Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഓളപ്പരപ്പില്‍...

ഓളപ്പരപ്പില്‍ ചരിത്രമെഴുതിയ ആലപ്പുഴക്കാരി

text_fields
bookmark_border
ഓളപ്പരപ്പില്‍ ചരിത്രമെഴുതിയ ആലപ്പുഴക്കാരി
cancel

സചിന്‍ ടെണ്ടുല്‍ക്കറും ആലപ്പുഴക്കാരി കെ. മിനിമോളും തമ്മിലുള്ള സാമ്യമെന്താണ്? ഒറ്റ നോട്ടത്തില്‍ ആ ചോദ്യത്തിന് തന്നെ സാംഗത്യമില്ളെന്ന് തോന്നും. എന്നാല്‍ ക്രിക്കറ്റ് മൈതാനങ്ങളുടെ പ്രിയ റെക്കോഡ് വീരനുമായി മിനിമോള്‍ക്ക് ഒരു നേട്ടം പങ്കുവക്കാനുണ്ട്; 24 വര്‍ഷങ്ങളുടെ നേട്ടം. ലോക ക്രിക്കറ്റിന്‍െറ നെറുകയിലേക്കുയര്‍ന്ന കരിയറിന് 24 വര്‍ഷങ്ങള്‍ക്കവസാനമാണ് സചിന്‍ തിരശീലയിട്ടത്. അതുപോലെ അപൂര്‍വവും അസുലഭവുമായ ഒരുപിടി റെക്കോഡുകളുടെ അകമ്പടിയുള്ള തന്‍െറ കനോയിങ്^കയാക്കിങ് കായിക ജീവിതത്തിന് കെ. മിനിമോള്‍ ഫിനിഷിങ് പോയന്‍റൊരുക്കിയതും 24 ാം വര്‍ഷത്തിലാണ്. സചിനെപ്പോലെ പ്രായം നാല്‍പ്പതുകളിലത്തെിയ മിനിമോള്‍ സ്വന്തം മണ്ണില്‍ സുവര്‍ണനേട്ടം കൈവരിക്കണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയാണ് മടക്കം. സാമ്യം അവിടത്തെീരുന്നു. മിനിമോളുകളെ കഥ വേറെയാണ്. കേരളത്തിന്‍െറ കായികചരിത്രവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ജീവിതകഥ. എന്നാല്‍ അധികം പേര്‍ക്ക് അത് അറിയുമോ എന്ന് സംശയം. രാജ്യത്തെ ഒന്നാം നമ്പര്‍ കായിക മേളയായ ദേശീയ ഗെയിംസിന്‍െറ ചരിത്രത്തില്‍ സ്വയം ഒരു സുവര്‍ണ ഏട് രചിച്ചാണ് ആലപ്പുഴ മുട്ടാര്‍ ഏഴരക്കാരിയായ കെ. മിനിമോള്‍ ഓളപ്പരപ്പിനോട് വിടപറഞ്ഞത്. സത്യത്തില്‍ കായിക കേരളം ആഘോഷമാക്കേണ്ടിയിരുന്ന ഒരു വിരമിക്കല്‍. എന്നാല്‍ ‘ജനപ്രിയ ഇനത്തിന്‍െറ’ അവിഭാജ്യഘടകം അല്ലാതിരുന്നതുകൊണ്ടുമാത്രം ആ സുവര്‍ണതാരകത്തിന്‍റെ  യാത്രപറച്ചില്‍ പത്രത്താളുകളിലെ ഏതാനും വരിയായും ചാനല്‍ വാര്‍ത്തയിലെ ഒരു മിനിറ്റ് ക്ളിപ്പായും ഒതുങ്ങി.

