പ്ലാസ്റ്റിക്കല്ല, ജീവനുള്ള അസ്സൽ ക്രിസ്‌മസ് ട്രീ
text_fieldsസംസ്ഥാന കൃഷിവകുപ്പ് തയാറാക്കിയ ക്രിസ്മസ് ട്രീകൾ
കോഴിക്കോട്: ഓണത്തിനും വിഷുവിനും ആഘോഷപ്പൊലിമ കൂട്ടാൻ പച്ചക്കറികളും വിത്തുകളുമിറക്കി സമ്പന്നമാക്കുന്ന കൃഷി വകുപ്പ് ക്രിസ്‌മസും കളറാക്കുന്നു. ക്രിസ്‌മസ് കഴിഞ്ഞാലും വീട്ടുമുറ്റത്ത് പച്ചപിടിച്ചുനിൽക്കുന്ന ജീവനുള്ള ക്രിസ്‌മസ് ട്രീകൾ ഒരുക്കിയിരിക്കുകയാണ് കൃഷി വകുപ്പ്. പ്ലാസ്റ്റിക് ക്രിസ്‌മസ് ട്രീകളുടെ ഉപയോഗം കുറക്കുന്നതിലൂടെ ഹരിത പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
രണ്ടുവർഷം മുമ്പ് പദ്ധതി ആരംഭിച്ചെങ്കിലും ഇത്തവണ ഏറെ വിപുലമായാണ് ക്രിസ്‌മസ് ട്രീകൾ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പ് വിവിധ ഫാമുകൾ മുഖേനയാണ് മരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. അരക്കേറിയ, തൂജാ, ഗോൾഡൻ സൈപ്രസ് എന്നിങ്ങനെയുള്ള ഹരിതാലങ്കാര വൃക്ഷങ്ങളാണ് ആകർഷകമായ ചട്ടികളിൽ കൃഷിവകുപ്പ് ഫാമുകളിലൂടെ വിൽക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ആഘോഷങ്ങൾ എന്ന സന്ദേശം നൽകിയാണ് കൃഷി വകുപ്പ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്.
ക്രിസ്‌മസ് കാലയളവിൽ മാത്രമല്ല മുഴുവൻ വീടുകളുടെ പൂന്തോട്ടങ്ങളെ ഹരിതാഭമായി നിലനിർത്തുന്നതിനും ഇത് കാരണമാകും. പൈൻമരത്തെപോലെ കോണാകൃതിയിൽ വളരുന്ന മരങ്ങളിൽ തട്ടുതട്ടായി ശാഖകൾ ഉണ്ടാകുന്ന അരക്കേറിയ, ഇളംപച്ച നിറത്തിലുള്ള ഗോൾഡൻ സൈപ്രസ്, വളരെ കുറഞ്ഞ പരിചരണം ആവശ്യമുള്ള പിരമിഡ് ആകൃതിയിൽ വളരുന്ന തൂജ എന്നീ ഇനങ്ങൾ ലാൻഡ് സ്‌കേപ്പുകൾക്ക് അനുയോജ്യവും, ചെറിയ ചെടികൾ അകത്തളങ്ങൾക്ക് അലങ്കാരവുമാകും. വിവിധ ജില്ലകളിലെ 25 ഫാമുകളിലാണ് ഇത്തവണ ക്രിസ്മസ് ട്രീകൾ സജ്ജമാക്കിയത്. തൈകൾ എച്ച്.ഡി.പി.ഇ, മൺചട്ടി എന്നിവയിലാണ് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്.
മൂന്നടി ഉയരമുള്ള ഗോൾഡൻ സൈപ്രസിന് 300 രൂപയും രണ്ട് വർഷം പ്രായമായതിന് 500 രൂപയും നാലടി ഉയരമുള്ള അരക്കേറിയക്ക് 400 രൂപയുമാണ് വില. ജില്ലയിൽ പുതുപ്പാടി സ്‌റ്റേറ്റ് സീഡ് ഫാം, കൂത്താളി ഡിസ്‌ട്രിക്ട് അഗ്രികൾച്ചറൽ ഫാം, പേരാമ്പ്ര സ്‌റ്റേറ്റ് സീഡ് ഫാം എന്നിവിടങ്ങളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

