Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
പഞ്ചഗുസ്തിക്കാരനും നര്‍ത്തകിയും
cancel

ആലുവ നാലാംമൈലില്‍ വത്തിക്കാന്‍ ലൈനിലെ വീടിനു മുന്നില്‍ എത്തിയപ്പോള്‍ തന്നെ കുറുമ്പുചിരിയുമായി ഏഴു വയസ്സുകാരന്‍ ജ്യോതിസ്സിന്‍റെ എതിരേല്‍പ്. അകത്ത് ഒരു വയസ്സുകാരന്‍ വിദ്യുതിനെ അടക്കിനിര്‍ത്താന്‍ നന്നെ പാടുപെട്ട് ജോബി മാത്യുവുണ്ട്. ജ്യോതിസ്സിന്‍റെ വിളികേട്ട് അമ്മ മേഘ എസ്. പിള്ള കൂടി എത്തിയതോടെ അതിഥികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്താന്‍ തിടുക്കമായി കുസൃതിക്കുരുന്നുകള്‍ക്ക്. പഞ്ചഗുസ്തിയില്‍ അന്താരാഷ്ട്ര ചാമ്പ്യനായ ജോബിക്കും മോഹിനിയാട്ടത്തില്‍ പിഎച്ച്.ഡി എടുത്ത മേഘക്കും പക്ഷേ, പഠിച്ച അടവുകളും ചുവടുകളും ഒന്നും മതിയാകുന്നില്ല, മക്കളായ ജ്യോതിസ്സിന്‍റെയും വിദ്യുതിന്‍റെയും കുസൃതിക്കു മുന്നിലൊന്നു പിടിച്ചുനില്‍ക്കാന്‍. വീട് ചിരിമേളത്തില്‍ മുഴുകുന്നതിനിടെ ജോബി തന്‍റെ കഥ പറഞ്ഞു തുടങ്ങി. ആരെയും വിസ്മയിപ്പിക്കുന്ന ഒരു ജീവിത കഥ...

കൈകുത്തിപ്പറന്ന ചാമ്പ്യന്‍
ജന്മനാ ലഭിച്ച ചെറിയ കാലുകളില്‍ തളച്ചിടപ്പെടേണ്ടിയിരുന്ന ജീവിതം നിശ്ചയദാര്‍ഢ്യത്തിന്‍റെ കൈവേഗത്തില്‍ ലോകവിജയികളുടെ നിരയിലേക്കുയര്‍ത്തിയ പോരാളിയായി നമുക്കെല്ലാം ജോബിയെ അറിയാം. മൂന്നരയടി ഉയരക്കാരനായ ഇദ്ദേഹത്തിന് മുന്നില്‍ ഒരു പത്തുമിനിറ്റ് ഇരുന്നാല്‍ ആര്‍ക്കും ലോകം കീഴടക്കാനുള്ള ആത്മവിശ്വാസം വന്നുചേരും. തന്‍റെ പ്രകടനങ്ങളിലൂടെയും വാക്കുകളിലൂടെയും പോസിറ്റിവ് എനര്‍ജി പ്രസരിപ്പിക്കുന്ന വന്മരമായി ചില്ലകള്‍ നീട്ടി നില്‍ക്കുകയാണ് ജോബി. അവിശ്വസനീയമായ കായിക വിജയനേട്ടങ്ങള്‍ക്കൊപ്പം തന്നിലുള്ള ആത്മവിശ്വാസം ചുറ്റുപാടിലേക്കും പങ്കിട്ടു നല്‍കുന്നതിന്‍റെ തിരക്കുകളുണ്ട് ഇപ്പോള്‍ ജോബിക്ക്. ആയിരത്തിലേറെ പ്രചോദന ക്ലാസുകളിലായി പതിനായിരങ്ങളുടെ കാതുകളില്‍ ആ വാക്കുകള്‍ എത്തിക്കഴിഞ്ഞു ഇതിനകം. മതത്തിന്‍റെ വേര്‍തിരിവുകള്‍ക്കപ്പുറം ജീവിതക്കൂട്ടായി ഒപ്പം ചേര്‍ന്ന മേഘ നര്‍ത്തകിയാണ്. മോഹിനിയാട്ടത്തിലെ പദചലനങ്ങളെക്കുറിച്ച് ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ഗവേഷണം നടത്തി 31ാം വയസ്സില്‍ ഡോക്ടറേറ്റ് നേടി മേഘ. കാലുകളില്ലാത്ത ജോബിയുടെ ജീവിതത്തിലേക്ക് വലംകാല്‍ വെച്ച് കയറിവന്ന മേഘ കാലിന്‍റെ ചലനങ്ങളെക്കുറിച്ച് പിഎച്ച്.ഡി നേടിയെന്നത് കൗതുക വിശേഷമല്ല, പരസ്പര താങ്ങായ ഈ യുവദമ്പതികളുടെ സന്ദേശം തന്നെയാണ്.

