കാര്‍ത്തവീര്യം
text_fieldsതിരയെഴുതി മായ്ക്കും തീരാക്കഥ പോലെയാണ് പരീക്ഷണങ്ങളുടെ തോടിനകത്ത് പൊള്ളിയടരുന്ന ചില സ്ത്രീജന്മങ്ങള്‍. ചിലരെ അഴിയാക്കുരുക്കു പോലെ അത് വലിഞ്ഞുമുറുക്കും. അതിനുള്ളില്‍ ശ്വാസംമുട്ടി പിടയാനാവും അവരുടെ നിയോഗം. എന്നാല്‍, ആ പ്രഹരങ്ങളില്‍ പകച്ചു തളരാത്തവരുമുണ്ട്. അത്തരമൊരാളാണ് സാധാരണക്കാരില്‍ സാധാരണക്കാരിയായ കാര്‍ത്യായനി. ജീവനുതുല്യം സ്നേഹിച്ചയാള്‍ ഉദരത്തിലൊരു കുഞ്ഞിനെയും സമ്മാനിച്ച് വഞ്ചിച്ച് പകല്‍മാന്യനായി നടന്നകന്നപ്പോള്‍ കുടുംബത്തിന്‍െറയും നാടിന്‍െറയും ശാപവും പേറി തോരാക്കണ്ണീരുമായി കഴിഞ്ഞു കാര്‍ത്തു എന്ന കാര്‍ത്യായനി. ഒരു കേസിന്‍െറ വിധിയോടെ ഓണംകേറാമൂലയില്‍ ഒതുങ്ങിപ്പോവുമായിരുന്ന ഈ വീട്ടുവേലക്കാരിയുടെ ജീവിതം ഇന്ന് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ഡി.എന്‍.എ ടെസ്റ്റ് നടത്തി പിതൃത്വപരിശോധന നടത്തുന്നത് ലോകത്ത് ആദ്യത്തെ സംഭവമല്ല, മറിച്ച് മൃതദേഹത്തില്‍ നിന്ന് സാമ്പ്ള്‍ ശേഖരിച്ച് ഡി.എന്‍.എ ടെസ്റ്റ് നടത്തിയ ചരിത്ര സംഭവത്തില്‍ വിജയം വരിച്ച ഇരയുമാണിവര്‍. വനിതാ കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചര്‍ അവര്‍ക്കുവേണ്ടി കോടതില്‍ സാക്ഷിയായി. സഹിച്ച നാണക്കേടിനും കേട്ട പഴികള്‍ക്കും തുല്യമാകുമോ ഈ വിധി എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമുണ്ട്; ‘എന്‍െറ കുഞ്ഞിന് ഒരു അച്ഛനെ കിട്ടിയല്ളോ... എനിക്കതു മതി. അതിനായിരുന്നു 24 വര്‍ഷം ഞാന്‍ കാത്തിരുന്നത്... ഒരു നേരത്തെ ആഹാരത്തിനുവേണ്ടി അലഞ്ഞ നാളുകളുണ്ടായിരുന്നു. ഇപ്പോള്‍ കോഴികള്‍ക്ക് പാത്രത്തില്‍ മാറ്റിവെച്ച ചോറ് കാണുമ്പോള്‍ അക്കാലം ഓര്‍മവരും. അന്നെന്‍െറ വിശപ്പുമാറ്റിയത് അയല്‍പക്കത്തെ കുടുംബമായിരുന്നു’. സ്വരമിടറി നീര്‍ നിറഞ്ഞ കണ്ണുകളോടെ അവര്‍ പറഞ്ഞുതുടങ്ങി.
