Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightവിറക്കുന്ന ഇന്ത്യക്ക്...

വിറക്കുന്ന ഇന്ത്യക്ക് സ്നേഹപ്പുതപ്പ്

text_fields
bookmark_border
വിറക്കുന്ന ഇന്ത്യക്ക് സ്നേഹപ്പുതപ്പ്
cancel

അസ്ഥികള്‍ കോര്‍ത്തുപോകുന്ന തണുപ്പ് എന്ന് നമ്മളിടക്ക് വായിക്കാറുണ്ട്, കശ്മീരിലോ സിംലയിലോ ടൂറുപോയി വന്ന് വിശേഷം പറയുന്ന കൂട്ടത്തിലും പ്രയോഗിക്കാറുണ്ട്. തടിച്ച കമ്പിളിക്കുപ്പായങ്ങളും തുകലുറകളും ധരിച്ച് നമ്മളറിഞ്ഞ തണുപ്പൊരു കള്ളമാണെന്ന് തിരിച്ചറിയുന്നത് ഉത്തരേന്ത്യയിലെ പാവങ്ങള്‍ പാര്‍ക്കുന്ന ഗല്ലികളിലൂടെ നടക്കുമ്പോഴാണ്. പിന്നിക്കീറിയ നേര്‍ത്ത പൈജാമകള്‍ക്കുള്ളിലേക്ക് തണുപ്പ് ഇരച്ചുകയറാതിരിക്കാന്‍ ആ സാധുക്കള്‍ പെടാപ്പാടു പെടുന്നതു കാണുമ്പോള്‍.

തലസ്ഥാനത്തെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്യൂണിക്കേഷനില്‍ മാധ്യമപ്രവര്‍ത്തനം പഠിക്കുന്ന കാലത്ത് പഴയ ഡല്‍ഹിയിലെ അജ്ഞാത മൃതശരീരങ്ങള്‍ സംസ്കരിക്കുന്ന ജോലിക്കാരിലൊരാളായ ഹബീബിനെക്കുറിച്ച് ഫീച്ചറെഴുതാന്‍ പോയതാണ് അന്‍ഷു ഗുപ്ത. ഒരു ഡിസംബര്‍ പുലര്‍ച്ചയില്‍ ഡല്‍ഹിയിലെ ഖൂനി ദര്‍വാസാ ഭാഗത്ത് വഴിയോരത്ത് മരിച്ചു മരവിച്ചു കിടന്ന ഒരു മനുഷ്യന്‍െറ ദേഹം കണ്ടു. ഇട്ടിരുന്ന ഷര്‍ട്ടല്ലാതെ തണുപ്പിനെ തടുക്കാന്‍ ഒരു കീറച്ചാക്കുപോലും ഇല്ലാഞ്ഞതുകൊണ്ടാണ് കണ്ടാല്‍ ആരോഗ്യവാനെന്നുതോന്നിച്ചിരുന്ന ആ മനുഷ്യന്‍ അത്രയെളുപ്പം മരണത്തിനുമുന്നില്‍ തോറ്റുപോയത്. ചില ദിവസങ്ങളില്‍ ഇതുപോലെ  വസ്ത്രമില്ലാതെ വിറച്ചു മരിച്ച ഒരു ഡസന്‍ മനുഷ്യരുടെയെങ്കിലും മൃതദേഹങ്ങള്‍ കണ്ടെടുക്കാറുണ്ടെന്നാണ് ഹബീബ് പറഞ്ഞത്. ഹബീബിന്‍െറ ആറുവയസ്സുകാരിയായ മകളോടു സംസാരിക്കവെ അവള്‍ പറഞ്ഞതുകേട്ട് രോമക്കുപ്പായത്തിനും എല്ലിന്‍കൂടിനും അകത്തിരുന്ന അന്‍ഷുവിന്‍െറ ഹൃദയമാണ് വിറകൊണ്ടത്. തണുപ്പുള്ള രാത്രികളില്‍ കമ്പിളിയോ പുതപ്പോ ഉണ്ടാവാറില്ല. അതുകൊണ്ട്, അബ്ബ കൊണ്ടുവരുന്ന മൃതദേഹങ്ങളിലൊന്നിനെ കെട്ടിപ്പിടിച്ചാണ് താന്‍ ഉറങ്ങാറെന്നായിരുന്നു ആ കുഞ്ഞു പറഞ്ഞ വലിയ സത്യം.

