Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകൊടുങ്കാറ്റ് പോലൊരു...

കൊടുങ്കാറ്റ് പോലൊരു ജീവിതം

text_fields
bookmark_border
കൊടുങ്കാറ്റ് പോലൊരു ജീവിതം
cancel
camera_alt??.????. ?????

തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തിലാണ്. റേഡിയോ നാടക വാരത്തില്‍  കൊടുങ്കാറ്റുറങ്ങുന്ന വീട് എന്ന നാടകം അവതരിപ്പിക്കപ്പെട്ട സമയം. ബൈക്കിന് പിന്നില്‍ സഞ്ചരിച്ച് മാലപൊട്ടിക്കുന്ന കവര്‍ച്ചസംഘത്തിന്‍െറ കഥയായിരുന്നു ഇതിന്‍െറ ഇതിവൃത്തം. ഏതാനും നാളുകള്‍ക്ക് ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ട് ജയില്‍ പുള്ളികളുടെ കത്ത്  നാടകകൃത്തിനെ തേടിയത്തെി.  സി.എല്‍. ജോസ് c/o നാഷനല്‍ ബുക് സ്റ്റാള്‍, തൃശൂര്‍ എന്നായിരുന്നു ഒന്നിലെ മേല്‍വിലാസം. സി.എല്‍. ജോസ് c/o കറന്‍റ് ബുക്സ് തൃശൂര്‍ എന്നായിരുന്നു മറ്റൊന്നിലെഴുതിയിരുന്നത്. രണ്ടു കത്തിന്‍െറയും ഉള്ളടക്കം ഒന്നായിരുന്നു- ‘ഞങ്ങള്‍ ജയില്‍പ്പുള്ളികളാണ്. റേഡിയോ നാടകവാരത്തിലെ എല്ലാ നാടകങ്ങളും കേള്‍ക്കാന്‍ ജയിലധികൃതര്‍ ഞങ്ങളെ അനുവദിച്ചിരുന്നു. ‘കൊടുങ്കാറ്റുറങ്ങുന്ന വീടെ’ന്ന ജോസേട്ടന്‍െറ നാടകം ഞങ്ങളുടെ മനസ്സില്‍ വല്ലാത്ത ചലനമുണ്ടാക്കി. അതിലെ ദാമു ഞങ്ങള്‍തന്നെയായിരുന്നു. പാപങ്ങള്‍ ധാരാളം ചെയ്ത് ഒടുവില്‍ നല്ലവനായിമാറുന്ന ദാമു ഞങ്ങളുടെ ഹൃദയത്തില്‍ മാറ്റമുണ്ടാക്കി. ഞങ്ങളില്‍ ഒരാള്‍ക്ക് ആറ് വര്‍ഷവും മറ്റൊരാള്‍ക്ക് അഞ്ചുവര്‍ഷവും കൂടി തടവ് ശിക്ഷയുണ്ട്. അത് കഴിഞ്ഞ് പുറത്തുവന്നാല്‍ ഞങ്ങള്‍ നല്ലവരായി ജീവിക്കും.’  മലയാളത്തിന്‍െറ പ്രിയപ്പെട്ട നാടകകൃത്തുക്കളില്‍ ഒരാളായ സി.എല്‍. ജോസിന്‍െറ ജീവിതകഥയില്‍ ഇങ്ങനെയുള്ള നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. എണ്‍പത്തിനാലാം വയസ്സിലും അദ്ദേഹം എഴുത്തില്‍ സജീവാണ്. നാടക ജീവിതത്തില്‍ അദ്ദേഹമിപ്പോള്‍ ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.

