Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഇന്‍പശേഖര്‍ ഐ.എ.എസ്

ഇന്‍പശേഖര്‍ ഐ.എ.എസ്

text_fields
bookmark_border
ഇന്‍പശേഖര്‍ ഐ.എ.എസ്
cancel

കാട്ടാനകളുടെ ഗര്‍ജനമില്ലാത്ത ഒരുരാത്രിയെങ്കിലും സ്വപ്നംകണ്ട് കഴിയുന്ന പടച്ചേരി ഗ്രാമത്തില്‍ നിന്നാണ് 27കാരനായ ഇന്‍പശേഖര്‍ തന്‍െറ ഐ.എ.എസ് സ്വപ്നങ്ങള്‍ക്ക് ചിറകുവിടര്‍ത്തിയത്. പകല്‍സമയങ്ങളില്‍പോലും വന്യമൃഗങ്ങള്‍ വിഹരിക്കുന്ന നാട്ടുവഴിയിലൂടെ  കാക്കി ട്രൗസറും തൂവെള്ള ഷര്‍ട്ടും ധരിച്ച് സ്കൂളിലേക്ക് ശ്വാസമടക്കിപ്പിടിച്ച് നടക്കുന്ന തമിഴ്കുട്ടികള്‍ക്കൊപ്പം ഇന്‍പശേഖറും ഉണ്ടായിരുന്നു. സങ്കീര്‍ണവും ദുര്‍ഘടവുമായിരുന്നു സ്കൂള്‍യാത്ര.  മാതാപിതാക്കള്‍ അതിരാവിലെ തേയിലത്തോട്ടങ്ങളിലേക്കും മറ്റും ജോലിക്കിറങ്ങുമ്പോള്‍ കുട്ടികള്‍ സ്കൂളിലേക്കും തിരിക്കുന്നു. കഷ്ടിച്ച് 10ാം ക്ളാസ് കഴിഞ്ഞാല്‍ പിന്നെ തൊഴിലന്വേഷിച്ച് നടക്കുന്ന കൗമാരങ്ങളില്‍ നിന്ന് വേറിട്ടവഴികളിലായിരുന്നു ഇന്‍പശേഖറിന്‍െറ നടത്തം. അടിസ്ഥാന സൗകര്യങ്ങളേതുമില്ലാത്തൊരു ഗ്രാമത്തില്‍നിന്ന് തന്‍േറതായൊരു വഴിതുറന്നാണ് ഈ തമിഴ്മകന്‍ സിവില്‍ സര്‍വിസ് സ്വപ്നങ്ങളിലേക്ക്  പ്രയാണം തുടങ്ങിയത്.

തമിഴ്നാട്ടില്‍ നീലഗിരി ജില്ലയിലെ ചേരമ്പാടിക്കു സമീപമാണ് പടച്ചേരി ഗ്രാമം. സിരിമാവോ ബണ്ഡാര നായകെ ^ലാല്‍ബഹദൂര്‍ ശാസ്ത്രി ഉടമ്പടി പ്രകാരം ശ്രീലങ്കയില്‍ നിന്ന് മാതൃരാജ്യത്തേക്ക് മടങ്ങിയ തമിഴ് കുടുംബങ്ങളെ പുനരധിവസിപ്പിച്ച ഗ്രാമങ്ങളിലൊന്നാണിത്. വയനാടതിര്‍ത്തിയില്‍ നിന്ന് ആറ് കി.മീറ്റര്‍ മാത്രം ദൂരമുള്ള പ്രദേശം. 1967നുമുമ്പ് കൊടുംവനമായിരുന്നു ഇവിടെയെല്ലാം. ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി പിന്നീടിത് വെട്ടിമാറ്റി തേയിലത്തോട്ടമാക്കി. പതിനായിരക്കണക്കിന് ദലിത് കുടുംബങ്ങള്‍ ടാന്‍ ടി തേയിലത്തോട്ടത്തില്‍ ജോലിചെയ്ത് ജീവിക്കുന്നു. സര്‍ക്കാര്‍ സ്കൂളിനപ്പുറമൊന്നും തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ പ്രാപ്തിയില്ലാത്ത അഭയാര്‍ഥികള്‍ക്കിടയില്‍ നിന്നാണ് ഇന്‍പശേഖറിന്‍െറ ഉദയം. സംവരണംകൊണ്ടുമാത്രം സര്‍ക്കാര്‍ ജോലിയെന്ന കടമ്പ കടക്കുന്ന ഇവിടത്തെ യൗവനങ്ങള്‍ക്ക്് എക്കാലവും പ്രചോദനമാവുക ഇന്‍പശേഖര്‍ എത്തിപ്പിടിച്ച, എത്തിച്ചേര്‍ന്ന ഉയരങ്ങളാകും.

