Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightമുളകും നാരായണന്‍...

മുളകും നാരായണന്‍ നമ്പൂതിരിയും

text_fields
bookmark_border
മുളകും നാരായണന്‍ നമ്പൂതിരിയും
cancel
camera_alt????????? ?????????

പള്ളിശേരി മനയില്‍ നാരായണന്‍ നമ്പൂതിരി യാത്രയിലാണ്. വെറുമൊരു യാത്രയല്ല. ഉടുപ്പിനകത്ത് പഞ്ചസാരയുമായി രാജ്യം ചുറ്റാനിറങ്ങിയ ഒരു ‘മനുഷ്യ സ്കോവിലോ യൂനിറ്റ്’. കൗതുകം തോന്നുക സ്വാഭാവികം. അതൊരു അളവുകോലാണ്, മുളകുകളുടെ എരിവ് നിര്‍ണയിക്കാന്‍ വില്‍ബര്‍ഗ് സ്കോവിലോ എന്ന അമേരിക്കക്കാരന്‍ ലോകത്തിന് സമ്മാനിച്ച ശാസ്ത്രീയ രീതി. നമ്പൂതിരിയുടെ യാത്ര മുളക് പാടങ്ങളിലേക്കാണ്. അവിടെ നിന്ന് കമ്പോളങ്ങള്‍ തേടിയും. പഞ്ചസാര ഒരു ആയുധമാണ് എരിവിനെ പ്രതിരോധിക്കാന്‍. എരിവിലമര്‍ന്ന് ജീവിച്ച സഞ്ചാരിയുടെ ആയുധം. തേയിലയുടെ മണവും രൂചിയും നോക്കി ഏത് ജനുസ്സില്‍ പെട്ടതാണെന്ന് തിരിച്ചറിയുന്ന ‘ടീ ടേസ്റ്റര്‍മാരെ’ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍, ചില്ലി ടേസ്റ്റര്‍- ആ പേര് അത്ര പരിചിതമായിരിക്കില്ല. മുളകിന്‍റെ ഞെട്ട് പൊട്ടിച്ച് വായില്‍ വെച്ച് ഗുണനിലവാരവും വര്‍ഗവും തിരിച്ചറിയാന്‍ കെല്‍പുള്ളവര്‍. അത്തരം കഴിവ് ജീവിതാനുഭവങ്ങള്‍ കൊണ്ട് സ്വായത്തമാക്കിയയാളാണ് നാരായണന്‍ നമ്പൂതിരി. അത്യാധുനിക ലാബ് സജ്ജീകരണങ്ങള്‍ മനുഷ്യനേക്കാള്‍ നൂറിരട്ടി കൃത്യതയില്‍ ഗുണം പ്രവചിക്കുന്ന കാലത്തും ആ വെള്ളിവെളിച്ചം അണഞ്ഞിട്ടില്ലെങ്കില്‍ അത് ജന്മസിദ്ധം എന്ന് പറയേണ്ടി വരും. പക്ഷേ, അദ്ദേഹം അത് സമ്മതിക്കില്ല. യാത്രാനുഭവങ്ങളാണ് എന്നെ ഞാനാക്കി തീര്‍ത്തതെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം.

