‘കാറ്റെക്’ എന്നാല്‍ രഞ്ജിത്ത്

17:10 PM
16/11/2015
ആര്‍. രഞ്ജിത്ത്

പടക്കം പൊട്ടിച്ചും ചെണ്ട, പാട്ട എന്നിവ കൊട്ടിയും തീകൂട്ടിയും വന്യമൃഗങ്ങളെ തുരത്തുന്ന കാലം പഴങ്കഥയാകുന്നു. ജനവാസ മേഖലകളില്‍ ജനത്തിനും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ തുരത്താന്‍ ആധുനിക ഉപകരണവുമായി ശ്രദ്ധേയനാവുകയാണ് കോന്നി മുരിങ്ങമംഗലം അങ്ങാടിയില്‍ വീട്ടില്‍ ആര്‍. രഞ്ജിത്ത്. നാട്ടറിവുകളെയും പരമ്പരാഗത രീതികളെയും ആധുനിക ഇലക്ട്രോണിക്സ് സാങ്കേതികതയുമായി കൂട്ടിച്ചേര്‍ത്താണ് നാച്വറല്‍ വൈല്‍ഡ് അനിമല്‍ സെന്‍സിങ് ആന്‍ഡ് ഫെന്‍സിങ് സിസ്റ്റം (കാറ്റെക്) എന്ന ഉപകരണം രഞ്ജിത്ത് വികസിപ്പിച്ചെടുത്തത്. ഇതിന്‍െറ പേറ്റന്‍റിനായി അപേക്ഷിച്ചിരിക്കുകയാണ് രഞ്ജിത്ത്. 

10 മുതല്‍ 400 മീറ്റര്‍ വരെ ദൂരത്തില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം പ്രത്യേകം രൂപകല്‍പന ചെയ്ത സെന്‍സര്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയുന്ന ഉപകരണമാണിത്. ഇതിന്‍െറ ഹോണിലൂടെ മൃഗങ്ങളെ ഭയപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിക്കാനാകും. ആനയെ പേടിപ്പിച്ച് ഓടിക്കാന്‍ കടുവയുടെയും തേനീച്ചയുടെയും ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തതും വന്യമൃഗങ്ങള്‍ക്ക് അരോചകം ഉണ്ടാക്കുന്നതുമായ ഇന്‍ഫ്രാസോണിക്, അള്‍ട്രാസോണിക് തരംഗങ്ങളും ഈ ഉപകരണം പുറപ്പെടുവിക്കും. 


സൗരോര്‍ജം ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരു യൂനിറ്റിന് 8,000 മുതല്‍ 18,000 രൂപ വരെ വിലവരും. ഒരു യൂനിറ്റ് കൊണ്ട് ഏകദേശം ഒരേക്കര്‍ സ്ഥലത്തെ കൃഷി സംരക്ഷിക്കാന്‍ കഴിയുമെന്ന് രഞ്ജിത്ത് പറയുന്നു. ഈ ഉപകരണത്തിന്‍െറ പോര്‍ട്ടബിള്‍ എലിഫന്‍റ് റിപ്പല്ലര്‍ യൂനിറ്റ് ശബരിമല തീര്‍ഥാടനകാലത്ത് വനംവകുപ്പ് ഗ്രൂഡിക്കല്‍ റേഞ്ചിലെ പ്ളാപ്പള്ളി-ശബരിമല റോഡില്‍ ഉപയോഗിക്കുന്നുണ്ട്. മാസങ്ങള്‍ക്കുമുമ്പ് കുളത്തൂപ്പുഴയിലും മറയൂരിലും കാട്ടാനയെ തുരത്താന്‍ വനം വകുപ്പ് ഈ ഉപകരണത്തിന്‍െറ സഹായം തേടിയിട്ടുണ്ട്.
COMMENTS