തിരുപ്പൂര്‍ തുണിമില്ലില്‍ തയ്യല്‍ തൊഴിലാളിയായ കാളിമുത്തുവിന്‍െറയും ചേരങ്കോട് തേയിലത്തോട്ടം തൊഴിലാളിയായിരുന്ന ഭൂപതിയുടെയും മൂന്നു മക്കളില്‍ മൂത്തവനായ ഇന്‍പശേഖര്‍ പഠനത്തില്‍ അസാധാരണ മിടുക്ക് പ്രകടിപ്പിക്കുന്നതിനൊപ്പം തന്നെ പരന്ന വായനയിലൂടെ പൊതു അറിവ് സ്വായത്തമാക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പഠനത്തിനൊപ്പം പൊതുവിജ്ഞാനവും ചരിത്രവും രാഷ്ട്രീയവും അറിയാന്‍ വായനശാലകളിലെ കനപ്പെട്ട ഗ്രന്ഥങ്ങള്‍ ഇന്‍പശേഖറിന് വഴികാട്ടിയായി. സമകാലിക സംഭവങ്ങള്‍ പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും നിരീക്ഷിക്കുന്നതിനൊപ്പം  പത്ര കട്ടിങ്ങുകള്‍ ഉള്‍പ്പെടെ സൂക്ഷിക്കാനും മറന്നില്ല. ഇതെല്ലാം പല ആവര്‍ത്തി വായിക്കുകയെന്നതാണ് ഇന്‍പശേഖറിന്‍െറ പ്രധാന ഹോബി. ചേരമ്പാടി, പന്തല്ലൂര്‍, ഗൂഡല്ലൂര്‍ വായനശാലകളില്‍ സ്കൂള്‍ പഠനകാലത്തു തന്നെ ഇന്‍പശേഖറിന് അംഗത്വമുണ്ടായിരുന്നു. പിന്നീട് കോയമ്പത്തൂരിലെയും ഹൈദരാബാദിലെയും ഡിജിറ്റല്‍ ലൈബ്രറികളിലേക്കുവരെ ഇത് നീണ്ടു. വായന ജീവിതത്തിന്‍െറ ഭാഗമായത് ഹൈസ്കൂള്‍ വിദ്യാഭ്യാസകാലം മുതലാണെന്ന് ഇന്‍പശേഖര്‍ പറയുന്നു. തുടര്‍ന്നങ്ങോട്ട് പുസ്തകങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങി. നിരവധി പുസ്തകങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ജീവിതത്തിന്‍െറ ദിശതന്നെ തിരിച്ചുവിട്ടത് കുറെ നല്ല പുസ്തകങ്ങളായിരുന്നു.

ഐ.എ.എസ് എന്ന മോഹം മനസ്സില്‍ മുളക്കുന്നതും ഹൈസ്കൂള്‍ പഠനകാലത്തായിരുന്നു. പിന്നീടുള്ള ഓരോ ചുവടും സിവില്‍ സര്‍വിസ് എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് മാത്രം. ആഗ്രഹം വ്യക്തമാക്കിയപ്പോള്‍ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകരും പിശുക്കുകാട്ടിയില്ല. നിരവധി പ്രതിസന്ധികള്‍ അലട്ടിയപ്പോഴും തളരാതെനിന്നു മാതാപിതാക്കള്‍. അണ്ണന് കൈത്താങ്ങായി കൂടെയുണ്ട് സഹോദരന്‍ കാര്‍ത്തിക്കും അനുജത്തി കാളിയമ്മയും. കാളിമുത്തു അണ്ണന്‍െറ മകന് ഐ.എ.എസ് കിട്ടിയതില്‍ സന്തോഷം പങ്കിടാന്‍ പടച്ചേരി ഗ്രാമംതന്നെ ഇവര്‍ക്കൊപ്പംചേരുന്നു. ലങ്കയിലെ സിംഹള ഭീകരതയില്‍ നിന്ന് രക്ഷനേടാന്‍ രായ്ക്കു രാമാനും രാമേശ്വരംവഴി മണ്ഡപം ക്യാമ്പിലൂടെ ഇവിടെയത്തെിയ തമിഴ് ദലിത് കുടുംബങ്ങള്‍ക്ക് കഠിനമായ ജോലിയെടുത്താണെങ്കിലും ജീവിക്കുകയെന്നേയുണ്ടായിരുന്നുള്ളൂ.  വലിയ  ആഗ്രഹങ്ങളൊന്നുമില്ലാതെ കാട്ടുമൃഗങ്ങളോട് മല്ലടിച്ച് ജീവിക്കുന്ന ഇവര്‍ക്കിടയില്‍ നിന്നാണ്  ഇന്‍പശേഖര്‍ സിവില്‍ സര്‍വിസ്  നേട്ടങ്ങളിലേക്ക് ത്യാഗസുരഭിലമായ യാത്ര തുടങ്ങിയത്. സഞ്ചരിച്ച വഴികളിലെല്ലാം താങ്ങും തണലുമായി സൗഹൃദങ്ങളുണ്ടായിരുന്നു.  പഠനകാലത്ത് മനസ്സില്‍തോന്നിയൊരു സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൂടെ നിന്നവരും പ്രോത്സാഹിപ്പിച്ചവരുമായി നിരവധിപേര്‍. നന്ദിയിലും കടപ്പാടിലും മാത്രമൊതുങ്ങാതെ സഹായിച്ചവരുടെ മുഖങ്ങളോരോന്നും ഇന്‍പശേഖറിന്‍െറ മനസ്സിലുണ്ട്. ആരെയെങ്കിലും കുറച്ചുപേരെ പേരെടുത്തുപറയുന്നതില്‍ അര്‍ഥമില്ളെന്ന പക്ഷക്കാരനാണ് ഈ യുവാവ്.  പഠനം പൂര്‍ത്തിയാക്കിയ സ്കൂളുകളില്‍ പ്രൗഢോജ്വലമായ വരവേല്‍പ്പ് ഏറ്റുവാങ്ങി നിറഞ്ഞ മനസ്സോടെയാണ് ഇന്‍പശേഖര്‍ ദല്‍ഹിക്കു തിരിച്ചത്. അടുത്തമാസം  സിവില്‍ സര്‍വിസ് ട്രെയിനിങ്ങിനായി മസൂറിയക്ക് തിരിക്കും.  

