ഒരു കരോളിന്റെ സങ്കടമധുരം നിറഞ്ഞ ഓർമ
text_fields‘‘പാതിരാവിന് മുമ്പ് പള്ളിയിലേക്ക് പോകുന്ന യാത്ര ഇന്നും ഓർമയിലുണ്ട്. പുതിയ വസ്ത്രങ്ങൾ ധരിച്ച്, തണുപ്പിനെ പോലും മറക്കുന്ന സന്തോഷത്തോടെ, ഇന്നത്തെപോലെ വണ്ടിയോ ടോർച്ചോ ആർക്കും ഇല്ലായിരുന്നു. കൈയിൽ ചെറു മെഴുകുതിരികൾ പിടിച്ച് നടക്കുമ്പോൾ ആ രാത്രി ഒരുസ്വർഗീയ അനുഭവമായിരുന്നു...’’
അങ്ങനെ വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി വന്നുചേർന്നിരിക്കുകയാണ്. ഇന്നത്തെക്കാൾ പഴയകാല ക്രിസ്മസ് ആഘോഷങ്ങൾക്കാണ് മാധുര്യം ഏറെയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് തലവൂരിന്റെ മണ്ണിൽ ഒരു ഇടത്തരം കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പപ്പയും മമ്മിയും ഞാനും ചേച്ചിയും ഞങ്ങളെല്ലാം കുടുംബത്തിൽ ആഘോഷങ്ങൾ വളരെ സന്തോഷത്തോടെ കൊണ്ടാടിയിരുന്നു. പ്രത്യേകിച്ച് ക്രിസ്മസ്.
ഏകദേശം പതിനെട്ടുവർഷം മുമ്പുള്ള ഒരു ക്രിസ്മസ്, ഇന്നും മറക്കാതെ ഓർമയിൽ തെളിഞ്ഞുനിൽക്കുന്നു. ഞങ്ങളുടെ പള്ളി പണി നടക്കുന്ന സമയം. പള്ളി ആകെ പൊളിച്ചിട്ടിരിക്കുന്നു. എല്ലാരും പള്ളി പണിക്കുവേണ്ടി പൈസ പിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അടുത്ത വീട്ടിലെ കുറച്ചുപിള്ളേർ എല്ലാം കൂടി ക്രിസ്മസ് പാട്ടൊക്കെ പഠിച്ച് കരോളിന് ഇറങ്ങി. ഞങ്ങൾ പള്ളീടെ പേരു പറഞ്ഞായിരുന്നു ഇറങ്ങിയത്. ഡ്രമ്മിനു പകരം കന്നാസിൽ ആണ് കൊട്ടിയത്. എല്ലാവരും ഞങ്ങളെ നല്ല രീതിയിൽ വരവേറ്റു. അന്നത്തെ കാലത്തെ 50 രൂപയൊക്കെ പല വീടുകളിൽനിന്നും ഞങ്ങൾക്ക് കിട്ടി. എല്ലാംകൂടി ചേർത്തുവെച്ചപ്പോൾ 1500 രൂപയായി. അന്നത്തെക്കാലത്ത് അതു വലിയ തുകയാണ്. പക്ഷേ, പള്ളിക്കാരറിയാതെ പള്ളീടെ പേര് പറഞ്ഞ് കരോളിനിറങ്ങിയത് ആരൊക്കെയോ പള്ളികമ്മിറ്റിക്കാരെയും അച്ചനെയും അറിയിച്ചു. അതു വലിയ കോളിളക്കമായി. എല്ലാരും കുറ്റപ്പെടുത്തി. ഞങ്ങളുടെ വലിയ അപ്പച്ചന്റെ നിർദേശപ്രകാരം, 1500 രൂപ പള്ളിയിലെ വഞ്ചിയിൽ കരോൾ എന്ന് എഴുതി പൊതിഞ്ഞുകൊണ്ടിട്ടു. അന്ന് ഞങ്ങൾ കുട്ടികൾക്ക് വലിയ സങ്കടമായിരുന്നു. എല്ലാവരുടെയും മനസ്സ് തേങ്ങിയ സമയം. ൃഇന്ന് അതോർക്കുന്നത് ഒരു ചെറുചിരിയോടെയാണ്. അന്നുള്ള ക്രിസ്മസ് ദിനങ്ങൾക്ക് ഇന്നത്തെപ്പോലെ തിളങ്ങുന്ന ലൈറ്റുകളും വലിയ ആഘോഷങ്ങളും ഒന്നും ഇല്ലായിരുന്നു. എന്നാൽ ആ ക്രിസ്മസിന് ഒരു പ്രത്യേക മധുരമുണ്ടായിരുന്നു.
