യു.പി ഗ്രാമങ്ങളിലൂടെ ഒരു നോമ്പുകാലം
text_fieldsനോമ്പുകാല ഓർമകൾ ചികയുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ബിരുദപഠനം കഴിഞ്ഞ കാലമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ബി.ഫാം പൂർത്തിയാക്കിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാറിന്റെ ഒരു പ്രോജക്ടിന്റെ ഭാഗമാവാൻ അവസരം ലഭിച്ചത്. ഇന്ത്യയിലെ പിന്നാക്കപ്രദേശങ്ങളിലെ ആരോഗ്യകേന്ദ്രങ്ങൾ സന്ദർശിച്ച് അവശ്യമരുന്നുകളുടെ ലഭ്യത റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേ. കേരളത്തിൽനിന്ന് ഞങ്ങൾ രണ്ടുപേരും ഡൽഹിയിൽനിന്ന് ഒരാളും പ്രോജക്ട് ഏറ്റെടുത്ത സ്ഥാപനത്തിന്റെ രണ്ടുപേരും ഉൾപ്പെടെ അഞ്ചംഗസംഘം.
2013ൽ റമദാൻ തുടങ്ങാനിരിക്കെ ബാഗും വസ്ത്രങ്ങളുമെടുത്ത് യാത്രപുറപ്പെട്ടു. ഉത്തർപ്രദേശിലെ അതിർത്തിപ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലകളിലായിരുന്നു ഞങ്ങളുടെ ജോലി. സർവേ തുടങ്ങി ദിവസങ്ങൾക്കകം റമദാനുമെത്തി. അഞ്ചുപേരുടെ സംഘത്തിൽ നോമ്പുകാരനായുള്ളത് ഞാൻ മാത്രം. കിഴക്കൻ യു.പിയിലും പടിഞ്ഞാറൻ യു.പിയിലുമായി 14 ജില്ലകളിൽ ഗ്രാമപ്രദേശങ്ങളിലൂടെയാണ് സഞ്ചാരം. ഇതിനിടയിൽ നോമ്പെടുക്കുകയും തുറക്കുകയും വേണം. ഒപ്പമുള്ളവരും സഹകരിക്കുന്നവരാണ്. പക്ഷേ, നോമ്പുതുറ ഓരോ ദിവസവും വെല്ലുവിളിലായി. പള്ളികളാണ് എന്നും ലക്ഷ്യം. പക്ഷേ, സിദ്ദാർഥ് നഗർ, ബഹ്റൈച്, ശ്രാവസ്തി തുടങ്ങിയ ഈസ്റ്റേൺ ഉത്തർപ്രദേശിലെ ഏറ്റവും പിന്നാക്ക ജില്ലകളിൽ ജനങ്ങളുടെ അവസ്ഥതന്നെ ദയനീയമാണ്. പിന്നെ, പള്ളികളുടെ സ്ഥിതി അതിദയനീയവും. ഒരിക്കൽ സർവേയും കഴിഞ്ഞ് ക്ഷീണിച്ച് നോമ്പുതുറക്കാൻ വല്ല സൗകര്യവും ഉണ്ടോ എന്ന പ്രതീക്ഷയിലായിരുന്നു പള്ളിയിലെത്തിയത്. പക്ഷേ, അവിടെ ഇമാമിന്റെ കൈയിൽ ആകെയുള്ളത് ഒരു ഗ്ലാസ് വെള്ളവും ഒരു ചീള് ഈത്തപ്പഴവും മാത്രം. ചെറു നഗരങ്ങളിലെ പള്ളികളിലും ഇതുതന്നെയായിരുന്നു അവസ്ഥ. പ്രദേശത്തെ ജനങ്ങളുടെ അവസ്ഥയും കരളലിയിക്കുന്നതായിരുന്നു. റിക്ഷാവലിച്ചും പുകയില ചുരുട്ടിയും ജീവിതം കഴിയുന്നവർ. വിദ്യാഭ്യാസവും നല്ല ചികിത്സയും മരുന്നുമെല്ലാം അവർക്ക് ആഢംബരമായിരുന്നു.
ഇതൊക്കെ അനുഭവിച്ചറിയുമ്പോഴാണ് നമ്മുടെ നാടും ജീവിതസാഹചര്യങ്ങളുമെല്ലാം എത്രയോ ഭേദമെന്ന് മനസ്സിലാകുന്നത്. എന്നാൽ, പടിഞ്ഞാറൻ യു.പിയിലെ അനുഭവം മറിച്ചായിരുന്നു. ഡൽഹിയോടടുത്ത ഗ്രാമങ്ങളും നഗരങ്ങളും വികസനമെല്ലാം എത്തിയ പ്രദേശങ്ങൾ. ഇവിടെയെല്ലാം പള്ളിയെതന്നെ ആശ്രയിച്ചായി ആ നാളുകളിലെ ഇഫ്താർ. ഹമൂസ് ഉൾപ്പെടെ വിഭവസമൃദ്ധമായ നോമ്പുതുറകൾ. ഒരു നാടിന്റെ രണ്ടു ചിത്രങ്ങൾ ഈ കുറഞ്ഞ നാളിൽ അനുഭവിച്ചറിഞ്ഞതായിരുന്നു ജീവിതത്തിന്റെ ഏറ്റവും വലിയ നോമ്പുപാഠം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പഠനകാലത്ത് ഇഫ്താറിന് പള്ളികളിൽ ഔഷധക്കഞ്ഞിയെന്ന് വിളിക്കുന്ന ഉലുവാക്കഞ്ഞി കിട്ടുമായിരുന്നു. അതൊരു വേറിട്ട അനുഭവമായിരുന്നു. ആ നാട്ടിലെ ജനങ്ങൾ ഞങ്ങൾ വിദ്യാർഥികളെയും പ്രത്യേകം പരിഗണിച്ചിരുന്നു. മെഡിക്കൽ കോളജിൽ അന്ന് എല്ലാ നോമ്പിനും റമദാൻ മെസ് ഉണ്ടാകും. മുൻകൂട്ടി അറിയിച്ചാൽ നമ്മുടെ അമുസ്ലിം സുഹൃത്തുക്കളെ അതിഥിയായി ഇഫ്താറിന് ക്ഷണിക്കാം എന്നസൗകര്യം വേറിട്ട അനുഭവമായിരുന്നു.
അവർക്ക് റമദാൻ പരിചയപ്പെടാനുള്ള അവസരം കൂടിയായിരുന്നു ഇത്. ഫൈനൽ ഇയറിനു പഠിക്കുമ്പോൾ ക്ലാസിലെ എല്ലാവർക്കും ഇഫ്താർ കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അന്ന് അധ്യാപകരടക്കം എല്ലാവരും പങ്കെടുത്തു. നോമ്പുകാരോട് ഐക്യപ്പെട്ട് ഒരുപാട് അമുസ്ലിം പെൺകുട്ടികളും വ്രതമെടുത്തത് ഓർമയിലെ സുന്ദരമായ നിമിഷമായി തുടരുന്നു. ഇഫ്താറിന്റെ കൂടിച്ചേരലുകൾ മനുഷ്യർ തമ്മിൽ സ്നേഹംപങ്കിടാൻ നല്ലൊരു വേദിയാണ്. അതിനേക്കാൾ ഉപരി നോമ്പ് എന്താണ് നമ്മുടെ രീതികൾ എന്താണ് എന്ന് അറിയാത്തവർക്ക് അത് കാണിച്ചുകൊടുക്കുക ആ സന്ദേശം കൈമാറുക എന്നുള്ളത് വലിയ ഒരു സന്തോഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
