ക്രിസ്മസ് രാവിന്റെ മനസ്സ് നിറയുന്ന ഓർമ
text_fields‘‘ഡിസംബർ ആയാൽ പിന്നെ ക്രിസ്മസ് കാർഡുകളുടെ വരവായിരുന്നു. അകലങ്ങളിൽ ഉള്ളവർ അവരുടെ സ്നേഹ സന്ദേശങ്ങൾ കൈമാറിയിരുന്നത് ഈ കാർഡുകളിൽ കൂടിയായിരുന്നു, ഇന്ന് ഏറ്റവും നഷ്ടമായിരിക്കുന്നതും ഇതുതന്നെയെന്ന് പറയാതെ വയ്യ...’’
ഡിസംബർ 25ന് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ക്രിസ്മസ് ആഘോഷിച്ചുകഴിഞ്ഞു. എന്റെ കുട്ടിക്കാലത്തെ ഒരുപിടി നല്ല ഓർമകൾ നിങ്ങളുമായി ഞാൻ പങ്കുവെക്കുന്നു. വയനാടുകാരനായതുകൊണ്ട് തന്നെ മരംകോച്ചുന്ന തണുപ്പും കോടമഞ്ഞുമൊക്കെ ഡിസംബർ മാസത്തിന്റെ പ്രത്യേകതകളായിരുന്നു. ഒന്നാം തീയതി തന്നെ നക്ഷത്രം തൂക്കിക്കൊണ്ടായിരുന്നു ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കം, ഇന്നത്തെ പോലെ വരവ് നക്ഷത്രങ്ങൾ വളരെ കുറവായിരുന്ന ആ കാലത്ത് വിവിധ നിറങ്ങളിൽ ഉള്ള വർണക്കടലാസുകൾ ഒട്ടിച്ച നക്ഷത്രം ഉണ്ടാക്കുകയായിരുന്നു ഞങ്ങൾ. വീടിനോട് ചേർന്നുള്ള ഉയരമുള്ള ഒരു മരത്തിന്റെ ശിഖരത്തിൽ തൂക്കുക എന്നതായിരുന്നു ഏറ്റവും ശ്രമകരമായ ജോലി. ഡിസംബർ ആയാൽ പിന്നെ ക്രിസ്മസ് കാർഡുകളുടെ വരവായിരുന്നു.ആ കാലങ്ങളിൽ ഉള്ളവർ അവരുടെ സ്നേഹസന്ദേശങ്ങൾ കൈമാറിയിരുന്നത് ഈ കാർഡുകളിൽ കൂടിയായിരുന്നു, ഇന്ന് ഏറ്റവും നഷ്ടമായിരിക്കുന്നതും ഇതുതന്നെയെന്ന് പറയാതെ വയ്യ. ക്രിസ്മസിന് 10 ദിവസം സ്കൂളുകൾക്ക് അവധി കിട്ടുമായിരുന്നു.
സ്കൂൾ അടച്ചാൽ പിന്നെ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിരുന്നത് പുൽക്കൂട് ഉണ്ടാക്കുന്നതിലായിരുന്നു, കഴിഞ്ഞതവണ ഉണ്ടാക്കിയതിൽ നിന്നും വ്യത്യസ്തമായി എങ്ങനെയുണ്ടാക്കാം എന്നതായിരിക്കും ചിന്ത. അതിനോടൊപ്പം തന്നെ മുതിർന്ന ചേട്ടായിമാരോടും ചേച്ചിമാരോടും ചേർന്ന് കരോൾ പാട്ടുകൾ പഠിക്കാൻ തുടങ്ങിയിരിക്കും. ഇരുപത്തിമൂന്നാം തീയതി സന്ധ്യ ആകുമ്പോൾ തന്നെ എല്ലാവരും കരോളിനിറങ്ങും, വീട് വീടാന്തരം കയറിയിറങ്ങി, പാട്ടുകൾ പാടി,ചില വീടുകളിൽ നിന്നും കിട്ടുന്ന കട്ടൻ കാപ്പിയും കേക്കുമൊക്കെ കഴിച്ചു വെളുക്കാപ്പുറം ആകുമ്പോഴേക്കും വീട്ടിൽ തിരിച്ചെത്തും. പിന്നെ ഒരു ഉറക്കമായിരുന്നു. 