നന്മയുടെ ചുവടുകള്‍
text_fieldsപതിവുപോലെയുള്ള ഒരു ട്രെയിന്‍ യാത്ര തന്നെയായിരുന്നു അതും, ദൂരെയെവിടെയോ പ്രോഗ്രാം കഴിഞ്ഞ് പിറ്റേ ദിവസത്തെ അലസമായ പകല്‍ യാത്ര. വണ്ടി ഏതൊക്കെയോ സ്റ്റേഷനുകളില്‍ നിന്നു, പിന്നെയും നീങ്ങി. സാധനങ്ങള്‍ വില്‍ക്കാനും മറ്റുമായി പല സ്റ്റേഷനുകളില്‍നിന്നും നിരവധിപേര്‍ ട്രെയിനില്‍ കയറി ഇറങ്ങുന്നുണ്ട്. അതിനിടയിലാണ് ഡോ. പത്മജ സുരേഷ് ആ പാട്ട് ശ്രദ്ധിച്ചത്. എണ്‍പതുകളിലെ ഏതോ സിനിമാ പാട്ടിന്‍െറ വരികളാണ്. സീറ്റുകള്‍ക്കിടയിലൂടെ ആ പാട്ട് അരികിലെ ത്തിയപ്പോള്‍ കണ്ടു, ഒരമ്മയും മൂന്നുമക്കളും. കൈയിലെ ഹാര്‍മോണിയത്തിനൊപ്പം അമ്മ പാടുമ്പോള്‍ അതിനകമ്പടിയായി മക്കളുടെ പാട്ട്. പാട്ടിനൊപ്പം സീറ്റുകള്‍ക്കിടയില്‍ കൈനീട്ടിക്കൊണ്ട് ആ യാചക കുടുംബം പത്മജയെ കടന്നുപോയി. എങ്കിലും, പത്മജയുടെ ഉള്ളില്‍ ആ പാട്ട് ബാക്കിനിന്നു. ശാസ്ത്രീയ പഠനമികവൊന്നും അവകാശപ്പെടാനില്ലാത്ത ഇവര്‍ എങ്ങനെ ഇത്ര മനോഹരമായി പാടുന്നു എന്ന ഉള്ളിലുയര്‍ന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിന് കൂടിയുള്ളതായി പിന്നെ പത്മജയുടെ കലാജീവിതം. കഴിവുള്ള ഇത്തരം കുട്ടികളെ ആരും തിരിച്ചറിയാതെപോകരുത് എന്ന ചിന്തയും പത്മജയില്‍ ഉടലെടുത്തു. കലാവാസനയും താല്‍പര്യവുമുള്ളവര്‍ക്ക് പണവും സാമൂഹിക ചുറ്റുപാടും മൂലം അവസരം നിഷേധിക്കപ്പെടുന്നത് നീതിയല്ളെന്ന് ഭരതനാട്യത്തിന്‍െറ പടവുകള്‍ ഏറെ കയറിയ കലാകാരി ഓര്‍ത്തു. ആ ചിന്ത പത്മജയില്‍ വളര്‍ന്നു. പിന്നെയത് മനുഷ്യത്വത്തിന്‍െറ സമത്വഭാവനയുടെ മഹനീയ മാതൃകയായി.
