കുടവെച്ചൂർ ഇപ്പോൾ ‘ബന്തിവെച്ചൂർ’
text_fieldsകുടവെച്ചൂർ ശാസ്തംകുളത്തേക്ക് വന്നാൽ ബന്തിപ്പൂവ് വിളവെടുപ്പ് നേരിട്ട് കാണാം. രണ്ടു വീട്ടമ്മമാരുടെ മനസിൽ തോന്നിയ ആശയമാണ് പൂവായി വിരിഞ്ഞത്. കിരൺ നിവാസിൽ രാജേഷി
ന്റെ ഭാര്യ സി.കെ. ആശയും ഐക്കരത്തറ ബീമാ നൗഷാദിനും വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് വരുമാനം ഉണ്ടാക്കണമെന്ന ചിന്തയാണ് പൂകൃഷിയിലേക്ക് എത്തിച്ചത്. സ്വന്തമായി കൃഷി സ്ഥലമില്ലാത്ത കൂട്ടുകാരികളുടെ മനസിന്റെ അഭിരുചി തൊട്ടറിഞ്ഞ അയൽപക്കത്തെ പത്മശ്രീയിൽ ബീന ശശി ഒരേക്കർ കൃഷിക്കായി വിട്ടുനൽകി.
പ്രത്യേക നിലം ഒരുക്കി പുളിപ്പില്ലാത്ത ഭൂമിയാക്കിയാണ് കൃഷിയിറക്കിയത്. ഇതിന് 16,000ത്തോളം രൂപ ചെലവായി. കോയമ്പത്തൂരിൽ നിന്ന് ആഫ്രിക്കൻ മാരിഗോൾഡ് ഇനത്തിൽപെട്ട 4000ത്തോളം വിത്തു പാകിയാണ് തൈകൾ നട്ടുവളർത്തിയത്. പ്രകൃതിയോട് ഇണങ്ങുന്നതും മണ്ണ് മലിനപ്പെടാത്തതുമായ സംരംഭം ജൈവകൃഷിയിലാണ് ആരംഭിച്ചത്. നട്ടുവളർത്തിയ ചെടി 55ാം നാൾ തന്നെ പൂമൊട്ടിട്ടു. 70 ദിവസം പിന്നിട്ടതോടെ ചെടികൾ പൂർണവളർച്ചയിലെത്തി. ഒരു കിലോക്ക് 32 പൂക്കൾ മതിയാകും.
പൂകൃഷിയെ തുടക്കത്തിൽ തള്ളിപ്പറഞ്ഞവർ അഭിനന്ദ പ്രവാഹവുമായി ഒപ്പംചേർന്നു. ആശയുടെ മക്കളായ കീർത്തി നന്ദ, കിരൺ, ബീമയുടെ മക്കളായ ഷഹാന, ഷാഹിത് എന്നിവർക്കാണ് പൂന്തോട്ടത്തി
ന്റെ കീടനിയന്ത്രണത്തിന്റെ ചുമതല. കുട്ടികളെ സ്കൂളിൽ അയച്ചു കഴിഞ്ഞാലുടൻ ആശയും ബീമയും പൂക്കളുടെ കളിക്കൂട്ടുകാരായി മാറും. അരൂർ, ആലപ്പുഴ, കോട്ടയം എന്നിവടങ്ങളിലെ പൂമൊത്ത വ്യാപാരികൾ വിളവ് വാങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കിലോക്ക് 100 രൂപയാണ് വില. രണ്ടു മാസത്തെ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുകുടുംബവും. പൂകൃഷിയിൽ നേട്ടം കൊയ്ത കൂട്ടുകെട്ട് ഇനി ജൈവ പച്ചക്കറിയിലേക്ക് വഴിമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
