വേഷങ്ങള്‍ അഴിച്ചുവെച്ചൊരു നാടകം
text_fields‘വരൂ കൂട്ടുകാരെ, നമുക്ക് കൂട്ടത്തോടെ നാടകം കളിക്കാം. നാമെല്ലാവരും ഇതിലെ കഥാപാത്രങ്ങളാണ്. നാടകം നാടിനുവേണ്ടിയാകുന്നു...’ കോഴിക്കോട് പൂക്കാട് കലാലയത്തില്‍ കൂടിനിന്ന നാടകപ്രേമികളായ കുട്ടികളോട് മനോജ് നാരായണന്‍ പറഞ്ഞു. പുതിയ തലമുറയിലേക്ക് ഇഴുകിച്ചേര്‍ന്ന്, അവരിലൊരാളായി, അവരില്‍ നിന്ന് പഠിച്ച്, അവര്‍ക്കൊപ്പം കളിച്ച് നാടകത്തിന്‍െറ പുതിയ ഭൂമിയും പുതിയ ആകാശവും സമ്മാനിക്കുകയാണ് മനോജ്. ഇത്തവണയും മനോജിനെത്തേടി കേരളസംഗീത നാടക അക്കാദമിയുടെ സംവിധായകനുള്ള പുരസ്കാരമെത്തി. ഇത് അഞ്ചാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. വടകര വില്യാപ്പള്ളി തുണ്ടിമഠത്തില്‍ പരേതനായ നാരായണന്‍ നായര്‍^രാധ ദമ്പതികളുടെ മകന് ജീവിതം തന്നെ നാടകമാണ്. ഇത്രമേല്‍ നാടകവുമായി ഇഴുകിച്ചേര്‍ന്ന ജീവിതം പുതിയ കാലത്ത് അപൂര്‍വകാഴ്ചയാണ്. നടന്‍, നാടകകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം മനോജ് ഇതിനകം പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രിയം ഏതെന്ന ചോദ്യം തീരും മുമ്പേ ഉത്തരം വന്നു; സംവിധാനമെന്ന്. പെണ്‍വേഷം കെട്ടി അരങ്ങില്‍ ഒറ്റ രംഗത്ത് മാത്രം വന്നുപോയ ആ 10 വയസ്സുകാരന്‍ മലയാള നാടകലോകത്തെ നിറസാന്നിധ്യമാണിന്ന്.
നാടകം കണ്ടുവളര്‍ന്ന ബാല്യമാണ് മനോജിന്‍േറത്. ഏഴു പതിറ്റാണ്ടായി വില്യാപ്പള്ളിയിലെ കലാകേന്ദ്രമായ നാറോത്ത് പറമ്പിനടുത്തുള്ള വീട്ടിലാണ് മനോജ് ജനിച്ചത്. ഓര്‍മവെച്ച നാള്‍ മുതല്‍ നാറോത്ത് പറമ്പില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍ അരങ്ങേറിയിരുന്ന കഥകളിമുതലുള്ള എല്ലാ കലാരൂപങ്ങളും കണ്ടാണ് വളര്‍ന്നത്. അക്കാലത്ത് നാടെങ്ങും ക്ളബുകള്‍ സജീവമായിരുന്നു. ഒട്ടുമിക്കവരും ഏതെങ്കിലും കലാപ്രവര്‍ത്തനത്തിന്‍െറ ഭാഗമാവും. ഇതിന്‍െറ തുടര്‍ച്ചയായി നാറോത്ത് പറമ്പിലെ ഗ്രാമീണ കൂട്ടായ്മയില്‍ മനോജും പങ്കാളിയായി. അക്കാലത്ത് ഏറെ നാടകങ്ങള്‍ കണ്ടു. കണ്ടവയെല്ലാം മനസ്സില്‍ കോറിയിട്ടു. എങ്ങനെയെങ്കിലും നാടകപ്രവര്‍ത്തനത്തിന്‍െറ ഭാഗമാവണമെന്ന ചിന്ത മനസ്സിലുറച്ചു. എല്ലാവരും നാടകം കണ്ട് കഥയും കഥാപാത്രങ്ങളെയും മനസ്സിലേറ്റി തിരിച്ചുപോരുമ്പോള്‍ മനോജ് രംഗാവതരണത്തിന്‍െറ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കുകയായിരുന്നു. ഏറെ കണ്ണീരിന്‍െറ കഥയുണ്ട് മനോജിന്‍െറ ബാല്യത്തിന് പറയാന്‍. ഇടത്തരം കുടുംബത്തിലാണ് ജനനം. ഇല്ലായ്മയുടെ രുചി അറിഞ്ഞു. ഇതിനിടെ, ജ്യേഷ്ഠന്‍ അപകടത്തില്‍പെടുകയും ദീര്‍ഘകാലം ചികിത്സക്ക് വിധേയനാവുകയും ചെയ്തു. അപ്പോള്‍ അച്ഛന്‍ ജോലി നിര്‍ത്തി. ആശുപത്രയില്‍ ജ്യേഷ്ഠന് കൂട്ടിരുന്നു. പിന്നെ, എന്തെങ്കിലും ജോലി ചെയ്യാതെ മുന്നോട്ടു പോവാനാവില്ളെന്നുവന്നു. അങ്ങനെ, പത്രം വില്‍പന, വില്യാപ്പള്ളിയിലെ കലാരമ പ്രസ് അടിച്ചുവാരല്‍, നാടന്‍ പണികള്‍... എന്നിങ്ങനെ പല വേഷങ്ങള്‍ കെട്ടി. ഒക്കെ, ഇന്നലെ അഴിച്ച വേഷംപോലെ മനോജിന്‍െറ മനസ്സില്‍ പച്ചപിടിച്ചുകിടക്കുന്നു.