കലയുമായി വിദ്യാലയങ്ങളിലേക്ക്
ബംഗളൂരുവിലെ ശേഷാദ്രിപുരത്തെ കൃഷ്ണഗീത് അപ്പാര്‍ട്മെന്‍റിലെ പത്മജയുടെ ‘ആത്മാലയ’ ഡാന്‍സ് സ്കൂളിനു മുന്നിലെ റോഡിനപ്പുറം സര്‍ക്കാര്‍ സ്കൂളാണ്. ‘ആത്മാലയ’യില്‍ നിന്നുയരുന്ന ചിലങ്കയുടെ ശബ്ദങ്ങളിലേക്ക് ആ കുട്ടികളില്‍ ചിലര്‍ ചെവിയോര്‍ക്കുന്നത് പത്മജ ശ്രദ്ധിച്ചിരുന്നു. റോഡരികിലെ ഇളനീര്‍ വില്‍പനക്കാരന്‍െറ മകളായിരുന്നു അവരില്‍ ഒരാള്‍. അകത്ത് കുട്ടികള്‍ നൃത്തച്ചുവട്വെക്കുന്നതും കൈമുദ്രകള്‍ കാണിക്കുന്നതും നോക്കി അവള്‍ പുറത്ത് വെറുതെ നില്‍ക്കും. പണ്ട് അച്ഛന്‍ വേദിയില്‍ നിറയുന്നത് കൗതുകത്തോടെ നോക്കിനിന്നിരുന്ന തന്‍െറ ഭാവം തന്നെയല്ളേ ആ പെണ്‍കുട്ടിക്കും എന്ന് പത്മജക്ക് തോന്നി. നൃത്തം പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന പത്മജയുടെ ചോദ്യത്തിന് ഫീസ് തരാന്‍ പണമില്ളെന്നായിരുന്നു കാഴ്ചക്കാരി പെണ്‍കുട്ടിയുടെ രക്ഷിതാവിന്‍െറ മറുപടി. ഫീസ് വേണ്ട, നാളെ മുതല്‍ ക്ളാസിനു വന്നോളൂ എന്നായി പത്മജ. കല ചിലര്‍ക്കുമാത്രം പരിമിതമാകരുതെന്ന ചിന്തയും ഉള്ളിലെ കലാകാരി മനസ്സിന്‍െറ സാമൂഹിക പ്രതിബദ്ധതയുമാകാം വര്‍ഷങ്ങള്‍ക്കുമുമ്പ് ആ നിലപാടിന് കാരണം എന്ന് പത്മജ ഇപ്പോള്‍ ഓര്‍ക്കുന്നു.

മറ്റു പെണ്‍കുട്ടികള്‍ക്കിടയില്‍ വളരെ പെട്ടെന്ന് ആ പെണ്‍കുട്ടിയും നൃത്തച്ചുവടുകള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നു. ശരീരത്തിനും മനസ്സിനും പോസിറ്റിവ് എനര്‍ജി നല്‍കുന്ന കലകളുടെ ആത്മീയ തലം അവളിലും ഉണര്‍ന്ന് മറ്റു മേഖലകളിലും പടര്‍ന്നു. കലയോട് താല്‍പര്യമുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് അവ പഠിക്കാന്‍ സൗജന്യമായി അവസരം ഒരുക്കണമെന്ന ചിന്ത അതോടെ പത്മജയില്‍ ഉറച്ചു. അതിനൊടുവില്‍ കുട്ടികളെ തേടി ‘ഡാന്‍സ് ടീച്ചര്‍’ സ്കൂളുകളിലത്തെി. 2004ല്‍ ‘കലാചൈതന്യ’ എന്നപേരില്‍ ആത്മാലയത്തിന് മുന്നിലെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളെ നൃത്തം പരിശീലിപ്പിക്കല്‍ ആരംഭിച്ചു. ഓരോ ക്ളാസിലെയും താല്‍പര്യമുള്ള കുട്ടികളെ ആഴ്ചയില്‍ ഒരിക്കല്‍ സ്കൂളില്‍ എത്തി പരിശീലിപ്പിക്കുകയായിരുന്നു ആദ്യം. പ്രാഥമിക പഠനം പൂര്‍ത്തിയായവര്‍ അത് മറ്റുള്ളവരിലേക്ക് പകരും. ദാരിദ്ര്യത്തിന്‍െറ ഓരംചേര്‍ന്ന് നടന്നിരുന്ന സര്‍ക്കാര്‍ സ്കൂളിലെ ഗ്രാമീണ കുട്ടികള്‍ക്ക് അതൊരു പുതിയ അനുഭവമായിരുന്നു.
