Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightആള്‍ട്ടര്‍ മാസ്റ്റര്‍

ആള്‍ട്ടര്‍ മാസ്റ്റര്‍

text_fields
bookmark_border
ആള്‍ട്ടര്‍ മാസ്റ്റര്‍
cancel
ബൈക്ക് ആള്‍ട്ടറേഷനില്‍ ഒരു ഡോക്ടറേറ്റ് നല്‍കാമെങ്കില്‍ ആദ്യം നല്‍കേണ്ടത് മലപ്പുറം ജില്ലയിലെ കരുവാങ്കല്ല് സ്വദേശി അരീക്കാടന്‍ അബ്ദുല്‍ ജലീലിനാണ്. തറയിട്ടാലിലെ തന്‍െറ കൊച്ചു വര്‍ക്ഷോപ്പിലിരുന്ന് രൂപമാറ്റത്തിന്‍െറ പുതിയ വഴികള്‍ തുറക്കുകയാണ് അഞ്ചാംക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം. 32 വര്‍ഷം മുമ്പ് ബൈക്കുകളോട് ചങ്ങാത്തം തുടങ്ങിയ ഇദ്ദേഹത്തിന്‍െറ കരവിരുത് കണ്ടാല്‍ ബൈക്ക് നിര്‍മാണത്തിലെ രാജാക്കന്മാരായ ഹാര്‍ളി ഡേവിഡ്സണ്‍ കമ്പനിക്കാര്‍ പൊക്കിക്കൊണ്ടുപോകുമെന്നുവരെ നാട്ടുകാര്‍ പറയാറുണ്ട്.
 
പഴയ കാലത്ത് ഓത്തുപള്ളിയില്‍ കുരുന്നുകള്‍ക്ക് മതത്തിന്‍െറ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന അരീക്കാടന്‍ ബീരാന്‍ മൊയ്തീന്‍െറ ആറ് മക്കളില്‍ ഇളയവനായ ജലീല്‍, ബൈക്ക് കമ്പം മൂത്ത് അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയപ്പോള്‍ ശകാരിച്ചവര്‍ ഏറെയാണ്. ഗുരുക്കന്മാരില്ലാതെ ബൈക്കുകള്‍ സ്വയം അഴിച്ചുപണിതാണ് മെക്കാനിസത്തിന്‍െറ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അയല്‍ക്കാരന്‍െറ ജെറ്റ് ജാവ 80 സി.സി മോപ്പഡിലായിരുന്നു ആദ്യ പരീക്ഷണം. ബുള്ളറ്റിന്‍െറയും യെസ്ഡിയുടെയും റിപ്പയറിങ്ങിലൂടെ പേരെടുത്ത പയ്യന്‍ 1988ല്‍ കൊണ്ടോട്ടിയില്‍ ആദ്യ വര്‍ക്ഷോപ്പ് ആരംഭിക്കുമ്പോഴും തനിക്ക് ലഭിച്ച സിദ്ധി എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇപ്പോള്‍ നാല് വര്‍ക്ഷോപ്പുകളുടെ ഉടമയായ ഇദ്ദേഹത്തിന്‍െറ സ്ഥാപനങ്ങള്‍ക്ക് ജലീല്‍ ഓട്ടോ ഗാരേജ് എന്ന് പേരുണ്ടെങ്കിലും ഒന്നിനു പോലും ബോര്‍ഡില്ല. അതിന്‍െറ ആവശ്യവുമില്ല, അത്രക്കാണ് പെരുമ.
പരീക്ഷണങ്ങളുടെ മാസ്റ്റര്‍
ഇരുചക്ര വാഹനങ്ങളില്‍ ജലീല്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് കണക്കില്ല. ഒരു ബൈക്കുമായി വന്ന് അതില്‍ എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞാല്‍മതി. ദിവസങ്ങള്‍ക്കകം അത് തയാറായിരിക്കും. ഇതിനുവേണ്ട സാധനങ്ങള്‍ സ്വന്തമായി ഉണ്ടാക്കുകയോ ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നും എത്തിക്കുകയോ ചെയ്യും. പണം മുടക്കാന്‍ തയാറായാല്‍ മാത്രം മതി. മാരുതി 800ന്‍െറ എന്‍ജിന്‍വെച്ച് ബൈക്ക് രൂപകല്‍പന ചെയ്തും കീ ഓഫാക്കിയാല്‍ താനേ സ്റ്റാന്‍ഡില്‍ കയറുന്ന ബൈക്കും ചെയിന്‍ ഒഴിവാക്കി ബെല്‍റ്റില്‍ ഓടുന്ന ബൈക്കും ഒരുക്കിയും ഏറെ പേരുടെ മനംകവര്‍ന്നു. പെട്രോള്‍ എന്‍ജിന്‍ ഡീസലിലേക്ക് മാറ്റിയും മികവറിയിച്ചു. ഇന്ന് ഷോറൂമുകളില്‍ നിന്ന് വാഹനമിറക്കി നേരെ ജലീലിന്‍െറ തറയിട്ടാലിലെ വര്‍ക്ഷോപ്പിലെത്തിച്ച് ഒന്നര ലക്ഷം രൂപ വരെ മുടക്കി ആള്‍ട്ടര്‍ ചെയ്യുന്നവരുണ്ട്. തറയിട്ടാലിലെ ‘എസ്’ വളവിലെത്തിയാല്‍ ഇവിടേക്ക് കണ്ണ് പോകാത്തവരുണ്ടാവില്ല.
