പെൺനീതിക്ക് എളുപ്പവഴികളില്ല

  • ഒരിക്കല്‍ യൗവന കേരളത്തിന്‍െറ പട നയിച്ച പെണ്‍കുട്ടിയില്‍ നിന്നും സ്ത്രീനീതിയുടെ മുന്നണിപ്പോരാളിയായി മാറിയ നാള്‍വഴികളാണ് ടി. ഗീനാ കുമാരിക്ക് പറയാനുള്ളത്

ടി. ഗീനാ കുമാരി (ഹാരിസ് കുറ്റിപ്പുറം)

രണ്ടു പതിറ്റാണ്ട് മുമ്പ് വിദ്യാര്‍ഥിസമരത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ നേതാവ് ടി. ഗീനാകുമാരിയെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. അന്ന് തലസ്ഥാനത്ത് പൊലീസിന്‍െറ തല്ലേറ്റ് തലപൊട്ടി ചോര ഒഴുകുന്ന ആ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കേരളത്തിന്‍െറ സമരചിത്രങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു.  എന്നാല്‍, എസ്.എഫ്.ഐയുടെ സമരസഖാവായി അറിയപ്പെട്ട ടി.ഗീനാകുമാരിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് പലര്‍ക്കും അറിവില്ല. പാര്‍ട്ടിയുടെ പരിഗണന ലഭിക്കാതെപോയ ഗീനാ എന്നാല്‍, പാര്‍ട്ടി അംഗം എന്ന നിലയിലും ഒപ്പം അഭിഭാഷക എന്ന നിലയിലും തന്‍െറതായ പ്രവര്‍ത്തനങ്ങളുമായി നിശ്ശബ്ദം മുന്നോട്ടു പോവുകയായിരുന്നു. പ്രസ്ഥാനത്തിന്‍െറ പേരില്‍ പോയകാലത്ത് തെരുവുയുദ്ധം നയിച്ച അവര്‍ ഇപ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പട നയിക്കുകയാണ്.  തന്‍െറ മുന്നിലത്തെിയ കേസുകളില്‍ പലതും സ്ത്രീകള്‍ അനുഭവിക്കുന്ന കൊടും ക്രൂരതയുടെതായിരുന്നു എന്നതാണ് ആ രംഗത്തേക്ക് ശ്രദ്ധ തിരിക്കാന്‍ ഗീനാകുമാരിയെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് കേരളത്തിലെ വനിതാവിമോചക രംഗത്തുള്ളവരുടെ അത്താണിയായ അഭിഭാഷകയും പ്രതീക്ഷയും ഒക്കെയായി പഴയ എസ്.എഫ്.ഐക്കാരി മാറിയത്. ഒപ്പം സ്ത്രീകളും നിയമങ്ങളും എന്ന വിഷയത്തില്‍ നിരന്തരം പഠനവും പ്രഭാഷണങ്ങളുമായി അവര്‍ നാടെങ്ങും ഓടി നടക്കുകയാണ്. ഇപ്പോള്‍ ആ പോരാട്ടത്തിന്‍െറ ഒരുഘട്ടം വിജയിച്ചതിന്‍െറ ചാരിതാര്‍ഥ്യത്തിലാണ്. നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ‘കുടുംബകോടതികളിലെ ലിംഗനീതി’ എന്ന വിഷയത്തില്‍ ഗീനാകുമാരി നടത്തിയ ഗവേഷണത്തിന് ഡോക്ടററേറ്റ് നല്‍കിയിരിക്കുന്നു. സ്ത്രീക്ക് നീതി കിട്ടാന്‍ നിരന്തരമായ പോരാട്ടങ്ങള്‍ അനിവാര്യമാണെന്നും അതിന് പ്രവര്‍ത്തനവും പോരാട്ടവുമല്ലാതെ മറ്റ് എളുപ്പ വഴികളില്ളെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഗീനാകുമാരിയുമായുള്ള വര്‍ത്തമാനത്തില്‍ നിന്ന്

പാര്‍ട്ടി കുടുംബത്തില്‍ ജനിച്ച് എസ്.എഫ്.ഐക്കാരിയായി വളര്‍ന്ന ചരിത്രമാണ് ടി. ഗീനാകുമാരിക്കുള്ളത്. എങ്ങനെയായിരുന്നു ആ കാലം?