ഒറ്റക്ക് ചുമന്ന ജീവിതം
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തു നിന്ന് കുറച്ചകലെയാണ് കാര്‍ത്തുവിന്‍െറ വീട്. വീടെന്നുപറയാന്‍ ഒരു കൊച്ചുകൂര. അച്ഛനും അമ്മയും നാലു മക്കളുമടങ്ങിയതായിരുന്നു കുടുംബം. മൂത്ത സഹോദരി വിവാഹിതയായി. ജീവിതത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു കാര്‍ത്യായനിക്ക്. ദാരിദ്ര്യത്തിന്‍െറ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് അഭയം പഠനമായിരുന്നു. അതുകൊണ്ടാവണം 10ാം ക്ളാസില്‍ പഠിക്കുമ്പോള്‍ വന്ന വിവാഹാലോചന വേണ്ടെന്നു പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. 10ാം ക്ളാസിനുശേഷം പഠിക്കാന്‍ കഴിഞ്ഞില്ല. അച്ഛന് മക്കളുടെ കാര്യത്തില്‍ വലിയ ഉത്തരവാദിത്തമൊന്നും ഉണ്ടായിരുന്നില്ല. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ആളുകളായിരുന്നു ചുറ്റും. അതിന് ഒരു മാറ്റമെന്നോണം അയല്‍പക്കത്തെ സ്ത്രീകളെ സംഘടിപ്പിച്ച് കാര്‍ത്യായനി ഒരു മഹിളാസമാജം രൂപവത്കരിച്ചു.
.jpg)
1989ലായിരുന്നു ഇത്. അതിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന അയല്‍വാസി ശ്രീധരനാണ് കാര്‍ത്യായനിയുടെ ജീവിതം തകര്‍ത്തത്. അവരുടെ പരിചയം വളര്‍ന്നു. വിവാഹം കഴിക്കാമെന്നയാള്‍ വാഗ്ദാനം നല്‍കി. ജാതി വേറെയായതിനാല്‍ അയാളുടെ വീട്ടുകാര്‍ക്ക് അവരുടെ ബന്ധത്തില്‍ താല്‍പര്യമുണ്ടായില്ല. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ പലതവണ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വീട്ടുകാര്‍ സമ്മതിക്കില്ളെന്ന കാരണം പറഞ്ഞ് അയാള്‍ തടിയൂരി. ഈ വിവരമറിഞ്ഞതോടെ വീട്ടുകാര്‍ കൈവിട്ടു. അമ്മ നേരത്തേ മരിച്ചിരുന്നു. ഒറ്റക്ക് പകച്ചുപോയ നിമിഷം. ആരും സഹായത്തിനില്ലാതെ ഉള്ളില്‍ ആദ്യത്തെ കണ്‍മണിയുടെ സ്നേഹനോവിന്‍െറ ഭാരവുമായി അവര്‍ മാസങ്ങള്‍ തള്ളിനീക്കി. കന്നിപ്രസവത്തിന് നിര്‍ഭാഗ്യവതിയായ കാര്‍ത്തു ആശുപത്രിയില്‍ പോകുന്നത് ഒറ്റക്ക്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പ്രസവം. സിസേറിയന്‍ നടത്തണമെന്നും കൂട്ടിന് ആളുവേണമെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന്, വീട്ടില്‍ തിരികെയെത്തി ചേച്ചിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ കൂടെ പോയി. ചേച്ചിയും കുടുംബവും പിന്നീട് ഒരുപാട് സഹായിച്ചു.
എട്ടാം ദിവസം സ്റ്റിച്ചഴിച്ച് കൈക്കുഞ്ഞുമായി പൊളിഞ്ഞുവീഴാറായ വീട്ടില്‍ തനിച്ച് കഴിഞ്ഞു. ആ സമയത്ത് അയല്‍വാസികളായിരുന്നു സഹായം. അരി, വെളിച്ചെണ്ണ,സോപ്പ്, വസ്ത്രം എന്നിവ നല്‍കി സഹായിച്ചു. ഈ വിവരങ്ങളെല്ലാം ഇയാള്‍ അറിയുന്നുണ്ടായിരുന്നുവെങ്കിലും തിരിഞ്ഞു നോക്കിയില്ല. ആശുപത്രിരേഖകളില്‍ ശ്രീധരന്‍െറ പേരാണ് നല്‍കിയിരുന്നത്. കുട്ടിയുടെ ചെലവിന് കാശുതരണമെന്നാവശ്യപ്പെട്ട് അവര്‍ വീണ്ടും അയാളെ സമീപിച്ചു. അതിനു തയാറാകാതെ അയാള്‍ നാടുവിട്ടു. മാത്രമല്ല, കുട്ടി തന്‍േറതാണെന്നതിന് തെളിവില്ളെന്നും പറഞ്ഞു.
