ചരിത്രം പറയുന്ന അൽ ബിദിയ പള്ളി
text_fieldsഅൽ ബിദിയ പള്ളി
ഫുജൈറയിലെ ഖോര്ഫഖാനില്നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള അൽ ബിദിയ പള്ളിക്ക് പറയാനുള്ളത് നൂറ്റാണ്ടുകളുടെ ചരിത്രമാണ്. 1,300ലധികം വര്‍ഷം പഴക്കമുള്ള ഈ മസ്ജിദ് പ്രവാചക അനുചരന്മാരുടെ കാലത്ത് നിര്‍മിച്ചതാണെന്നു പറയപ്പെടുന്നു. ബിദിയ എന്ന സ്ഥലത്തോടു ബന്ധപ്പെടുത്തിയാണ് ഈ പള്ളിക്ക് അത്തരമൊരു പേര് ലഭിച്ചത്. എ.ഡി 640ലാണ് (ഹിജ്റ 20) ചരിത്രപ്രസിദ്ധമായ ഈ പള്ളി നിര്‍മിച്ചതെന്ന് 'ഇമേജസ് ഓഫ് അബൂദബി ആൻഡ് യു.എ.ഇ' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫുജൈറയിലെ പുരാവസ്തു വിഭാഗം ആസ്ട്രേലിയയിലെ സിഡ്നി യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് 1997 -98 കാലഘട്ടത്തില്‍ നടത്തിയ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് പ്രകാരം എ.ഡി 1446ലാണ് ഈ പള്ളി നിര്‍മിച്ചതെന്ന് ഇവിടെ സ്ഥാപിച്ച ചരിത്രഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ചില ചരിത്രരേഖകള്‍ ഇതിനോടു യോജിക്കുന്നില്ല.
1300ലധികം വര്‍ഷം പഴക്കം ഈ പള്ളിക്കുണ്ടെന്നുപറയുന്ന പല ചരിത്രഗ്രന്ഥങ്ങളും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ അഭിപ്രായമാണ് അറബികള്‍ക്കിടയില്‍ കൂടുതൽ പ്രചാരത്തിലുള്ളത്. കളിമണ്ണും ബിദിയ പ്രദേശത്തു ലഭിക്കുന്ന ചെറിയ ഉരുണ്ട കരിങ്കല്ലും ഉടച്ചുചേര്‍ത്ത് പശപശപ്പ് പോലെയാക്കി കുഴച്ചാണ് പള്ളിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നാല് കളിമണ്‍ മിനാരങ്ങളുണ്ട്. ആധുനിക മിനാരങ്ങളെപ്പോലും വെല്ലുന്ന ഇവ അനേകം വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. മരം തീരെ ഉപയോഗിക്കാതെയാണ് പള്ളിയുടെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. കളിമണ്ണില്‍ പണിതീര്‍ത്ത മൂന്നടി ഉയരത്തിലുള്ള ഏഴുജനൽ, വാതിലുകളും ബിദിയ പള്ളിക്കുണ്ട്.
പള്ളിയുടെ പ്രവേശന കവാടം ആര്‍ച് രീതിയിലാണ് പണിതിരിക്കുന്നത്. 80 അടി വിസ്തീര്‍ണമുള്ള അകംപള്ളിയില്‍ 55 മുതല്‍ 65 വരെ പേര്‍ക്ക് ഒരേസമയം നമസ്കരിക്കാം. അകംപള്ളിയില്‍ മനോഹരമായി കളിമണ്ണില്‍ നിര്‍മിച്ച മിമ്പറും ശ്രദ്ധേയമാണ്. ഇരുള്‍മൂടിയ ഇടനാഴിയിലേക്കു പ്രവേശിക്കുന്നതുപോലെ തോന്നുമായിരുന്നുവത്രെ വൈദ്യുതീകരിക്കുന്നതിനുമുമ്പ് പള്ളിയുടെ അകം. ദുബൈ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പൗരാണികത അപ്പടി നിലനിര്‍ത്തിക്കൊണ്ടാണ് ബിദിയ പള്ളി പുനര്‍നിര്‍മിച്ചത്. പഴമ ഒട്ടും ചോര്‍ന്നുപോകാതെ പുനരുദ്ധരിച്ച പള്ളി ഫുജൈറ ഭരണാധികാരി ശൈഖ് അഹ്മദ് അല്‍ ശര്‍ഖി 2003 മാര്‍ച്ച് മൂന്നിനാണ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. യു.എ.ഇയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുകൂടിയാണിന്ന് ഫുജൈറയിലെ ബിദിയ പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