തിരുവനന്തപുരം ജില്ലയിലെ മുതുവിളക്കടുത്താണ് ഞങ്ങളുടെ കുടുംബവീട്. അച്ഛന്‍ തങ്കപ്പന്‍പിള്ള സി.പി.എമ്മിന്‍െറ കല്ലറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ജീവിക്കുന്ന അച്ഛനെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഞാനും  ജ്യേഷ്ഠന്‍ ഗോപകുമാറും ബാലസംഘത്തില്‍ കൂടിയാണ് പൊതുരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് മിതിര്‍മല ഗേള്‍സ് ഹൈസ്കൂള്‍ ലീഡറായി. പിന്നീട് നിലമേല്‍ എന്‍.എസ്.എസ് കോളജില്‍ പ്രീഡിഗ്രിയും ബി.എസ്സി മാത്സും ചെയ്തു. അവിടെ കൗണ്‍സിലറായി വിജയിച്ച് 19ാം വയസ്സിലാണ് ഞാന്‍ കേരള സര്‍വകലാശാല യൂനിയന്‍ ചെയര്‍പേഴ്സന്‍ ആകുന്നത്. അപ്പോള്‍ ജ്യേഷ്ഠന്‍ ഗോപകുമാര്‍ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയാണ്.  ചെയര്‍പേഴ്സന്‍ ആയ കാലത്ത് എസ്.എഫ്.ഐയും വൈസ് ചാന്‍സലര്‍ വിളനിലവും  തമ്മിലുള്ള സംഘര്‍ഷം നടക്കുന്ന കാലമായിരുന്നു.

1994-ല്‍ ലാത്തിച്ചാര്‍ജില്‍ ഗീനാകുമാരിക്ക് പരിക്കേറ്റതിന്‍െറ ചിത്രം

എസ്.എഫ്.ഐയുടെ സമരങ്ങളെ നയിച്ച അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?

വിളനിലം സമരം കത്തിപ്പടരവെ, അന്നത്തെ എസ്.എഫ്.ഐ നേതാവ് യു.പി. ജോസഫ് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം നടക്കുമ്പോഴാണ് സമരവുമായി ഞങ്ങള്‍ എത്തിയത്. പൊലീസ് പെട്ടെന്ന് തല്ല് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമായി. അന്ന് ഡി.സി.പിയായിരുന്ന ഋഷിരാജ് സിങ് ലാത്തികൊണ്ടടിച്ച് എന്‍െറ കൈയൊടിച്ചു. 1993 ആഗസ്റ്റ് അഞ്ചിനായിരുന്നു അത്. അതായിരുന്നു എനിക്ക്  പൊലീസിന്‍െറ തല്ലുവാങ്ങലുമായി ബന്ധപ്പെട്ട അരങ്ങേറ്റം.  എന്നാല്‍ ഗുരുതരമായ മര്‍ദനമേറ്റത് 1994 നവംബര്‍ 25 നായിരുന്നു. അന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിനത്തെിയ ഞങ്ങളെ ഒരു പ്രകോപനവുമില്ലാതെ പൊലീസുകാര്‍ നേരിട്ടു. എന്നെ അബൂബക്കര്‍ എന്ന പൊലീസുകാരന്‍ (പേര് പിന്നീടാണറിഞ്ഞത്) ലാത്തികൊണ്ട് തലയില്‍ പല തവണയടിച്ചു. അയാളുടെ ലാത്തി രണ്ടായി പൊട്ടിപ്പോയി. പിന്നെ എനിക്കൊന്നും ഓര്‍മയില്ല. ഒരുദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞാന്‍ ബോധമില്ലാതെ കിടന്നു. തലക്കുള്ളിലെ പരിക്കും തുടര്‍ച്ചയായ ഛര്‍ദിയും കാരണം ഡോക്ടര്‍മാരും ആശങ്കയിലായിരുന്നുവത്രെ. പിറ്റേ ദിവസം ഹര്‍ത്താലായിരുന്നിട്ടും ഡോ. പി.കെ.ആര്‍. വാര്യര്‍ അടക്കമുള്ളവരൊക്കെ എന്നെ കാണാനും കാര്യം അറിയാനും ആശുപത്രിയില്‍ നടന്നുവന്നു എന്നൊക്കെ പിന്നീട് പറഞ്ഞറിഞ്ഞു.   സെക്രട്ടേറിയറ്റ് പടിക്കല്‍വെച്ച് ആറോളം തവണയാണ് പൊലീസിന്‍െറ അടിയേറ്റത്.  ഇതുവരെ പൊലീസിനെ ഒരു കല്ലുപോലും എടുത്തെറിഞ്ഞിട്ടില്ല. അവരോട് മോശമായി പെരുമാറിയിട്ടുമില്ല. എന്നാല്‍ എന്നെ കാണുമ്പോള്‍ അവര്‍ക്ക് അടിക്കണമെന്ന് വാശിയാണ്. പിന്നെ തല്ലുകൊള്ളുമ്പോള്‍ പേടിയില്ലാതായി; ചോര ചീറ്റുമ്പോഴും. മുഖത്ത് തല്ലുകൊണ്ട പാടുവീണ പെണ്ണിനെ ആരെങ്കിലും കല്യാണം കഴിക്കുമോ എന്നുള്ളതായിരുന്നു എന്‍െറ അമ്മയുടെ വിഷമം.

