പച്ചമരത്തണലില്‍ ഒത്തുകൂടിയ പെണ്‍ശലഭങ്ങള്‍
text_fields‘‘കൊഴിഞ്ഞുപോകരുതേ എന്നാഗ്രഹിക്കുന്ന കുറച്ചു ദിനങ്ങളേ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ, ഓര്‍മയില്‍ തങ്കലിപികളില്‍ കുറിച്ചുവെക്കാനുള്ളതായിരുന്നു ഈ രണ്ടു ദിനങ്ങള്‍. രണ്ടുദിവസം മതിയായിട്ടില്ല എന്നതാണ് സത്യം. പൊട്ടിച്ചിരിക്കാനും പറന്നുല്ലസിക്കാനും ഒന്നുറക്കെ കൂവാനുമുള്ള സ്വാതന്ത്ര്യമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. തുറന്നുസംസാരിക്കാന്‍ ഇത്തരം പെണ്‍കൂട്ടായ്മകള്‍ക്കേ കഴിയൂ. ഇനിയും ഈ ശലഭക്കൂട്ടായ്മയെ ആഗ്രഹിച്ചുകൊണ്ട്’’- നൂര്‍ജഹാന്‍ കെ.ടി. ഗ്രീന്‍ പാലിയേറ്റിവിന്‍െറ പച്ചമരത്തണലില്‍ പെണ്‍ശലഭത്തിന്‍െറ എഴുത്തുപെട്ടിയില്‍ കത്തുകള്‍ നിറയുകയായിരുന്നു.
ജീവിതത്തിലാദ്യമായി കടല്‍കണ്ട സുമതിച്ചേച്ചിയെന്ന 43കാരിയുടെ കൗതുകം, ആദ്യമായി ബസില്‍ കയറിയ സൈഫുന്നിസയുടെ ആനന്ദം, വീല്‍ചെയറിലിരുന്നു. ആദ്യമായി നൃത്തം ചെയ്ത ബീവിജയുടെ സന്തോഷം, രാവിലെ വീല്‍ചെയറില്‍ അമ്പലത്തില്‍പോയി ഭഗവാനെ തൊഴുതു മടങ്ങി മനസ്സ് ധന്യമായ ഷീബച്ചേച്ചിയുടെ ആഹ്ലാദം, ശലഭങ്ങളോട് കൂട്ടുകൂടാനെത്തി നന്മയുടെ നിയോഗങ്ങളെ തിരിച്ചറിഞ്ഞ പുതിയ വളന്‍റിയര്‍മാരുടെ അനുഭവങ്ങള്‍, ഉമ്മമാരുടെ സന്തോഷാശ്രുക്കള്‍. അതെ, അവര്‍ തിരികെ വിളിക്കുകയായിരുന്നു; ഒരുപിടി സന്തോഷങ്ങളെ... നീലാകാശത്തെ... 40 വീല്‍ചെയറുകള്‍ കടല്‍ത്തിരകളെ തൊട്ടപ്പോള്‍ ഈ നീലാകാശവും കാറ്റും കടലും ഞങ്ങളുടേത് കൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു അവര്‍. സഹതാപത്തിന്‍െറ പഴന്തുണിക്കെട്ടല്ല മറിച്ച് സ്നേഹനൂലുകള്‍കൊണ്ട് നെയ്തെടുത്ത വര്‍ണച്ചിറകുകളാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ലോകത്തോടവര്‍ വിളിച്ചുപറഞ്ഞു.
ഗ്രീന്‍പാലിയേറ്റിവിന്‍െറ പച്ചമരത്തണലില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 15, 16 തീയതികളില്‍ പെണ്‍ശലഭക്കൂട്ടം രണ്ടാമതും ഒത്തുകൂടി. ആദ്യത്തേത് കഴിഞ്ഞ മാര്‍ച്ചില്‍ ചട്ടിപ്പറമ്പിലെ ലൈഫ് ലൈന്‍ ഹെര്‍ബല്‍ ഗാര്‍ഡനില്‍വെച്ചായിരുന്നു. അന്ന് 25ഓളം ഭിന്നശേഷിക്കാരായ വനിതകളാണ് അതില്‍ പങ്കെടുത്തത്. ഒരുദിവസത്തെ ആ ക്യാമ്പിനു ലഭിച്ച ആവേശകരമായ പ്രതികരണമാണ് രണ്ടു ദിവസം നീളുന്ന ക്യാമ്പ് സംഘടിപ്പിക്കാന്‍ ഗ്രീന്‍പാലിയേറ്റിവിനെ പ്രേരിപ്പിച്ചത്. പരപ്പനങ്ങാടി ഫേസ് ഫൗണ്ടേഷനുമായി സഹകരിച്ച്, പരപ്പനങ്ങാടി സോഫ്റ്റ് അക്കാദമിയില്‍വെച്ചാണ് 40ലധികം ഭിന്നശേഷിക്കാരായ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് ഗ്രീന്‍പാലിയേറ്റിവ് ഈ ക്യാമ്പ് നടത്തിയത്.
