നഗരഹൃദയത്തിലെ രുചിക്കൂട്ട്
text_fieldsനഗരഹൃദയത്തില്‍ രുചിക്കൂട്ടൊരുക്കി സ്വയംപര്യാപ്തതയിലൂടെ കുടുംബിനികള്‍ക്കും സ്വയംതൊഴില്‍ അന്വേഷകര്‍ക്കും മാതൃകയാവുകയാണ് കൊച്ചി ഇടപ്പള്ളി സ്വദേശി വാഴക്കാപ്പിള്ളില്‍ ഗീതമധുസൂദനനും കുടുംബവും. മെട്രോ നഗരത്തില്‍ ഉച്ചയൂണും പലഹാരങ്ങളും തയാറാക്കി വിതരണം ചെയ്താണ് ഈ വീട്ടമ്മ വ്യത്യസ്തയാകുന്നത്. അധ്വാനതല്‍പരതയും ആശയങ്ങളും ഒത്തുചേരുമ്പോള്‍ അത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള മാര്‍ഗമാണെന്നും ഈ വീട്ടമ്മ തെളിയിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ നവംബറിലാണ് ഗീതയുടെ ഭക്ഷ്യവിതരണ സംരംഭത്തിലേക്കുള്ള ചുവടുവെപ്പ്. വീടിനു സമീപത്തുള്ള ഫ്ളാറ്റിലെ ആവശ്യക്കാര്‍ക്കായി നാല് വാഴയില പൊതിച്ചോറ് കൊടുത്തായിരുന്നു തുടക്കം.
വാഴയിലയില്‍ പൊതിഞ്ഞ നാട്ടുരുചികളുടെ വൈവിധ്യവും സ്വാദും അറിഞ്ഞവര്‍ കൂടുതല്‍ പ്രോത്സാഹനവും പ്രചാരണവും നടത്തി. തുടര്‍ന്ന് ഗീതയുടെ കൈപ്പുണ്യത്തില്‍ തയാറാക്കുന്ന വിഭവസമൃദ്ധമായ ‘ഹോംലി’ ഭക്ഷണം തേടി ആളുകള്‍ എത്തി. തുടര്‍ന്ന്, ഗീത ‘ആംഗ’ ഒരു വിസിറ്റിങ് കാര്‍ഡും അടിച്ച് വിതരണം ചെയ്തു. ഭക്ഷണത്തിന്‍െറ രുചിയറിഞ്ഞവര്‍ വാക്കാല്‍ പറഞ്ഞും ഫോണ്‍ വിളികളിലൂടെയും ആംഗാ വാഴയിലച്ചോറിന് ആവശ്യക്കാരേറി. പിന്നീട് ഗീത തന്‍െറ സംരംഭത്തെ വ്യാപകമാക്കി. ഇന്ന് ഇടപ്പള്ളി, കലൂര്‍, പാലാരിവട്ടം, കളമശ്ശേരി, ലുലുമാള്‍, കാക്കനാട്, പൊറ്റക്കുഴി തുടങ്ങിയ നഗരഹൃദയത്തിലെ മിക്കയിടങ്ങളിലുമുള്ളവര്‍ ഗീതയുടെ വാഴയിലപ്പൊതിച്ചോറിന്‍െറ ഉപഭോക്താക്കളായി മാറിക്കഴിഞ്ഞു.
‘ഒരു സ്വയംതൊഴില്‍ എന്ന രീതിയില്‍ തുടങ്ങിയതാണ്. ഉച്ചയൂണ് കൊടുത്തുകൊണ്ടായിരുന്നു ആദ്യം, പിന്നെ പലഹാരങ്ങളും പായസങ്ങളും ഒക്കെ ആളുകളുടെ ആവശ്യമനുസരിച്ച് തയാറാക്കിക്കൊടുക്കും’. ഗീത മധുസൂദനന്‍ തന്‍െറ സ്വയംതൊഴില്‍ സംരംഭത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി. ‘നാടന്‍രുചികള്‍ തന്നെ കൊടുക്കണം എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. ഈ നഗരമധ്യത്തില്‍ ഇഷ്ടംപോലെ ഹോട്ടലുകള്‍ ഉണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി വീട്ടുഭക്ഷണംപോലെ രുചിക്കാന്‍ കഴിയണം. എന്നാലേ, കഴിക്കുന്നവര്‍ക്കും എനിക്കും ഗുണമുണ്ടാകൂ എന്നെനിക്കറിയാമായിരുന്നു’ ^ഗീത പറഞ്ഞു. സ്നാക്സ് ഐറ്റങ്ങളായ സമൂസ, വട, അട, ബോളി, കട്ലറ്റ് തുടങ്ങിയവയും പാലടപ്രഥമന്‍, പഴപ്രഥമന്‍, ഗോതമ്പ്, പരിപ്പ്, പായസങ്ങള്‍ എന്നിവയും ഗീതയുടെ പാചക പരീക്ഷണത്തിലൂടെ ഉപഭോക്താക്കളിലെത്തുന്നു.