എസ്.എഫ്.ഐ സംസ്ഥാന ജോയന്‍റ് സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ പദവികള്‍ക്കുശേഷം എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി പദവികളിലേക്ക് ക്ഷണമുണ്ടാകാത്തതിന്‍െറ കാരണം എന്തായിരുന്നു?

 എല്‍എല്‍.ബി കഴിഞ്ഞ് എല്‍എല്‍.എം ഒന്നാം വര്‍ഷം കഴിഞ്ഞപ്പോഴാണ് എന്‍െറ വിവാഹം കഴിയുന്നത്. (സി.പി.എം തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന വി.കെ. നന്ദനാണ് എന്‍െറ ഭര്‍ത്താവ്. മുന്‍ സ്പീക്കര്‍  കെ.രാധാകൃഷ്ണന്‍െറ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം) എന്നാല്‍, എല്‍എല്‍.എം രണ്ടാം വര്‍ഷം ആയപ്പോള്‍ എനിക്ക് എസ്.എഫ്.ഐയില്‍ നിന്ന് ഒഴിയേണ്ടിവന്നു. എസ്.എഫ്.ഐയിലെ അടുത്ത സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് വിടവാങ്ങല്‍ പ്രസംഗം നടത്തി പിരിയണമെന്നായിരുന്നു എന്‍െറ ആഗ്രഹം. എന്നാല്‍ അതിന് കഴിഞ്ഞില്ല.

എസ്.എഫ്.ഐയുടെ സംസ്ഥാന ജോയന്‍റ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം സ്വാഭാവികമായും സി.പി.എമ്മിന്‍െറയോ ഡി.വൈ.എഫ്.ഐയുടെയോ പ്രവര്‍ത്തനങ്ങളിലേക്ക് പോകാത്തത് എന്തായിരുന്നു?

പാര്‍ട്ടി കേഡറുകളെ കണ്ടത്തെി അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏത് മേഖലകളിലേക്കാകണം എന്ന് തീരുമാനിച്ച് വിന്യസിക്കേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണ്.  പാര്‍ട്ടിയുടെയോ ഡി.വൈ.എഫ്.ഐയുടെയോ മുകള്‍ ഘടകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത് ഞങ്ങളുടെ പാര്‍ട്ടിയില്‍ ശരിയായ നടപടിയല്ല. എന്നാല്‍, ഞാന്‍ കല്ലറ ടൗണിലെ പാര്‍ട്ടി അംഗമായിരുന്നു. പിന്നെ, ജനാധിപത്യ മഹിളാ അസോസിയേഷന്‍െറ യൂനിറ്റ് ഭാരവാഹിയാവുകയും ചെയ്തു. അന്നും ഇന്നും ഞാന്‍ പാര്‍ട്ടിയുടെ ഉറച്ച അംഗമാണ്.

1994-ല്‍ ലാത്തിച്ചാര്‍ജില്‍ ഗീനാകുമാരിക്ക് പരിക്കേറ്റതിന്‍െറ ചിത്രം

പ്രാപ്തിക്കുറവുള്ള ഒരാളാണോ താങ്കള്‍? അതുകൊണ്ടായിരിക്കുമോ പാര്‍ട്ടി കാര്യമായി പരിഗണിക്കാത്തത്?

എന്‍െറ സംഘാടക മികവിനെ പാര്‍ട്ടി പലപ്പോഴും അഭിനന്ദിച്ച അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരള സര്‍വകലാശാല യുവജനോത്സവം 1993ല്‍ കായംകുളത്ത് നടക്കുമ്പോള്‍ അന്ന് ചെയര്‍പേഴ്സന്‍ ആയ എനിക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായ സന്ദര്‍ഭങ്ങളുണ്ട്. വി.സി വിളനിലം ഫണ്ട് അനുവദിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് വി.സിയെ ഉപരോധിച്ച്, പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലൂടെ ഫണ്ടിന്‍െറ ഒരു ഗഡു അനുവദിച്ചു. മാത്രമല്ല, ഫണ്ടിന്‍െറ അപര്യാപ്തത മൂലം എന്‍െറ സ്വര്‍ണാഭരണങ്ങളും പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ളവരുടെ സ്വര്‍ണാഭരണങ്ങളും പണയം വെച്ച് ആ തുക കൊണ്ടാണ് പരിപാടി ഭംഗിയായി നടത്തിയത്. മാത്രമല്ല എസ്.എഫ്.ഐയുടെ സംസ്ഥാന പദവിയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ എല്ലാ ജില്ലകളിലെയും എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്.