ആദ്യ നാടകം
1955ലാണ് സി.എല്‍. ജോസ് ആദ്യ നാടകമെഴുതുന്നത്. തൃശൂരിലെ സി.എ.എല്‍ ആര്‍ട്സിന്‍െറ വാര്‍ഷികത്തിന് അവതരിപ്പിക്കാന്‍ ജോസിനും കൂട്ടുകാര്‍ക്കും ഒരു നാടകം വേണമായിരുന്നു. ധാരാളം കൃതികള്‍ പരിശോധിച്ചെങ്കിലും ഒന്നും ഇഷ്ടമായില്ല. എല്ലാറ്റിലും പ്രേമവും കൊലപാതകവും ആത്മഹത്യയുമായിരുന്നു പ്രതിപാദ്യവിഷയം. അതിനാല്‍ മൂല്യമുള്ളൊരു നാടകം വേണമെന്നായിരുന്നു ജോസിന്‍െറ കൂട്ടുകാരുടെ നിര്‍ബന്ധം. നാടകരചന നിര്‍വഹിക്കാന്‍ ജോസിനെതന്നെ കൂട്ടുകാര്‍ ചുമതലപ്പെടുത്തി. അങ്ങനെയാണ് ‘മാനം തെളിഞ്ഞു’ എന്ന ആദ്യ നാടകം ജോസ് എഴുതുന്നത്. കുബേരനായ അനുജന്‍േറയും ദരിദ്രനായ ജ്യേഷ്ഠന്‍റേയും കഥയായിരുന്നു അത്. സാമ്പത്തികം കുടുംബബന്ധത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന അന്വേഷണമായിരുന്നു നാടകത്തിന്‍െറ ഇതിവൃത്തം. നാടകം തന്നെ വിജയമായി. അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്ന് സുഹൃത്തുക്കള്‍ ജോസിനെ നിര്‍ബന്ധിച്ചു. വീട്ടിലാണെങ്കില്‍ ദാരിദ്ര്യം. അച്ചടിക്കാന്‍ 24കാരനായ ജോസിന്‍െറ കൈയില്‍ പണമില്ല. ഒടുവില്‍ കടമായി അച്ചടിക്കാന്‍ തയാറുള്ള ഒരു പ്രസുടമയെ തരപ്പെടുത്തി. 500 കോപ്പി അച്ചടിച്ചു. 75 പൈസയായിരുന്നു ഒരു കോപ്പിയുടെ വില. അന്ന് തൃശൂര്‍ ആസ്ഥാനമായുള്ള ക്ഷേമവിലാസം കുറിക്കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോസ്. ഓഫിസിലേക്കുള്ള യാത്രയില്‍ പുസ്തകത്തിന്‍െറ അഞ്ചോ പത്തോ കോപ്പി കൈയില്‍ വെക്കും. യാത്രക്കിടയില്‍ കാണുന്ന സുഹൃത്തുക്കള്‍ക്കും സഹൃദയര്‍ക്കും പുസ്തകം വില്‍ക്കും.
 
ജീവിതം ഒരു കൊടുങ്കാറ്റാണ്
രണ്ടാമതെഴുതിയ ‘ജീവിതം ഒരു കൊടുങ്കാറ്റാണ്’ എന്ന നാടകമാണ് സി.എല്‍. ജോസെന്ന നാടകകൃത്തിന് സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള സാമൂഹിക നാടകമായിരുന്നു ഇത്. ക്ഷയരോഗിയായ ഫാക്ടറി ജീവനക്കാരനായ ജോസഫ്. ജോലിക്ക് പോകാനാവാതെ തളരുന്നു. ഇതിനിടെ അനുജന് ജോലികിട്ടി. അനുജന്‍ പണമുണ്ടാക്കാന്‍ തുടങ്ങിയതോടെ ജോസഫിന്‍െറ അച്ഛന്‍ അനുജനെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. പണമുള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം ജോസഫ് അനുഭവിക്കുകയായിരുന്നു. ഇതിലെ മമ്മദ് മാപ്പിളയെന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ ധാരാളം വേദികളില്‍ നാടകം അവതരിപ്പിക്കപ്പെട്ടു. ഫാക്ടറി ജീവനക്കാരന്‍െറ കഥയായതിനാല്‍ തൊഴിലാളികള്‍ക്കിടയില്‍ ഏറെ ചലനമുണ്ടാക്കി. പുസ്തകമായി പുറത്തുവന്നതോടെ ധാരാളം പേര്‍ വീണ്ടും വായിച്ചു. നാടകം കണ്ട ഒരു എട്ടാം ക്ലാസുകാരന് നാടകകൃത്തിന്‍െറ വിലാസമറിയില്ലായിരുന്നു. തൃശൂര്‍ക്കാരനാണെന്നും പേര് സി.എല്‍. ജോസെന്നും മാത്രമേ അവന് അറിയാമായിരുന്നുള്ളു. അതിനാല്‍ സി.എല്‍. ജോസ്, ജീവിതം ഒരു കൊടുങ്കാറ്റാണ്, തൃശൂര്‍ എന്നെഴുതിയ കത്ത് അവന്‍ പോസ്റ്റ് ചെയ്തു. എങ്കിലും കത്ത് ജോസിന് ലഭിച്ചു. ജോസ് ഒരു അവാര്‍ഡ് പോലെ ആ കത്ത് സൂക്ഷിക്കുന്നു. ഇതിനേക്കാള്‍ വലിയൊരു അവാര്‍ഡ് തനിക്ക് ലഭിക്കാനില്ലെന്നും ജോസ് കരുതുന്നു.

