ഗീഥാ സലാമിന്‍റെ ഗാഥകള്‍

  • ഗീഥാ തിയറ്റേഴ്സിന്‍റെ നാടകങ്ങളിലൂടെ അരങ്ങുവാണ്, സീരിയലിലും സിനിമകളിലും സാന്നിധ്യമായ ഗീഥാ സലാം ഇപ്പോള്‍ താല്‍ക്കാലിക വിശ്രമത്തിലാണ്. നാടകത്തിന്‍റെയും സിനിമയുടെയും പല കൈവഴികളിലൊഴുകിയ ആ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍...

ഗീഥാ സലാം (ഫോട്ടോ. അബ്ബാ മോഹന്‍)

നാണം നഖപടമെഴുതിയ കണ്ണുകളുമായി റഹ്മാബീവിയെന്ന നവവധു ആദ്യ രാത്രിയില്‍ ചങ്ങനാശ്ശേരി സ്റ്റേഡിയം മൈതാനിയിലെ പുല്‍ത്തകിടിയില്‍ സദസ്യര്‍ക്കൊപ്പമിരുന്നു. 32 വര്‍ഷം മുമ്പുള്ളൊരു ഡിസംബര്‍ ഒന്നാംതീയതി ആയിരുന്നു അന്ന്. ഉച്ചക്ക് തന്നെ നിക്കാഹ് ചെയ്ത നവവരന്‍ ഗീഥാ സലാം മൈതാനിയിലെ നാടകവേദിയില്‍ പുതിയ വേഷപ്പകര്‍ച്ചയില്‍ തകര്‍ത്തഭിനയിക്കുന്നു. ചങ്ങനാശ്ശേരി ഗീഥാ തിയറ്റേഴ്സ് ഉടമ ചാച്ചപ്പന്‍ ചേട്ടന്‍ വധൂവരന്മാരെ വൈകീട്ട് വീട്ടില്‍ സല്‍ക്കാരത്തിന് വിടണമെന്ന് ബന്ധുക്കളോട് പറഞ്ഞപ്പോള്‍ പുതുപ്പെണ്ണ് ഇങ്ങനെയൊരു പണിയാണ് വരാനിരിക്കുന്നതെന്ന് സ്വപ്നത്തിലും കരുതിയില്ല. പുയ്യാപ്ലത്തട്ടില്‍നിന്നിറങ്ങി പുതുക്കപ്പെണ്ണിനേം കൂട്ടി തിരുവല്ലായിലെ വധൂഗൃഹത്തിലെത്തുമ്പോള്‍ കോഴി കൂവിക്കഴിഞ്ഞിരുന്നു...

നാടകകൃത്ത്, സംവിധായകന്‍, നടന്‍, സമിതി സംഘാടകന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, സിനിമ-സീരിയല്‍ അഭിനേതാവ് തുടങ്ങിയ കൈവഴികളിലൂടെ എഴുപതിലത്തെി നില്‍ക്കുന്ന ഗീഥാ സലാം ഇന്ന് കൊല്ലം ഓച്ചിറയിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. മീഡിയവണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് എന്ന പരിപാടിയില്‍ അഭിനയിക്കവേ ഉണ്ടായ ശ്വാസതടസ്സം സലാമിനെ അരങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനാക്കുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇടക്കും മുറക്കും വരുന്ന വിളികളോട് രണ്ടു മാസത്തെ അവധി ചോദിക്കുന്ന ഗീഥാ സലാം താഴ്ന്നസ്ഥായിയില്‍ മുന്‍നിരപ്പല്ലുകളുടെ അസാന്നിധ്യം ശിഥിലമാക്കുന്ന ശബ്ദവിന്യാസത്തോടെ ഓര്‍മകളിലേക്ക് തിരികെ നടന്നു...