എണ്ണിപ്പറഞ്ഞാല്‍ ഒടുങ്ങില്ല, നാല്‍പതുകാരനായ ജോബി മാത്യുവിന്‍റെ നേട്ടങ്ങള്‍. 2013 ലോക ഡ്വാര്‍ഫ് ഗെയിംസില്‍ അഞ്ചു സ്വര്‍ണ മെഡലുകള്‍, 2008, 2012 വര്‍ഷങ്ങളിലെ ലോക ആംറെസ്ലിങ് ചാമ്പ്യന്‍ (ഭിന്നശേഷിക്കാരിലും ജനറല്‍ കാറ്റഗറിയിലും), ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നിസ്, നീന്തല്‍ എന്നിവയിലും ഒക്കെയായി 18 അന്താരാഷ്ട്ര മെഡലുകള്‍ ഇന്ത്യയില്‍ എത്തിച്ച കായികതാരം. ഈ നേട്ടങ്ങള്‍ക്ക് കൈകൊടുക്കുന്നതിന് മുമ്പ് കഷ്ടപ്പാടിന്‍റെ ഒരുപാട് പുഴകള്‍ നീന്തിക്കടന്നൊരു ജീവിതകാലം ജോബിയുടെ മനസ്സില്‍ തെളിഞ്ഞ് ഓളം വെട്ടുന്നുണ്ട്. കോട്ടയം പൂഞ്ഞാറിന് സമീപത്തെ അടുക്കത്ത് നെല്ലുവേലില്‍ എന്ന ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ജോബിയുടെ ജനനം, കാലിന് നീളമില്ലെന്ന വൈകല്യവുമായി. അച്ഛന്‍ എന്‍.കെ. മാത്യു നേരത്തേ മരിച്ചു. അമ്മ ഏലിക്കുട്ടിയും സഹോദരി സിസ്റ്റര്‍ സ്മിത മരിയയും അടങ്ങിയ കുടുംബം. ‘‘ദിവസം 12 കിലോമീറ്റര്‍ നടന്നുപോയി വേണമായിരുന്നു എനിക്ക് പഠിക്കാന്‍. കൈകുത്തിയാണ് നടക്കുന്നത്. മഴ പെയ്താല്‍ കുട പിടിക്കാന്‍പോലും പറ്റില്ല. റോഡ് വരെയത്തൊന്‍ എട്ടു നദികള്‍ നീന്തിക്കടക്കണം. പാലം ഉണ്ടെങ്കിലും തെങ്ങിന്‍റെ ഒറ്റത്തടികൊണ്ടുള്ളതായതിനാല്‍ അതില്‍ കയറാന്‍ എനിക്കാവില്ല. പിന്നെ, അധികം വെള്ളമില്ലാത്ത ഭാഗം കണ്ടത്തെിയാണ് നദികള്‍ നീന്തിക്കടക്കുക. ബസ്സ്റ്റോപ്പില്‍ എത്തുമ്പോഴേക്കും മേലാകെ അഴുക്കാകും. അവിടെനിന്ന് വീണ്ടും കുളിച്ച് വസ്ത്രം മാറിയാണ് സ്കൂളിലേക്കും കോളജിലേക്കുമൊക്കെ പോകുക. പതിനായിരം തവണ കൈകുത്തി ചാടിയാല്‍ എത്തുന്ന ദൂരമായിരുന്നു വീട്ടില്‍നിന്ന് ബസ്സ്റ്റോപ്പിലേക്ക്’’ -ജോബി പറഞ്ഞുതുടങ്ങി.

