ആശയറ്റവരുടെ തോഴന്‍
text_fieldsതിരുവനന്തപുരത്ത് മണക്കാട് പരമ്പരാഗത തുകല്‍ ഉല്‍പന്ന വ്യാപാരികളുടെ കുടുംബം. പണ്ടു കാലത്ത് തിരുവനന്തപുരത്ത് രാജാക്കന്മാരുടെ തലപ്പാവ് നിര്‍മിച്ചിരുന്ന തറവാട്ടുകാരാണ്. ബാഗും ബെല്‍റ്റുമടക്കമുള്ളവ നിര്‍മിക്കുന്നതിനായി അവര്‍ക്കൊരു നിര്‍മാണയൂനിറ്റ് തന്നെയുണ്ട്. തമിഴ്നാടിനെ ആശ്രയിച്ചാണ് ഈ യൂനിറ്റ് മുന്നോട്ടുപോകുന്നത്. എന്തെങ്കിലും സാധനങ്ങള്‍ പെട്ടെന്ന് തീര്‍ന്നുപോയാല്‍ ഉടന്‍ തമിഴ്നാട്ടിലേക്ക് പോവുകമാത്രമേ മാര്‍ഗമുള്ളൂ. ആ കുടുംബത്തിലെ ഇളമുറക്കാരനായ ഉബൈസിനാവട്ടെ, ചെറുപ്രായത്തില്‍തന്നെ യാത്രചെയ്യാന്‍ ഏറെ താല്‍പര്യമായിരുന്നു. സാധനങ്ങള്‍ വാങ്ങിക്കുന്നതിന് നാഗര്‍കോവില്‍, മധുര, ചെന്നൈ എന്നിവിടങ്ങളിലേക്കൊക്കെ പോകാന്‍ ഉബൈസ് എപ്പോഴും തയാര്‍.
തഞ്ചാവൂര്‍ ജില്ലയില്‍നിന്നുള്ള സുബ്ബയ്യന്‍ എന്നു പേരായ ഒരു തൊഴിലാളിയുണ്ടായിരുന്നു ഉബൈസിന്‍െറ വീട്ടില്‍. ബാലവേലക്കു നില്‍ക്കുന്ന ഹോട്ടലില്‍നിന്ന് കരുണതോന്നി ഉബൈസിന്‍െറ അമ്മാവന്‍ സുബ്ബയ്യനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയായിരുന്നു. വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു സുബ്ബയ്യന്‍. അയാള്‍ നാട്ടില്‍പോവുമ്പോള്‍ ഇടക്ക് ഉബൈസും കൂടെപ്പോകും. തഞ്ചാവൂരില്‍ പോകുമ്പോള്‍ നാഗപട്ടണം, വേളാങ്കണ്ണി തുടങ്ങിയ സമീപ സ്ഥലങ്ങളിലൊക്കെ വെറുതെ കറങ്ങാറുണ്ടായിരുന്നു. ഇങ്ങനെ ഒരിക്കല്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഒരുകൂട്ടം മനുഷ്യരെ മുള്ളുവേലിക്കകത്ത് പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. തോക്കേന്തിയ സി.ആര്‍.പി.എഫ് ഭടന്മാര്‍ ചുറ്റിലുമുണ്ട്. ഒട്ടിവലിഞ്ഞ വയറും വലിയ തലയുമൊക്കെയായി ആ മുള്ളുകൂട്ടിലെ പിഞ്ചുകുഞ്ഞുങ്ങള്‍ ഉബൈസിന്‍െറ മനസ്സില്‍ വല്ലാത്ത നൊമ്പരമായി. സങ്കടം സഹിക്കാന്‍ വയ്യാതെ കൈയിലുള്ള പണം കൊണ്ട് ആ കൗമാരക്കാരന്‍, അടുത്ത കടയില്‍നിന്ന് ബണ്‍ വാങ്ങി മുള്ളുവേലിക്കിടയിലൂടെ ആ മനുഷ്യക്കോലങ്ങള്‍ക്ക് കൊടുത്തു.
