അറഫയുടെ സന്ദേശം
text_fields-ബഷീർ വാണിയക്കാട്
കോവിഡ് മഹാമാരിക്കുശേഷം കോടിക്കണക്കായ മുസ്ലിം ലോകത്തിന്റെ ലക്ഷക്കണക്കിന് പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമം അറഫയിൽ നടക്കുകയാണ് -അൽഹംദുലില്ലാഹ്. ഒരേ മനസ്സോടെ ഭൗതികലോകത്തിന്റെ കെട്ടുപാടുകളിൽനിന്ന് മുക്തരായി, സൃഷ്ടാവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് അല്ലാഹുവിന്റെ വിളിക്കുത്തരം നൽകാനായി ലോകത്തിന്റെ നാനാഭാഗത്തുമുള്ള വിശ്വാസികൾ എല്ലാ വർഷവും അവിടെ സംഗമിക്കുമ്പോൾ അത് ലോകാത്ഭുതമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നു.
മാനവികതയുടെ, സഹിഷ്ണുതയുടെ, സ്നേഹത്തിന്റെ, സൗഹാർദത്തിന്റെ, നിശ്ചയദാർഢ്യത്തിന്റെ, പ്രായശ്ചിത്തത്തിന്റെ, സമർപ്പണത്തിന്റെ ലോകസംഗമം. അവിടെ കറുത്തവനെന്നോ വെളുത്തവനെന്നോ അറബിയെന്നോ അനറബിയെന്നോ രാജാവെന്നോ പ്രജയെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ സുന്നിയെന്നോ ശിയയെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ല.
കഫൻ പുടവയെ അനുസ്മരിപ്പിക്കുന്ന വസ്ത്രം. ചുണ്ടുകളിൽ ഒരേ മന്ത്രം. ആടയാഭരണങ്ങൾ അനുവദനീയമല്ല. അക്ഷരാർഥത്തിൽ ഒരു മിനി മഹ്ശറ. യഥാർഥ മഹ്ശറയിൽ പ്രായശ്ചിത്തത്തിന് അവസരമില്ല. പരീക്ഷ അവസാനിച്ചതിനുശേഷമുള്ള വിധിനിർണയ ദിനം. എന്നാൽ, ഇവിടെ തന്റെ പാപങ്ങളും തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യാനുള്ള സുവർണാവസരമുണ്ട്.
ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ. ആ ബിന്ദുവിൽ കേന്ദ്രീകരിച്ച് തങ്ങളുടെ ആവലാതികളും പ്രശ്നങ്ങളും പാപങ്ങളും അല്ലാഹുവിന്റെ മുന്നിൽ ഇറക്കിവെച്ച് മാപ്പപേക്ഷിക്കുമ്പോൾ ഉമ്മ പ്രസവിച്ച കുഞ്ഞിനെപ്പോലെ, ഊതിക്കാച്ചിയ പൊന്നുപോലെ പരിശുദ്ധരായി തീരുന്നു.
അറഫയിൽ തന്നെ സ്മരിച്ച് തന്നോട് കേണും കരഞ്ഞും അപേക്ഷിക്കുന്ന സൃഷ്ടികളെ കാണുമ്പോൾ അല്ലാഹു അഭിമാനം കൊള്ളുമെന്നും അവരുടെ ഏതാവശ്യവും നിറവേറ്റാൻ സന്നദ്ധനാകുമെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. പക്ഷേ ഹജ്ജിന് ശേഷമുള്ള അവരുടെ ജീവിതം കൂടി നോക്കിയാണ് ഹജ്ജിന്റെ പ്രതിഫലമെന്നും മുസ്ലിം പഠിപ്പിക്കപ്പെട്ടിരിക്കുന്നു.