കനോയിങ്^കയാക്കിങ് രംഗത്തെന്നല്ല, മിനിമോള്‍ ദേശീയ തലത്തില്‍ തുഴയെറിഞ്ഞു സ്വന്തമാക്കിയ റെക്കോഡുകളെ കടപുഴക്കാന്‍ മറ്റൊന്നിലും അടുത്തകാലത്തൊന്നും എതിരാളികളത്തെുമെന്ന് തോന്നുന്നില്ല. ഇത്തവണ എട്ടാം ദേശീയ ഗെയിംസിനിറങ്ങിയ അവര്‍ ഏറ്റവും കൂടുതല്‍ തവണ പ്രാതിനിധ്യം എന്ന അപൂര്‍വ നേട്ടത്തിന്‍െറ കൂടെ ഏറ്റവും കൂടുതല്‍ മെഡലുകള്‍ എന്ന അസുലഭ കുതിപ്പിനൊപ്പമാണ് ഗെയിംസ് ഓളപ്പരപ്പില്‍ നിന്നും തന്‍െറ ഫൈബര്‍ വള്ളം കരക്കടിപ്പിച്ചത്. ഒന്നും രണ്ടുമല്ല 32 സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാണ് കെ. മിനിമോള്‍ എന്ന പേരിനൊപ്പം ദേശീയ ഗെയിംസ് മെഡല്‍ ടാലികളില്‍ ഞെളിഞ്ഞിരിക്കുന്നത്. സ്വന്തം മണ്ണിലത്തെുന്ന ദേശീയ ഗെയിംസില്‍ തുഴയെറിയണമെന്ന ആഗ്രഹവുമായി 43- ാം വയസിലും മത്സരിക്കാനിറങ്ങിയ അവര്‍ ഇത്തവണ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് കഴുത്തിലണിഞ്ഞത്. 19 ാം വയസില്‍ താന്‍ തുഴയെടുത്തതിന് ശേഷം ജനിച്ചവരോട് മത്സരിച്ചാണ് ഈ നേട്ടം.

1991 ല്‍ ആലപ്പുഴ സായ് കേന്ദ്രത്തില്‍ കനോയിങ്^കയാക്കിങ് താരങ്ങള്‍ക്കായി നടത്തിയ സെലക്ഷനാണ് മിനിമോളുടെ സാധാരണ ജീവിതത്തെ പുതിയ ദിശയിലേക്ക് നയിച്ചത്. നന്നായി നീന്താന്‍ അറിയാവുന്നതിന്‍റെയും സ്കൂളില്‍ പണ്ട് ഓട്ടത്തിനും ചാട്ടത്തിനുമൊക്കെ പങ്കെടുത്തതിന്‍െറയും പിന്‍ബലം മാത്രം നല്‍കിയ ആത്മവിശ്വാസത്തില്‍ സെലക്ഷനില്‍ പങ്കെടുത്ത മിനിമോള്‍ പിന്നീട് തുഴച്ചലിന്‍െറ ലോകത്ത് കേരളത്തിന്‍െറ അഭിമാനമായി.

സായ് നല്‍കിയ പരിശീലനത്തില്‍ തുടക്കമിട്ട അവര്‍ ഏഷ്യാഡ് വേദിയിലേക്കുവരെ തുഴയെറിഞ്ഞു. 1994, 1998 ഏഷ്യന്‍ ഗെയിംസുകളില്‍ ഇന്ത്യക്കായി തുഴഞ്ഞ മിനിമോള്‍ നിരവധി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്തു. 94ലെ മഹാരാഷ്ട്ര ദേശീയ ഗെയിംസ് തൊട്ടാണ് കേരളത്തിനായി മിനിമോളുടെ തുഴ സ്വര്‍ണം വാരിത്തുടങ്ങിയത്. തുടര്‍ന്ന് കര്‍ണാടക, മണിപ്പൂര്‍, പഞ്ചാബ്, ഹൈദരാബാദ്/വിശാഖപട്ടണം, ഗുവാഹത്തി, റാഞ്ചി തുടങ്ങിയ സ്ഥലങ്ങള്‍ ആതിഥ്യം വഹിച്ച ഗെയിംസുകളിലും ആ സുവര്‍ണ നേട്ടങ്ങള്‍ ആവര്‍ത്തിച്ചു.