യാത്ര തുടങ്ങുന്നു

വല്ലഭദാസ് കാഞ്ചി  സ്പൈസസ് എക്സ്പോര്‍ട്ടിങ് കമ്പനി, തൊണ്ണൂറുകളില്‍ അവിടെ നിന്നായിരുന്നു തുടക്കം. പ്രൊക്യുര്‍മെന്‍റ് അസിസ്റ്റന്‍റ്, അതായിരുന്നു ജോലി. മുളകുകളുടെ വിപണി സാധ്യതകളന്വേഷിക്കാന്‍ കമ്പനി പരിശീലിപ്പിക്കുന്ന ജീവനക്കാരന്‍. പോയ കാലത്തെ അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ ഭാഷാ പ്രാവീണ്യം, അതായിരുന്നു അവര്‍ കണ്ട ആദ്യ യോഗ്യത. വി.പി.എസ് നമ്പൂതിരിയായിരുന്നു കമേഴ്സ്യല്‍ മാനേജര്‍. ആദ്യം ഏല്‍പിച്ച ദൗത്യമാകട്ടെ പിരിയന്‍ മുളകിന്‍െറ സാധ്യതകളാണ്. അത് ലഭിക്കുന്നത് ബാഡ്ഗി എന്ന മാര്‍ക്കറ്റിലാണെന്നു മാത്രം കമ്പനിക്കറിയാം. അത് എവിടെയാണെന്നോ എന്താണെന്നോ അവിടെ ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. സ്പൈസസ് ബോര്‍ഡില്‍ ചെന്ന് ബാഡ്ഗി മാര്‍ക്കറ്റിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് മൈസൂരുവിനടുത്ത സ്ഥലമാണെന്ന് മാത്രമേ അവര്‍ക്കുമറിയൂ. അവിടെനിന്നങ്ങോട്ട് യാത്രയാണ്. രണ്ടും കല്‍പിച്ചുള്ള യാത്ര. ആദ്യം ബസ് മാര്‍ഗം മൈസൂരുവിലേക്ക്. അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ അറസിക്കര എന്ന സ്ഥലത്തത്തെിയാല്‍ ബാഡ്ഗിയിലേക്ക് ട്രെയിന്‍ കയറാമെന്ന് അറിഞ്ഞു. പിന്നീട് അറസിക്കരയിലേക്ക്. അവിടെ നിന്ന് ഉച്ചയോടെ ബാഡ്ഗി ലക്ഷ്യമാക്കി ഹൂബ്ലി ട്രെയിനില്‍ കയറി. മീറ്റര്‍ ഗേജ് ട്രെയിനായതിനാല്‍ യാത്ര പതുക്കെയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ബാഡ്ഗി സ്റ്റേഷനിലെത്തുന്നത്. കന്നുകാലികളും വയലുകളും കൃഷിയുമുള്ള തനി ഗ്രാമമായിരുന്നു ബാഡ്ഗി. മാര്‍ക്കറ്റ് അന്വേഷിച്ച് ആദ്യം ചെന്നത് സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തായിരുന്നു. അദ്ദേഹം പുറത്തുണ്ടായിരുന്ന കുതിരവണ്ടിക്കാരനെ കാര്യം ധരിപ്പിച്ച്  അതില്‍ കയറ്റി വിട്ടു. ഏതാണ്ട് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ച് ഒരു കടയുടെ മുന്നില്‍ ഇറക്കി. നേരം പുലര്‍ന്നിട്ടുണ്ടായിരുന്നില്ല.