24ാം തീയതി പകൽ മുഴുവൻ മമ്മി അടുക്കളയിൽ തിരക്കായിരിക്കും, അടുക്കളയിൽ നിന്നും ഉണ്ടാവുന്ന ശബ്ദകോലാഹലങ്ങൾ കൊണ്ടായിരുന്നു മിക്കവാറും ഉറക്കം ഉണർന്നിരുന്നത്. അന്ന് പകൽ മുഴുവൻ ഓരോരോ പണികളുമായി തിരക്കിലായിരിക്കും. രാത്രി 11 ആകുമ്പോൾ തന്നെ എല്ലാവരും പള്ളിയിലേക്ക് പോകും, മൂന്നര കിലോമീറ്റർ നടന്നു വേണമായിരുന്നു പള്ളിയിൽ എത്താൻ, എല്ലാവരും ഒരുമിച്ച് സൊറ പറഞ്ഞു നടക്കുമ്പോൾ ഈ ദൂരവും തണുപ്പും ഒന്നും ഒരു ബുദ്ധിമുട്ടല്ലായിരുന്നു. പോകുന്ന വഴിക്ക് വഴിയരികിലുള്ള വീടുകളിലെ പുൽക്കൂടുകൾ ഒക്കെ കണ്ടു പോവുക എന്നത് കുട്ടികളായ ഞങ്ങൾക്കൊരു ഹരമായിരുന്നു. പള്ളിയിൽ എത്തിക്കഴിഞ്ഞാൽ ആദ്യം എത്തുന്നത് പള്ളിയിലെ പുൽക്കൂടിന്റെ അടുത്തേക്കായിരിക്കും, വളരെ വ്യത്യസ്തവും മനോഹരവും ആയിരിക്കും പള്ളിയിലെ പുൽക്കൂട്. ഉണ്ണീശോയെ തീകായ്ക്കുന്നതും, പിറവികുർബാനയും, അവസാനം എല്ലാവരും ചേർന്നുള്ള കേക്ക് മുറിക്കലും, തുടർന്ന് വേദപാഠ കുട്ടികളുടെ കലാപരിപാടികളും.... എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അഞ്ചു മണി കഴിഞ്ഞിരിക്കും. പിന്നെ വീട്ടിൽ എല്ലാവരും കൂടി കേക്ക് മുറിക്കും.. പിന്നെ ഉറക്കം ഒന്നും ഇല്ല.. മമ്മി ഉണ്ടാക്കുന്ന കള്ളപ്പവും ഇറച്ചിക്കറിയും കഴിക്കാൻ കൊതിയോടെ നോക്കിയിരിക്കും. ഉച്ചയൂണിന് അയൽപക്കത്തുള്ള ഇതര സമുദായങ്ങളിലെ എന്റെ കൂട്ടുകാരും കാണും... നിലത്ത് പായ വിരിച്ച് എല്ലാവരും ഒരുമിച്ച് ആയിരിക്കും കഴിക്കുന്നത്.
വൈകീട്ട്, പപ്പ ഞങ്ങളെല്ലാവരെയും കൂട്ടി മാറ്റിനിക്ക് പോകും. സിനിമ കഴിഞ്ഞ് തിരിച്ചു പോരുന്നത് മനസ്സിന്റെ ഒരു കോണിൽ നിറയെ ഒരു ക്രിസ്മസ് കാലം നൽകിയ സന്തോഷവും, മറ്റൊരു കോണിൽ ഇനി ഒരു വർഷം കാത്തിരിക്കണമല്ലോ എന്ന ദുഃഖവും പേറിയായിരിക്കും...
ക്രിസ്മസ് അലങ്കാരങ്ങളും, കരോൾ ഗാനങ്ങളും, ക്രിസ്മസ് ആശംസകളും, കേക്കും, വൈനും, മറ്റു വിഭവങ്ങളൊക്കെ ആഘോഷങ്ങളുടെ മാറ്റുകൂട്ടുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ ഉണ്ണിക്ക് പിറക്കാൻ ഇടം ഒരുക്കണമെന്ന് കൂടി എല്ലാവരെയും ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

