മിന്നായം പോലെ മറഞ്ഞുപോയ സുഹൃത്ത്
text_fieldsകുഞ്ഞുകുഞ്ഞു സന്തോഷങ്ങളും വലിയ വലിയ വേദനകളും കെട്ടുപിണഞ്ഞു കിടക്കുന്ന ജീവിതം എന്ന വാഹനം അതിന്റെ യാന്ത്രികമായ യാത്രക്കിടയിൽ പെട്ടെന്ന് റിവേഴ്സ് ഗിയറിൽ മാറുന്നത് പോലെയാണ് ഓർമ വെച്ച സമയം മുതൽ നോമ്പുകാലം എനിക്ക് അനുഭവപ്പെടാറുള്ളത്. പ്രാതൽ മധ്യാഹ്നത്തിലും ഉച്ചഭക്ഷണം പാതിരാനേരത്തും ഒക്കെ ആയി മാറുന്ന തീർത്തും വ്യതിരിക്തമായ 30 ദിനരാത്രങ്ങൾ. മതചിട്ടകൾ വല്ലാത്ത ഗൗരവത്തിലൊന്നും അനുധാവനം ചെയ്യാത്ത ഒരു സാധാരണ മുസൽമാനെ സംബന്ധിച്ചിടത്തോളം ഓർമകളുടെ തുറവിയാണ് ഓരോ വ്രതകാലങ്ങളും എന്നെനിക്ക് തോന്നിയിട്ടുണ്ട്. ദാനധർമങ്ങൾ, വേദഗ്രന്ഥം തുടങ്ങിയ പലതും ഓർമയിൽ വന്നു നിറയുന്ന മാസം കൂടിയാണ് റമദാൻ എന്നതൊരു വാസ്തവമാണ്. മാതാപിതാക്കളോടൊത്തുള്ള നോമ്പുതുറകളാണ് ഏറ്റവും ഹൃദ്യവും മനോഹരവുമായി തോന്നിയിട്ടുള്ളത്.
പിന്നീട് പ്രവാസഭൂമിയിലേക്ക് പറിച്ചുനടപ്പെട്ടപ്പോൾ വിവിധ കുടുംബങ്ങളിൽ നിന്നും രാജ്യങ്ങളിൽനിന്നും വന്ന മനുഷ്യരോടൊപ്പമുള്ള ഇഫ്താറുകൾക്ക് ഒരു അന്താരാഷ്ട്ര ചുവ കൈവന്നു. സൂപ്പീക്കാ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന സുൽഫിക്കർ ഉണ്ടാക്കുന്ന ഫ്രൂട്ട് സാലഡാണ് എല്ലാ ദിവസത്തെയും പ്രധാന ഹൈലൈറ്റ്.
ഒരു റമദാൻ കാലം. കടയിൽ സാധനങ്ങൾ വിൽക്കാൻ വന്ന കമ്പനിയുടെ സെയിൽസ് മാൻ ആയിരുന്നു പാലക്കാട് സ്വദേശിയായ വെങ്കിടേശ്വരൻ. കുറഞ്ഞകാലം കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി. മറ്റേതൊരു ഗൾഫുകാരനെയും പോലെ പ്രാരബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുമായി പവിഴദ്വീപിൽ വന്നിറങ്ങിയ അദ്ദേഹത്തിന്റെ ചുമലിൽ അഞ്ചു സഹോദരിമാരും അമ്മയുമടങ്ങുന്ന ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവുമുണ്ടായിരുന്നു. പെങ്ങന്മാരെ മുഴുവൻ കെട്ടിച്ചയക്കുന്ന തിരക്കിൽ വളരെ വൈകിയാണ് അയാൾ വിവാഹം കഴിച്ചത് പോലും. അയാളുടെ വിയർപ്പിനാൽ പുതുക്കിപ്പണിത വീട്ടിൽനിന്ന് അമ്മയുടെ മരണശേഷം സഹോദരിമാർ പറഞ്ഞ വിഹിതം കൊടുക്കാനില്ലാത്തതിനാൽ വാടക വീട്ടിലേക്ക് പറിച്ചുനടപ്പെട്ട നൊമ്പരങ്ങൾ ഒരിക്കൽ അയാൾ മനസ്സ് തുറന്ന് പങ്കുവെച്ചപ്പോൾ വല്ലാത്ത പ്രയാസം തോന്നി. നോമ്പ് തുറകളിൽ ഞങ്ങൾക്കപ്പുറത്ത് നിന്നുള്ള ഒരു അതിഥി പലപ്പോഴും വെങ്കിടി മാത്രമായിരുന്നു.