പഠനത്തിനു പുറത്തെ കലാപഠനം അവരെ ഉത്സുകരാക്കി. കലാപഠനത്തിന് പൂര്‍ണ പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളുമത്തെി. പത്മജയുടെ ചുവടുകളും മുദ്രകളും കുട്ടികള്‍ വളരെ വേഗം പിന്തുടര്‍ന്നു. കൂടുതല്‍ മികവ് പ്രകടിപ്പിച്ചവര്‍ക്ക് ആത്മാലയത്തില്‍ മുഴുവന്‍ സമയപഠനത്തിനും പത്മജ അവസരം നല്‍കി. എല്ലാവരെയും മികച്ച നര്‍ത്തകികളാക്കുകയായിരുന്നില്ല പത്മജയുടെ ലക്ഷ്യം, ഇന്ത്യന്‍ സംസ്കാരത്തിന്‍െറ ഭാഗമായ ശാസ്ത്രീയ നൃത്തം, സംഗീതം എന്നിവയില്‍ അവബോധം ഉണ്ടാക്കലായിരുന്നു പ്രധാനം. അതില്‍ പത്മജ വിജയിച്ചു. ശാസ്ത്രീയ കലകള്‍ വരേണ്യവര്‍ഗത്തിന് മാത്രം അവകാശപ്പെട്ടതല്ളെന്നും സമൂഹത്തിലെ താഴേക്കിടയിലുള്ളവരിലും അത് ശോഭിക്കുമെന്നും തെളിയിക്കുകകൂടിയായിരുന്നു പത്മജ.

മികവുമായി രാഷ്ട്രപതിക്കു മുന്നില്‍
കലാചൈതന്യ പദ്ധതി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ പത്മജക്ക് പിന്തുണയുമായി പല നര്‍ത്തകികളും രംഗത്തത്തെി. മൂന്നു വര്‍ഷത്തിനിടെ കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. പത്മജയുടെ പദ്ധതിക്ക് സഹായവും സഹകരണവും നല്‍കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് കൂടെനിന്നു. 10 വര്‍ഷത്തിനിടെ 2,000ത്തിലധികം കുട്ടികള്‍ക്ക് ശാസ്ത്രീയ കലയുടെ അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നുനല്‍കി പത്മജ. ഭരത നാട്യം, കഥക്, ഒഡീസി, മോഹിനിയാട്ടം തുടങ്ങിയവക്കൊപ്പം ശാസ്ത്രീയ സംഗീത പഠനവും പത്മജ പകരുന്നു. കുട്ടികളെ പഠിപ്പിച്ചാല്‍ മാത്രം പോരാ, അവര്‍ക്ക് വേദി ഒരുക്കേണ്ടതും ഗുരുവിന്‍െറ കടമയാണെന്ന ബോധം പുലര്‍ത്തുന്നു പത്മജ. 2007ല്‍ രാഷ്ട്രപതി ഭവനില്‍ ദീപാവലി ആഘോഷത്തിന്‍െറ ഭാഗമായി നടന്ന പരിപാടിയില്‍ പത്മജ നൃത്തമഭ്യസിപ്പിച്ച ശേഷാദ്രിപുരം സ്കൂളിലെ 25 കുട്ടികള്‍ അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമിനു മുന്നില്‍ നൃത്തമവതരിപ്പിച്ചിരുന്നു. കലാപാരമ്പര്യത്തിന്‍െറ പൂര്‍വബന്ധമൊന്നുമില്ലാത്ത ആ കുട്ടികളുടെ ചുവടുകള്‍ക്ക് അന്ന് മികവിന്‍െറ പൂര്‍ണതയായിരുന്നു. പത്മജയിലെ ഗുരുവിനും കുട്ടികളുടെ മികവിനും ഏറെ പ്രശംസകള്‍ ലഭിച്ച ദിനമായിരുന്നു അന്ന്.