ആര്‍.ജി. പാട്ടീല്‍ ആന്‍ഡ്  കമ്പനി എന്നതായിരുന്നു ആ കടയുടെ പേര്. രാവിലെ എട്ടുമണിവരെ കടത്തിണ്ണയില്‍ കാത്തിരുന്നു. കട തുറക്കാനെത്തിയത് മലയാളം സംസാരിക്കുന്ന രാജണ്ണയായിരുന്നു. ഇന്ന് ആര്‍ജി പാട്ടീല്‍ വലിയ കമ്പനിയാണെങ്കിലും അന്ന് വ്യവസായിക അടിസ്ഥാനത്തില്‍ അത്ര ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല. പിരിയന്‍ മുളകിന് ആവശ്യക്കാരേറെയുള്ള തെക്കന്‍ കേരളത്തിലെ കായംകുളവും ചെങ്ങന്നൂരുമെല്ലാമാണ് ഇവരുടെ വില്‍പന കേന്ദ്രങ്ങള്‍. കമീഷന്‍ അടിസ്ഥാനത്തിലായിരുന്നു സാധനങ്ങള്‍ കയറ്റി അയച്ചിരുന്നത്. വില്‍പന നടന്നതിനുശേഷം മാത്രം കമ്പനിക്ക് പണം കൊടുക്കുന്ന സംവിധാനമായിരുന്നു. അതുകൊണ്ടു തന്നെ കമ്പനിയുടെ ആള്‍ക്കാര്‍ കേരളത്തില്‍ വന്ന് ദീര്‍ഘനാള്‍ താമസിച്ച് ഭാഷയെല്ലാം പഠിച്ചു. അക്കൂട്ടത്തിലൊരാളാണ് രാജണ്ണ. ഒമ്പത് മണിയോടെ മുതലാളിമാര്‍ എത്തി. താന്‍ വന്ന കാര്യം ധരിപ്പിച്ചു. അവര്‍ ആദ്യം താമസിക്കാനുള്ള സൗകര്യം ഒരുക്കി. പിന്നീട് മുളക് പാടങ്ങളും ചന്തയുമെല്ലാം കാണിച്ചുതന്നു. അന്നു തൊട്ടേ അവിടങ്ങളില്‍ കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വില്‍പന ബോര്‍ഡുകള്‍ ഉണ്ടായിരുന്നു. നമ്മള്‍ വില നിശ്ചയിച്ച് ബുക്കില്‍ എഴുതി വെക്കണം. കൂടുതല്‍ തുക എഴുതുന്നതാരോ അവര്‍ക്ക് നല്‍കും. വില കൊണ്ട് ഒത്തില്ലേല്‍ കച്ചവടത്തില്‍നിന്ന് പിന്മാറാന്‍ കമ്പനിക്ക് അവകാശമുണ്ടായിരുന്നു. പിരിയന്‍ മുളകടക്കമുള്ള നിരവധി മുളകുകള്‍ നേരിട്ടുകണ്ടും രുചിച്ചു നോക്കിയും ധാരണയിലത്തെി എന്‍റെ പുസ്തകത്തില്‍ കുറിച്ചിട്ടു. എരിവിനെ ബാലന്‍സ് ചെയ്യാന്‍ പാന്‍റ്സിന്‍റെ രണ്ട് പോക്കറ്റിലും കരുതിയ പഞ്ചസാര തിന്നു കൊണ്ടേയിരുന്നു. അങ്ങനെ എരിവും മധുരവും നിറഞ്ഞ ആദ്യത്തെ ദൗത്യം പൂര്‍ത്തിയാക്കി തിരികെ വണ്ടി കയറി. അത് വന്‍ വിജയമായിരുന്നുവെന്നാണ് മേലുദ്യോഗസ്ഥന്‍ എന്നോട് പറയാതെ പറഞ്ഞത്. കമ്പനിയിലെത്തി യാത്ര കൃത്യമായി വിശദീകരിച്ച് കൈയടിവാങ്ങി.

