വന്ധ്യത ചികിത്സയിലെ ചൂഷണങ്ങള്‍ക്കെതിരെ കൂട്ടായ്മയുമായി സുനിത
text_fieldsപുരുഷന്മാരുടെ കുത്തകയെന്ന് കരുതപ്പെടുന്ന ഇടതുഭാഗത്ത് ബ്രേക്കുള്ള 350 സി.സി ബുള്ളറ്റില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായുന്ന സുനിത എന്ന 32കാരിയെ കാണുന്നവര്‍ ഒറ്റനോട്ടത്തില്‍ മിടുക്കിയെന്ന് വിലയിരുത്തും. പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മാത്രം അതിജീവിച്ചതിന്‍െറ വിജയഗാഥകളാണ് ദേവികുളങ്ങര പുതുപ്പള്ളി എം.എസ് നിവാസില്‍ മോഹനന്‍െറ ഭാര്യയായ സുനിതക്ക് പങ്കുവെക്കാനുള്ളത്. തിരിച്ചടികളില്‍ ഉള്ളകം നീറുമ്പോഴും പ്രസന്നഭാവത്തോടെ ഓടിനടക്കാന്‍ ഇഷ്ടപ്പെടുന്ന സുനിതയുടെ വേഷപ്പകര്‍ച്ചകള്‍ യോഗ പരിശീലക, നര്‍ത്തകി, കര്‍ഷക, കച്ചവടക്കാരി, സംഘാടക എന്നിങ്ങനെ നീളുന്നു.
സന്താനഭാഗ്യമില്ലാത്ത ഈ ദമ്പതികള്‍ക്ക് ഏറെ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. സംസ്ഥാനത്തെ 19 പ്രമുഖ ആശുപത്രികളില്‍ വന്ധ്യത നിവാരണ ചികിത്സകള്‍ക്കായി 17 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ വന്ധ്യത ചികിത്സയുടെ മറവിലെ ചൂഷണങ്ങള്‍ക്കെതിരായ കൂട്ടായ്മ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് ഈ യുവതി. മക്കളില്ലാത്ത ദു:ഖം പേറിനടക്കുന്ന സ്ത്രീകളെ സമാശ്വസിപ്പിക്കാനും സഹായിക്കാനുമുള്ള കൂട്ടായ്മയാണ് ലക്ഷ്യം. വന്ധ്യതയുടെ മറവില്‍ മിക്കയിടത്തും തട്ടിപ്പ് ചികിത്സയാണ് നടക്കുന്നത്. ഈ ചൂഷണത്തില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സുനിത ‘മാധ്യമ’ത്തോട് പറഞ്ഞു.
മികച്ച ആതുരാലയങ്ങളുടെ വിവരങ്ങളും ചികിത്സരീതികളും കൈമാറുക, ഇരകളെ സഹായിക്കുക, സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ചികിത്സ സൗകര്യം ഒരുക്കുക തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. ഇതിനകം അമ്പതോളം പേര്‍ സംരംഭത്തില്‍ പങ്കാളികളായി. അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എയുടെ പിന്‍ബലം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നു.
14 വര്‍ഷത്തെ മസ്കത്ത് ജീവിതത്തിനിടെ അവധിയെടുത്ത് നാട്ടിലെ ചികിത്സാലയങ്ങള്‍ കയറിയിറങ്ങി. ഏഴ് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. കഴിച്ച മരുന്നിന് കൈയും കണക്കുമില്ല. പൂജയും വഴിപാടുമായി വേറെയും ലക്ഷങ്ങള്‍ പലരും തട്ടിയെടുത്തു. മരുന്നുകള്‍ വൃക്കയെ പ്രതികൂലമായി ബാധിച്ചതോടെ ചികിത്സ തല്‍ക്കാലം നിര്‍ത്തി.
ഗള്‍ഫ് സമ്പാദ്യത്തിന്‍െറ നല്ലൊരും പങ്കും ചികിത്സക്കായി തുലച്ചു. ഒടുവില്‍ ഫലപ്രദമായ ചികിത്സ തേടാന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു വര്‍ഷം മുമ്പ് തിരികെ എത്തിയപ്പോഴെടുത്ത തീരുമാനമാണ്, ഈ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ ഫലപ്രദമായി എന്തെങ്കിലും ചെയ്യണമെന്നത്. മരുന്നുകള്‍ സൃഷ്ടിച്ച ശാരീരിക വൈഷമ്യങ്ങള്‍ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു തുടക്കം. 108 കിലോ തൂക്കമുണ്ടായിരുന്നത് വ്യായാമത്തിലൂടെ 45 കിലോയായി കുറക്കാനായതോടെ കൈവന്ന ആത്മവിശ്വാസമാണ് യോഗ പരിശീലകയാക്കാന്‍ വഴിയൊരുക്കിയത്. സംഗീതവും നൃത്തവുമൊക്കെ കൂടിക്കലര്‍ന്ന വ്യായാമ ക്ലാസിന് നിരവധി സ്ത്രീകള്‍ എത്തുന്നു.