അച്ഛന്‍െറ മകള്‍
പ്രശസ്ത ചാക്യാര്‍കൂത്ത് കലാകാരനായ പാലക്കാട് സ്വദേശി കെ.കെ. രാജന്‍െറ മകളായ പത്മജക്ക് കലാസിദ്ധി പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ്. നാലാം വയസ്സില്‍ തുടങ്ങിയ കലാപഠനം. ചെറുപ്പത്തില്‍ അതൊരു വെറും പഠനം മാത്രമായിരുന്നു. എന്നാല്‍, പത്മജയുടെ വളര്‍ച്ചക്കൊപ്പം അതും ആത്മാവില്‍ വളര്‍ന്നു. പിന്നീടതൊരു ഉപാസനയായി. ദിവസം ആറുമണിക്കൂര്‍ നീളുന്ന പരിശീലനം തുടങ്ങി. ഭരതനാട്യത്തിലായിരുന്നു ശ്രദ്ധ. അപ്പോഴും സ്കൂള്‍ പഠനത്തില്‍ എന്നും പത്മജ ഒന്നാമതായിരുന്നു. മുംബൈ സര്‍വകലാശാലയില്‍ നിന്ന് നിയമപഠനം കഴിഞ്ഞെങ്കിലും ആവഴിയായിരുന്നില്ല പത്മജ തെരഞ്ഞെടുത്തത്. അച്ഛന്‍ നടന്ന വഴി മകളും പിന്തുടര്‍ന്നു. ചെറുപ്രായത്തിലേ രാജ്യത്തിനകത്തും പുറത്തും നിരവധി വേദികള്‍ പത്മജയുടെ കലാപ്രകടനത്തിന് സാക്ഷിയായി. വിവാഹം കഴിഞ്ഞ് ബംഗളൂരുവിലെ ത്തിയതോടെ നാട്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോറിയോഗ്രഫിയില്‍ ഡിപ്ളോമ നേടി തന്‍െറ മികവിനെ ഒന്നുകൂടി മിനുക്കിയെടുത്തു. മൈസൂരു സര്‍വകലാശാലയില്‍ നിന്ന് താന്ത്രിക ശാസ്ത്രവും നാട്യകലയും എന്നവിഷയത്തില്‍ ഡോക്ടറേറ്റും ഇതിനിടെ പത്മജ സ്വന്തമാക്കി. ഇന്ത്യയിലെ പ്രമുഖ ഭരതനാട്യ നര്‍ത്തകിമാരില്‍ ഒരാളായിമാറാന്‍ പത്മജക്ക് അധികം പ്രയത്നിക്കേണ്ടിവന്നില്ല. 34 രാഷ്ട്രങ്ങളില്‍ നൃത്തം അവതരിപ്പിക്കാനായി എന്നത് ഇതിന് സാക്ഷി.

ഓരോ വര്‍ഷവും രണ്ട് വിദേശ യാത്രകളെങ്കിലും നടത്തുന്നു ഈ കലാകാരി. ഇന്ത്യയിലെ ബനാറസ്, കൊണാര്‍ക്, ഗജ്രാവോ, ഹംബി ആഘോഷങ്ങളില്‍ പത്മജ നിരവധി തവണ നൃത്തം അവതരിപ്പിച്ചു. ലഡാക്കിലെ ബുദ്ധകേന്ദ്രത്തിലും റായ്പൂരിലെ ഗോത്രവര്‍ഗ കുട്ടികള്‍ക്കിടയിലും നൃത്തവുമായി കടന്നുചെന്നത് മറക്കാനാവാത്ത ഓര്‍മയാണ് പത്മജക്ക്. പല രാജ്യങ്ങളിലും ശാസ്ത്രീയനൃത്തത്തെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തിയതിനുപുറമെ പെണ്‍കുട്ടികള്‍ക്ക് കലയിലൂടെ ശാക്തീകരണം എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാറില്‍ വിഷയം അവതരിപ്പിച്ചിട്ടുമുണ്ട് ഇവര്‍. യുനെസ്കോയുടെ ഇന്‍റര്‍നാഷനല്‍ ഡാന്‍സേഴ്സ് കൗണ്‍സില്‍ അംഗംകൂടിയാണ് ഈ കലാകാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