'അറഫ'യെന്നാൽ അറിഞ്ഞു എന്നാണർഥം. ആദി പിതാവായ ആദവും ഹവ്വയും ഭൂമിയിൽ കണ്ടുമുട്ടിയ സ്ഥലമാണെന്നും തന്റെ സൃഷ്ടാവിനെ സൃഷ്ടികൾ യഥാർഥത്തിൽ തിരിച്ചറിഞ്ഞ സ്ഥലമാണെന്നും മനുഷ്യൻ തന്നെത്തന്നെ സ്വയംതിരിച്ചറിയുന്ന സ്ഥലമെന്നും പല വീക്ഷണങ്ങൾ ഇതിന് പിന്നിലുണ്ട്.
ഹജ്ജ് എന്നാൽ 'അറഫ' യാണെന്നാണ് നബി അരുൾചെയ്തത്. 'അറഫ'യിൽ ഹാജരാകാത്തവർക്ക് ഹജ്ജ് ഇല്ല. മനുഷ്യകുലത്തിന്റെ നേതാവായ ഇബ്രാഹിം നബിയുടെയും ഹാജറ ബീവിയുടെയും ഇസ്മായിൽ നബിയുടെയും ത്യാഗ സമ്പൂർണമായ ജീവിതം സ്മരിക്കാതെ ഒരു വിശ്വാസിക്ക് ഹജ്ജ് പൂർത്തീകരിക്കാൻ കഴിയില്ല.
ദൈവത്തിന്റെ തീക്ഷ്ണമായ പരീക്ഷണങ്ങൾ വിജയകരമായി നേരിടുന്നതിൽ ഇബ്രാഹിമും ഹാജറയും ഇസ്മായീലും കാണിച്ച വിശ്വാസദാർഢ്യമാണ് ഹജ്ജിന്റെ കർമങ്ങളിൽ സ്മരിക്കപ്പെടുന്നതും പിന്തുടരപ്പെടുന്നതും. ലോകത്തിലെ ആദ്യ ദേവാലയമായ കഅബ പുനർനിർമിച്ചത് പ്രവാചകൻ ഇബ്രാഹിമും മകൻ ഇസ്മാഈലും കൂടിയാണ്. അദ്ദേഹത്തിന്റെ പ്രാർഥനയുടെ ഫലമാണ് ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിൽക്കുന്ന ആ പരിശുദ്ധ ഗേഹം.
മകന്റെ ദാഹം ശമിപ്പിക്കാൻ കറുത്ത വർഗക്കാരിയായ ഹാജറ സഫാ മർവാ കുന്നുകൾക്കിടയിൽ പാഞ്ഞുനടന്ന സംഭവം അനുസ്മരിപ്പിക്കുന്നതാണ് ഹജ്ജിന്റെ ഒരു കർമമായ സഫാ മർവാ കുന്നുകൾക്കിടയിലെ ഓട്ടം.
സ്വന്തം മകനെ ബലിയറുക്കാൻ ദൈവത്തിന്റെ കൽപന വന്നപ്പോൾ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞോടിച്ച സംഭവം അനുസ്മരിച്ച് ഹാജിമാർ തങ്ങളുടെ ദേഹേച്ഛകളാകുന്ന പിശാചിനെ ജംറയിൽ കല്ലെറിയുന്നു.
മകനുപകരം ബലിയറുക്കാൻ ജിബ്രീൽ മാലാഖ ആടിനെ നൽകി. ഈ സംഭവം സ്മരിച്ചും നാഥന്റെ കൽപന അനുസരിച്ചും വിശ്വാസികൾ ബലിയറുക്കുന്നു. ബലിമൃഗത്തിന്റെ മാംസവും രക്തവും ദൈവത്തിനാവശ്യമില്ല. തന്റെ അടിമയുടെ ഹൃദയം അറിയുകയാണ് അല്ലാഹു ഇതിലുടെ ഉദ്ദേശിക്കുന്നത്.
പ്രവാചകൻ മുഹമ്മദ് തന്റെ പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തിയത് അറഫയിലാണ്. ലക്ഷത്തോളം വരുന്ന അനുയായികളെ സാക്ഷിയാക്കി തന്റെ ദൗത്യം പൂർത്തികരിച്ച് നടത്തിയ ആ പ്രസംഗം ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

