Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അനുരാഗ കരിക്കിൻ വെള്ളം
cancel
camera_alt???????????

നെഞ്ചിലാകെ കരിക്കിന്‍വെള്ളത്തോടുള്ള അനുരാഗംകൊണ്ട് ജീവിക്കുന്ന ഒരാളുണ്ട് മലയാളനാടിന്‍െറ വടക്കേയറ്റത്ത്. ഓണത്തിന് പത്തുകൂട്ടം കറികളും പാലടയും പ്രഥമനുമായി കെങ്കേമമായി ഇലയിട്ടുണ്ണുന്നവര്‍ക്കിടയില്‍ തന്‍െറ സദ്യവട്ടങ്ങള്‍ നാല് കരിക്കിന്‍വെള്ളത്തിന്‍െറ ‘സമൃദ്ധി’യിലൊതുക്കുകയാണ് അദ്ദേഹം. കാസര്‍കോട് കാലിക്കടവിനടുത്ത് ചന്തേരയില്‍ ബാലകൃഷ്ണനാണ് ആ ‘വ്യത്യസ്തന്‍’. പലതരം ജീവിതശൈലീ രോഗങ്ങള്‍കൊണ്ട് ഗുളികകള്‍ ഭക്ഷണത്തേക്കാള്‍ കഴിച്ചും ആശുപത്രികളിലും ഡോക്ടര്‍മാരുടെ വീടുകള്‍ക്കു മുന്നിലും നീണ്ട ക്യൂ നിന്നും വിഷമിക്കുന്നവരെ കാണുമ്പോള്‍ ഊറിച്ചിരിക്കും ഈ അമ്പത്തൊമ്പതുകാരന്‍. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ ഒന്നരപതിറ്റാണ്ടുകാലമായി ദിവസവും മൂന്ന് കരിക്കിന്‍വെള്ളമാണ് ബാലകൃഷ്ണന്‍െറ ആഹാരം. വിശേഷദിവസങ്ങളില്‍ എല്ലാ ദിവസവും കഴിക്കുന്നതിനൊപ്പം ഒരെണ്ണം അധികമാക്കി നാലെണ്ണം കഴിക്കും, അതാണ് അദ്ദേഹത്തിന്‍െറ ‘കെങ്കേമ’മായ സദ്യ. 

കണ്ണൂര്‍ കലക്ടറേറ്റിലെ റവന്യൂ വകുപ്പില്‍നിന്ന് ഫെയര്‍കോപ്പി സൂപ്രണ്ടായി വിരമിച്ച ഈ കാസര്‍കോട് സ്വദേശിക്ക് വിശ്രമജീവിതത്തിലും തുണ കരിക്കിന്‍വെള്ളവും സൂര്യപ്രകാശവും തന്നെയാണ്. ആദ്യമൊക്കെ കരിക്കിന്‍വെള്ളത്തിനൊപ്പം അല്‍പം ഖരഭക്ഷണങ്ങളും കഴിക്കാറുണ്ടായിരുന്നെങ്കിലും 16 വര്‍ഷമായി കരിക്ക് ഒഴികെ മറ്റെല്ലാം പടിക്കുപുറത്താണ് ബാലകൃഷ്ണന്‍െറ മെനുവില്‍. കരിക്കുവിശേഷണത്തില്‍ മാത്രമൊതുങ്ങുന്നതല്ല ബാലകൃഷ്ണന്‍െറ ജീവിതം. വയറ് നിറച്ച് ഭക്ഷണം കിട്ടിയില്ലെങ്കില്‍ കുഴഞ്ഞു പോകുന്നവര്‍ക്കു മുന്നില്‍ ദിവസം മൂന്ന് കരിക്കിന്‍വെള്ളം മാത്രം കഴിച്ച് ജീവിക്കുന്ന ബാലകൃഷ്ണന്‍ കൊയ്ത നേട്ടങ്ങളുടെ പട്ടിക നിരത്തിയാല്‍ നിറവയറരുടെ ഭക്ഷണം പോലും ദഹിച്ചു പോകും. കരിക്ക് കരുത്താക്കി ഈ മധ്യവയസ്കന്‍ നടത്തിയ കായികക്കുതിപ്പിന് മലേഷ്യപോലും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒന്നും രണ്ടും തവണയല്ല, ആറു വര്‍ഷത്തോളം സംസ്ഥാന സിവില്‍ സര്‍വിസ് കായികമേളയിലും താരമായിരുന്നു ഈ കരിക്കുപ്രേമി. 