പൊടുന്നനെ ഒരു സി.ആര്‍.പി.എഫ് ജവാന്‍ പാഞ്ഞുവന്ന് തോക്കിന്‍െറ പാത്തികൊണ്ട് നടുവിനൊരു ഇടി. ഉബൈസ് ബോധംകെട്ട് വീണുപോയി. അവിടെയുണ്ടായിരുന്ന തേവര്‍സംഘം പ്രവര്‍ത്തകര്‍ എടുത്ത് ആശുപത്രിയിെലത്തിക്കുകയായിരുന്നു. ചികിത്സക്കുശേഷം ആശുപത്രി വിടുമ്പോള്‍ വല്ലാത്ത ദേഷ്യവും നിരാശയുമായിരുന്നു മനസ്സില്‍. ഒരു ഗതിയുമില്ലാത്ത മനുഷ്യര്‍ക്ക് ആഹാരം വാങ്ങിച്ചുകൊടുത്തേ നാട്ടില്‍പോകൂവെന്ന വാശി ഉബൈസിന്‍െറ ഉള്ളിലുദിച്ചു. സുബ്ബയ്യന്‍െറ കൈയില്‍നിന്ന് 100 രൂപ കടംവാങ്ങി. ആ കാശിന് മുഴുവന്‍ ബണ്‍ വാങ്ങി. മുള്ളുവേലിക്കുള്ളിലുള്ളവര്‍ക്ക് അതു മുഴുവന്‍ വിതരണം ചെയ്തു. തേവര്‍സംഘം പ്രാദേശിക നേതാക്കന്മാരും പ്രവര്‍ത്തകരും പൊലീസുമുണ്ടായിരുന്നു സമീപം. സി.ആര്‍.പി.എഫുകാരന്‍െറ ആക്രോശം ഇത്തവണ ഉയര്‍ന്നില്ല. മുള്ളുവേലിക്കു പുറത്തുനിന്ന് നല്‍കുന്ന റൊട്ടി വരിവരിയായിനിന്ന് ഏറ്റുവാങ്ങുമ്പോള്‍, ദൈന്യതയാര്‍ന്ന ആ ജീവിതത്തിനിടയിലും അവരുടെ കണ്ണുകളിലെ സ്നേഹം ഉബൈസ് തിരിച്ചറിഞ്ഞു.

അതൊരു നിയോഗമായിരുന്നുവെന്ന് ഉബൈസ് സൈനുലാബ്ദീന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഇന്നു തിരിച്ചറിയുന്നു. അന്നത്തെ സംഭവത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി ഉബൈസ് ആലോചിച്ചതു മുഴുവന്‍ മുള്ളുവേലിക്കുള്ളിലെ ആ മനുഷ്യരെക്കുറിച്ചാണ്. അവര്‍ ആരാണ്? എന്തിനാണ് അവരെ മുള്ളുവേലിക്കുള്ളിലാക്കിയത്? തഞ്ചാവൂരില്‍ താന്‍ താമസിക്കുന്ന മലയാളി ഹോട്ടലിന്‍െറ കോട്ടയത്തുകാരനായ മുതലാളിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: കൊച്ച് അതിനൊന്നും പോകണ്ട, അവര്‍ എല്‍.ടി.ടി.ഇക്കാരാണ്’. സുബ്ബയ്യനോട് ചോദിച്ചപ്പോള്‍ അവന്‍െറ മറുപടി അവരൊരിക്കലും എല്‍.ടി.ടി.ഇക്കാരല്ല എന്നായിരുന്നു. ‘‘എല്‍.ടി.ടി.ഇക്കാര്‍ പൊലീസ് പിടിച്ചാലുടന്‍ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യും. അവരെ ഇങ്ങനെ മുള്ളുവേലിയിലടക്കാനൊന്നും കിട്ടില്ല’’. ഒടുവില്‍ മനസ്സിലായി. അവര്‍ എല്‍.ടി.ടി.ഇ അല്ല, ശ്രീലങ്കയിലെ തമിഴ് വംശജരായ പൗരന്മാരാണ്. വംശീയാക്രമണം ശക്തമായപ്പോള്‍ ജീവനും കൊണ്ട് ഇന്ത്യയിലത്തെിപ്പെട്ടതാണ്. അതോടെ ഇടക്ക് ഉബൈസ് അവരെ പോയിക്കാണാന്‍ തുടങ്ങി. അവരുമായി ബന്ധപ്പെടുന്നവരെയൊക്കെ എല്‍.ടി.ടി.ഇക്കാരെന്ന് സംശയിച്ച കാലമായതിനാല്‍ എല്‍.ടി.ടി.ഇയുമായി ബന്ധമുള്ള ആളാണെന്ന തരത്തില്‍ നാട്ടില്‍ പൊലീസ് അന്വേഷണം നടത്തുകപോലുമുണ്ടായി.