ഹൃദയത്തിൽ നിറഞ്ഞ സന്തോഷത്തിന്റെ മധുരം. അതുപോലെ അയൽപക്ക വീടുകളിൽ കേക്ക് സമ്മാനിക്കുന്നത് വളരെ സന്തോഷം നിറഞ്ഞ ഒരു അനുഭവം ആയിരുന്നു. ഡിസംബർ മാസം തുടങ്ങുന്നതോടെ വീട്ടിൽ ഒരു വ്യത്യസ്തമായ ഒരു ആവേശം നിറയുമായിരുന്നു. ക്രിസ്മസ് വൈകുന്നേരങ്ങളിൽതന്നെ വീടിന്റെ മുന്നിലെ ചെറിയ നക്ഷത്രം തെളിയിക്കും. അത് അത്ര പ്രകാശമുള്ളതല്ലെങ്കിലും ഞങ്ങളുടെ ബാല്യഹൃദയങ്ങൾക്ക് അത് ഏറ്റവും മനോഹരമായ വെളിച്ചമായിരുന്നു.
പാതിരാവിന് മുമ്പ് പള്ളിയിലേക്കുള്ള യാത്ര ഇന്നും ഓർമയിലുണ്ട്. പുതിയ വസ്ത്രങ്ങൾ ധരിച്ച്, തണുപ്പിനെ പോലും മറക്കുന്ന സന്തോഷത്തോടെ. ഇന്നത്തെ പോലെ വണ്ടിയോ ടോർച്ചോ ആർക്കും ഇല്ലായിരുന്നു. കൈയിൽ ചെറു മെഴുകുതിരികൾ പിടിച്ച് നടക്കുമ്പോൾ ആ രാത്രി ഒരു സ്വർഗീയ അനുഭവമായിരുന്നു.
പള്ളിയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ വീട്ടിൽ കേക്ക്, പഴങ്ങൾ, ചെറിയ സമ്മാനങ്ങൾ.... വലിയ സമ്മാനങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ, ആ ചെറിയ സന്തോഷങ്ങൾ ജീവിതത്തിൽ ഒരിക്കലും മായാത്ത ഓർമകളായി മാറി.
ഇന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ, ക്രിസ്മസ് വലിയ ആഘോഷമായി മാറിയിരിക്കുന്നു. എന്നാൽ ആ ബാല്യകാല ക്രിസ്മസിന്റെ ലാളിത്യവും സ്നേഹവും സമാധാനവും ഇന്നും മനസ്സിന്റെ ഒരു കോണിൽ വളരെ സ്നേഹത്തോടെ ജീവിക്കുന്നു. ഒരുപക്ഷേ അതാണ് ക്രിസ്മസിന്റെ യഥാർഥ അത്ഭുതം.
വർഷങ്ങൾ കടന്നുപോയാലും മാഞ്ഞുപോകാത്ത ഓർമകൾ സമ്മാനിക്കുന്നത്. എല്ലാവർക്കും എന്റെ ക്രിസ്മസ്, പുതുവത്സര ആശംസകൾ നേർന്നുകൊള്ളുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