കരിക്കിന്‍ പ്രേമത്തിന്‍െറ തുടക്കം
16 വര്‍ഷം മുമ്പ് ഗ്യാസ്ട്രോഎസഫോജീല്‍ റിഫ്ലക്സ് ഡിസീസ് (Gastroesophageal Reflux Disease) എന്ന അപൂര്‍വരോഗം ബാധിച്ചതോടെയാണ് ബാലകൃഷ്ണന്‍െറ ജീവിതത്തില്‍ കരിക്ക് ഇടംപിടിക്കുന്നത്. അന്നനാളത്തെയും ആമാശയത്തെയും ബാധിക്കുന്ന ഈ രോഗത്താല്‍ വലഞ്ഞ ബാലകൃഷ്ണന്‍ ഒന്നര വര്‍ഷത്തോളം തുടര്‍ച്ചയായി ചികിത്സ തേടിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ആഹാരം കഴിച്ച് അരമണിക്കൂറാകും മുമ്പുതന്നെ ഛര്‍ദിക്കുന്ന അവസ്ഥയിലെത്തിയതോടെ അലോപ്പതി ചികിത്സ വിട്ട് പ്രകൃതി ജീവനത്തിലേക്കായി പിന്നീടുള്ള ശ്രദ്ധ. പ്രകൃതി ജീവനത്തിലും പലതവണ പരീക്ഷണം നടത്തിയിട്ടും പരിഹാരമാകാതെ വിഷമിച്ചിരിക്കുന്നതിനിടെ യാദൃച്ഛികമായി എറണാകുളത്തെ സി. രാജരാജവര്‍മയെന്ന പ്രകൃതിചികിത്സകനെ കണ്ടുമുട്ടിയതോടെയാണ് ബാലകൃഷ്ണന്‍െറ ജീവിതത്തില്‍ വ്യത്യസ്ത വരവറിയിച്ചത്. കഴിക്കുന്ന ആഹാരമെല്ലാം നിമിഷനേരം കൊണ്ട് ശരീരം പുറന്തള്ളാന്‍ തുടങ്ങിയതോടെ കരിക്ക് പരീക്ഷിക്കാന്‍ നിര്‍ദേശിച്ചത് രാജരാജവര്‍മയായിരുന്നു. കരിക്കിന്‍വെള്ളത്തിന്‍െറ കരുത്ത് ശരീരത്തിനും ബോധ്യപ്പെട്ടതോടെ പിന്നീടിങ്ങോട്ട് കരിക്ക് വിട്ടൊരു കളിക്കും ബാലകൃഷ്ണന്‍ തയാറായില്ലെന്നത് ശേഷചരിത്രം. 

വെറുതെ ഇരിക്കാനാവില്ല 
രോഗം മാറാന്‍ കരിക്കിന്‍വെള്ളത്തിലേക്ക് മാറിയെങ്കിലും കായികതാരമെന്ന പേര് മാറ്റാന്‍ ഒരിക്കലും തയാറായിരുന്നില്ല ബാലകൃഷ്ണന്‍. അതുകൊണ്ട് പുലര്‍ച്ചെ തുടങ്ങുന്ന ഓട്ടത്തിനും നടത്തത്തിനുമൊപ്പം പതിവു വ്യായാമങ്ങളില്ലാത്ത ദിവസത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലുമാകില്ലെന്ന് ഈ കായികതാരം സാക്ഷ്യപ്പെടുത്തുന്നു. പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കുന്ന ബാലകൃഷ്ണന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് രണ്ടു ഗ്ലാസ് വെള്ളത്തില്‍ തേനൊഴിച്ച് കഴിച്ചാണ് വ്യായാമത്തിനായി പുറത്തേക്കിറങ്ങുന്നത്. പിന്നീട് എട്ടു മണി വരെ ഓട്ടവും ചാട്ടവും കായികപരിശീലനവുമായി സജീവം. ശേഷം ഒരു മണിക്കൂര്‍ നിന്നനില്‍പില്‍ വെയില്‍ കാഞ്ഞ ശേഷമാണ് മടക്കം. കാലത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് ശരീരത്തിന് ഏറ്റവും മികച്ചതാണെന്നാണ് ഇദ്ദേഹത്തിന്‍െറ പക്ഷം. എല്ലാവരും പ്രാതല്‍ കഴിക്കുമ്പോള്‍ ബാലകൃഷ്ണന്‍ ദിവസത്തെ തന്‍െറ ആദ്യ ഭക്ഷണമെന്ന നിലയില്‍ ഒരു കരിക്ക് വെട്ടി കുടിക്കും.