‘‘ക്രിക്കറ്റും ഫുട്ബാളുമൊക്കെ കൂട്ടുകാര്‍ കളിക്കുന്നത് കണ്ടിരിക്കുമ്പോള്‍ കളിയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. കളികഴിഞ്ഞ് വരുന്ന കൂട്ടുകാരോട് പഞ്ചഗുസ്തി പിടിച്ചാണ് അത് അടക്കിയിരുന്നത്. കാലില്ലാത്ത എനിക്ക് കൈകള്‍ക്ക് വല്ലാത്ത കരുത്തുണ്ടെന്ന് കൂട്ടുകാരെയൊക്കെ തോല്‍പിച്ചപ്പോള്‍ മനസ്സിലായി. 1983ല്‍ കോട്ടയം ജില്ല സ്കൂള്‍ സ്പോര്‍ട്സ് മീറ്റില്‍ ഭിന്നശേഷി കാറ്റഗറിയില്‍ ത്രോബാളിലും ഓട്ടത്തിലും സ്വര്‍ണം നേടി. കോളജ് കാലത്ത് ആംറെസ്ലിങ്ങിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കി പരിശീലനം തുടര്‍ന്നു. ആദ്യമായി ജിമ്മില്‍ പോയപ്പോള്‍ പക്ഷേ, അവിടത്തെ ട്രെയിനര്‍ പരിശീലിപ്പിക്കാന്‍ സമ്മതിച്ചില്ല. ഭിന്നശേഷിക്കാരനായതിനാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയായിരുന്നു കാരണം. ഒരുമാസത്തോളം നിരന്തരമായി അവിടെ പോയി അതെല്ലാം കണ്ടുപഠിച്ചു. പിന്നെ കൈകൊണ്ട് ചെയ്യാന്‍ കഴിയുന്ന വര്‍ക്കൗട്ടുകള്‍ ചെയ്തുതുടങ്ങി. താമസിയാതെ അവിടത്തെ എല്ലാ ഉപകരണങ്ങളും ചെയ്യാമെന്ന രീതിയിലേക്ക് ഞാനത്തെി. അങ്ങനെ 1992 മുതല്‍ തുടങ്ങിയ നിരന്തര വര്‍ക്കൗട്ടുകള്‍ ഇന്നും തുടരുന്നു. ഒപ്പം വിജയങ്ങളുടെ വന്‍നിരയും’’ -ഓരോ ചുവടിലും വിധിയെയും മുന്‍വിധികളെയും തോല്‍പിച്ച് മുന്നേറിയ ജോബിയുടെ വാക്കുകള്‍. 

കാമ്പസിലെ തീപ്പൊരി മേഘ
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ എ.ബി.വി.പിയുടെ തീപ്പൊരി നേതാവായിരുന്നു മേഘ എസ്. പിള്ള. ആലുവ ചെങ്ങമനാട് ശാസ്തനിലയത്തില്‍ ശിവന്‍പിള്ളയുടെയും അംബുജത്തിന്‍റെയും ഏകമകള്‍. പത്താംക്ലാസ് കഴിഞ്ഞ് ജ്യേഷ്ഠന്‍ ഉമേഷിന്‍റെ നിര്‍ബന്ധത്താല്‍ നൃത്തം പ്രധാന വിഷയമായി എടുത്ത് സര്‍വകലാശാലയില്‍ എത്തിയതാണ്. 1999ല്‍ ചേര്‍ന്ന ഫൗണ്ടേഷന്‍ കോഴ്സിന് അംഗീകാരം ഇല്ലെന്ന് അറിഞ്ഞതോടെ സമരവും ബഹളവുമായി. ആ കൊല്ലത്തോടെ കോഴ്സ് സര്‍വകലാശാല നിര്‍ത്തിയെങ്കിലും മേഘക്ക് ഒന്നാം റാങ്കായിരുന്നു. തുടര്‍ന്ന് അവിടെ തന്നെ ബി.എ ഭരതനാട്യത്തിന് ചേര്‍ന്നു. പിന്നാലെ 2004ല്‍ ഭരതനാട്യം പി.ജിക്കും. ഭരതനാട്യത്തില്‍ പിഎച്ച്.ഡി എടുക്കണമെന്ന ആഗ്രഹത്തോടെ ട്രിച്ചി കലൈ കാവിരി ഫൈനാര്‍ട്സ് കോളജില്‍ എത്തിയെങ്കിലും ഫാ. സജു ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരം എം.ഫില്‍ എടുക്കാന്‍ തീരുമാനിച്ചു.