താങ്കളെപ്പോലുള്ളവരെ സംഘടനാ നേതൃത്വത്തിലേക്ക് ഉപയോഗിക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിക്ക് പക്ഷേ, സിന്ധുജോയിയെ പോലുള്ളവരുടെ കാര്യത്തില്‍ തെറ്റു പറ്റിയതായി തോന്നിയിട്ടുണ്ടോ?

പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല. പക്ഷേ സിന്ധു ജോയിക്ക് തെറ്റുപറ്റിയിട്ടുണ്ട്. സിന്ധുജോയിമാര്‍ ഒരു പ്രതീകമാണ്. പാര്‍ട്ടിയുടെയും അധികാരങ്ങളുടെയും പേരില്‍ ആകൃഷ്ടരാകുന്ന ഒരു വലിയ നിരയുണ്ട്. അവര്‍ ലാഭവും നഷ്ടവും നോക്കിയാണ് പ്രവര്‍ത്തിക്കുക. അവര്‍ സമയം നോക്കി ചാഞ്ചാടും. അല്ളെങ്കില്‍ പാര്‍ട്ടിയെ പലവട്ടം തള്ളിപ്പറഞ്ഞ് വലതുപക്ഷത്ത് ചേക്കേറുകയും ഒന്നുമല്ലാത്തവരായി മാറുകയും ചെയ്യും. തനിക്ക് ഈ പാര്‍ട്ടിയില്‍ നിന്ന് ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞാണ് സിന്ധുജോയി പാര്‍ട്ടിയില്‍നിന്ന് പോയത്. സിന്ധുവിനെക്കാള്‍ യോഗ്യരായവര്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഗ്രനേഡ് കൊണ്ടുള്ള പരിക്കേറ്റ നമിതയെ പോലുള്ള കുട്ടികള്‍. മാത്രമല്ല, സിന്ധുവിന് രണ്ടു തവണയാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. സിന്ധുവിനെ പോലുള്ളവര്‍ ഇനിയും പാര്‍ട്ടിയില്‍ പലയിടത്തും ഉണ്ട്. പാര്‍ട്ടി ജാഗ്രത പുലര്‍ത്തണം. കാരണം, ജനങ്ങളുടെ പ്രതീക്ഷയാണ് സി.പി.എം. അത് കരുത്തോടെ നിലനില്‍ക്കണം. പാര്‍ട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു കുടുംബത്തിലെ അംഗമാണ് ടി. ഗീനാകുമാരി. പക്ഷേ, ആ പാര്‍ട്ടിയുടെ അവഗണന ഏറ്റുവാങ്ങിയ കുടുംബമാണ്

ഋഷിരാജ് സിങ്, സിന്ധു ജോയ്
 

താങ്കളുടെത്. അച്ഛനെ  പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കി. ജ്യേഷ്ഠനും പുറത്തുപോയി. ഗീനാകുമാരിയുടെ കാര്യത്തില്‍ കാര്യമായ പ്രതീക്ഷയുമില്ല? നിരാശ തോന്നുന്നുണ്ടോ?

ഞങ്ങള്‍ മൂന്നുപേരുടെയും കാര്യങ്ങള്‍ കൂട്ടിയിണക്കി വിശകലനം ചെയ്യരുത്. അവയെ പ്രത്യേകം പ്രത്യേകം വിലയിരുത്തേണ്ടതാണ്. അച്ഛന്‍ നാട്ടിലെ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം  സസ്പെന്‍ഷനിലായി എന്നത് നേരാണ്. എന്‍െറ സഹോദരന്‍ ജോലിത്തിരക്കുകള്‍ മൂലം പാര്‍ട്ടി മെംബര്‍ഷിപ് പുതുക്കാതെ പോകുകയായിരുന്നു. എന്‍െറ കാര്യത്തില്‍ നിങ്ങള്‍ക്കാര്‍ക്കും ആശങ്കവേണ്ട. ഞാനെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയാണ്. എന്നാല്‍, ഞാന്‍ ചെയ്യുന്നത് നാലാളെ അറിയിക്കുക എന്‍െറ ശൈലിയല്ല.  ചാനലുകാര്‍ ഒട്ടും ഇല്ലാത്ത കാലത്താണ് ഞാന്‍ അടക്കമുള്ളവര്‍ തല്ലുകൊണ്ടത്. അടുത്തിടെ സോളാര്‍ സമരകാലത്തും എനിക്ക് ടിയര്‍ഗ്യാസ് കൊണ്ട് പരിക്കേറ്റ സംഭവമുണ്ടായി. മുഖം കോടിപ്പോയ നിലയില്‍ ഞാന്‍ ഒരുദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞു. ആരെയും അറിയിക്കാന്‍വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല.

സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ താങ്കള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് എന്തുമാത്രം പിന്തുണയുണ്ട്?

അഭിഭാഷക എന്ന നിലയില്‍ എന്‍െറ മുന്നില്‍ വന്ന് ഇരകളായ സ്ത്രീകള്‍ പറഞ്ഞ അനുഭവങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരുന്നിട്ടുണ്ട്. കരഞ്ഞുപോയിട്ടുണ്ട്. സംസ്കാര സമ്പന്നരും പുരോഗമന വാദികളും എന്ന് അഭിമാനിക്കുമ്പോഴും നാം അറിയണം സ്ത്രീകളോടും കുട്ടികളോടും മര്യാദ കാട്ടാത്ത മാന്യന്മാര്‍ ധാരാളമുള്ള നാടാണ് നമ്മുടെത്. അവരില്‍ പ്രമുഖന്മാരുണ്ട്. വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. കുടുംബകങ്ങളിലെ രക്തബന്ധമുളളവര്‍ വരെയുണ്ട്. അവിടെയെല്ലാം ഇരകളെ ഭീഷണിപ്പെടുത്തുകയോ ആക്രമിച്ച് നിശ്ശബ്ദരാക്കുകയോ ഒക്കെയാണ് ചെയ്യുന്നത്. കുരുന്നു പെണ്‍കുട്ടികളെ കെട്ടിയിട്ടും കൊടുവാള്‍ കഴുത്തില്‍വെച്ചും രതിവൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന സംഭവങ്ങളൊക്കെ അറിയുമ്പോള്‍ അതിനെതിരെ പോരാടണമെന്ന് എനിക്ക് തീരുമാനിക്കേണ്ടിവന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള  വിഷയങ്ങളില്‍ നിരന്തരം സെമിനാറുകളിലും പഠന ക്ളാസുകളിലും ഞാനിപ്പോള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും പാരിസില്‍ നടന്ന അന്താരാഷ്ട്ര സെമിനാറിലും പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കാന്‍ അവസരമുണ്ടായി.   സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ തെമ്മാടിത്തം കാണിക്കുന്നവര്‍ തടവറയില്‍ നിന്നും രക്ഷപ്പെടരുത്. അതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഒരുകാര്യം കൂടി പറയട്ടെ. ഞങ്ങളുടെ ശ്രമത്തിന്  വിജയം ലഭിക്കുന്നുണ്ട്.

സ്വന്തം  പാര്‍ട്ടിയില്‍ ലിംഗനീതിക്കു വേണ്ടി പടവെട്ടാന്‍ ധീരതയുണ്ടോ?

ഞങ്ങളുടെ പാര്‍ട്ടി സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കൊടുക്കുന്നുണ്ട്. എങ്കിലും പാര്‍ട്ടി കൊല്‍ക്കത്ത പ്ലീനത്തില്‍ പാസാക്കിയ പ്രമേയം 25 ശതമാനം സ്ത്രീകള്‍ക്ക് സ്ഥാനം കൊടുക്കണമെന്നാണ്. അതുതന്നെ, പാര്‍ട്ടിയില്‍ ലിംഗനീതി  ഇല്ല എന്നതിന്‍െറ കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രധാന പ്രശ്നങ്ങളില്‍ പാര്‍ട്ടി ഇടപെടണം എന്നാണ് എന്‍െറ ആഗ്രഹം; അതിനൊപ്പം, പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലും. ഇപ്പോള്‍ ഫാഷിസം കേരളത്തിലും തലപൊക്കുകയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന പല കാര്യങ്ങളും കേരളത്തിലും വ്യാപകമാക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അതിനെതിരെ സി.പി.എമ്മിനേ  പടനയിക്കാന്‍ കഴിയൂ. നമ്മുടെ നാടിനെ കൊലക്കു കൊടുക്കാന്‍ പറ്റില്ല. അതിന് ജനത ഇടതുപക്ഷത്തിനൊപ്പം കൈകോര്‍ക്കുകയാണ് വേണ്ടത്.

Loading...
COMMENTS