ഉഴിഞ്ഞുവെച്ച ജീവിതം
പിന്നീടങ്ങോട്ട് അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള പോരാട്ടമായി ജീവിതത്തെ ഉബൈസ് മാറ്റിയെടുത്തു. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു തുടക്കത്തില്‍. 2000ത്തില്‍ പാകിസ്താനില്‍നിന്ന് സിന്ധ് പ്രവിശ്യയിലെ ഹിന്ദു അഭയാര്‍ഥികളും കശ്മീരി പണ്ഡിറ്റുകളും അടക്കമുള്ളവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നിലുണ്ടായിരുന്നു. ഒടുവിലിപ്പോള്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ യാതനകളകറ്റാനുള്ള ശ്രമങ്ങളുമായി സജീവമാണ് ഈ മനുഷ്യസ്നേഹി.
അഭയാര്‍ഥികളായി ഇന്ത്യന്‍ മണ്ണില്‍ തിരിച്ചുവരുന്നത് നമ്മുടെ സഹോദരങ്ങളാണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് പി. ചിത്തബസു എം.പിയായിരുന്നു. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് രാജ് റിക്രൂട്ട്മെന്‍റ് പണ്ടുകാലത്ത് ഇന്ത്യന്‍ വംശജരായ ഒരുപാടു പേരെ ശ്രീലങ്ക, ബര്‍മ, അടക്കമുള്ള പല രാജ്യങ്ങളിലേക്കും തൊഴിലിനായി കൊണ്ടുപോയിരുന്നു. നിര്‍ബന്ധമായി പിടിച്ചു കൊണ്ടു പോയവരാണ് അധികവും. അവരുടെ പിന്മുറക്കാരാണ് ശ്രീലങ്കയില്‍നിന്നും ബര്‍മയില്‍നിന്നുമൊക്കെ ഇന്ന് അഭയാര്‍ഥികളായി ഇന്ത്യന്‍ മണ്ണിലെത്തുന്നത്.
അഭയാര്‍ഥികളെക്കുറിച്ചുള്ള പഠനമായിരുന്നു പിന്നീട്. അഭയാര്‍ഥി സംബന്ധമായ നിയമപരമായ കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചറിഞ്ഞു. ശ്രീലങ്ക, ഇന്തോനേഷ്യ, ബര്‍മ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ റാഡിക്കല്‍ ബുദ്ധിസ്റ്റുകളാണ് കുഴപ്പത്തിന് വിത്തിടുന്നതെന്ന് മനസ്സിലായി. ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ പിറവിയെടുത്തത്. ഇപ്പോള്‍ അഷിന്‍ വിരാത്തുവിന്‍െറ നേതൃത്വത്തിലുള്ള റാഡിക്കല്‍ ബുദ്ധിസ്റ്റുകളാണ് മ്യാന്മറില്‍ നിരപരാധികളായ റോഹിങ്ക്യന്‍ മുസ്ലിംകളെ കൊന്നുകൊലവിളിക്കുന്നത്. അവിടെ ഏകപക്ഷീയമായ ആക്രമണമാണ് അരങ്ങേറുന്നത്. കഴിഞ്ഞമാസം വന്‍തോതില്‍ ആക്രമണം നടന്നു. ഭരണകൂടം ഒന്നും മിണ്ടുന്നില്ല. നിരപരാധികളായ ഒരുപാടുപേരെ വെട്ടിയും നുറുക്കിയും കൊലപ്പെടുത്തിയിട്ടും പുറംലോകത്ത് വലിയതോതില്‍ വാര്‍ത്ത പടരുന്നില്ല. ഇപ്പോഴും ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്. പ്രാണരക്ഷാര്‍ഥം ആളുകള്‍ പലായനം ചെയ്യുന്നത് തുടരുന്നു. ആക്രമണം നിര്‍ത്താന്‍ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടും മ്യാന്മര്‍ ഗൗനിക്കുന്നില്ല. ഒബാമക്കും മാര്‍പാപ്പക്കുമടക്കം 100ലധികം രാഷ്ട്രനേതാക്കള്‍ക്ക് ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉബൈസ് കത്തയച്ചിട്ടുണ്ട്.