നാടകം പോലെ ജീവിതം
നാടകം പോലെ സംഭവബഹുലവും നാടകീയവുമായിരുന്നു സി.എല്‍. ജോസിന്‍െറ ജീവിതവും. അതില്‍ എപ്പോഴും ജീവിതത്തിന്‍െറ കയ്പും കണ്ണീരും ഉപ്പും മധുരവുമെല്ലാം നിറഞ്ഞു. തുച്ഛമായ ശമ്പളംകൊണ്ട് ജീവിച്ചുപോന്ന ചക്കാലക്കല്‍ ലോനപ്പന്‍റേയും മറിയക്കുട്ടിയുടേയും ഒമ്പത് മക്കളില്‍ മൂത്തവനായിരുന്നു ജോസ്. ജോസിന്‍െറ മുപ്പതാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്‍െറ ചുമതല ഏറ്റെടുക്കേണ്ടി വന്നു. നാല് സഹോദരിമാരെ കെട്ടിച്ചയക്കേണ്ട ബാധ്യതയും ജോസിന്‍റേതായി. കുറിക്കമ്പനിയിലെ ജോലിയാണ് ഇവിടെ ആശ്വാസമായത്. പ്രഭാതം മുതല്‍ വൈകുന്നേരം വരെ കണക്കിന്‍െറയും അക്കങ്ങളുടേയും ലോകത്ത് തളച്ചിട്ട ജീവിതം. എങ്കിലും  ചിട്ടിക്കമ്പനിയിലെ ജോലി കഴിഞ്ഞ് തിരിച്ചത്തെിയാല്‍ അക്ഷരക്കൂട്ടുകളുടെ ലോകത്ത് കഴിച്ചുകൂട്ടി. രാത്രികളില്‍ ഏറെ വൈകുവോളം വായനയും രചനയുമായി. ആദ്യകാലത്ത് ചെറുകഥകളും വിനോദരചനകളുമായിരുന്നു എഴുതിയിരുന്നത്. ജീവിതം ഒരു കൊടുങ്കാറ്റെന്ന നാടകത്തിന്‍െറ വിജയം തന്‍െറ വഴി നാടകം തന്നെയെന്ന് ജോസിന് ബോധ്യമായി.

കെ.പി.എ.സി പോലുള്ള നാടകസംഘങ്ങള്‍ കേരളജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയ കാലത്തുതന്നെയാണ് സി.എല്‍. ജോസിന്‍െറ നാടകങ്ങളും അരങ്ങിലത്തെിയത്. തോപ്പില്‍ ഭാസി, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, എന്‍.എന്‍. പിള്ള, എസ്.എല്‍.പുരം തുടങ്ങിയവര്‍ പ്രഫഷനല്‍ നാടകരംഗത്തും പറവൂര്‍ ജോര്‍ജ്, കടവൂര്‍ ചന്ദ്രന്‍ പിള്ള, ടി.എന്‍. ഗോപിനാഥന്‍ നായര്‍, എന്‍. കൃഷ്ണപിള്ള, വി.ആര്‍. ചന്ദ്രന്‍ പോലുള്ളവര്‍ അമേച്വര്‍ രംഗത്തും സജീവമായിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ സ്റ്റേജും പന്തലും കെട്ടി നാടകങ്ങള്‍ കേരളത്തിന്‍െറ മനസ്സിലേക്ക് പരിവര്‍ത്തനത്തിന്‍െറ വാതിലുകള്‍ തുറന്നു. ക്ഷേത്രമൈതാനങ്ങളിലും പള്ളിമുറ്റങ്ങളിലും വായനശാലകളിലും നാടകത്തിന് തിരശ്ശീലയുയര്‍ന്നു. പരീക്ഷണ നാടകങ്ങളും ജീവിത സ്പര്‍ശിയായ നാടകങ്ങളും ജനമനസ്സുകളെ പിടിച്ചുകുലുക്കി. ആരെയും അനുകരിക്കാതെ ജീവിത മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയവയായിരുന്നു ജോസിന്‍െറ ഓരോ നാടകവും. ജീവസ്പര്‍ശങ്ങളായ വിഷയങ്ങള്‍ ജോസിന്‍െറ നാടകത്തിന്‍െറ കരുത്തായിരുന്നു.

