നടി ഉയരത്തിലുള്ള ഏഴ് ജനൽ വാതിലുകളും പള്ളിക്കുണ്ട്.
പള്ളിയുടെ പ്രവേശന കവാടം ആർച്ച് രീതിയിലാണ് പണിതീർത്തിരിക്കുന്നത്. എണ്‍പത് അടി വിസ്തീർണ്ണം ഉള്ള അകം പള്ളിയിൽ 55 മുതൽ 65 പേർക്ക് ഒരേ സമയം നമസ്കരിക്കാം. കളിമണ്ണിൽ നിർമിച്ച മനോഹരമായ മിമ്പറും ശ്രദ്ധേയമാണ്. ദുബൈ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പൗരാണികത അപ്പടി നിലനിർത്തി കൊണ്ടാണ് പള്ളി പുനർ നിർമിച്ചിട്ടുള്ളത്. യു.എ.ഇയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നു കൂടിയാണ് ബിദിയയിലെ ഈ പള്ളി. ഫുജൈറയില്‍ നിന്നും നാല്പത്തി മൂന്ന് കിലോമീറ്ററും ഖൊര്‍ഫക്കാനില്‍ നിന്നും പതിമൂന്ന് കിലോമീറ്ററും ആണ് ഇങ്ങോട്ടുള്ള ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