വലുത് മനുഷ്യസ്നേഹം
മികച്ച നിലയില്‍ മുന്നോട്ടുപോയിരുന്ന കച്ചവടം ശ്രദ്ധിച്ച് കഴിഞ്ഞുകൂടിയാല്‍ പോരായിരുന്നോയെന്ന് ചോദിക്കുന്നവരുണ്ട്. ഏതെങ്കിലും അഭയാര്‍ഥിക്യാമ്പില്‍ ഒരു ദിവസം മുഴുവന്‍ നിന്നാല്‍ പിന്നീട് അവരാ ചോദ്യം ചോദിക്കില്ലെന്ന് ഉബൈസ് പറയുന്നു. ഉത്തരേന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകയാതനയിലാണ് ആയിരങ്ങള്‍ ജീവിതം തള്ളിനീക്കുന്നത്. കടുത്ത തണുപ്പില്‍ പുതഞ്ഞുനില്‍ക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ കാണുമ്പോള്‍ ഏതൊരു കഠിന ഹൃദയന്‍െറയും ഉള്ളുപൊള്ളും. ഏതു നാട്ടില്‍നിന്നുള്ള അഭയാര്‍ഥികളായാലും അവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വലിയൊരു പ്രാര്‍ഥനയും പുണ്യവുമാണ്. സ്വന്തം കാര്യം നോക്കി അടങ്ങിക്കഴിയില്ലെന്നും ഏതോ ആളുകള്‍ക്കുവേണ്ടി അടികൊള്ളാന്‍ പോകുന്നുവെന്നൊക്കെ കുറ്റപ്പെടുത്തുന്നവരോടും ഉബൈസ് പറയുന്നത് ഇതുപോലെ ജീവിക്കാന്‍ കഴിയുന്നത് നേട്ടമായി കരുതുന്നുവെന്നാണ്.