കുറെക്കാലം ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായും ഒരു വന്‍കിട സ്ഥാപനത്തിന്‍െറ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഒഫിസറായും ജോലി നോക്കിയെങ്കിലും അന്‍ഷുവിന് ഉറച്ചുനില്‍ക്കാന്‍ മനസ്സുവന്നില്ല. വിറച്ചു മരിച്ച മനുഷ്യരും വിറച്ചു മരിക്കാതിരിക്കാന്‍ മൃതദേഹത്തെ പുല്‍കി കിടക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയും അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ക്ളാസ് മുറികളില്‍ കേട്ടിട്ടില്ലാത്ത,  വസ്ത്രം ഒരു അടിസ്ഥാന മനുഷ്യാവകാശം കൂടിയാണ് എന്ന മഹത്തായ ജീവിതപാഠം പഠിപ്പിച്ച തെരുവുകളിലേക്ക് തിരിച്ചു നടന്നു. വസ്ത്രം ഇല്ലാഞ്ഞതു കൊണ്ട് ഒരാളും അപമാനിക്കപ്പെടരുതെന്നും മരണത്തിനോ രോഗങ്ങള്‍ക്കോ അടിപ്പെടരുതെന്നും ഉറപ്പിച്ചായിരുന്നു ആ വരവ്.

വസ്ത്രമില്ലാത്ത മനുഷ്യര്‍
ഉപ്പയുടെ തുണിക്കടയില്‍ വരുന്ന പുതിയ തരം ഉടുപ്പുകളുടെ ആദ്യ മോഡല്‍ ഞാനായിരുന്നതിനാല്‍ എന്‍െറ പ്രായത്തിലെ എല്ലാ കുട്ടികള്‍ക്കും മാസത്തില്‍ മൂന്നും നാലും ഉടുപ്പുകള്‍ കിട്ടുന്നുണ്ടാകുമെന്നായിരുന്നു ധാരണ. പെരുന്നാളിനു പോലും കീറിത്തുന്നിയ കുപ്പായമിടുന്ന കുട്ടികളുണ്ടെന്ന് മനസ്സിലാക്കിയത് ഏറെ വൈകിയാണ്. വീട്ടില്‍ എടുക്കുന്നതും ബന്ധുക്കള്‍ സമ്മാനിക്കുന്നതുമായ ഉടുപ്പുകളില്‍ ഏത് ആദ്യമിടണമെന്ന് പെരുന്നാള്‍ രാവുകളില്‍ കണ്‍ഫ്യൂഷനില്‍ കുരുങ്ങുമ്പോള്‍ പഴകിപ്പിന്നിയ ഉടുപ്പുകളില്‍ അല്‍പമെങ്കിലും പുതിയത് എന്നു തോന്നിക്കുന്ന കുപ്പായമേതെന്ന് തീര്‍ച്ചപ്പെടുത്താനുള്ള സങ്കടത്തിലായിരുന്നു കൂട്ടുകാരില്‍ പലരുമെന്ന് മനസ്സിലാക്കിയപ്പോള്‍ മനസ്സില്‍ ഒരു തരം വേദന പടര്‍ന്നിരുന്നു. ചിലര്‍ക്ക് സ്കൂള്‍ യൂനിഫോമായിരുന്നു പെരുന്നാള്‍ കോടി. എന്നാല്‍, ജീവിതത്തില്‍ ഏറ്റവും ഞെട്ടിച്ചുകളഞ്ഞ തിരിച്ചറിവ് ഇതൊന്നുമല്ല. കുടുംബത്തിലോ പരിചയത്തിലോ കുഞ്ഞുവാവമാര്‍ പിറന്നുവെന്നു കേള്‍ക്കുമ്പോള്‍ തൂവെള്ളനിറത്തിലെ കുട്ടിക്കുപ്പായങ്ങളുമായി കാണാന്‍ ചെല്ലാറുണ്ടല്ളോ നമ്മള്‍. ലോകത്ത് നവാതിഥിയായെ ത്തിയ അതുപോലൊരു കുഞ്ഞു വിസ്മയത്തെ സ്വാഗതം ചെയ്ത് മടങ്ങിയെ ത്തിയ ഒരു രാവ് പുലരവെ പീടികക്കോലായി അടിച്ചു വാരുന്ന പാത്തുമ്മായി താത്തയുടെ ഉച്ചത്തിലുള്ള വിളിയും വാതിലില്‍ തുരുതുരാ മുട്ടലും കേട്ടു. കാബൂലക്കാരി (എല്ലാ നാടോടികളെയും അക്കാലത്ത് കാബൂളിവാലകള്‍ എന്നായിരുന്നു ഞങ്ങളുടെ നാട്ടില്‍ പറഞ്ഞുപോന്നിരുന്നത്) പെണ്ണൊരുത്തി പീടികത്തിണ്ണയില്‍ പെറ്റിട്ടിരിക്കുന്നു. കുഞ്ഞ് ചോരയും ചളിയും പുരണ്ടു കിടക്കുന്നു. പെറ്റമ്മ ദേഹത്തു ചുറ്റിയിരുന്ന തുണിയില്‍നിന്ന് അല്‍പം കീറിത്തുടച്ച് അത് വിരിച്ചു കിടത്തിയിരിക്കുകയാണ് വാവയെ! അവരിതു പറയുന്നതു കേള്‍ക്കവെ എന്‍െറ വസ്ത്ര പത്രാസുകളെല്ലാം ഒറ്റ നിമിഷം കൊണ്ട് ഉരിഞ്ഞുപോയി. ആത്മനിന്ദ കൊണ്ട് നഗ്നയായിപ്പോയി ഞാനപ്പോള്‍.