മാരുതിയുടെ എന്‍ജിനില്‍ കുതിച്ച ‘റോക്കറ്റ്’
ബൈക്കിന് കാറിന്‍െറ എന്‍ജിന്‍ ഘടിപ്പിച്ച് ഓടിക്കുകയെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആളെ കിട്ടിയെന്നു വരില്ല. എന്നാല്‍, ജലീലിന് വഴങ്ങാത്ത സാങ്കേതികവിദ്യയില്ളെന്ന് രാജ്യത്തെ ഓട്ടോമൊബൈല്‍ മാഗസിനുകളും എന്‍ജിനീയര്‍മാരും ബൈക്ക് പ്രേമികളും ഒരുപോലെ അംഗീകരിച്ചത് 2006ലാണ്. ആ വര്‍ഷമാണ് ആ അദ്ഭുതസൃഷ്ടി പിറന്നത്. മാരുതി  800 എന്‍ജിന്‍ രൂപമാറ്റം വരുത്തി യമഹ ആര്‍.സി 350ന്‍െറ ഫ്രെയിമില്‍ ഘടിപ്പിച്ചപ്പോള്‍ ഇവരൊക്കെ മൂക്കത്ത് വിരല്‍വെച്ചു. പലരും പരീക്ഷിച്ച് പരാജയപ്പെട്ടിടത്ത് ‘റോക്കറ്റ് 3’ എന്ന പേരില്‍ പിറവിയെടുത്തത് ഒരു ഉശിരന്‍ ബൈക്ക്. പേരുപോലെ തന്നെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ കുതിച്ചെത്താന്‍ കഴിയുന്നവന്‍. പണി കഴിഞ്ഞിറങ്ങിയപ്പോള്‍ 263 കിലോഗ്രാമായിരുന്നു ഭാരം. ഇരട്ട സൈലന്‍സറും ആറ് ഗിയറുമായി റോഡില്‍ ചീറിപ്പാഞ്ഞ ഇതിന്‍െറ ടാങ്കില്‍ 25 ലിറ്റര്‍ പെട്രോള്‍ സംഭരിക്കാന്‍ ശേഷിയുണ്ടായിരുന്നു.  
ഒരു ലിറ്റര്‍ പെട്രോളടിച്ചാല്‍ 25 കി.മീറ്റര്‍ വിലസാം. വലിയ കാറുകളുടേതിന് സമാനമായ ടയറിന് ബംഗളൂരുവിലെ റാഡോ കമ്പനിയില്‍ പ്രത്യേകം ഓര്‍ഡര്‍ നല്‍കിയാണ് അലോയ് വീല്‍ നിര്‍മിച്ചത്. പിടിച്ചിടത്ത് നില്‍ക്കാന്‍ മൂന്ന് ഡിസ്ക്ബ്രേക്കുകളും ഒരുക്കി. ഓട്ടോമാറ്റിക് പവര്‍ സ്റ്റാന്‍ഡും 30 മീറ്റര്‍ അകലെ നിന്നു വരെ സ്റ്റാര്‍ട്ടാകുന്ന റിമോട്ട് സംവിധാനവുമെല്ലാം അലങ്കാരമായ ബൈക്ക് നാലര മാസം കൊണ്ടാണ് റോഡിലിറങ്ങിയത്. വിദേശത്ത് ഒരു കോടി രൂപ വരെ ചെലവുവരുന്ന ഇവന് ഒമ്പത് വര്‍ഷം മുമ്പ് ചെലവായത് രണ്ടര ലക്ഷം രൂപയാണ്. കാറിന്‍െറ എന്‍ജിനില്‍ ബൈക്കിറങ്ങിയതോടെ ഓട്ടോമൊബൈല്‍ മാഗസിന്‍കാരും എന്‍ജിനീയറിങ് കോളജുകാരുമെല്ലാം തേടിയെത്തി. ഇത്തരത്തില്‍ അന്ന് പഞ്ചാബിലും പുണെയിലും ബൈക്ക് നിര്‍മിച്ചിരുന്നെങ്കിലും പ്രശസ്ത ഇംഗ്ളീഷ് ഓട്ടോമൊബൈല്‍ മാഗസിന്‍ ടോപ്പ്ഗിയര്‍ മികച്ചതായി തെരഞ്ഞെടുത്തത് ജലീലിന്‍െറ ‘റോക്കറ്റി’നെയായിരുന്നു. പുണെയിലെ പ്രമുഖ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാനും ക്ഷണം കിട്ടി.