സി.എല്‍. ജോസ് എന്നാല്‍, നാടകത്തിന്‍െറ പര്യായമായ ഒരുകാലമുണ്ടായിരുന്നു കേരളത്തില്‍. റേഡിയോ നാടകവാരങ്ങള്‍ ജോസിന്‍െറ നാടകമില്ലാതെ കഴിഞ്ഞു പോയിരുന്നില്ല. മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം സി.എല്‍. ജോസിന്‍െറ നാടകവുമുണ്ടായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാടകങ്ങളും ജോസിന്‍റേതായിരുന്നു. 23 വര്‍ഷം മുമ്പ് സി.എല്‍. ജോസ് എഴുതിയ നാടകത്തിന്‍െറ കാണാപ്പുറങ്ങള്‍ എന്ന കൃതിയുടെ അവതാരികയില്‍ തിക്കുറുശ്ശി സുകുമാരന്‍ നായര്‍ എഴുതി: ജോസിന്‍െറ ഏതെങ്കിലും നാടകത്തിലെ ഒരു ഡയലോഗെങ്കിലും പറയാത്ത ഒരു നടനോ നടിയോ കേരളത്തില്‍ ഉണ്ടായിട്ടില്ല. നാല്‍പതിലേറെ സമ്പൂര്‍ണ നാടകവും കുട്ടികള്‍ക്കുള്ള നാടകവും ജോസിന്‍റേതായി കേരളത്തിന് ലഭിച്ചു.  ധാരാളം ഏകാങ്കങ്ങളും എഴുതി. ഓര്‍മകള്‍ക്ക് ഉറക്കമില്ല എന്നത് ആത്മകഥയാണ്. ‘മണല്‍ക്കാട്’ കോഴിക്കോട് സര്‍വകലാശാലയും ‘ജ്വലനം’ കേരള സര്‍വകലാശാലയും ‘യുഗതൃഷ്ണ’ എം.ജിയും പാഠപുസ്തകമാക്കിയിരുന്നു. മൂന്ന് നാടകങ്ങള്‍ സിനിമയായി. പി.എ. തോമസ് സംവിധാനം ചെയ്ത് പ്രേംനസീര്‍, തിക്കുറുശ്ശി, അടൂര്‍ ഭാസി, സുകുമാരി എന്നിവര്‍ അഭിനയിച്ച ‘ഭൂമിയിലെ മാലാഖ’യും ശാപരശ്മി എന്നത് ‘അഗ്നി നക്ഷത്രം’ എന്ന പേരിലും വെള്ളിത്തിരയിലെത്തി. മണല്‍ക്കാടെന്ന നാടകം ‘അറിയാത്ത വീഥികള്‍’ എന്ന പേരില്‍ കെ.എസ്. സേതുമാധവനും സംവിധാനം ചെയ്തു. സെഞ്ചുറി ഫിലിംസ് നിര്‍മിച്ച ഈ ചിത്രത്തില്‍ മധു, സുകുമാരി എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും മണിയന്‍ പിള്ള രാജുവും അഭിനയിച്ചു.

നാടകം കൊണ്ട് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഉണ്ടാക്കിയ ഒരാളാണ് സി.എല്‍. ജോസ്. ‘കഠിനമായ അധ്വാനവും തീവ്രമായ പരിശ്രമവും അദമ്യമായ ഇച്ഛാശക്തിയും സത്യസന്ധതയും ഈശ്വര വിശ്വാസവുമായിരുന്നു ജീവിതത്തില്‍ എന്നെ പലതുമാക്കിയത്. എഴുത്തില്‍ ധാര്‍മിക പുലര്‍ത്താനും ശ്രമിച്ചിരുന്നു’ -ജോസ് പറയുന്നു. ഇരുപതോളം അവാര്‍ഡുകളും നാടകകൃത്തിനെ തേടിയെത്തി. ജ്വലനത്തിന് 1978ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അഗ്നിനക്ഷത്രത്തിന് മികച്ച കഥക്കുള്ള മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡും റൈറ്റേഴ്സ് ഫെല്ലോഷിപ്പിന്‍െറ സാഹിത്യതാരം അവാര്‍ഡും ലഭിച്ചു. നാടകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

‘നാടകം കണ്ട് കത്തെഴുതിയ ആ മൂന്ന് സുഹൃത്തുക്കള്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല. ജീവിതത്തില്‍ ഒരിക്കലുമവരെ എനിക്ക് മറക്കാനാവില്ല: അവര്‍ക്ക് എന്നേയും. അവരെ കാണണമെന്ന മോഹം മനസില്‍ ബാക്കിയുണ്ട്... നാടകത്തിന്‍െറ ശുഭപര്യവസാനം പോലെ അവര്‍ എന്‍െറ വീടിന്‍െറ പടികടന്ന് വരുമെന്ന് ഞാനാശിക്കുന്നു...’ ജോസ് സംഭാഷണത്തിന് തിരശ്ശീലയിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C.L.JosePlaywright
News Summary - memories of Playwright C.L.Jose
Next Story