മാറ്റൊലിയുടെ തുടക്കം
കോടി രൂപ ചെലവിട്ട ഉദ്യാനം. ശതകോടികളുടെ കൂറ്റന്‍ മാളികകള്‍. സഹസ്രകോടികളുടെ ഇടപാടുകള്‍... വികസനത്തെ പണക്കണക്കിന്‍െറ നാഴി കൊണ്ടുമാത്രമളക്കുമ്പോള്‍ അതിലൊന്നുംപെടാതെ കളത്തിനു പുറത്തായിപ്പോകുന്ന, ഭരണകൂടമോ അധികാരികളോ മാധ്യമങ്ങളോ പോലും കണ്ടില്ളെന്നുനടിക്കുന്ന  നമ്മുടെ നാട്ടിലെ ദരിദ്രജനകോടികളുടെ ജനനവും മരണവും പലപ്പോഴും ഇങ്ങനെയെല്ലാം തന്നെയാണ്. അത്തരം മനുഷ്യരുടെ വസ്ത്രം എന്ന മൗലികാവകാശം സംരക്ഷിക്കുന്നതിന് എന്തു ചെയ്യാനാകും എന്ന ആലോചനയാണ് ഗൂന്‍ജ് എന്ന കൂട്ടായ്മക്ക് തുടക്കമിടാന്‍ അന്‍ഷുവിനെ പ്രേരിപ്പിച്ചത്.

ബി.ബി.സിയില്‍ ജോലി ചെയ്തിരുന്ന ഭാര്യ മീനാക്ഷി ഗുപ്തയും ചില മാധ്യമസുഹൃത്തുക്കളുമായിരുന്നു തുടക്കത്തില്‍ ഒപ്പമുണ്ടായിരുന്നത്.  തന്‍െറയും കൂട്ടുകാരുടെയും വീടുകളില്‍നിന്ന് ശേഖരിച്ച 67 ജോഡി വസ്ത്രങ്ങള്‍ ഡല്‍ഹിയിലെ തെരുവുകളിലും പീടികത്തിണ്ണകളിലും കഴിയുന്ന സാധുക്കള്‍ക്കിടയില്‍ വിതരണം ചെയ്ത് 1999ല്‍ ആരംഭിച്ച ഗൂന്‍ജ് (goonj) ഇന്ന് രാജ്യമൊട്ടുക്കുമുള്ള ദരിദ്ര^ദുര്‍ബല സമൂഹത്തിന്‍െറ കരുതല്‍ പുതപ്പായി മാറിയിരിക്കുന്നു. നഗരങ്ങളില്‍നിന്ന് സ്വരൂപിക്കുന്ന വസ്ത്രങ്ങളും മറ്റു വസ്തുക്കളും ശേഖരിച്ച് തരം തിരിച്ച് കേടുപാടുകള്‍ തീര്‍ത്ത് ആവശ്യമുള്ള ഗ്രാമങ്ങളിലേക്ക് എത്തിക്കുക എന്ന സ്കൂളില്‍ നിന്ന് സ്കൂളിലേക്ക് (school to school) ദൗത്യമാണ് അവരിന്ന് മാതൃകാപരമായി നിറവേറ്റിപ്പോരുന്നത്. നഗരങ്ങളിലെ സ്കൂളുകളിലെ കുട്ടികളോട് ഗ്രാമീണഇന്ത്യ എങ്ങനെ ജീവിക്കുന്നു എന്ന് ബോധവത്കരിച്ച് അവരുടെ വീടുകളില്‍ മിച്ചമായ വസ്ത്രങ്ങളും പുതപ്പുകളും ഷൂസുകളും ചൂടിനെ പ്രതിരോധിക്കാനുള്ള കൂളിങ് ഗ്ളാസ് ഉള്‍പ്പെടെയുള്ള വസ്തുക്കളും ശേഖരിച്ച് ഗ്രാമങ്ങളിലെ സ്കൂളുകളിലെ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൈമാറുന്നു. ചീത്തയായിട്ടില്ളെങ്കിലും പുതുഅധ്യയന വര്‍ഷം പുതിയ സ്കൂള്‍ ബാഗും കുടയും യൂനിഫോമും ചെരിപ്പുകളും വാങ്ങുന്നവരില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച കേടുപാടില്ലാത്ത പഠന സാമഗ്രികളെല്ലാം ഇവര്‍ ശേഖരിക്കുന്നു.

കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചറുകള്‍, മൊബൈല്‍ ഫോണുകള്‍, ഫ്ളക്സ് ബാനറുകള്‍ എന്നിങ്ങനെ പുനരുപയോഗം സാധ്യമായ എല്ലാ വസ്തുക്കളുംഏറ്റെടുക്കും. ഗൂന്‍ജിന് ഓഫിസുകളില്ലാത്ത നഗരങ്ങളില്‍ വീടുകളോ റെസിഡന്‍റ്സ് അസോസിയേഷനുകളോ കേന്ദ്രീകരിച്ചാണ് ഈ ശേഖരണ പ്രക്രിയ നടത്തുന്നത്. വര്‍ഷംതോറും നദികള്‍ കരകവിഞ്ഞൊഴുകി ബിഹാറിലെയും അസമിലെയും ബംഗാളിലെയും മറ്റും ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമ്പോള്‍ വസ്ത്രങ്ങളും മറ്റു ദുരിതാശ്വാസ വസ്തുക്കളുമായി ആദ്യമത്തെുക ഇവരുടെ സന്നദ്ധ പ്രവര്‍ത്തകരാണ്. വിദ്യാര്‍ഥികളും സാമൂഹികപ്രവര്‍ത്തകരും പ്രഫഷനലുകളും വീട്ടമ്മമാരുമുള്‍പ്പെടുന്ന വലിയൊരു നിര വളന്‍റിയര്‍മാര്‍ ഇവര്‍ക്കൊപ്പമുണ്ട്. ഗൂന്‍ജ് എന്ന വാക്കിന് മാറ്റൊലി എന്നാണര്‍ഥം. കശ്മീര്‍ ഭൂകമ്പം, കശ്മീര്‍^ഉത്തരാഖണ്ഡ് പ്രളയങ്ങള്‍, സാല്‍വാ ജുദൂം ദ്രോഹം വിതച്ച ഛത്തിസ്ഗഢിലെ ഗ്രാമങ്ങള്‍, വര്‍ഗീയ കലാപം നൂറുകണക്കിനാളുകളെ തെരുവില്‍ തള്ളിയ മുസഫര്‍ നഗര്‍, അസം കലാപം തുടങ്ങിയ ദുരന്തങ്ങളിലും  ദുരിതങ്ങളിലും ഇവര്‍ സ്നേഹസംഗീതത്തിന്‍െറ മാറ്റൊലി മുഴക്കി. നേപ്പാളിനെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ കഷ്ടത്തിലായ ജനതക്ക് ഇന്ത്യന്‍ സുമനസ്സുകളുടെ ആശ്വാസ സമ്മാനങ്ങളത്തെിക്കാനും മുന്നില്‍ നടന്നു. ഈ വര്‍ഷത്തെ മഗ്സാസെ അവാര്‍ഡടക്കം നിരവധി അന്തര്‍ദേശീയ പ്രശസ്തമായ പുരസ്കാരങ്ങള്‍ ഈ നന്മക്കൂട്ടായ്മയെയും അതിന്‍െറ സ്ഥാപകനെയും തേടിയത്തെി. ഫോബ്സ് മാഗസിന്‍െറ അടയാളപ്പെടുത്തല്‍, അശോക ഫൗണ്ടേഷന്‍െറ ചേഞ്ച്മേക്കര്‍ പുരസ്കാരം, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന്‍െറയും നാസയുടെയും ബഹുമതി എന്നിവയുമെല്ലാം നേടുമ്പോഴും മരണത്തണുപ്പില്‍ നിന്ന് ജീവിതത്തിന്‍െറ ഊഷ്മളതയിലേക്ക് കൈപിടിച്ചു നടത്താനായ ആയിരങ്ങളുടെ മുഖത്തെ പുഞ്ചിരിയാണ് ഏറ്റവും തിളക്കമേറിയ പുരസ്കാരമെന്നാണ്  അന്‍ഷുവും കൂട്ടരും വിശ്വസിക്കുന്നത്.

