ഈ സ്നേഹം കടലോളം...
text_fieldsമാതാപിതാക്കളുടെ സഹജീവി സ്നേഹം കണ്ടുവളര്‍ന്ന നിലമ്പൂര്‍കാരി സിസ്റ്റര്‍ റോസ് ലിന്‍ കുഞ്ഞുനാളില്‍ മനസില്‍ കുറിച്ച സാന്ത്വന സ്വപ്നങ്ങള്‍ വിളക്കുടി സ്നേഹതീരത്ത് നറുമണം പടര്‍ത്തുന്നു. മനോനില തെറ്റി നാടുവീടും തിരസ്കരിച്ച സഹോദരിമാര്‍ക്ക് പുതുജീവിതത്തിനുള്ള കെടാവിളക്കാണ് ഇവിടം. കുട്ടിക്കാലത്ത് കലാ-കായിക രംഗങ്ങളില്‍ റോസ് ലിന്‍റെ മികവ് കണക്കിലെടുത്ത് ഉറ്റവര്‍ ആഗ്രഹിച്ചത് മറ്റേതെങ്കിലും ഒരു മേഖലായിരുന്നു. എന്നാല്‍, സന്യാസ ജിവിതത്തിന്‍റെ വഴിയിലൂടെ ഇന്ന് നിരവധിപേരുടെ സ്നേഹമാകുകയാണ് ഇവര്‍. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എടക്കര കരിനൊച്ചിയില്‍ ചിറായിലില്‍ സി.ജെ. ജോണ്‍-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ റോസ് ലിന്‍.
പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ഡോക്ടേഴ്സ് ഓഫ് മേരി എന്ന സന്യാസി സമൂഹത്തില്‍ അംഗമായി. ഇതിനിടെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഉത്തരേന്ത്യയിലെ പല പിന്നാക്ക ഗ്രാമങ്ങളിലും ആദിവാസി മേഖലയിലും മിഷന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. കേരളത്തില്‍ തിരിച്ചെത്തി ആതുരസേവന മേഖലയില്‍ കുറേക്കാലം വ്യാപൃതയായി. ഉത്തരേന്ത്യയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍, സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ഒറ്റപ്പെടലും തെരുവോരത്തേക്ക് തള്ളപ്പെടുന്നതും റോസ് ലിനെ മറ്റൊരു സേവന മേഖലയിലേക്ക് തിരിച്ചുവിട്ടു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്ര സന്ദര്‍ശനം തന്‍െറ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള ചവിട്ടുപടിയായതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
രോഗം ഭേദമായിട്ടും ആരും ഏറ്റെടുക്കാതെ എങ്ങോട്ട് പോകണമെന്നറിയാതെ ഒറ്റപ്പെടലിലായ ഒരുകൂട്ടം സഹോദരിമാരെ കാണാനിടയായത് മനസിനെ വല്ലാതെ വേദനിപ്പിച്ചു. ഈ അനുഭവത്തില്‍ നിന്നാണ് ഇത്തരക്കാര്‍ക്കായി ഒരഭയ കേന്ദ്രം ഒരുക്കാന്‍ താന്‍ തയാറായത്. തെരുവില്‍ സ്ത്രീകളാരും അലയരുതെന്ന ലക്ഷ്യത്തോടെ വീട്ടുകാരുടെ സഹായത്തോടെ 15 വര്‍ഷംമുമ്പ് വിളക്കുടിയില്‍ 56 സെന്‍റില്‍ ഒരു പഴയവീട് വാങ്ങി ‘സ്നേഹതീരം’ സ്ഥാപിച്ചു. മൂന്ന് അന്തേവാസികളുമായായിരുന്നു സ്നേഹതീരത്തിന്‍റെ തുടക്കം. ഇപ്പോള്‍ 208 അന്തേവാസികളുണ്ട്.
കൂടാതെ, അവരുടെ കുഞ്ഞുങ്ങളും ആത്മബന്ധത്തില്‍ ഒരുക്കിയ കുടുംബത്തിന്‍െറ തണലില്‍ കഴിയുന്നു. മനസിന്‍റെ താളം തെറ്റിയ മാതൃഹൃദയങ്ങള്‍ക്ക് സ്നേഹതീരം ഇന്ന് സ്നേഹ സാമ്രാജ്യമാണ്. അഭയമേകിയവര്‍ക്ക് സംരക്ഷണവും കരുതലും നല്‍കുന്നതിനൊപ്പം വിവിധ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കൈത്തൊഴിലടക്കം പരിശീലിപ്പിക്കുന്നുണ്ട്. അന്തേവാസികളില്‍ പ്രാപ്തരായ 35 പേരെ തെരഞ്ഞെടുത്ത് ബാന്‍ഡ് ട്രൂപ്പിന് രൂപം നല്‍കി. ഈ മേഖലയിലുള്ള പൊതുപരിപാടികളില്‍ സ്നേഹ തീരത്തെ ബാന്‍ഡ് ട്രൂപ് ശ്രദ്ധേയമാണ്. ചവിട്ടുെമത്ത നിര്‍മാണം, സോപ്പ് നിര്‍മാണം, പൂന്തോട്ടം, ജൈവ പച്ചക്കറികൃഷി എന്നിവയിലും ഇവര്‍ സജീവമാണ്. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് ബാങ്കുകളിലടക്കം വന്‍തുക ബാധ്യത ഉണ്ടെങ്കിലും ആത്മവിശ്വാസം കൈമുതലാക്കി പുഞ്ചിരി തൂകുകയാണ് സിസ്റ്റര്‍ റോസ് ലിന്‍. ‘വേദനിക്കുന്നവരെ സ്നേഹിക്കുക’ എന്ന ആപ്തവാക്യവുമായി സ്നേഹതീരം തിരുവനന്തപുരത്തെ കല്ലറയില്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
തയാറാക്കിയത്: ബി. ഉബൈദ് ഖാന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