നൃത്തത്തില്‍ എം.ഫില്‍ കോഴ്സ് ഇല്ലാത്തതിനെ തുടര്‍ന്ന് കാലടി സംസ്കൃത സര്‍വകലാശാലയില്‍ താരതമ്യ സാഹിത്യ പഠന വിഭാഗത്തില്‍ ഡോ. പി.സി. മുരളീമാധവന്‍റെ കീഴിലത്തെി. ‘പരിസ്ഥിതി അവബോധം ഭരതനാട്യത്തില്‍’ എന്ന വിഷയമായിരുന്നു തെരഞ്ഞെടുത്തത്. അതേ ഡിപ്പാര്‍ട്മെന്‍റില്‍ തന്നെ പിഎച്ച്.ഡിക്കും പ്രവേശനം ലഭിച്ചു. ഇതിനിടെ, സര്‍വകലാശാലയില്‍ മേഘ ചെയ്ത മോഹിനിയാട്ടം ഏറെ ശ്രദ്ധ നേടി. അതിലൂടെ ‘മോഹിനിയാട്ടത്തില്‍ കാലുകള്‍ക്കുള്ള പ്രാധാന്യം’ എന്ന വിഷയം പിഎച്ച്.ഡി ഗവേഷണത്തിനായി എടുക്കാന്‍ നിര്‍ദേശം ഉയര്‍ന്നു. അതൊരു ദീര്‍ഘ ഭാരതപര്യടനത്തിന് തന്നെ തുടക്കമിട്ടു. കൊല്‍ക്കത്ത മുതല്‍ കന്യാകുമാരി വരെ. കാശി, വാരാണസി, ബറോഡ സര്‍വകലാശാലകളിലെ ലൈബ്രറികളില്‍ പൊടിമൂടിക്കിടന്ന പല പുസ്തകങ്ങളും വിരല്‍തൊട്ടു. അരവിന്ദാശ്രമത്തിലും വിവേകാനന്ദ കേന്ദ്രത്തിലും പുസ്തകങ്ങള്‍ തേടിയിറങ്ങി. ശരീരത്തിന്‍റെ മുകള്‍ഭാഗം മാത്രം കാര്യമായി ശ്രദ്ധിക്കപ്പെടുന്ന മോഹിനിയാട്ടത്തില്‍ 200 തരം പദചലനങ്ങള്‍ ഉണ്ടെന്ന പഠനം ആറുവര്‍ഷത്തെ ഗവേഷണത്തിന് ഒടുവില്‍ മേഘ സമര്‍ഥിച്ചു. 2014 ആഗസ്റ്റില്‍ മേഘയുടെ ഗവേഷണം യാഥാര്‍ഥ്യമാകുമ്പോള്‍ കാലടി സംസ്കൃത സര്‍വകലാശാല താരതമ്യ സാഹിത്യ പഠന വകുപ്പിലെ ആദ്യത്തെ ഡോക്ടറേറ്റ് കൂടിയായിരുന്നു അത്. പ്രീഡിഗ്രി മുതല്‍ നൃത്തം മാത്രം പഠിച്ച ഒരാള്‍ ഡോക്ടറേറ്റ് നേടുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായായിരുന്നു. 

ആ കണ്ടുമുട്ടലിന്‍റെ കഥ
മേഘയുടെ ഗവേഷണത്തെ മാറ്റിമറിച്ച ആ മോഹിനിയാട്ട പ്രകടനത്തിന് സാക്ഷ്യംവഹിക്കാന്‍ സദസ്സില്‍ ഒരു വിശിഷ്ടാതിഥി ഉണ്ടായിരുന്നു-ജോബി മാത്യു. അതിലും മുമ്പൊരിക്കലായിരുന്നു അവരുടെ കൂടിക്കാഴ്ച. ഒരു സെമിനാറിന് എറണാകുളം ടൗണ്‍ഹാളിലേക്ക് ബസില്‍ പോകുംവഴി മറൈന്‍ ഡ്രൈവിലൂടെ ഒരു മുച്ചക്ര സ്കൂട്ടറില്‍ പാഞ്ഞുപോയ ജോബിയെ മേഘ ശ്രദ്ധിച്ചിരുന്നു. ടൗണ്‍ ഹാളില്‍ എത്തിയപ്പോള്‍ സെമിനാറിന്‍റെ രജിസ്ട്രേഷന്‍ ഫോറത്തില്‍ തന്‍റെ പേരിനു നേരെ മറ്റൊരാള്‍ ഒപ്പിട്ടിരിക്കുന്നു. പിന്നീട് അയാളെ കണ്ടത്തെിയപ്പോഴാണ് മറൈന്‍ ഡ്രൈവിലെ സ്കൂട്ടര്‍ യാത്രികനാണല്ളോയെന്ന് മനസ്സിലായത്. ജോബി ഒപ്പിട്ടപ്പോള്‍ അല്‍പം മാറിപ്പോയതാണ്. ആ പരിചയപ്പെടലാണ് മേഘയുടെ മോഹിനിയാട്ടത്തിന് മുന്നിലേക്ക് ജോബിയെ എത്തിച്ചത്. അന്ന് മോഹിനിയാട്ട വേഷത്തില്‍ തന്നെ മേഘ ജോബിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. കൂടെനിന്ന് ഫോട്ടോയും എടുത്തു. ഒരുപോലെ ചിന്തിക്കുന്നവരും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇഷ്ടപ്പെടുന്നവരുമെന്ന സമാനത മനസ്സില്‍ കിടന്ന് മുറുകിയപ്പോള്‍ ജോബി മേഘക്ക് മുന്നില്‍ തന്‍റെ ബയോഡാറ്റ പ്രിന്‍റെടുത്ത് നല്‍കി. ഒപ്പം അറിയിച്ചു, വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം.