ബീഡി തെറുപ്പായിരുന്നു വാപ്പക്ക്. ഈത്തപ്പഴക്കച്ചവടവും ഉണ്ടായിരുന്നു. ഞങ്ങളുടെ വീടിനടുത്തുള്ള പ്രീമിയര്‍ തിയറ്ററില്‍ ഓരോ പടം മാറി വരുമ്പോഴും വാപ്പ തോളത്തിരുത്തി എന്നെ കൊണ്ടു പോകുമായിരുന്നു. വലിയോരു രസികത്തി ആയിരുന്നു ഉമ്മ. നടപ്പിലും പെരുമാറ്റത്തിലും പ്രത്യേകതകളുള്ള നാട്ടിലെ ചിലരെ വീട്ടിലത്തെുന്ന ബന്ധുക്കള്‍ക്ക് മുന്നില്‍ അനുകരിച്ചു കാണിക്കാന്‍ ഉമ്മ പ്രേരിപ്പിക്കുമായിരുന്നു. ഇതായിരുന്നു അഭിനയത്തിലേക്കുള്ള എന്‍െറ ആദ്യ ചുവടുവെപ്പ്.

‘വസന്തത്തിന്‍റെ കനല്‍വഴി’കളില്‍
 


1968ല്‍ തിരുവല്ല  മാര്‍ത്തോമ്മാ കോളജില്‍ ബി.എക്ക് ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അവിടെയൊരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടൈപ്റൈറ്റിങ് പഠിക്കാനും പോയിരുന്നു. അവിടത്തെ വാര്‍ഷികത്തിന് എസ്.എല്‍ പുരത്തിന്‍റെ നാടകം അവതരിപ്പിച്ചപ്പോള്‍ സ്ത്രീവേഷം എനിക്ക് കിട്ടി. അതേ വര്‍ഷം തിരുവനന്തപുരം കോര്‍പറേഷന്‍ നടത്തിയ അമച്വര്‍ നാടകമത്സരത്തില്‍ ‘തീരം’ എന്നൊരു നാടകം ഞങ്ങള്‍ കോളജില്‍നിന്ന് അവതരിപ്പിച്ചു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. നല്ല നാടകം, മികച്ച നടി പുരസ്കാരങ്ങളും അതിന് ലഭിച്ചു. വിക്രമന്‍ നായര്‍ ട്രോഫിക്കായുള്ള സംസ്ഥാന നാടക മത്സരത്തില്‍ ഞാനും എം.ജി. സോമനും ചേര്‍ന്ന് അവതരിപ്പിച്ച ‘ശരം’ എന്ന നാടകത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം എനിക്ക് കിട്ടി. തുടര്‍ന്ന് ഈ നാടകം പത്തിരുപത് വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. ഇതു കണ്ടിട്ട് അന്നത്തെ മുന്‍നിര നാടകസമിതിയായ നാഷനല്‍ തിയറ്റേഴ്സിന്‍റെ ഉടമ ചിട്ടി ബാബു എന്നെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി. അവരുടെ ‘നിശാസന്ധി ’ എന്ന പുതിയ നാടകത്തിലേക്കായിരുന്നു. അബൂബക്കര്‍, അച്ചന്‍കുഞ്ഞ്, ചേര്‍ത്തല സുമതി തുടങ്ങി അക്കാലത്തെ പ്രധാനികള്‍ക്കൊപ്പമായിരുന്നു നിശാസന്ധിയിലെ അരങ്ങേറ്റം.      

നിശാസന്ധിയില്‍ അഭിനയിക്കവെ ഇന്നും മറക്കാനാവാത്ത ഒരനുഭവമുണ്ട്. പൊന്‍കുന്നം ഇളംകുളം പള്ളിയില്‍ പെരുന്നാളിന് നാടകം കളിക്കുമ്പോള്‍ വേദിയിലേക്ക് ഒരു അപ്രതീക്ഷിത അതിഥി വന്നുകയറി. കൂറ്റന്‍ അള്‍സേഷ്യന്‍ നായ. എന്നോടൊപ്പം തമിഴ് ബ്രാഹ്മണനായ സ്റ്റേഷന്‍ മാസ്റ്ററുടെ വേഷത്തില്‍ അബൂബക്കറുമുണ്ട് വേദിയില്‍. ഞാന്‍ അടിമുടി വിറച്ചുനില്‍ക്കുകയാണ്. സമചിത്തത കൈവിടാതെ അബൂബക്കര്‍ നായയോട് ഒറ്റ ഡയലോഗ്. നായ വന്ന വഴി വാലും ചുരുട്ടി തിരികെ പോയി...
 