കൂടുതല്‍ എരിവുതേടി

പിന്നീട് അങ്ങോട്ട് യാത്രകളായിരുന്നു. സീസണ്‍ നോക്കി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര തുടര്‍ന്നു. രാജ്യത്തെ പ്രധാന മാര്‍ക്കറ്റായ ഗുണ്ടൂര്‍ വര്‍ഷത്തില്‍ എല്ലാ മാസവും പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റാണ്. എന്നാല്‍ പ്രധാന സീസണ്‍ ജനുവരി, ഫെബ്രുവരി മാസങ്ങളാണ്. മാര്‍ച്ചില്‍ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ മുളക് ലഭിക്കും. ഏപ്രിലിലാണ് ബംഗാളിലെ സുന്ദര്‍ബെന്‍ ദ്വീപില്‍ നിന്ന് വരുന്ന ‘സുന്ദരി മുളകി’ന്‍റെ സീസണ്‍. മേയില്‍ ഉത്തര്‍പ്രദേശിലെ ബെറേയ് ലി എന്ന മാര്‍ക്കറ്റ് ഉണ്ടാകും. തമിഴ്നാട്ടിലെ തേനി, ശങ്കന്‍കോവില്‍ എന്നിവിടങ്ങളില്‍ ആഗസ്റ്റില്‍ മാര്‍ക്കറ്റുണ്ട്. സെപ്റ്റംബറില്‍ ആന്ധ്രയിലും മഹാരാഷ്ട്രയിലും വിവിധ മാര്‍ക്കറ്റുകളുണ്ട്. ഓരോ മാസവും ഓരോ മാര്‍ക്കറ്റ് ലക്ഷ്യം വെച്ചാണ് യാത്ര. സെപ്റ്റംബറിലാണ് പഞ്ചാബിലെ അമൃത്സറിലേക്ക് പുറപ്പെട്ടത്. പാകിസ്താന്‍ ബോര്‍ഡറിലുള്ള ഖാല്‍ഡ എന്ന സ്ഥലത്ത് മുളക് മാര്‍ക്കറ്റുണ്ടെന്നറിഞ്ഞ് പുറപ്പെട്ടതാണ്. ബെല്ലാരിയില്‍നിന്നാണ് വണ്ടി കയറിയത്. അമൃത്സറിലേക്കുള്ള യാത്രയില്‍ ഒരു സര്‍ദാര്‍ജിയെ പരിചയപ്പെട്ടു. അമൃത്സറില്‍ ആദ്യമായതിനാല്‍ താമസസ്ഥലം സംഘടിപ്പിക്കാന്‍ സര്‍ദാര്‍ജിയുടെ സഹായം തേടി. സ്റ്റേഷനിലത്തെി, സര്‍ദാര്‍ജിയുടെ സ്കൂട്ടറിന് പിന്നില്‍ കയറി യാത്ര തുടര്‍ന്നു. യാത്ര അദ്ദേഹത്തിന്‍റെ വീട്ടിലേക്കാണ്. അവിടെ നിന്ന് ഭക്ഷണവും കുളിയും കഴിഞ്ഞ് സര്‍ദാര്‍ജിയുടെ കൂടെ വീണ്ടും ഊരു ചുറ്റാനിറങ്ങി. ഇതൊന്നും ഞാന്‍ ആവശ്യപ്പെട്ടതല്ല. എന്‍െറ ആവശ്യം താമസ സൗകര്യം മാത്രം. അത് ലഭിച്ചതുമില്ല. മാര്‍ക്കറ്റില്‍ കറങ്ങുന്നതിനിടെ ഒരാള്‍ വന്ന് പറഞ്ഞു. നിങ്ങള്‍ എങ്ങനെ സര്‍ദാര്‍ജിയുടെ കൂടെ നടക്കുന്നു. ഭയമില്ലേ എന്ന്! ഇത് കേട്ട ഞാന്‍ ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും, എന്തിന് ഭയക്കണം മുംബൈയിലും കുറെ സര്‍ദാര്‍മാരെ കണ്ടതാണ്. ഇവര്‍ വിശ്വസിച്ചാല്‍ ചതിക്കില്ലെന്ന് മറുപടിയും നല്‍കി. ഇത് സര്‍ദാര്‍ജി കേട്ടു. അദ്ദേഹത്തിന് വിഷമമായി. നീ ഇനി പുറത്ത് താമസിക്കണ്ട, എന്‍െറ വീട്ടില്‍ തങ്ങാമെന്ന് നിര്‍ബന്ധിച്ചു. വളരെ പ്രയാസപ്പെട്ടാണ് ആ ക്ഷണം ഞാന്‍ നിരസിച്ചത്. ഖാല്‍ഡ മാര്‍ക്കറ്റിലെ മുളകിന്‍െറ വിശേഷങ്ങളല്ല, യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന ഇത്തരം മനുഷ്യരെ കുറിച്ചുള്ള ഓര്‍മകളാണ് അയവിറക്കാന്‍ ഇഷ്ടം.