കൊല്ലന്‍െറ ആലയിലെ പെണ്‍കുട്ടി
ആദ്യമായി പെണ്‍വേഷം കെട്ടിയാണ് അരങ്ങിന്‍െറ ഭാഗമായത്. അതും ഒറ്റ രംഗത്ത്, കൊല്ലന്‍െറ ആലയിലത്തെുന്ന പെണ്‍കുട്ടിയുടെ റോളില്‍. പിന്നെ, കാര്‍ത്തികപള്ളി നമ്പര്‍വണ്‍ യു.പി. സ്കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകനായ ആര്‍ട്ടിസ്റ്റ് രാംദാസ് മാഷാണ് നാടകത്തില്‍ അഭിനയിപ്പിച്ചത്. അതൊരു സംസ്കൃത നാടകമായിരുന്നു. അന്ന്, ആദ്യം തെരഞ്ഞെടുക്കപ്പെട്ടവരില്‍ മനോജുണ്ടായിരുന്നില്ല. റിഹേഴ്സല്‍ സമയത്തെ സ്ഥിരം കാഴ്ചക്കാരനായിരുന്നു. ഒരു കുട്ടി വരാത്തഒഴിവില്‍ അവിചാരിതമായി മാസ്റ്റര്‍ മനോജിനെ തെരഞ്ഞെടുക്കുകയായിരുന്നു. വില്യാപ്പള്ളി എം.ജെ. സ്കൂളില്‍ പഠിക്കുമ്പോഴേക്കും നാടകത്തിന്‍െറ ലോകം തന്നെയാണ് തന്‍െറ വഴിയെന്ന് തീരുമാനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പ്രാരബ്ധങ്ങള്‍ക്കിടയിലും നാടകത്തെ കൈയൊഴിഞ്ഞില്ല. പിന്നെ, കുറച്ചുകാലം അരങ്ങിലെ പ്രകാശ നിയന്ത്രണവുമായി അലഞ്ഞു. അക്കാലത്താണ് കെ.വി.എ. പ്രസാദ്, ജയന്‍ തിരുമന, വിജയന്‍ ആയാടത്തില്‍ തുടങ്ങിയ നാടകപ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നത്. സ്വയം തിരിച്ചറിയാനും മറ്റുള്ളവരുമായി സംവദിക്കാനുമുള്ള തന്‍െറ മാധ്യമം നാടകമാണെന്ന് തിരിച്ചറിയുന്നതപ്പോഴാണ്.
എക്കാലത്തെയും നാടകപ്രതിഭ കെ.ടി. മുഹമ്മദ് ഏറെ സ്വാധീനിച്ചു. ജയപ്രകാശ് കുളൂര്‍, പ്രദീപ് കാവുന്തറ, എ. ശാന്തകുമാര്‍, ടി. സുരേഷ്ബാബു എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു. കൊയിലാണ്ടിയിലെ കുനിയോറ മലയിലെ അമച്വര്‍ നാടകസംഘം ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത നാടകകൂട്ടായ്മയാണ്. സ്വപ്നവേട്ട, പെണ്ണമ്മ, ഏകാകിനി, ചിരുത ചിലതൊക്കെ മറന്നുപോയി തുടങ്ങിയ നാടകങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് ഈ സംഘത്തിന്‍െറ പിന്‍ബലം കൊണ്ടുമാത്രമാണ്. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ്, വല്ലച്ചിറ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രിയനന്ദന്‍, ശശിധരന്‍ നടുവില്‍, സി.ഡി. ജോസ് തുടങ്ങിയവരുടെ സഹായത്തോടെ നാടക പ്രവര്‍ത്തനം നടത്തി. ഇപ്പോള്‍, കേരളത്തിനകത്തും പുറത്തും വിദേശത്തും നാടകപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി.