ബാലകൃഷ്ണന്‍
 


ഭക്ഷണത്തിനു ശേഷം വിശ്രമമെന്ന പതിവുരീതികളൊന്നും ബാലകൃഷ്ണനു ബാധകമേയല്ല, പ്രാതലിനു പിന്നാലെ പശുപരിപാലനത്തിലും പിന്നീട് പച്ചക്കറിത്തോട്ടത്തിലെ പതിവു ജോലികളിലുമായിരിക്കും ഉച്ചവരെ ഇദ്ദേഹം. മൂന്നു പശുക്കളെ അരുമകളായി വളര്‍ത്തുന്ന ബാലകൃഷ്ണന് 10 സെന്‍റില്‍ വിളഞ്ഞുനില്‍ക്കുന്ന പാവലും പടവലും പയറും ചീരയും വെണ്ടയുമൊക്കെയാണ് ഇപ്പോഴത്തെ സന്തോഷം. പാടത്തെ പണി കഴിഞ്ഞ് തിരിച്ചത്തെിയാല്‍ ഉച്ചക്ക് 1.30ഓടെ ഊണിന് പകരമായി വീണ്ടുമൊരു കരിക്ക്. കരിക്ക് കിട്ടാത്ത ദിവസങ്ങളില്‍ നാലോ അഞ്ചോ കഷണം നാടന്‍ പപ്പായ അല്ളെങ്കില്‍ കൈതച്ചക്ക, ഇതാണ് ബാലകൃഷ്ണന്‍ ഊണുകാലത്ത് ചെയ്യുന്ന ഏക വിട്ടുവീഴ്ച. വൈകീട്ട് നാലു മണിയോടെ വീണ്ടും കളിക്കളത്തിലേക്കിറങ്ങിയാല്‍ കുട്ടികളുടെ പരിശീലകന്‍െറ വേഷമാണ് പിന്നെ ഈ ലഘുഭക്ഷണപ്രേമിക്ക്. കളിക്കുന്നതിനൊപ്പം ആറു മണി വരെയുള്ള വെയിലേല്‍ക്കുക. ഇതാണ് സായാഹ്നങ്ങളിലെ ബാലകൃഷ്ണന്‍െറ പഥ്യങ്ങളിലൊന്ന്. 

കരിക്കിന്‍വെള്ളം കരുത്തായ നേട്ടങ്ങള്‍
കരിക്ക് കഴിച്ചും കേവലം വീട്ടിലും നാട്ടിലും കായികപരിശീലനം നടത്തിയും 59ാം വയസ്സില്‍ കഴിഞ്ഞു കൂടുകയാണ് ഇദ്ദേഹമെന്നാണ് കണക്കുകൂട്ടലെങ്കില്‍ അവിടെയും ബാലകൃഷ്ണന്‍ വിസ്മയിപ്പിക്കും. കരിക്കിന്‍വെള്ളം കരുത്താക്കി കായിക രംഗത്തു നിന്ന് ഇദ്ദേഹം കൊയ്ത നേട്ടങ്ങള്‍ വിവരിച്ചാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചു പോകും. 2009 മുതല്‍ 2014 വരെ സിവില്‍ സര്‍വിസ് കായികമേളയില്‍ 10000, 5000, 1500 മീറ്റര്‍ ഓട്ടത്തില്‍ ബാലകൃഷ്ണനെ കവച്ചുവെക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നതാണ് ഇതില്‍ പ്രധാനം. ആറു വര്‍ഷവും സംസ്ഥാനത്തിന്‍െറ ജഴ്സിയണിഞ്ഞ് ദേശീയ മീറ്റിലും ബാലകൃഷ്ണന്‍ പുറത്തെടുത്തത് മികച്ച പ്രകടനം.