ആദ്യം ജോലിചെയ്ത സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഞാൻ കുടിയേറിയപ്പോൾ അയാളുമായുള്ള ബന്ധം ഫോൺ വിളിയിൽ മാത്രമായി. ഇതിനിടയിൽ നാട്ടിൽപോയ അദ്ദേഹം അർബുദത്തിന്റെ പിടിയിൽനിന്ന് സാഹസപ്പെട്ട് കുതറി മാറിയാണ് വീണ്ടും പ്രവാസഭൂമിയിൽ എത്തുന്നത്. വീണ്ടും ഞങ്ങൾ വല്ലപ്പോഴുമൊക്കെ കണ്ടുമുട്ടുമ്പോഴൊക്കെ ദീർഘനേരം സംസാരിക്കുക പതിവായിരുന്നു. ഒരിക്കലും തോർന്നുതീരാത്ത വിധത്തിലുള്ള സങ്കടങ്ങളുടെ കാർമേഘങ്ങൾ ഉള്ളിൽ ഒതുക്കിവെച്ചാണ് അയാൾ സംസാരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇവിടെവെച്ച് നടന്ന അപകടത്തിൽ പരിക്കുപറ്റി വിശ്രമിക്കുമ്പോൾ കാണാൻ ചെന്നപ്പോൾ പകുതി കളിയായും പകുതി കാര്യമായും അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും ആത്മാവിൽ തറച്ചുനിൽക്കുന്നുണ്ട്. ‘മരണം കാരുണ്യം ലവലേശം തൊട്ടുതീണ്ടാതെ രണ്ട് പ്രാവശ്യം കൈനീട്ടിയപ്പോഴും വിദഗ്ധനായൊരു അഭ്യാസിയെപ്പോലെ ഞാൻ ഒഴിഞ്ഞുമാറുകയായിരുന്നു ബ്രോ’. നല്ലൊരു വായനക്കാരൻ കൂടിയായ അദ്ദേഹത്തിന്റെ വർത്തമാനത്തിൽ സാഹിത്യം കടന്നുവരുക പതിവായിരുന്നു. പിന്നീട് എന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടപ്പോൾ അതിന്റെ കൂടെ കളഞ്ഞുപോയത് പ്രിയ സുഹൃത്തുമായുള്ള കണക്ഷൻ കൂടിയായിരുന്നു.
വളരെ യാദൃച്ഛികമായിട്ടാണ് വീണ്ടുമൊരു നോമ്പുകാലത്ത് രാത്രി അദ്ദേഹത്തെ മനാമയിൽവെച്ച് കണ്ടു മുട്ടുന്നത്. തൊട്ടടുത്ത ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് കുറെ സമയം സംസാരിച്ചിരുന്നു. പുതിയ വീടിന്റെ പണി ഏകദേശം തീരാറായതും ഒപ്പം മകൾക്ക് ജോലി കിട്ടിയതുമൊക്ക വളരെ ആവേശത്തോടെയാണ് അദ്ദേഹം പങ്കുവെച്ചത്. വീണ്ടും ഞങ്ങളുടെ ബന്ധം ഫോൺ കാളുകളിലൂടെ പുഷ്പിച്ചു. മാസങ്ങൾക്കിപ്പുറം ഒരു ദിവസം രാവിലെ വാട്സ്ആപ് മെസേജുകളിലൂടെ വെറുതെ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ ആ വാർത്ത എന്റെ സപ്തനാഡികളെയും തളർത്തിക്കളഞ്ഞു. ‘പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു’ എന്ന തലക്കെട്ടിനുതാഴെ എന്റെ പ്രിയപ്പെട്ട വെങ്കിടിയുടെ ചിരിക്കുന്ന മുഖം. പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ തീർത്ത നൊമ്പരങ്ങളെ മുറിച്ചുകടക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ടാസ്കുകളിലൊന്നാണെന്ന് ഒരിക്കൽ കൂടി അനുഭവിച്ചറിഞ്ഞ നാളുകൾ.
വെങ്കിടേശ്വരൻ എന്ന പച്ച മനുഷ്യനായ പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ചല്ലാതെ ആരെക്കുറിച്ചാണ് ഞാൻ ഈ നോമ്പ് നിനവുകളിൽ കുത്തിക്കുറിക്കേണ്ടത്. മരണം കവർന്നെടുത്ത് കടന്നുകളഞ്ഞ അനവധി സൗഹൃദങ്ങളിൽ ഏറ്റവും പ്രിയം നിറഞ്ഞൊരു കൂട്ടുകാരനായിരുന്നു എനിക്കയാൾ.
റമദാൻ കാലത്തിന്റെ അകമ്പടിയിൽ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് മിന്നായംപോലെ മറഞ്ഞുപോയ സുഹൃത്തേ, ജീവനുള്ള കാലത്തോളം നീയീ നെഞ്ചിൻകൂടിനുള്ളിൽ അമരനായുണ്ടാകും, തീർച്ച.
ഇസ്മായിൽ പതിയാരക്കര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