വികലാംഗര്‍ക്കും വേണം ബുള്ളറ്റ്
അംഗവൈകല്യം ബാധിച്ചിട്ടും സാഹചര്യങ്ങളോട് പടവെട്ടി ജയിച്ചവര്‍ ഏറെയുണ്ട്. അസാധ്യമെന്ന് കരുതുന്ന പലതും പൂര്‍ണ ശേഷിയുള്ളവരെ കാഴ്ചക്കാരാക്കി ചെയ്തുതീര്‍ക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നത് അസാധാരണ ഇച്ഛാശക്തിയാണ്. ന്യൂ ജനറേഷന്‍ പിള്ളേര്‍ ഹാര്‍ളിയിലും ബുള്ളറ്റിലുമെല്ലാം ചെത്തി നടക്കുമ്പോള്‍ തങ്ങള്‍ക്കുമായാലെന്ത് എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാനാവില്ല. ഇത്തരക്കാര്‍ക്കുവേണ്ടി മൂന്നു ചക്രത്തില്‍ ബുള്ളറ്റൊരുക്കാനുള്ള യത്നത്തിലാണ് ജലീലിപ്പോള്‍. സാധാരണ നാല് ചക്രങ്ങളില്‍ ഇവര്‍ക്കുണ്ടാക്കുന്ന വാഹനങ്ങളെ വെല്ലുവിളിച്ച് ഓഫ്റോഡ് റോഡിങ്ങിന് വരെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് ജലീല്‍ പറയുന്നു. സൗകര്യങ്ങള്‍ എന്തൊക്കെ വേണമെന്ന ഗവേഷണത്തിലാണിപ്പോള്‍.
ക്ലച്ചില്ലാതെയും ബൈക്കോടും
ക്ലച്ചില്ലാത്ത കാറുകള്‍ പുതുമയല്ല, എന്നാല്‍ അത്തരമൊരു ബൈക്ക് കേട്ടുകേള്‍വിയില്‍ പോലുമുണ്ടാവില്ല. രാജ്യത്ത് ആദ്യമായി ബുള്ളറ്റില്‍ അത്തരമൊരു പരീക്ഷണത്തിന്‍െറ പാതയിലാണ് ജലീല്‍. അമേരിക്കയില്‍ ചോപ്പര്‍ ബൈക്കുകള്‍ക്ക് വെക്കുന്ന ഈ സാങ്കേതിക വിദ്യക്കുവേണ്ട സാധനങ്ങള്‍ അവിടെ നിന്നുതന്നെ ഇറക്കിക്കഴിഞ്ഞു. ക്ലച്ച് ലിവറുകളോ സ്വിച്ചുകളോ കേബിളോ ഇല്ലാത്ത ഹാന്‍ഡിലുമായി ഇനി ബൈക്കുകളോടിത്തുടങ്ങും.
സര്‍ക്കാര്‍ കനിഞ്ഞിരുന്നെങ്കില്‍...
ഭാര്യ അസ്മയും ഒരു പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ച് മക്കളുമുള്ള ജലീലിന്‍െറ രണ്ടു മക്കള്‍ പിതാവിന്‍െറ പാതയിലാണ്. മുപ്പതോളം പേരെ ബൈക്ക് മെക്കാനിസം പഠിപ്പിച്ച ജലീലിന് വിശ്രമിക്കാന്‍ സമയമില്ല, അതിന് ബൈക്ക് കമ്പക്കാര്‍ അനുവദിക്കുകയുമില്ല. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് അവര്‍ ജലീലിനെ തേടിയെത്തുന്നു. സ്വന്തമായി വികസിപ്പിച്ച ഷാസിയും ഹെ
ഡ്‌ലൈ
റ്റും സൈലന്‍സറുമെല്ലാം വന്‍കിട ബൈക്ക് നിര്‍മാതാക്കളെ പോലും വിസ്മയിപ്പിച്ചിട്ടുണ്ട്. മുന്നൂറോളം ഇരുചക്ര വാഹനങ്ങളാണ് ഇദ്ദേഹത്തിന്‍െറ പണിപ്പുരയില്‍ നിന്ന് മുഖം മിനുക്കിയിറങ്ങിയത്. സ്വന്തമായി നിര്‍മിക്കുന്ന ബൈക്കുകള്‍ റോഡിലിറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയിലെ ബൈക്കുകളുടെ ചരിത്രം തന്നെ ജലീല്‍ മാറ്റിയെഴുതുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story