അഞ്ചു വര്‍ഷം മുമ്പ് മലേഷ്യയില്‍ നടന്ന വെറ്ററന്‍സ് ഏഷ്യാഡിലും ട്രാക്കില്‍ ബാലകൃഷ്ണന് വിജയക്കുതിപ്പ് ഒരുക്കിയത് കരിക്കിന്‍വെള്ളത്തിന്‍െറ കരുത്തുതന്നെ. 150 പേര്‍ മാറ്റുരച്ച 10 കിലോമീറ്റര്‍ റോഡ് റേസില്‍ ആദ്യത്തെ 15 പേരില്‍ ഒരാളായി ഫിനിഷ് ചെയ്ത ബാലകൃഷ്ണന്‍ ഈയിനത്തില്‍ മെഡലും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം മൈസൂരുവില്‍ സമാപിച്ച ദേശീയ വെറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പിലെ അഞ്ച് കി.മീ. നടത്തത്തിലും 10000 മീ, 5000 മീ. ഓട്ടത്തിലും ബാലകൃഷ്ണനായിരുന്നു ഒന്നാമനായി വിക്ടറി സ്റ്റാന്‍ഡിലെത്തിയത്.  മാത്രമല്ല, നിരവധി ജില്ല-സംസ്ഥാന തല മത്സരങ്ങളില്‍ ഈ ലഘുഭക്ഷണപ്രേമി തന്‍െറ നേട്ടങ്ങളുടെ ലിസ്റ്റിലേക്ക് എഴുതിച്ചേര്‍ത്ത കായിക വിജയങ്ങളുടെ എണ്ണം ബാലകൃഷ്ണനു പോലും കൃത്യമായി ഓര്‍ത്തെടുക്കാനാവില്ല. 

ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലെ കായികക്ഷമതാ പരീക്ഷക്ക് തയാറെടുക്കുന്ന നാട്ടിന്‍പുറത്തെ ഉദ്യോഗാര്‍ഥികളുടെ പരിശീലകന്‍െറ വേഷമണിഞ്ഞപ്പോഴും മികവാര്‍ന്ന നേട്ടമാണ് ബാലകൃഷ്ണന്‍ കൊയ്തത്. തന്‍െറ കളരിയില്‍ പരിശീലിച്ച 30ഓളം പേര്‍ക്ക് പരീക്ഷയില്‍ യോഗ്യത നേടിക്കൊടുക്കാന്‍ ഈ പരിശീലകന് കഴിഞ്ഞു. മാത്രമല്ല, ജനുവരിയില്‍ കണ്ണൂര്‍ ആതിഥേയത്വം വഹിച്ച സംസ്ഥാന വെറ്ററന്‍സ് മീറ്റിലെ വിജയകഥകള്‍ക്ക് പിന്നാലെ കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ സമാപിച്ച നാഷനല്‍ വെറ്ററന്‍സ് മീറ്റില്‍ അഞ്ച് കി.മീ. നടത്തമത്സരത്തില്‍ മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. സമപ്രായക്കാരെല്ലാം പ്രായത്തിന്‍െറ പ്രയാസങ്ങള്‍ പറഞ്ഞ് അടങ്ങിയിരിക്കുമ്പോള്‍ കളി മൈതാനങ്ങളില്‍ വിജയം തുടര്‍ക്കഥയാക്കിയുള്ള ജൈത്രയാത്രയിലാണ് കാലം കഴിഞ്ഞു പോകാന്‍ കരിക്കിന്‍വെള്ളം തന്നെ ധാരാളമെന്ന് ജീവിതം കൊണ്ടു തെളിയിച്ച ഈ കാസര്‍കോട്ടുകാരന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coconutbalakrishnanLifestyle NewsKasaragod News
News Summary - balakrishnan kasaragod coconut
Next Story