‘കച്ചവടത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്നാല്‍ ലക്ഷങ്ങള്‍ ലാഭം കൊയ്യുക എളുപ്പമാണ്. 1998ല്‍ ദേശീയ ഖാദി ഫെസ്റ്റില്‍ മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് ഞാന്‍. എന്നാല്‍, അതിലും വലിയ സംതൃപ്തി എനിക്ക് നല്‍കുന്നത് ആരുമില്ലാത്ത ഈ മനുഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. അഭയാര്‍ഥികള്‍ക്കു വേണ്ടി നാടുവിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും വ്യാപാരം തളരും. എന്നാലും ദൈവത്തിന്‍െറ കരുതല്‍ ഒപ്പമുള്ളതായി എപ്പോഴും തോന്നാറുണ്ട്. വ്യാപാരം ഇടക്ക് തളര്‍ന്നപ്പോള്‍ അഞ്ചുവര്‍ഷം ജപ്തി ഭീഷണിയിലായിരുന്നു. പിന്നീട് എട്ടുവര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ കടം വീട്ടി. ഇതിനിടയില്‍ കുറച്ചു സ്വത്തുക്കള്‍ വിറ്റാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടരുന്നത്. കുടുംബം പൂര്‍ണ പിന്തുണ നല്‍കുന്നത് ഈ വഴിയില്‍ തുടരാന്‍ കരുത്തു നല്‍കുകയാണെന്നും ഉബൈസ് പറയുന്നു. ഭാര്യ ഷാജിതാ ബീവിയാണ് ഈ സേവനരംഗത്ത് ഏറ്റവുമധികം പ്രചോദനമേകുന്നത്. മക്കളായ മുഹ്സിന ബി.എക്കും മുഹ്സിന്‍ പ്ലസ് ടുവിനും ഇഹ്സാന എട്ടാം ക്ളാസിലും പഠിക്കുന്നു.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉബൈസിന്‍െറ പിതാവ് മരണപ്പെട്ടത്. 18 വയസ്സായപ്പോള്‍ മാതാവും. രണ്ടു സഹോദരങ്ങളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തമടക്കം ഈ തിരക്കിനിടയില്‍ ചെയ്തുതീര്‍ത്തു. ഒരു സഹോദരന്‍ ലെതര്‍ ടെക്നോളജിയില്‍ ഉന്നത ബിരുദം നേടി. ബന്ധുക്കളെ വ്യാപാരം ഏല്‍പിച്ചിട്ടാണ് ഉത്തരേന്ത്യ അടക്കമുള്ള ക്യാമ്പുകളില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തുന്നത്. ക്യാമ്പില്‍ ഭക്ഷണവും വസ്ത്രവും എത്തിക്കാനും കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുമൊക്കെ ശ്രദ്ധിക്കുമ്പോള്‍ ഭരണാഘടനാപരമായി അഭയാര്‍ഥികള്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലും വ്യാപൃതനാവുന്നു. എം.പിമാരായ എ. സമ്പത്ത്, ശശി തരൂര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ ഉബൈസിന്‍െറ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുമുണ്ട്. അഭയാര്‍ഥികളുടെ പുനരധിവാസ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മൂന്ന് എം.പിമാരും കത്തു നല്‍കിയിട്ടുണ്ട്.
കുടിയേറ്റക്കാരല്ല, അഭയാര്‍ഥികള്‍
അഭയാര്‍ഥികളുടെ കാര്യത്തില്‍ കേരളത്തിലടക്കം രൂഢമൂലമായ അബദ്ധധാരണകള്‍ തിരുത്തിയെഴുതപ്പെടുകയാണ് ആദ്യം വേണ്ടത്. ജീവിതസാഹചര്യം മെച്ചപ്പെടുത്താനായി കുടിയേറി വന്നവരോ നുഴഞ്ഞുകയറിയവരോ ഒന്നുമല്ല ഇവര്‍. കലാപങ്ങളുടെയും ആക്രമണങ്ങളുടെയും പുളപ്പില്‍ ജീവിതം തന്നെ നൂല്‍പ്പാലത്തിലാവുമ്പോള്‍ ജന്മഗേഹം വിട്ട് ഓടിപ്പോരേണ്ടി വരുന്നവരാണ് അഭയാര്‍ഥികള്‍. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശമനുസരിച്ച് അവര്‍ക്ക് ആശ്രയമൊരുക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍, ചെന്നത്തെുന്ന ഇടങ്ങളില്‍ നരകയാതന അനുഭവിക്കാന്‍ വിധിക്കപ്പെടുകയാണ് അഭയാര്‍ഥികള്‍. ഈയൊരു അവസ്ഥ മാറണമെങ്കില്‍ ഭരണകൂടം മുന്‍കൈയെടുത്ത് ശക്തമായ കാമ്പയിന്‍തന്നെ നടത്തണം. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ മുന്നില്‍നില്‍ക്കുന്ന നമ്മള്‍ മലയാളികള്‍ അഭയാര്‍ഥികളോട് സഹാനുഭൂതിയോടെ പെരുമാറണമെന്നും ഉബൈസ് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