മറ്റൊരു പ്രധാന സംഭവവും ഓര്‍മ വരുന്നു. മാര്‍ക്കറ്റില്‍ ഗാന്ധാരി മുളകിന് ക്ഷാമം വന്ന ഒരു ഡിസംബര്‍ മാസം. അസമിലെ ഗുവാഹതിയില്‍ ഉണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോയി. എന്നാല്‍, അവിടെ പറയത്തക്ക മാര്‍ക്കറ്റില്ല. അവിടെ നിന്ന് കുറെ ദൂരെ കുന്നിന്‍ ചരുവില്‍ ഓര്‍ഗാനിക്കായി കുറെ അധികം കൃഷി ചെയ്തിരുന്നു. അതായിരുന്നു അവിടത്തെ കൃഷി രീതിയും. വെറുതെ വിത്ത് കൊണ്ടുവന്നിടും. അത് താനെ മുളച്ച് കൊള്ളും. മുളക് പറിക്കല്‍ പോലുമില്ല. ചെടിയോടെ പറിച്ച് കൊണ്ട് വന്ന്, തണ്ട് ഉണങ്ങിയാല്‍ താനെ മുളക് താഴെ വീഴുന്ന രീതി. അവിടെ നിന്ന് നേരെ നാഗാലന്‍ഡിലേക്ക് പോയി. അവിടെയാണ് വളരെ വീര്യം കൂടിയ നാഗമിര്‍ച്ചി/രാജ മിര്‍ച്ചി ലഭിക്കുന്നത്. പിന്നെ ഭീമാപുരില്‍, അവിടെ നിന്ന് കൊഹിമയിലേക്ക്.  ഇതിനിടയിലാണ് മണിപ്പൂരിലെ ഇംഫാലില്‍ ഗാന്ധാരി മുളകുണ്ടെന്ന് കേട്ട് അങ്ങോട്ട് വണ്ടി കയറിയത്. ഇംഫാലിലേക്കുള്ള യാത്രയില്‍ മനോഹരന്‍ എന്ന തമിഴ്നാട്ടുകാരനെ പരിചപ്പെട്ടു. ആവശ്യം അവതരിപ്പിച്ചപ്പോള്‍ ഇംഫാലില്‍ പോയിട്ട് കാര്യമില്ളെന്നും മോറ എന്ന സ്ഥലത്ത് കൂടുതല്‍ മുളക് കിട്ടുമെന്നും പറഞ്ഞു.

ഇംഫാലില്‍ ഇറങ്ങിയാല്‍ ജീപ്പുണ്ടെന്നും ഞങ്ങള്‍ കുറച്ച് പേര്‍ അങ്ങോട്ടാണെന്നും പറഞ്ഞു. അങ്ങനെ ഇംഫാലില്‍ ഇറങ്ങിയ ഞാന്‍ അവരുടെ കൂടെ മോറയിലേക്ക് പുറപ്പെട്ടു. യാത്ര തുടങ്ങിയപ്പോഴാണ് അറിയുന്നത് മോറയിലേക്ക് 300 കിലോമീറ്ററിലധികം വരുമെന്ന്. ജീപ്പില്‍ കയറിപ്പോയത് കൊണ്ട് യാത്ര തുടര്‍ന്നു. മ്യാന്‍മറിന്‍റെ അതിര്‍ത്തിയിലാണ് മോറ. വഴി നീളെ ചെക് പോസ്റ്റുകള്‍. അവസാനം ഒരു ചെക് പോസ്റ്റില്‍ കുടുങ്ങി. എന്‍െറ ജീപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ മയക്കുമരുന്ന് കടത്തുകയായിരുന്നു.  ഇന്ത്യന്‍ പെപ്പര്‍ സ്പേസ് ട്രേഡ് അസോസിയേഷന്‍റെ കാര്‍ഡും മുറിയന്‍  ഇംഗ്ലീഷും കൈയിലുണ്ടെന്നതു കൊണ്ട് അവര്‍ എന്നെ വെറുതെ വിട്ടു. മ്യാന്‍മറിലെ തമുവിലേക്കാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയിരുന്നത്. മോറയിലേക്കും ശേഷം തമ്മുവിലേക്കും പുറപ്പെട്ടു. തമ്മു ഒരു കള്ളക്കടത്തു കേന്ദ്രമാണ്. അല്ലാതെ അവിടെയൊന്നും മുളക് കൃഷിയോ മാര്‍ക്കറ്റോ ഇല്ല. കഞ്ചാവു പോലുള്ള ചെടികള്‍ കയറ്റുമതി ചെയ്യുന്നത് കണ്ട മനോഹരന്‍ മുളക് പോലുള്ളവയാണെന്ന് തെറ്റിധരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അങ്ങനെ വെറും കൈയോടെ അവിടെ നിന്ന് മടങ്ങി. കശ്മീര്‍ ഒഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മുളക് തേടി യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍, ഒരു വിദേശയാത്ര പോലും നടത്തിയില്ല എന്നത് തന്നിലെ സഞ്ചാരിയുടെ ഒരു പരിമിതി തന്നെ.