82 സിനിമകള്‍ക്കും നിരവധി പരമ്പരകള്‍ക്കും ചായംതേച്ചതിന്‍റെയോ ഒരു തലമുറയുടെ നാടകാഭിനിവേശത്തിന്‍റെ നിമിത്തങ്ങളില്‍ ഒന്നായി നിന്നതിന്‍െറയോ ഭാരമേതുമില്ലെങ്കിലും കിതപ്പാറ്റാന്‍ പാടുപെടുന്നുണ്ട് ഗീഥാ സലാം ഇത് പറയുമ്പോള്‍. ഇതിനിടെ പാലക്കാട് പൊതുമരാമത്ത് വകുപ്പില്‍ ക്ലര്‍ക്കായി ജോലികിട്ടി. 12 വര്‍ഷം അവധിയും നാടകവുമായി ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ രാജിവെച്ചു. ഗീഥാ സലാം എന്ന പേര് ലഭിച്ചതും ഏതാണ്ട് ഈ കാലത്താണ്. നാഷനല്‍ തിയറ്റേഴ്സില്‍നിന്ന് ഗീഥയിലേക്ക് മാറി. 1970 മുതല്‍ 76 വരെയുള്ള കാലത്തിനിടെ ജ്യോതി, ദീപം, ജ്വാല, സാക്ഷി, മാപ്പ്, മോഹം എന്നിങ്ങനെ ആറു നാടകങ്ങള്‍... 2500ലധികം വേദികള്‍... സാക്ഷിയിലെ  ജെമീസ് എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അഭിനയിച്ചു കാട്ടിത്തന്നപ്പോള്‍ അത് കാലം മനനം ചെയ്തെടുത്ത നടനപ്രതിഭയെ കണ്ണോടുകണ്ണ് കണ്ടറിയുന്ന അനുഭവമായി...

‘ഗ്രാമഫോണി’ല്‍ ദിലീപിനും സലിംകുമാറിനുമൊപ്പം
 


ചാച്ചപ്പന്‍റെ അകാല വേര്‍പാട് ഗീഥയുടെ പിരിച്ചുവിടലിന് ഹേതുവായി. ഞാന്‍ ഓച്ചിറ നാടകരംഗം എന്നൊരു സമിതിയുണ്ടാക്കി. സിന്ദൂരസന്ധ്യ മുതല്‍ മാണിക്യക്കല്ല് വരെ 30 നാടകങ്ങള്‍ 25 വര്‍ഷംകൊണ്ട് കളിച്ചു. ജീവിതത്തെ അര്‍ഥപൂര്‍ണമാക്കിയ കാല്‍നൂറ്റാണ്ടായിരുന്നു അത്. 432 വേദികളിലാണ് ഒരു സീസണില്‍ മാണിക്യക്കല്ല് കളിച്ചത്.   നാടകങ്ങള്‍ക്ക് ആവശ്യക്കാരും കാണികളും കുറഞ്ഞുവന്നതോടെ മലയാളത്തിലെ പ്രമുഖ നാടകസമിതികള്‍ക്കെല്ലാം താഴ് വീണ കാലമായിരുന്നു പിന്നീട്. അനിവാര്യമായത് എന്‍െറ സമിതിക്കും സംഭവിച്ചു...  ഗ്ലിസറിന്‍ തേക്കാതെ കരഞ്ഞ ദിവസങ്ങളായിരുന്നു അത്. കാരണം, എന്നെ ഞാനാക്കിയത് നാടകമാണ്. നാടകം കാണികളുമായി അഭിനേതാവ് നേരിട്ട് സംവദിക്കുന്നൊരു ജൈവപ്രക്രിയയാണ്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗീഥയുടെ ‘മാപ്പ്’ എറണാകുളം ടൗണ്‍ ഹാളില്‍ കളിച്ചത് മൂന്നര മണിക്കൂര്‍. കാണികളും കലാകാരന്മാരും ഒന്നായി മാറിയപ്പോള്‍ വേദിയില്‍ മനോധര്‍മങ്ങളുടെ പെരുമഴ പെയ്തു. കൈയടികളും വാങ്ങി തട്ടില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ നാടകമുതലാളി ചാച്ചപ്പന് മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ ഇന്നസെന്‍റിന്‍റെ മുഖഭാവമായിരുന്നു.

