അഞ്ചു മാസത്തിനിടെ അനുവദിച്ചത് 40 ലക്ഷം ഉംറ വിസകൾ
text_fieldsജിദ്ദ: ഉംറ സീസണിൽ 40 ലക്ഷം ഉംറ വിസ അനുവദിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ അഞ്ച് മാസത്തെ കണക്കാണിത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കായാണ് ഇത്രയും വിസകൾ അനുവദിച്ചത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും 'നുസ്ക്' പ്ലാറ്റ്ഫോമിലൂടെയും തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിന് നിരവധി വകുപ്പുകളുമായി സഹകരിച്ച് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
തീർഥാടകരുടെ വരവ് സുഗമമാക്കുക, ഉംറ കർമങ്ങൾ എളുപ്പത്തിൽ നിർവഹിക്കുന്നതിന് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുക, അവരുടെ സാംസ്കാരികവും മതപരവുമായ അനുഭവം സമ്പന്നമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തിലേക്ക് വ്യക്തിഗതം, സന്ദർശനം, വിനോദസഞ്ചാരം തുടങ്ങിയ വിസകളിലൂടെ പ്രവേശിക്കുന്ന ആളുകൾക്ക് ഉംറ കർമങ്ങൾക്കും റൗദാ സന്ദർശനത്തിനും കഴിയും. 'നുസ്ക്' ആപ്ലിക്കേഷൻ വഴി സമയം ബുക്ക് ചെയ്യണം. ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽനിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട്. രാജ്യത്തെ എല്ലാ കര, വ്യോമ, കടൽ മാർഗവും രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