ജീവിതവഴികള്‍...

പ്രീഡിഗ്രി തോറ്റതും മുംബൈയിലേക്ക് വണ്ടികയറിയതും നിമിത്തമായിരുന്നു. അവിടെ എത്തി കുറച്ച് കാലം ആസ്വദിച്ച് ജീവിച്ചു, കൈയിലുള്ള പണം തീര്‍ന്നപ്പോള്‍  ഹോട്ടലില്‍ മേശ തുടക്കാന്‍ നിന്നു. അങ്ങനെ ആ നാടുമായി ഇഴുകിചേര്‍ന്ന് മറാത്തിയും ഹിന്ദിയുമെല്ലാം പഠിച്ചു. ആയിടക്കാണ് ഹോട്ടലിന് സമീപത്തെ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ദിവസക്കൂലിക്ക് ആളെയെടുത്തിരുന്നത്. പ്രഭാദേവി ടെലിഫോണ്‍ പദ്ധതി നടപ്പാക്കുന്ന കാലമായിരുന്നു അത്. അവിടെ കയറിപറ്റി. കുറച്ച് കാലങ്ങള്‍ക്കുശേഷം ഡിപ്പാര്‍ട്മെന്‍റല്‍ പരീക്ഷയെഴുതി വയര്‍മാനായി ജോലിയില്‍ കയറി. ഏതാണ്ട് 20 വയസ്സുവരെ മുംബൈയില്‍. ജോലി മടുത്തപ്പോള്‍ സ്വദേശമായ പട്ടാമ്പിയിലേക്ക് പോന്നു. നാട്ടിലെത്തി മറ്റും ജോലിയൊന്നും അറിയാത്തതുകൊണ്ട് സൈക്കിളില്‍ ലോട്ടറി വില്‍ക്കാന്‍ പോയി. കച്ചവടം മോശമായപ്പോള്‍ എസ്.എസ്. മണിയന്‍ കമ്പനിയുടെ ലോട്ടറി വണ്ടിയില്‍ സെയില്‍സ്മാനായി കുറച്ച് കാലം. അതുകഴിഞ്ഞ് ക്ഷേത്രത്തിലെ ശാന്തിക്കാരനായി. അത്യാവശ്യം ചിത്രം വരക്കുന്ന എന്നെ കണ്ട് ചേച്ചിയുടെ ഭര്‍ത്താവ് കൊച്ചിയിലേക്ക് ക്ഷണിച്ചു. അവിടെ കെ.സി. മോഹനവര്‍മയുടെ മാഗസിനില്‍ ആര്‍ട്ടിസ്റ്റ് അപ്രന്‍റിസ് ആയി. താമസിയാതെ ആ സ്ഥാപനവും പൂട്ടി. പിന്നീട് സ്ക്രീന്‍ പ്രിന്‍റിങ് സ്ഥാപനം തുടങ്ങി. അതും ഗുണം പിടിച്ചില്ല. ആയിടക്കാണ് കൊച്ചിയില്‍ വല്ലഭദാസ് കാഞ്ചി സ്പൈസസ് എക്സ്പോര്‍ട്ടിങ് കമ്പനിയില്‍ പ്രൊക്യുര്‍മെന്‍റ് അസിസ്റ്റന്‍റായി നിയമിക്കുന്നത്. മുംബൈ നഗരവാസം നല്‍കിയ ഭാഷാപ്രാവീണ്യം ജോലിപ്രവേശം എളുപ്പമാക്കി.