അങ്ങനെ അന്താരാഷ്ട്ര അത്ലറ്റും നര്‍ത്തകിയും ഇഷ്ടത്തിലായി. കാര്യം വീട്ടിലും സഭയിലും സമുദായത്തിലും ഒക്കെ അറിയിച്ചപ്പോള്‍ സ്വാഭാവിക എതിര്‍പ്പുകള്‍ വന്നു. എന്നാല്‍, അവരുടെ ഇഷ്ടത്തിനു മുന്നില്‍ എല്ലാ തടസ്സങ്ങളും വഴിമാറി. മേഘയെ പെണ്ണുകാണാന്‍ തൃപ്പൂണിത്തുറയിലെ വീട്ടിലേക്ക് പോകുമ്പോള്‍ ജോബിയുടെ അടുത്ത സുഹൃത്ത് മിസ്ബാഹ് സലാം സ്വകാര്യമായി കളിപറഞ്ഞു: ‘‘എടാ, ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവാവ് നായര്‍ പെണ്ണിനെ പെണ്ണുകാണാന്‍ പോകുകയാണ്. കൂടെയുള്ളത് ഒരു മുസ്ലിമും, വല്ല പ്രശ്നവും ഉണ്ടായാല്‍ വണ്‍, ടൂ, ത്രീ... ഞാന്‍ ആദ്യം ഇറങ്ങിയോടും.’’ എന്തായാലും പ്രശ്നം ഒന്നും ഉണ്ടായില്ല. പെണ്ണുകാണാന്‍ വന്ന വ്യത്യസ്തനായ ആണിനെ കാണാന്‍ അവിടെ പത്തറുപതു പേര്‍ കാത്തിരുന്നു. മേഘയുടെ അമ്മ ഏറെ ഇഷ്ടത്തോടെ ജോബിയെ സ്വീകരിച്ചു. ഏക പെങ്ങളുടെ വരനായി വരുന്നയാളോട് മേഘയുടെ ജ്യേഷ്ഠനും താല്‍പര്യമായി. അങ്ങനെ വിവാഹത്തീയതി നിശ്ചയിച്ചാണ് വരനും സംഘവും മടങ്ങിയത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരങ്ങള്‍ അനുഗ്രഹം ചൊരിഞ്ഞ വേദിയില്‍ 2008 നവംബര്‍ 16ന് രാജഗിരി കോളജ് ഓഡിറ്റോറിയത്തിലായിരുന്നു കല്യാണം. 

