14 മണിക്കൂറും 15 മിനിറ്റും ഗൾഫിൽ കുറഞ്ഞ നോമ്പുസമയം ഖത്തറിൽ
text_fieldsദോഹ: നോമ്പിന്റെ ദൈർഘ്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറവ് ഖത്തറിലെന്ന് റിപ്പോർട്ട്. ഏറ്റവും കുറഞ്ഞ സമയം നോമ്പെടുക്കുന്നവരുടെ പട്ടികയിൽ അറബ് രാജ്യങ്ങളിൽ ഖത്തറിന് ആറാമതാണ് സ്ഥാനം. ഈ വർഷം റമദാനിൽ ഖത്തർ നിവാസികൾ ശരാശരി 14 മണിക്കൂറും 15 മിനിറ്റുമാണ് ഉപവസിക്കുന്നത്. കുവൈത്ത് ദിനപത്രമായ അൽ റായ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഏകദേശം 14 മണിക്കൂറും 30 മിനിറ്റും വ്രതമെടുക്കുന്ന കുവൈത്ത് ഗൾഫ് നാടുകളിൽ രണ്ടാമതും അറബ് രാജ്യങ്ങളിൽ ഏഴാമതുമാണ്. ഗൾഫ് രാജ്യങ്ങളിൽ ദൈർഘ്യം കുറഞ്ഞ നോമ്പ് സമയമുള്ള (14 മണിക്കൂറും 37 മിനിറ്റും) മൂന്നാമത് രാജ്യം ഒമാനാണ്. സൗദി അറേബ്യയും യു.എ.ഇയും നാലാമതാണ്, 14 മണിക്കൂറും 41 മിനിറ്റും. അതേസമയം, ഈ വർഷം ഏറ്റവും ദൈർഘ്യമേറിയ വ്രതമനുഷ്ഠിക്കുന്ന ഗൾഫ് രാജ്യം ബഹ്റൈനാണ്. 14 മണിക്കൂറും 49 മിനിറ്റുമാണ് ബഹ്റൈൻ നിവാസികളുടെ നോമ്പുസമയം. ഖമറൂസ് ദ്വീപുകളാണ് അറബ് രാജ്യങ്ങളിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ നോമ്പ് സമയമുള്ളത്, 12 മണിക്കൂറും 37 മിനിറ്റും. 13 മണിക്കൂറും 27 മിനിറ്റുമായി സോമാലിയ രണ്ടാമതും 14 മണിക്കൂറും ഏഴ് മിനിറ്റുമായി യമൻ മൂന്നാമതുമാണ്.
സിറിയ, ഫലസ്തീൻ, ജോർഡൻ, ലെബനൻ രാജ്യങ്ങളിലെ നോമ്പുസമയം 14 മണിക്കൂറും 30 മിനിറ്റുമാണ്. കുവൈത്ത് നിവാസികളുടെ നോമ്പുസമയത്തിന് തുല്യം. അതേസമയം, ഇറാഖിലെ നോമ്പുസമയം 15 മണിക്കൂർ ആണ്. മഗ്രിബ് രാജ്യങ്ങളെന്നറിയപ്പെടുന്ന തുനീഷ്യ, അൾജീരിയ, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ സാധാരണയായി വിശുദ്ധ മാസത്തിൽ ദൈർഘ്യമേറിയ നോമ്പിനാണ് സാക്ഷ്യംവഹിക്കുന്നത്. അൾജീരിയയിലും തുനീഷ്യയിലും 15 മണിക്കൂറും 45 മിനിറ്റുമാണ് നോമ്പുസമയം. ഈജിപ്തിൽ 15 മണിക്കൂറും മൊറോക്കോയിൽ 15 മണിക്കൂറും 25 മിനിറ്റും ലിബിയയിൽ 15 മണിക്കൂറും 30 മിനിറ്റുമാണ് നോമ്പുസമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

