സായാഹ്ന വര്‍ണങ്ങള്‍ തുന്നി...

  • ഇഷ്ട ജോലിയില്‍ സന്തോഷം തുന്നി വാര്‍ധക്യത്തെ വര്‍ണാഭമാക്കുന്ന എഴുപത്തഞ്ചുകാരന്‍

മുകുന്ദന്‍ തുന്നല്‍പണിയില്‍

വയസ്സിത്രയും ആയില്ലേ, ഇനി അടങ്ങിയൊതുങ്ങി വീട്ടിലിരുന്നു കൂടെ എന്നു ചോദിക്കുന്നവരോട് കോഴിക്കോട് മായനാട്ടെ മേടപ്പറമ്പത്ത് മുകുന്ദേട്ടന് നല്‍കാനുള്ള മറുപടി ഒരു പുഞ്ചിരി മാത്രമാണ്. അടങ്ങിയൊതുങ്ങി ഇരിക്കാന്‍ ഈ 75കാരന് കഴിയില്ല എന്നതു തന്നെ കാരണം. വര്‍ണനൂലുകളാല്‍ അലങ്കാര വസ്തുക്കള്‍ തീര്‍ത്ത് ജീവിതസായാഹ്നം സുന്ദരമാക്കുകയാണ് മുകുന്ദന്‍. 75ന്‍റെ ചെറുപ്പം തീര്‍ക്കുന്ന ഇദ്ദേഹത്തിന്‍റെ കരവിരുതില്‍ വിരിയുന്നത് അലങ്കാര വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിസ്മയ രൂപങ്ങളാണ്.

മൊബൈല്‍ കവര്‍, ചെറിയ ബാഗ്, ലേഡീസ് പൗച്ച്, ചവിട്ടി, മേശവിരി, സോക്സ്, മങ്കി കാപ് തുടങ്ങി മുകുന്ദന്‍റെ കൈത്തുന്നലില്‍ വിടരാത്ത വസ്തുക്കളില്ല. അവശ്യ വസ്തുക്കളോടൊപ്പം ചെറിയ അലങ്കാരപ്പണികളും അദ്ദേഹം ചെയ്യുന്നുണ്ട്. കമ്പിളി, നൈലോണ്‍, സില്‍ക്, കോട്ടണ്‍, പോളിസ്റ്റര്‍ തുടങ്ങി ഏതുതരം നൂലിലും മുകുന്ദന്‍  അനായാസം തുന്നല്‍പ്പണി നടത്തും. 20 വര്‍ഷമായി കൈത്തുന്നലുമായി സജീവമാണ് ഈ വയോധികന്‍. ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള തുന്നല്‍ക്ലാസില്‍ പ്രത്യേക താല്‍പര്യമെടുത്ത് ചെന്നിരുന്നതാണ് ജീവിത സായാഹ്നത്തില്‍ ഇത്തരമൊരു ഹോബിയിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം പറയുന്നു. 

പോളിഷിങ്ങും പെയിന്‍റിങ്ങുമായിരുന്നു ജീവിതവൃത്തി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലും ഏറെക്കാലം ജോലി നോക്കി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്വയം ജോലിയില്‍നിന്ന് വിരമിച്ചു. പിന്നീടാണ് കുഞ്ഞുനാളില്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന തുന്നലിന്‍റെ ലോകത്തേക്ക് വീണ്ടുമെത്തുന്നത്. കൈത്തുന്നലിലൂടെ ഒരുപാട് വസ്തുക്കള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അവയൊന്നും വിറ്റ് വരുമാനം നേടാന്‍ അദ്ദേഹം തയാറല്ല. തന്‍റെ സന്തോഷത്തിനു വേണ്ടി മാത്രമാണ് ഇവ നിര്‍മിക്കുന്നതെന്നും കലയെ വിറ്റ് കാശാക്കാന്‍ ഒരുക്കമല്ലെന്നുമാണ് നിലപാട്. 

ഈ വര്‍ഷം നടന്ന ഗ്രാമീണ ഗവേഷക സംഗമത്തിലുള്‍പ്പെടെ പലയിടത്തും ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അവസാനമായി സാമൂഹികക്ഷേമ വകുപ്പ് കഴിഞ്ഞ വയോജന ദിനാചരണത്തിന്‍റെ ഭാഗമായി വയോജനങ്ങള്‍ക്കായി ഒരുക്കിയ പ്രദര്‍ശനത്തിലും അലങ്കാര വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനം കാണാനെത്തിയ പലരും കൗതുകത്തോടെ വസ്തുക്കള്‍ വില കൊടുത്ത് വാങ്ങാന്‍ ചോദിച്ചെങ്കിലും നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ആര്‍ക്കു വേണമെങ്കിലും തുന്നല്‍ പരിശീലനം നല്‍കാനും തയാറാണ് അദ്ദേഹം. 

അടുത്ത ജനുവരിയില്‍ വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നൂല്‍വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനും സംഘാടകരുടെ നിര്‍ദേശ പ്രകാരം താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കാനും ഒരുങ്ങുകയാണ് ഇദ്ദേഹം. ഇതിനുമുമ്പും നിരവധി പേര്‍ക്ക് കൈത്തുന്നലില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിക്കടുത്ത് മായനാട് പുത്തന്‍പറമ്പിലാണ് ഭാര്യ പത്മിനിയോടും മകന്‍ ഷാജി മുകുന്ദനോടുമൊപ്പം താമസം. മകള്‍ ഷീജയും അച്ഛന്‍റെ വഴിയേ ഈ രംഗത്തുണ്ട്.

COMMENTS