പരസ്പരവും ലോകത്തിനും പ്രചോദനമായി
സ്പോര്‍ട്സിലും കലയിലും മാത്രമാണ് മനുഷ്യര്‍ വേര്‍തിരിവില്ലാതെ ഒന്നിക്കുന്നതെന്നാണ് മേഘയുടെയും ജോബിയുടെയും പക്ഷം. ‘‘കാലില്ലാത്ത എന്‍റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോട്ടിവേഷന്‍ ക്ലാസുകളില്‍ ഞാന്‍ മറ്റുള്ളവരോട് സംസാരിക്കുന്നത്. മറ്റുള്ളവരുടെ കഥകളല്ല എന്‍റെ തന്നെ കഴിഞ്ഞ കാലം അവര്‍ക്ക് മുന്നില്‍ പറയുന്നു. അതായിരിക്കാം കേള്‍വിക്കാരെ എന്നിലേക്ക് അടുപ്പിക്കുന്നത്. എന്‍റെ ഇന്‍സ്പിറേഷന്‍ മറ്റാരുമല്ല, മേഘ തന്നെയാണ്’’ -പൊട്ടിച്ചിരിക്കിടെ ജോബിയുടെ വാക്കുകള്‍. അത് കളിയായല്ല. കല്യാണത്തിനു ശേഷം ചാമ്പ്യന്‍ഷിപ്പുകളില്‍ ജോബിയുടെ മെഡല്‍ നേട്ടങ്ങള്‍ക്ക് ഇരട്ടിവേഗമായി. ഇക്കൊല്ലം കാനഡയിലും ആസ്ട്രേലിയയിലും ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ പരിശീലനത്തിലാണ് ജോബി. ‘‘ജീവിതത്തില്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കായി പകരുകയാണ് ഇന്ന് പ്രധാനമായും ചെയ്യുന്നത്. കഴിഞ്ഞ മാസം മധുരയില്‍ മുന്‍ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍റെ ജന്മനാട്ടില്‍ നടത്തിയ ചടങ്ങില്‍ ഞാനായിരുന്നു മുഖ്യാതിഥി. ആന്ധ്രയിലെ വിജയവാഡയില്‍ ഐ.സി.എസ്.ഇ സ്കൂളുകളുടെ നാഷനല്‍ സ്പോര്‍ട്സ് ഡേ ഉദ്ഘാടനം ചെയ്തു. 1500 സ്കൂളുകള്‍ പങ്കെടുത്ത ഇവന്‍റായിരുന്നു അത്. മൂന്നുവര്‍ഷം മുമ്പ് മേഘയും ഞാനും മകനും കൂടി ഒരു മോട്ടിവേഷന്‍ ക്ലാസ് എടുക്കാന്‍ പോയത് ഗുജറാത്തിലെ ആദിവാസിക്കുട്ടികള്‍ക്കാണ്’’ -ജോബി പറയുന്നു.

ഇളയ മകന്‍റെ ജനനത്തോടെ ഇടവേള വന്ന നൃത്തപരിശീലനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് മേഘ. ഒപ്പം കാമ്പസ് കാലം മുതല്‍ ഒപ്പമുള്ള ആക്ടിവിസവും മറന്നിട്ടില്ല. രണ്ടു മക്കളുടെയും ജന്മദിനാഘോഷം ഒരുനാളില്‍ തന്നെയെന്നത് ഇവരുടെ വീട്ടിലെ മറ്റൊരു പ്രത്യേകത. ആഗസ്റ്റ് 17 തിങ്കളാഴ്ചയാണ് ഇരുവരും ജനിച്ചത്. രണ്ടു ദിനവും ചിങ്ങം ഒന്ന്. കൊച്ചി ബി.പി.സി.എല്ലില്‍ അസിസ്റ്റന്‍റ് മാനേജര്‍ ആയ ജോബി കൈകളാല്‍ ഗിയറും ക്ളച്ചും ബ്രേക്കും ഒക്കെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ നവീകരിച്ച കാര്‍ ഓടിക്കുന്ന മികവുറ്റ ഡ്രൈവര്‍ കൂടിയാണ്. ‘നാല്‍പതാം വയസ്സ് എന്നത് ഒരു സ്പോര്‍ട്സ് താരത്തിന് വിരമിക്കലിന്‍റെ പ്രായമാണ്. എനിക്ക് പക്ഷേ, അങ്ങനെ തോന്നുന്നില്ല. ആംറെസ് ലിങ്ങില്‍ ഈ വര്‍ഷവും ഇവന്‍റുകള്‍ ഉണ്ട്. ഒപ്പം നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് പ്രോത്സാഹനമായി തുടരുന്നതുവരെ ക്ലാസുകള്‍ക്കും പോകണം’’ -കുടുംബത്തെ തന്‍റെ ബലിഷ്ഠ കരങ്ങളില്‍ ചേര്‍ത്തുനിര്‍ത്തി ജോബി മാത്യു മുന്നോട്ടുള്ള നാളുകള്‍ വാക്കുകളില്‍ നിറക്കുന്നു. 

Show Full Article
TAGS:Joby Mathew Mekha S Pillai Arm wrestling Dancer kottayam lifestyle news madhyamam lifestyle 
Web Title - life victory of Arm wrestling star Joby Mathew and his wife dancer Mekha S Pillai lifestyle news
Next Story