നാടകക്കാലത്തു തന്നെ മാണി കോയ കുറുപ്പ്, പുറപ്പാട്, കാളീചക്രം എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകശാല പൂട്ടിയതോടെ സീരിയലുകളില്‍ സജീവമായി. മമ്മൂട്ടി നിര്‍മിച്ച ‘ജ്വാലയായ്’ മുതല്‍ ഒരുപാടെണ്ണം. ഏഴിലംപാലയുടെ സെറ്റില്‍ നാലു ദിവസത്തെ ഒഴിവ് കിട്ടിയപ്പോള്‍ കുറ്റാലത്ത് പോയി മേഘസന്ദേശം എന്ന സിനിമയില്‍ അഭിനയിച്ചു. മമ്മൂട്ടി ഒരിക്കല്‍  എന്നോട് പറഞ്ഞു, ജ്വാലയായ്യെക്കാളും   അദ്ദേഹം കാണുന്നത് ഏഴിലംപാലയാണെന്ന്. മമ്മൂട്ടി വലിയ ഗൗരവക്കാരന്‍ ആണേലും പച്ചമനുഷ്യനാണ്. സെറ്റില്‍ ബലംപിടിച്ചൊക്കെ നില്‍ക്കുമെങ്കിലും അതു കഴിഞ്ഞാല്‍ നമ്മെ ആളെവിട്ട് വിളിച്ച് അടുത്തിരുത്തി വിശേഷങ്ങള്‍ ചോദിക്കും, പറയും. മോഹന്‍ലാലാകട്ടെ നമ്മളോട് ഇഴുകിച്ചേര്‍ന്ന് പെരുമാറും. നമ്മുടെ തോളില്‍ കൈയിട്ട് നിന്നുകൊണ്ട് മറ്റൊരാളോട് സംസാരിക്കും. ദിലീപ് എനിക്ക് പിറക്കാതെപോയ മകനാണ്.

സിനിമാ ലോകം എനിക്ക് ഒത്തിരി സ്നേഹം തന്നു. എനിക്കിന്നും ‘അമ്മ’യില്‍ അംഗത്വമില്ല. 12,500 രൂപ മാത്രം അംഗത്വഫീസ് ഉണ്ടായിരുന്ന കാലത്ത് അന്നത്തെ സെക്രട്ടറിക്ക് പിണഞ്ഞ മറവി കാരണം എനിക്ക് അംഗത്വം കിട്ടാതെപോയി. ഇപ്പോള്‍ ഒരു ലക്ഷം രൂപയാണ്... സിനിമയില്‍നിന്ന് നിരന്തരം വിളികള്‍ വരുന്നുണ്ട്. മൂന്നു മാസമെങ്കിലും കഴിഞ്ഞേ അക്കാര്യം ആലോചിക്കാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നുവെച്ച് ഞാന്‍ അവശകലാകാരന്‍ ഒന്നുമല്ല കേട്ടോ. കലാകാരന്‍ ഒരിക്കലും അവശന്‍ ആകുന്നില്ല. കാരണം,  കലയ്ക്ക് അവശതയില്ല. ഇനിയുമിനിയും അഭിനയിക്കണം. ചായം തേക്കാനാവാത്തൊരു കാലം എന്‍റെ ചിന്തക്കുമപ്പുറമാണ്. എനിക്കിന്നും എഴുപത് വയസ്സിന്‍റെ ചെറുപ്പമാണ്.                         

Loading...
COMMENTS