ആറന്മുള ഉത്രട്ടാതി ജലമേള: മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ ജേതാക്കൾ
text_fieldsപത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയിൽ മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ ജേതാക്കൾ. ആവേശം കൊടുമുടിയേറിയ മത്സരത്തിൽ എ ബാച്ചിൽ അയിരൂർ, മല്ലപ്പുഴശ്ശേരി, ഇടശ്ശേരിമല കിഴക്ക് പള്ളിയോടങ്ങളെ പിന്തള്ളി പ്രവീൺകുമാർ ക്യാപ്റ്റനായ മേലുകര ഒന്നാമതെത്തി മന്നം ട്രോഫി കരസ്ഥമാക്കിയപ്പോൾ ബി ബാച്ചിൽ വിജയിച്ച് കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിക്ക് അർഹത നേടി.
ബി ബാച്ച് ഫൈനലിൽ നാലുവള്ളങ്ങളാണ് ഫൈനൽ മത്സരത്തിനുണ്ടായിരുന്നത്. നാല് മിനിറ്റ് 46 സെക്കൻഡ് എടുത്താണ് കോറ്റാത്തൂർ വിജയം ഉറപ്പിച്ചത്. മത്സരത്തിൽ കോടിയാറ്റുകര രണ്ടാമതും ഇടപ്പാവൂർ മൂന്നാമതും എത്തി. ബി ബാച്ചിലെ ലൂസേഴ്സ് ഫൈനലിൽ വന്മഴി ഒന്നാമതും കീക്കൊഴൂർ വയലത്തല രണ്ടാമതുമെത്തി. എ ബാച്ചിലെ മത്സരം അത്യന്തം വാശിയേറിയതായിരുന്നു. 4:43:7 സെക്കൻഡിലാണ് മേലുകര വിജയം ഉറപ്പിച്ചത്. അയിരൂർ പള്ളിയോടം രണ്ടാമതും, മല്ലപ്പുഴശ്ശേരി മൂന്നാമതുമെത്തി.
എ ബാച്ചിന്‍റെ ലൂസേഴ്സ് ഫൈനലിൽ കുറിയന്നൂർ ഒന്നാംസ്ഥാനം നേടി. ഓതറ രണ്ടാമതും കീഴുകര മൂന്നാമതും എത്തി. ഈ മത്സരത്തിൽ പങ്കെടുക്കേണ്ടിയിരുന്ന കോയിപ്രം വിട്ടുനിന്നു. മറ്റു വള്ളങ്ങളിൽ പുറത്തുനിന്നുള്ള തുഴച്ചിലുകാർ കയറിയെന്നാരോപിച്ച് തർക്കത്തെതുടർന്നാണ് അവർ പിന്മാറിയത്. തർക്കംമൂലം എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ, ലൂസേഴ്സ് ഫൈനൽ അരമണിക്കൂറോളം വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