പാലിയേറ്റിവ് എന്നാല്‍, രോഗീപരിചരണമോ ചെറുകിട തൊഴില്‍പരിശീലനമോ മാത്രമാണെന്ന ധാരണകളെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന ഗ്രീന്‍ പാലിയേറ്റിവ് എന്ന കൂട്ടായ്മ ഈ ക്യാമ്പിലൂടെ ലക്ഷ്യമിട്ടത് ചലനശേഷി നഷ്ടപ്പെട്ടതിനാല്‍ വീല്‍ചെയറില്‍ ഒതുങ്ങിപ്പോയ, വീടകങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ മടുത്തുകഴിയുന്ന വനിതകള്‍ക്ക് ഒന്നിച്ചിരിക്കാനും മിണ്ടിപ്പറയാനും ആഹ്ലാദം പങ്കുവെക്കാനും അവസരമൊരുക്കുക എന്നതായിരുന്നു. ലൈബ്രറിയും യോഗാക്ളാസും ക്യാമ്പ് ഫയറും ബീച്ച് ടൂറും മനസ്സുതുറന്ന ചര്‍ച്ചകളുമൊക്കെയായി രണ്ടു പകലും ഒരു രാത്രിയും ഒത്തുചേരലിന്‍െറ മൊഹബ്ബത്തറിയുകയായിരുന്നു അവര്‍.
ശാരീരികപരിമിതികളെ മൊഞ്ചുള്ള പുഞ്ചിരിയാല്‍ അതിജീവിച്ച എഴുത്തുകാരിയും ചിത്രകാരിയുമായ സി.എച്ച്. മാരിയത്ത് ക്യാമ്പില്‍ അതിഥിയായി എത്തി. ഭിന്നശേഷിക്കാരായ സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്, അതിജീവനത്തിന്‍െറ സാധ്യതകളെക്കുറിച്ച്, അവര്‍ ചര്‍ച്ചചെയ്തു. അവരില്‍ കവിതയെഴുതാനും ചിത്രം വരക്കാനും പാട്ടുപാടാനും എംബ്രോയ്ഡറി ചെയ്യാനും മൈലാഞ്ചിയിടാനും പാചകംചെയ്യാനും കഴിയുന്ന മിടുക്കികളുണ്ടായിരുന്നു. മികച്ച വിദ്യാഭ്യാസവും ജോലിയും നേടി ജീവിതത്തോട് തോല്‍ക്കാതെ പിടിച്ചുനില്‍ക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു ഈ ക്യാമ്പിലൂടെ അവര്‍. ശാരീരിക പരിമിതികളുള്ള ഒരു പുരുഷന്‍ അനുഭവിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീ തന്‍െറ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍. പ്രത്യേകിച്ചും അത്രയൊന്നും പുരോഗതി അവകാശപ്പെടാനില്ലാത്ത നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍. ഇവിടെയാണ് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പാലിയേറ്റിവ് ഈയൊരു ഉദ്യമം ഏറ്റെടുക്കുന്നത്. നവലോകത്തിന്‍െറ നിറമുള്ള കാഴ്ചകളിലേക്കും ജീവിതത്തെക്കുറിച്ചുള്ള വാടാത്ത പ്രതീക്ഷകളിലേക്കും അവരെ മാനസികമായി സജ്ജരാക്കുകയാണ് Green palliative poiesis ‘പെണ്‍ശലഭക്കൂട്ട’ത്തിലൂടെ.