നാടകം മരണമില്ലാത്ത കലയാണ് മനോജിന്. സംവിധായകനുള്ള അവാര്‍ഡു പോലും ഒരു വ്യക്തിക്കുള്ള അംഗീകാരമല്ല മറിച്ച് , ഒരു കൂട്ടായ്മയുടെ വിജയമാണത്. പുതിയ കാലത്ത് നാടകം ശക്തമായി തിരിച്ചുവരുന്നു. കേരളീയന്‍െറ മനസ്സിലെപ്പോഴും നാടകമുണ്ട്. ഗര്‍ഫ് രാജ്യങ്ങളിലൊക്കെ നാടകത്തിന് കിട്ടുന്ന സ്വീകാര്യത ഇതിനു തെളിവാണ്. ഏറ്റവും ശക്തമായി നിലനില്‍ക്കുന്ന മേഖലയാണ് കുട്ടികളുടെ നാടകം. ഒരു വര്‍ഷം നാലായിരത്തിലധികം നാടകങ്ങളാണ് യുവജനോത്സവങ്ങളില്‍ അവതരിപ്പിക്കുന്നത്. പുതിയകാലം ആവശ്യപ്പെടുന്ന വിഷയങ്ങള്‍ തെരഞ്ഞെടുത്താണ് പ്രഫഷനല്‍ നാടകങ്ങള്‍ ചെയ്യുന്നത്. പുതിയ തലമുറക്കായുള്ള ‘കുട്ടികളുടെ വീട്’ പുതുമയാര്‍ന്ന സംരഭമാണ്. രംഗപ്രഭാതിലെ കൊച്ചുനാരായണപിള്ള, രാമാനുജം സാര്‍ തുടങ്ങിയവരുമായുള്ള അടുപ്പമായിരുന്നു കുട്ടികളുടെ വീട് തുടങ്ങാന്‍ കാരണം.
പുതിയ തലമുറയിലാണ് ഏറ്റവും നല്ല സൃഷ്ടികള്‍ വരുന്നത്. കുട്ടികള്‍ മുഴുവന്‍ നാടകത്തിന്‍െറ ഭാഗമാവുന്ന ഒരുകാലത്തെയാണ് സ്വപ്നം കാണുന്നതെന്ന് മനോജ് പറയുന്നു. മനോജിന്‍െറ നാടക ജീവിതത്തിന് അംഗീകാരത്തിന്‍െറ പെരുമഴയാണ്. ഇതിനകം, സംസ്ഥാന യുവജനോത്സവ നാടക മത്സരത്തില്‍ നിരവധി തവണ സമ്മാനങ്ങള്‍ നേടി, കേരള സംഗീത നാടക അക്കാദമിയുടെ കുട്ടികളുടെ നാടക മത്സരത്തിലെ മികച്ച സംവിധായകന്‍, സര്‍ക്കാര്‍ സംസ്ഥാനതല പ്രഫഷനല്‍ നാടക മത്സരത്തിലെ മികച്ച നാടകത്തിന്‍െറ സംവിധായകന്‍, ഫെയ്മ ദേശീയ നാടകമത്സരത്തില്‍ ‘ഗോവര്‍ദ്ധന്‍െറ യാത്രകള്‍ക്ക്’ മികച്ച സംവിധായകനുള്ള അവാര്‍ഡ്. സംസ്ഥാനതല ജനകീയ നാടകമത്സരങ്ങളില്‍ സംവിധാനത്തിന് 100ല്‍പരം സമ്മാനങ്ങള്‍ എന്നിവ നേടി. കുട്ടികള്‍ക്കുവേണ്ടി 150ല്‍പരം നാടകങ്ങള്‍, അമച്വര്‍ രംഗത്ത് 75ലേറെ നാടകങ്ങള്‍, പ്രഫഷനല്‍ രംഗത്ത് 40 നാടകങ്ങള്‍, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി സാംസ്കാരിക ^കലാപരിപാടികളുടെ സംവിധാനം, ഡോക്യുമെന്‍ററി സംവിധാനം, വിഡിയോ ആല്‍ബം സംവിധാനം ഇങ്ങനെ നൂറു കണക്കിന് അംഗീകാരങ്ങളാണ് മനോജിനെ തേടിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