രാവിലെ നാലു മണിക്ക് തുടങ്ങുന്ന പാചകജോലിക്കൊപ്പം ഗീതയുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്നു. ഒരു വീട്ടുസംരംഭമായ ഇതിനെ മുന്നോട്ടു കൊണ്ടുപോകാന്‍ ഭര്‍ത്താവ് മധുസൂദനനും മക്കള്‍ 11ാം ക്ളാസുകാരി അമൃതയും രണ്ടാം ക്ളാസുകാരി ആദിശ്രീയും സദാ ഒപ്പമുണ്ടെന്നും ഗീത പറയുന്നു. ഭര്‍ത്താവ് തന്നെയാണ് ഭക്ഷണപ്പൊതികള്‍ എത്തിച്ചുകൊടുക്കുന്നത്. ഉച്ചഭക്ഷണവിതരണം 11 മുതല്‍ ആരംഭിക്കും. രാവിലെ 10 മണി മുതല്‍ പുതിയ ഓര്‍ഡറുകളും സ്വീകരിക്കും. ഉച്ചക്കു ശേഷമാണ് സ്നാക്സ് വിതരണം.
പരസ്യ പ്രചാരണമൊന്നുമില്ലാത്ത ഈ സംരംഭത്തെ വന്‍കിട സംരംഭകര്‍ക്കിടയില്‍ എങ്ങനെ നിലനിര്‍ത്തുന്നു എന്ന ചോദ്യത്തിനു മറുപടിയായി ഗീത പറഞ്ഞതിങ്ങനെ. ‘ഞാന്‍ കൊടുക്കുന്നത് വീട്ടുഭക്ഷണമാണ്; അതും വാഴയിലയുടെ രുചിയില്‍. നാടന്‍ രീതിയില്‍തന്നെ വറുത്തും പൊടിച്ചും അരച്ചും തയാറാക്കുന്ന കറികള്‍ അറിഞ്ഞവര്‍ എന്‍െറ അടുത്ത് ഊണ് തേടിവരും. പിന്നെ ഞാനിതിനെ ഒരു ബിസിനസായി കാണുന്നില്ല. എന്‍െറ മക്കളും ഞാനും ഭര്‍ത്താവും കഴിക്കുന്നതും ഈ ഭക്ഷണം തന്നെ. ഞാന്‍ അതുകൊണ്ടുതന്നെ കരുതലോടെ, വൃത്തിയോടെ കൈകാര്യം ചെയ്യുന്നു’ ^ഗീത തന്‍െറ രീതികള്‍ വ്യക്തമാക്കി.
ഗീതയുടെ ഈ ചെറുകിട സംരംഭത്തിന് പിന്തുണയായി ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചും വ്യവസായകേന്ദ്രവും രംഗത്തുവന്നു. ലോണ്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. പാചകാവശ്യത്തിനുള്ള പാത്രങ്ങള്‍ വാങ്ങി ഗീത തന്‍െറ സംരംഭത്തെ കൂടുതല്‍ ഉഷാറാക്കി. ഇന്ന് നിത്യേന 100^120 പൊതിച്ചോറുകള്‍ ഗീത വിതരണം ചെയ്യുന്നുണ്ട്. ‘ഏതൊരു സംരംഭവും പോലത്തെന്നെ ഈ രംഗത്തും പ്രതിസന്ധികളും എതിരഭിപ്രായങ്ങളുംവരും. പക്ഷേ, നമ്മള്‍ അതൊന്നും കാര്യമാക്കാതെ പിടിച്ചു നില്‍ക്കണം. നമ്മുടെ ജീവിതമാര്‍ഗമാണിതെന്ന് മനസ്സിലാക്കി ഉറപ്പോടെ ഇറങ്ങിത്തിരിക്കണം’. സാമ്പത്തികസ്വാശ്രയത്വം നേടിയ ഒരു വീട്ടമ്മയുടെ അനുഭവസാക്ഷ്യങ്ങളായി മാറുന്നു ഈ വാക്കുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