കമ്പനി ഒന്നേ പറഞ്ഞുള്ളൂ. ധാരാളം യാത്ര ചെയ്യണം, മുളകിന്‍െറ വിപണി സാധ്യതകളെ തേടി. യാത്ര ആവേശമായിരുന്ന എനിക്ക് ആ ചോദ്യം ഒട്ടും പ്രയാസമായി തോന്നിയതുമില്ല. അങ്ങനെ 1990 മുതല്‍ ’98 വരെ കാഞ്ചി വല്ലഭദാസിലായിരുന്നു. ശേഷം ഒരു ആസ്ട്രേലിയന്‍ കമ്പനിയില്‍ നിന്ന്  ഓഫര്‍ വന്നു. ഇന്‍റര്‍വ്യൂവിന് വിടാന്‍ നിലവിലെ കമ്പനിക്ക് താല്‍പര്യമില്ലായിരുന്നു. എങ്കിലും ഞാന്‍ പങ്കെടുത്തു. ജോലിയുമായി ബന്ധപ്പെട്ട ഇന്‍റര്‍വ്യൂബോര്‍ഡിന്‍െറ ആദ്യ ചോദ്യം 500 ടണ്‍ അഫ്ലോഡാക്സ് ചില്ലി വേണം എന്ത് ചെയ്യുമെന്നായിരുന്നു. എന്‍െറ മറുപടി വളരെ സ്ട്രൈറ്റ് ആയിരുന്നു. ഞാന്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളാണ് ആദ്യം നിങ്ങള്‍ എന്നെ ജോലിക്കെടുക്കൂ എന്നിട്ടാവാം. ഏതായാലും അഭിമുഖം കഴിഞ്ഞ് വീട്ടിലത്തെിയ ഉടന്‍ വീട്ടിലേക്ക് വിളിച്ച് സെലക്ട് ചെയ്തെന്നും പറഞ്ഞു. എന്നാല്‍, വല്ലഭദാസിലെ സമ്മര്‍ദം മൂലം ആ ജോലി ഉപേക്ഷിച്ചു. വല്ലഭദാസിലും പിന്നീട് തുടര്‍ന്നില്ല. ഇപ്പോള്‍ തിരുവാണിയൂരില്‍ സ്വന്തമായി സ്പൈസസ് പ്രോസസിങ് യൂനിറ്റും മാര്‍ക്കറ്റ് സ്റ്റഡി കണ്‍സള്‍ട്ടന്‍റ് സര്‍വിസും നടത്തുന്നു. പള്ളിശ്ശേരി മന കൃഷ്ണന്‍ നമ്പൂതിരിയുടെയും സതി അന്തര്‍ജനത്തിന്‍റെയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. മൂന്ന് സഹോദരിമാര്‍, കവി പി. രാമന്‍ ഏക സഹോദരനാണ്. ഇപ്പോള്‍ തൃപ്പൂണിത്തുറ സ്പൈസസ് വില്ലയില്‍ ഭാര്യ സുജയക്കും മക്കളായ ഹൃദ്യക്കും ഹൃത്വികിനുമൊപ്പം താമസം.              

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narayanan namboothiriLifestyle News
Next Story