കൂടിവന്ന പ്രായമോ കുടുംബ ജീവിതത്തിന്‍െറ ഉത്തരവാദിത്വങ്ങളോ അവരെ പിടിച്ചുനിര്‍ത്തിയില്ല. ഒടുവില്‍ സ്വന്തം നാട്ടിലേക്ക് വിരുന്നത്തെിയ ഗെയിംസില്‍ മത്സരിച്ച് മെഡലുമായി ഓളപ്പരപ്പ് വിടണമെന്നായി ആഗ്രഹം. ഇതിനിടയില്‍ പ്രായം ഏറിയിട്ടും കളംവിടാറായില്ളേ എന്ന ചോദ്യം പലതവണ നേരിട്ടു. അവക്കെല്ലാം മത്സരഫലം കൊണ്ട് മറുപടി നല്‍കാന്‍ കഴിഞ്ഞതിന്‍െറ തൃപ്തിയിലാണ് മിനിമോള്‍. മെഡലുകളും റെക്കോഡുകളും മാത്രമല്ല, ജീവിതത്തിന് താങ്ങായി ഒരു ജോലിയും തുഴച്ചില്‍ മിനിമോള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. 94 ല്‍ ഏഷ്യാഡും ദേശീയ ഗെയിംസും കഴിഞ്ഞത്തെിയപ്പോള്‍ തന്നെ കൃഷിവകുപ്പില്‍ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരിയായി നിയമനം. ഇപ്പോള്‍ ആലപ്പുഴ വെളിയനാട് കൃഷിഭവനിലാണ് ജോലി. മിനിമോളുടെ കായിക ജീവിതത്തിന് പൂര്‍ണ്ണത നല്‍കാന്‍ ഒപ്പം നിന്ന കുടുംബമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. ഭര്‍ത്താവും രണ്ടു പെണ്‍മക്കളും മിനിമോളുടെ മെഡല്‍ സ്വപ്നങ്ങള്‍ക്കൊപ്പം എക്കാലവും തുഴഞ്ഞുകൂടെ നിന്നു. ഭര്‍ത്താവ് സുനിലിന് ജില്ലാ ബാങ്കിലാണ് ജോലി.

കുടുംബത്തിന്‍െറ പിന്തുണയാണ് തന്നെ ഇതുവരെ എത്തിച്ചതെന്ന് മിനിമോള്‍ പറയുന്നു.  മത്സര ഒരുക്കങ്ങള്‍ക്കും മറ്റുമായി വീട്ടില്‍ നിന്നും മാറി നിന്ന സമയങ്ങളില്‍ മക്കളെ നോക്കുന്ന ഉത്തരവാദിത്വം അമ്മയെ ഏല്‍പ്പിച്ചാണ് പോയിരുന്നത്. ഒമ്പതിലും മൂന്നിലും പഠിക്കുന്ന മക്കളായ ശ്രീലക്ഷ്മിക്കും ഗംഗക്കും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സമയം കിട്ടും എന്നതാണ് കായികലോകത്ത് നിന്ന് വിരമിച്ചതിലൂടെ കൈവന്ന നേട്ടം. കൂടാതെ 24 വര്‍ഷത്തെ മത്സര ജീവിതത്തിന്‍െറ ഒടുവിലായി അലട്ടിത്തുടങ്ങിയ കാല്‍മുട്ടുവേദനപോലുള്ള ശാരീരിക ബുദ്ധിമുട്ടുകളില്‍ നിന്നും അല്‍പം ആശ്വാസം.

നേട്ടങ്ങളുടെ  ഉന്നതിലേക്ക് നയിച്ച ഫൈബര്‍ ബോട്ടും തുഴയും കരയില്‍വച്ച് പൂര്‍ണ്ണമായും ജീവിതം തുഴഞ്ഞു തുടങ്ങിയിരിക്കുന്നു മിനിമോള്‍. സ്വര്‍ണവും വെള്ളിയും വെങ്കലവും അഴകുചാര്‍ത്താനുള്ള ജീവിതത്തില്‍ അതിന്‍റെയൊന്നും പകിട്ട്കാട്ടാതെ സാധാരണ ഒരു വീട്ടമ്മയായി സന്തോഷത്തോടെ മുന്നോട്ടു നീങ്ങുകയാണ് ‘ചരിത്രമോള്‍’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച മിനിമോള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story