ആശുപത്രിയില്‍ പോകുമ്പോള്‍ പോലും കുഞ്ഞിനെ ഏല്‍പിച്ചു പോകാന്‍ ആരുമുണ്ടായിരുന്നില്ല. ഇതിനിടെ മഴയില്‍ വീട് വീണുപോയി. പിന്നീട് ചേച്ചിയുടെ കൂടെക്കഴിഞ്ഞു കുറെകാലം. അവിടെ നിന്ന് മകനെയും കൊണ്ട് വീട്ടുജോലിക്കു പോയിത്തുടങ്ങി. അവന് മൂന്നു വയസ്സായപ്പോള്‍ മുതല്‍ റോഡുപണിക്ക് പോയിത്തുടങ്ങി. മകന്‍ രജിനെ മരത്തണലില്‍ ഉറക്കിക്കിടത്തിയാണ് പണി ചെയ്തിരുന്നത്. ഒരു പാട് അപമാനം സഹിച്ചാണെങ്കിലും മകനെ ബുദ്ധിമുട്ടറിയിക്കാതെ വളര്‍ത്തി. സ്കൂളില്‍ ചേര്‍ത്തു. ഒരിക്കല്‍ പോലും ഭക്ഷണത്തിനും പുസ്തകത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടറിയിച്ചില്ല. കുട്ടിയെ പ്ളസ് വണിന് ചേര്‍ക്കാനായി ജാതി സര്‍ട്ടിഫിക്കറ്റിനുപോയപ്പോള്‍ വീണ്ടും അപമാനിതയായി. ഒരിക്കല്‍കൂടി അയാളോട് സഹായം അഭ്യര്‍ഥിച്ചു. ചെലവിനു തന്നില്ളെങ്കില്‍ കുട്ടിയെയും കൂട്ടി അയാളുടെ വീട്ടിലേക്കു വരുമെന്നു പറഞ്ഞു. എന്നാല്‍, അതൊന്നു കാണണമെന്നായി അയാള്‍. അത് കേട്ടപ്പോഴാണ് അവര്‍ കേസിനെക്കുറിച്ച് ആലോചിക്കുന്നത്.
കോടതിയിലേക്ക്
വെള്ളിമാട്കുന്നില്‍ ജോലിക്കു പോകുന്ന വീട്ടുടമസ്ഥനോട് ഒരു വക്കീലിനെ വേണമെന്നു പറഞ്ഞു. അധ്യാപകനായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും ഏര്‍പ്പാടാക്കി. മകന് 18 വയസ്സായി അപ്പോഴേക്കും. അത്രയും കാലത്തിനിടക്ക് അവനെ ഒന്നു കാണാന്‍പോലും ആരും വന്നിട്ടില്ല അവരുടെ വീട്ടില്‍ നിന്ന്. കേസ് നടക്കുന്ന സമയത്താണ് എല്ലാ കാര്യങ്ങളും അറിയുന്നതുതന്നെ. അച്ഛനുമമ്മയും പിണങ്ങി മാറിത്താമസിക്കുകയാണെന്നായിരുന്നു അവന്‍െറ ധാരണ. പ്ളസ് വണോടെ അവന്‍ പഠനം നിര്‍ത്തി. ചെറിയ ജോലികള്‍ക്ക് പോയിത്തുടങ്ങി. ഇടക്കെപ്പോഴോ അവരെ കൂട്ടിക്കൊണ്ടു വന്നുകൂടേ എന്ന് ഒരു ബന്ധു ചോദിച്ചപ്പോള്‍ ടെസ്റ്റ് കഴിയട്ടെ എന്നിട്ടാകാം എന്ന് ശ്രീധരന്‍ പറഞ്ഞത്രെ. 20,000 രൂപ വേണം ടെസ്റ്റ് നടത്താന്‍. അത്രയും തുക കണ്ടെത്തി കാര്‍ത്തു അതിനു തുനിയില്ളെന്നാണ് അയാള്‍ കരുതിയത്. എല്ലാ രേഖകളും വക്കീല്‍ ശരിയാക്കി കോടതിയില്‍ കേസ് കൊടുത്തു.