കൊളുത്തി വലിച്ച മരണം
‘ആ ദിവസങ്ങളില്‍’ ധരിച്ച് ഓടാനും ചാടാനും നൃത്തമാടാനും കഴിയുന്ന നിരവധി ബ്രാന്‍റഡ് സാനിറ്ററി നാപ്കിനുകളെക്കുറിച്ചറിയാം നമുക്ക്. എന്നാല്‍ആര്‍ത്തവച്ചോര തുടച്ചുകളയാന്‍ ഒരു കണ്ടം തുണിപോലും കൈയിലില്ലാത്ത നൂറുകണക്കിന് ഇന്ത്യന്‍ സ്ത്രീകളെക്കുറിച്ച് എന്തറിയാം? അതുകാരണം, ജോലിക്കുപോകാനാവാതെ കുട്ടികളെ പട്ടിണിക്കിടേണ്ടിവരുന്ന അമ്മമാരെക്കുറിച്ചും നമ്മളെത്ര പേര്‍ കേട്ടിട്ടുണ്ട്? പാഡ് പോയിട്ട് കോറത്തുണി വാങ്ങാന്‍പോലും നിവര്‍ത്തിയില്ലാതെ പഴയ ഒരു ബ്ളൗസിന്‍ കഷണം ശുചിത്തുണിയായി ഉപയോഗിക്കവെ അതിലെ തുരുമ്പുപിടിച്ച ഹുക്ക് കൊണ്ട് മുറിഞ്ഞു പഴുത്ത് ടെറ്റനസ് ബാധിച്ചു മരിച്ച ഉത്തര്‍ പ്രദേശ് സ്വദേശിനിയെക്കുറിച്ച് കേട്ടറിഞ്ഞാണ് ഗൂന്‍ജ് ഗ്രാമീണ മേഖലകളില്‍ വെറുമൊരു കീറത്തുണിയല്ല (not just a piece of cloth) എന്ന പേരില്‍ സാനിറ്ററി നാപ്കിന്‍ വിതരണ പദ്ധതി ആരംഭിച്ചത്.

ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പന്നങ്ങളല്ല, മറിച്ച് ശേഖരിക്കുന്ന വസ്ത്രങ്ങളില്‍ മിച്ചംവരുന്നവ സംസ്കരിച്ച് മൈ പാഡ് എന്ന പേരില്‍ സംഘടന തന്നെ തയാറാക്കുന്ന വൃത്തിയും ഉപയോഗിക്കാന്‍ എളുപ്പവുമുള്ള നാപ്കിനുകളാണ് നല്‍കുന്നത്. തുണിക്കഷണം മാത്രമല്ല, ഒരു തുണ്ട് കടലാസുപോലും പാഴാക്കരുതെന്നും പുനരുപയോഗം ചെയ്യണമെന്നും ഈ സംഘം പുലര്‍ത്തുന്ന ആഹ്ളാദകരമായ നിഷ്കര്‍ഷത ബോധ്യമാവുന്നത് അവര്‍ നല്‍കുന്ന രസീതികളും വിസിറ്റിങ് കാര്‍ഡുകളും കാണുമ്പോഴാണ്. ഒരു ഭാഗം ഉപയോഗിച്ച കടലാസുകള്‍ ഓഫിസുകളില്‍ നിന്നും വ്യക്തികളില്‍നിന്നും ശേഖരിച്ച് അതിന്‍െറ മറുപുറം രസീതി പുസ്തകത്തിനും ഓഫിസ് റെക്കോഡുകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുകയാണ് ഇവിടത്തെ രീതി. കടലാസിനായി ഒരു മരത്തെപ്പോലും നോവിക്കാതെ ഒരേ സമയം സാമൂഹിക സേവനത്തിന്‍െറയും പരിസ്ഥിതി സംരക്ഷണത്തിന്‍െറയും പാഠങ്ങള്‍ പകരുന്നു. സംഭാവനയായി ലഭിക്കുന്ന പേപ്പറുകളിലെ സ്റ്റാപ്ളര്‍ പിന്നുകള്‍ പോലും ശ്രദ്ധാപൂര്‍വം സ്വരുക്കൂട്ടി വിറ്റ് അതും സംഘടനയുടെ പ്രവര്‍ത്തനഫണ്ടിലേക്ക് മുതല്‍ക്കൂട്ടുന്നു! പഴയ കല്യാണക്ഷണക്കുറികള്‍  ശേഖരിച്ച് അവയുടെ മറുപുറത്താണ് വിസിറ്റിങ് കാര്‍ഡുകള്‍ തയാറാക്കുന്നത്.