ടാന്‍ ടീ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ചേരമ്പാടി ഗവ. ഹൈസ്കൂളിലും ഗൂഡല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും തുടര്‍പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നായി അഗ്രികള്‍ചര്‍ വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹൈദരാബാദിലെ പഠനകാലത്ത് മൂന്നു മാസക്കാലം സൗജന്യ സിവില്‍ സര്‍വിസ് കോച്ചിങ്ങിന് പോയി. പിന്നീടുള്ള പഠനം സ്വന്തംനിലക്ക്. ഇതിനിടെ, ഇന്ത്യന്‍ അഗ്രികള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്‍റിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട്,  ഡല്‍ഹിയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സിവില്‍ സര്‍വിസിലേക്കുള്ള ടെസ്റ്റ് സീരിസിലും മോക് ഇന്‍റര്‍വ്യൂവിലും പങ്കെടുത്തു. തന്‍െറ പ്രയാണത്തിന് ഇന്ദ്രപ്രസ്ഥം നല്‍കിയ ഊര്‍ജത്തില്‍ നിന്നാണ് ഈ ദലിത് യുവാവ് തന്‍െറ ഐ.എ.എസ് സ്വപ്നങ്ങള്‍ക്ക് ഊടും പാവും തുന്നിയത്. സ്കൂള്‍ പഠനകാലത്തു തന്നെ അസാധാരണമായ സംശയങ്ങള്‍ പ്രകടിപ്പിക്കുന്ന ഇന്‍പശേഖര്‍ അധ്യാപകര്‍ക്ക് കൗതുകവും ചിലപ്പോഴൊക്കെ തലവേദനയും സൃഷ്ടിച്ചിരുന്നു. ഡല്‍ഹിയില്‍ ജോലി കിട്ടിയതോടെ ഇന്‍പശേഖറിന്‍െറ സ്വപ്നങ്ങള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങുകയായിരുന്നു.

നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും തന്‍െറ യാത്രക്ക് പ്രയോജനപ്രദമായി. ഭരണതലങ്ങളിലെ പലകാര്യങ്ങളും പഠിക്കാനും മനസ്സിലാക്കാനും ഡല്‍ഹിവാസം ഇന്‍പശേഖറിന് സഹായകമായി. അഞ്ചാംതവണ സിവില്‍ സര്‍വിസ് പരീക്ഷയെഴുതിയപ്പോഴാണ് 439ാം റാങ്കോടെ ഐ.എ.എസിന്‍െറ സങ്കീര്‍ണമായ പടിക്കെട്ടുകള്‍ കയറാനായത്. 2010ല്‍ ഐ.എഫ്.എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ്) ലഭിച്ചെങ്കിലും നീളക്കുറവ് വിനയായി പുറത്തേക്കു പോയപ്പോഴും ഐ.എ.എസ് എന്ന സ്വപ്നത്തിന് ഇത് ഒരുതരത്തിലും നിരാശ സമ്മാനിച്ചില്ല. മറിച്ച്, കൂടുതല്‍ ഊര്‍ജസ്വലതയോടെ പഠനം തുടര്‍ന്നപ്പോള്‍ ലക്ഷ്യപ്രാപ്തിയിലേക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story