17ാം വയസ്സില്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന വെളിമുക്ക് സ്വദേശി റഈസ് ഹിദായ അടങ്ങാത്ത ഇച്ഛാശക്തിയുടെയും ആത്മധൈര്യത്തിന്‍െറയും ആകത്തെുകയായി ഗ്രീന്‍ പാലിയേറ്റിവ് എന്ന തണല്‍മരത്തിനു വെള്ളവും വളവുമേകുന്നു. സ്കൂള്‍പഠന കാലത്ത് മസ്ക്കുലാര്‍ അട്രോഫി ബാധിച്ച് കൈകാലുകള്‍ തളര്‍ന്നിട്ടും വായ കൊണ്ട് ചിത്രംവരച്ചു ജീവിതത്തെ തോല്‍പിച്ച ചിത്രകാരന്‍ ജസ്ഫര്‍ കോട്ടക്കുന്നാണ് ഗ്രീന്‍പാലിയേറ്റിവിന്‍െറ ചെയര്‍മാന്‍. മണ്ണും മനുഷ്യനും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്നിടത്ത് അവകാശങ്ങള്‍ക്കൊപ്പം കടമകളെക്കുറിച്ചുകൂടി ബോധ്യമുള്ള ന്യൂജെന്‍ യുവത്വം തന്നെയാണ് ഗ്രീന്‍ പാലിയേറ്റിവിന്‍െറ ഊര്‍ജം. യുവതലമുറക്ക് ദിശാബോധമില്ലെന്ന കാടടക്കിയുള്ള ആരോപണങ്ങള്‍ക്ക് തങ്ങളുടെ പ്രവൃത്തികളിലൂടെ ഇവര്‍ മറുപടി നല്‍കുന്നു. അരീക്കോട്ടുനിന്ന് പത്തു കിലോമീറ്റര്‍ അകലെയുള്ള മൈലാടിക്കുന്ന് ആദിവാസികോളനിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട പരാതി സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ പാലിയേറ്റിവ് പടിപടിയായി ചെയ്തു കൊണ്ടിരിക്കുന്നു. കോളനിവാസികളുമായുള്ള നിരന്തരമായ സമ്പര്‍ക്കത്തിലൂടെ അവരെ ബൗദ്ധികമായി സംസ്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഗ്രീന്‍ പാലിയേറ്റിവിന്‍െറ കഴിഞ്ഞ രണ്ടു തിരുവോണങ്ങളും കോളനിവാസികളോടൊപ്പമായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മൂന്നിനു തുടങ്ങിയ വീല്‍ചെയര്‍ ഫ്രന്‍ഡ് ലി സ്റ്റേറ്റ് കാമ്പയിന്‍ വിജയകരമായി തുടരുകയാണ്. അന്നത്തെ മലപ്പുറം കലക്ടര്‍ ടി. ഭാസ്കര്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള അദ്ദേഹത്തിന്‍െറ ഓഫിസിലേക്ക് റാംപ് നിര്‍മിച്ച് ഈ കാമ്പയിനോട് സഹകരിക്കുകയുണ്ടായി. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) റാംപുകള്‍ സ്ഥാപിച്ചു. കെ.എസ്.ആര്‍.ടി.സി ലോഫ്ളോര്‍ ബസിലെ റാംപ് സൗകര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും ബസുകള്‍ വീല്‍ചെയര്‍ സൗഹൃദമാണെന്ന് അറിയിക്കാന്‍ സ്റ്റിക്കര്‍ പതിക്കാനും സര്‍ക്കാര്‍ ഉത്തരവുണ്ടായി. ഇപ്പോള്‍ വീല്‍ചെയര്‍ ഫ്രന്‍ഡ്ലി സ്റ്റേറ്റിന്‍െറ പ്രചാരണം ഗ്രീന്‍ പാലിയേറ്റിവിന് പുറമെ പല സംഘടനകളും ഏറ്റെടുത്തു നടത്തിപ്പോരുന്നു. കോഴിക്കോട് ആശാഭവനിലും പാണ്ടിക്കാട് സല്‍വ അഗതിമന്ദിരത്തിലും ഒൗഷധത്തോട്ടവും പച്ചക്കറിത്തോട്ടവും നിര്‍മിച്ചുകൊണ്ട് ഗ്രീന്‍ പാലിയേറ്റിവ് അവിടങ്ങളില്‍ സൗഹൃദം നട്ടുനനച്ചു. പെരുന്നാളിന്‍െറയും സ്വാതന്ത്ര്യദിനത്തിന്‍െറയും പുഞ്ചിരിയും മധുരവും അവരുമായി പങ്കുവെച്ചു. യാത്രകളുടെ നിറമുള്ള കാഴ്ചകള്‍ അന്യമായ അവര്‍ക്ക് വിനോദയാത്രകളുടെ സന്തോഷം പകര്‍ന്നു. വര്‍ത്തമാനകാല വിപ്ലവത്തിന്‍െറ കാഴ്ചകളിലേക്കും ആരവങ്ങളിലേക്കും അത്രയൊന്നും കടന്നുവരാത്ത മറ്റൊരു പോരാട്ടവീര്യത്തിന്‍െറ രക്തസാക്ഷിത്വമായ കെന്‍ സരോ വിവയെ ലോകത്തിനു പരിചയപ്പെടുത്തുകയാണ് ഗ്രീന്‍ പാലിയേറ്റിവ് എന്ന മനുഷ്യാവകാശ കൂട്ടായ്മയുടെ അടുത്ത ഉദ്യമം.
(ഗ്രീന്‍ പാലിയേറ്റിവ് പ്രവര്‍ത്തകയും പെണ്‍ശലഭക്കൂട്ടം മുഖ്യ സംഘാടകയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)