2010ലായിരുന്നു അത്. ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. കേസ് വനിതാ കമീഷന്‍െറ മുന്നിലെ ത്തി. പരാതി ബോധ്യപ്പെട്ട വനിതാ കമീഷന്‍ അധ്യക്ഷ സഹായിക്കാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, അദാലത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതന് കത്തയച്ചു. രണ്ടുതവണ കത്തയച്ചെങ്കിലും അയാള്‍ വന്നില്ല. കടുത്ത വാതം വന്ന് ശരീരം തളര്‍ന്നപ്പോഴും കഷ്ടപ്പെട്ട് കാര്‍ത്യായനി തിരുവനന്തപുരത്ത് പോയി. മൂന്നാംതവണ കുന്ദമംഗലം പൊലീസ് മുഖേന സമന്‍സയച്ചു. അന്നു രാവിലെ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തെ ത്തിയ ആ അമ്മയും മകനും കരഞ്ഞു കൊണ്ട് കമീഷന്‍ അധ്യക്ഷയുടെ മുന്നിലെത്തി. എന്നാല്‍, വെള്ളിടിപോലെ ഒരു ഞെട്ടിക്കുന്ന വര്‍ത്തയാണ് അവരെ തേടിയെത്തിയത്. മകന്‍െറ അച്ഛനാരെന്ന് തെളിയിക്കാന്‍ ഇനി അവര്‍ക്ക് കഴിയില്ല. കഴിഞ്ഞദിവസം അയാള്‍ ആത്മഹത്യ ചെയ്തുവത്രെ.
എന്നാല്‍, ദൈവം തുണച്ചു കാര്‍ത്തുവിനെ. അവരെ ആശ്വസിപ്പിച്ച ശേഷം റോസക്കുട്ടി ടീച്ചര്‍ കോഴിക്കോട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടു. ബോഡി മെഡിക്കല്‍ കോളജില്‍ ഉണ്ടെങ്കില്‍ ഡി.എന്‍.എക്കുവേണ്ട സാമ്പിളുകള്‍ ശേഖരിച്ചുവെക്കാന്‍ അവരോട് ആവശ്യപ്പെട്ടു. കോഴിക്കോട് കലക്ടറെയും പൊലീസ് കമീഷണറെയും ബന്ധപ്പെട്ട് ബന്ധുക്കളുടെ അടുത്തു നിന്ന് തടസ്സങ്ങള്‍ ഉണ്ടായാല്‍ നേരിടണമെന്നും അഭ്യര്‍ഥിച്ചു. ബോഡി കൊണ്ടുപോയി വീട്ടുകാര്‍ ഒട്ടും വൈകിക്കാതെ ദഹിപ്പിച്ചു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ എടുത്ത ഭാഗങ്ങളില്‍ നിന്ന് ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലായിരുന്നു പരിശോധന. 2013 ജനുവരിയിലാണ് ടെസ്റ്റ് റിസല്‍ട്ട് അറിഞ്ഞത്. കാര്‍ത്തുവിന്‍െറ ജീവിത സമരത്തിന്‍െറ വിജയം. കുട്ടിയുടെ അച്ഛന്‍ ശ്രീധരന്‍ തന്നെയെന്ന് തെളിഞ്ഞു.
കോടതി ഈ കേസില്‍ സാക്ഷിയായി ഹാജരാവാന്‍ റോസക്കുട്ടിയോട് ആവശ്യപ്പെട്ടു. അതുപ്രകാരം അവര്‍ കോടതിക്കു മുമ്പാകെയത്തെി. എന്താണ് ഈ കേസിനോടുള്ള പ്രത്യേക താല്‍പര്യമെന്ന കോടതിയുടെ ചോദ്യത്തിന് ഒരുപാട് അവിവാഹിത അമ്മമാരുള്ള ഒരു നാട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്നും അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ടുകണ്ട് പരിചയമുള്ളതു കൊണ്ട് ഒരാള്‍ക്കെങ്കിലും നീതി കിട്ടട്ടെ എന്ന ആഗ്രഹമാണ് ഇവിടെ കൊണ്ടു ചെന്നെ ത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി. തനിക്കും മകനും അവകാശപ്പെട്ട സ്വത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഈ അമ്മയുടെ അടുത്ത ലക്ഷ്യം. എന്തിനും അമ്മക്ക് കൂട്ടാകുമെന്ന് മകന്‍െറ ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