പൊടുന്നനെ ദുരിതങ്ങള്‍ സംഭവിക്കുന്ന മേഖലയില്‍ അടിയന്തരമായി വസ്ത്രവും പുതപ്പും ഭക്ഷണവും എത്തിക്കുമ്പോഴും മറ്റു പ്രദേശങ്ങളില്‍ വസ്ത്രങ്ങള്‍ എല്ലായ്പ്പോഴും സൗജന്യമായി വിതരണംചെയ്ത്, വാങ്ങുന്നവരുടെ അഭിമാനത്തിനും അധ്വാനശീലത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയല്ല ഇവര്‍ പ്രചരിപ്പിക്കുന്നത്. മറിച്ച്  മണ്ണൊലിപ്പുള്ള ഇടങ്ങളില്‍  കണ്ടല്‍ വേലികള്‍ നട്ടുവളര്‍ത്തുന്നതിനും പ്രളയമേഖലകളില്‍ പാലങ്ങള്‍ നിര്‍മിക്കുന്നതിനും പൊതുകിണര്‍ കുഴിക്കാനും സ്കൂള്‍ കെട്ടിടം പണിയാനും ഉള്‍പ്പെടെ  ഗ്രാമങ്ങളിലെ വിവിധ അടിസ്ഥാന സൗകര്യ വികസന ജോലികളില്‍ പങ്കാളികളാക്കി അതിനുള്ള പ്രതിഫലമായി വസ്ത്രം നല്‍കുന്ന പണിക്കു പ്രതിഫലം തുണി (cloth for work)പദ്ധതിയാണ് നടപ്പാക്കുന്നത്. വസ്ത്രത്തിനു പുറമെഗൃഹോപകരണങ്ങളും ഗ്രാമത്തിന്‍െറ പൊതു ഉപയോഗത്തിനുതകുന്ന വസ്തുക്കളും സംഘടന കൈമാറുന്നു.

ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ (കേരളത്തില്‍ ഇല്ല) വിവിധ സന്നദ്ധസംഘങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും പങ്കാളിത്തത്തോടെ ഈ സംഘം പ്രവര്‍ത്തിക്കുന്നു. പ്രതിമാസം 70,000 കിലോ വസ്ത്രങ്ങളും മറ്റു സാമഗ്രികളും ആയിരക്കണക്കിന് നാപ്കിനുകളും സ്കൂള്‍ ബാഗുകളും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഭൂമിയെ ഒന്നിലധികം തവണ പുതപ്പിക്കാന്‍ തികയുന്നത്ര വസ്ത്രങ്ങള്‍ അലമാരകളില്‍ അടച്ചുപൂട്ടിവെച്ചിരിക്കുന്ന കേരളക്കരയും പ്രവാസി മലയാളി സമൂഹവും കൈകോര്‍ത്താല്‍ ഇനിയുമേറെ മുഖങ്ങളില്‍ പുഞ്ചിരി വിരിയിക്കാനും ഈ സ്നേഹ ഗീതത്തിന്‍െറ മാറ്റൊലി കൂടുതല്‍ ദൂരങ്ങളിലേക്കത്തെിക്കാനും കഴിയുമെന്നുറപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story