കഅ്ബയുടെ വാതിലിന് 280 കിലോയുടെ സുവർണകാന്തി
text_fieldsകഅ്ബയുടെ സ്വർണംകൊണ്ട് നിർമിച്ച വാതിൽ
യാംബു: ലോകത്തെങ്ങുമുള്ള 150 കോടിയിലേറെ മുസ്ലിംകളുടെ പ്രാർഥനക്കുള്ള ദിശാസൂചികയായ 'കഅ്ബ'യെന്ന വിശുദ്ധ ഗേഹത്തിന്റെ പരിപാലനത്തിനും സംരക്ഷണത്തിനും സൗദി ഭരണകൂടം വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. 280 കിലോയിലധികം ശുദ്ധ സ്വർണംകൊണ്ട് നിർമിച്ചതാണ് കഅ്ബയുടെ വാതിൽ. മൂടുപടമായ 'കിസ്വ' ഒരുവർഷത്തോളമെടുത്ത് മികച്ച പട്ടിന്റെയും സ്വർണത്തിന്റെയും നൂലുകളാൽ നെയ്തെടുക്കുന്നത്. ചുവരുകളിലും മൂടുപടത്തിലും തളിക്കുന്ന സുഗന്ധദ്രവ്യങ്ങൾ, ശുചീകരണ സംവിധാനങ്ങളും സാങ്കേതിക സാമഗ്രികളും തുടങ്ങിയവയെല്ലാം ഉന്നത നിലവാരത്തിലുള്ളതാണ്.
ഹിജ്റ 1363ൽ സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് കഅ്ബക്ക് പുതിയ വാതിൽ നിർമിക്കാൻ ഉത്തരവിടുകയായിരുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന വാതിൽ ദ്രവിച്ചുകൊണ്ടിരുന്ന അവസ്ഥയിലായിരുന്നു. ബ്ലാക്ക് അക്കേഷ്യ മരത്തടിയിൽ ഇരുമ്പുകൊണ്ട് കവചം തീർത്ത് പുതിയ വാതിൽ നിർമിച്ചു. അതിനുമുകളിൽ സ്വർണവും വെള്ളിയും പൂശി. അല്ലാഹുവിന്റെ നാമങ്ങൾകൂടി ആലേഖനം ചെയ്ത് വാതിലിന്റെ പണി പൂർത്തിയാക്കാൻ മൂന്നുവർഷമെടുത്തു.
ഹിജ്റ 1397ൽ (ക്രിസ്തുവർഷം 1977) ഖാലിദ് ബിൻ അബ്ദുൽ അസീസ് രാജാവിന്റെ കാലത്താണ് ആ വാതിൽ മാറ്റി പുതിയത് പണിതത്. ശുദ്ധമായ സ്വർണംകൊണ്ട് പുതിയ വാതിൽ നിർമിക്കാൻ ഖാലിദ് രാജാവ് ഉത്തരവിടുകയായിരുന്നു. അതാണിന്നുമുള്ളത്. കഅ്ബയുടെ പഴയ വാതിലുകൾ ഇരുഹറം പള്ളികളുടെ പൗരാണിക ശേഷിപ്പുകളുള്ള മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
99.99 മാറ്റ് പരിശുദ്ധിയുള്ള 280 കിലോ സ്വർണമാണ് നിർമാണത്തിന് ഉപയോഗിച്ചത്. കഅ്ബയുടെ രണ്ട് വാതിലുകളുടെയും ബാബു തൗബ എന്ന ഹറം കവാടത്തിന്റെയും അന്നത്തെ നിർമാണച്ചെലവ് 1,34,20,000 റിയാൽ ആയിരുന്നു. സ്വർണവില കഴിച്ചുള്ള നിർമാണച്ചെലവാണിത്. സ്വർണവില കൂടി കൂട്ടുമ്പോൾ പലമടങ്ങാവും. കഅ്ബയുടെ രണ്ട് വാതിലുകളും നിർമിക്കാൻ ഒരുവർഷമെടുത്തു. ഹിജ്റ 1398 ദുൽഹജ്ജ് ഒന്നിനാണ് നിർമാണം തുടങ്ങിയത്.
ഏറ്റവും ഉയർന്ന കരുത്തിലും ഗുണമേന്മയിലും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാതിലിന്റെ രൂപം ഉണ്ടാക്കിയത്. വാതിലുകൾ അലങ്കരിക്കുന്നതിന് പ്രത്യേക അറബിക് കാലിഗ്രഫി തയാറാക്കിയിരുന്നു. കഅ്ബയുടെ മുകൾഭാഗത്ത് അല്ലാഹുവിന്റെയും പ്രവാചകന്റെയും നാമങ്ങളും ഖുർആൻ സൂക്തങ്ങളും അത്യാകർഷക രീതിയിലാണ് കാലിഗ്രഫി ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

