അരങ്ങിന്‍െറ തലക്കുറി മാറ്റിയ കാലം

20:30 PM
17/01/2015

സാമൂഹിക മാറ്റത്തിന്‍െറ ഇന്ധനമായി മാറിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകംപോലെ മലയാളക്കരയാകെ ഹര്‍ഷാരവത്തോടെ സ്വീകരിച്ച നാടകമായിരുന്നു. ‘ഫസഹ്’. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ അവതരിപ്പിക്കപ്പെട്ട നാടകവും ഫസഹാണ്. നാടകാവതരണത്തില്‍ വിറളി പൂണ്ട യാഥാസ്ഥിതികര്‍ അരങ്ങ് അഗ്നിക്കിരയാക്കിയ ചരിത്രവും ഫസഹിന്‍െറ അവതരണ കാലത്തുണ്ടായി. വി.ടി.ഭട്ടതിരിപ്പാടിന്‍െറ ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’ നാടകം നമ്പൂതിരി സമുദായത്തില്‍ സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങള്‍ സമൂഹവുമായി ചര്‍ച്ച ചെയ്തതിനെക്കാള്‍ ഒരു പടികൂടി തീക്ഷ്ണമായിരുന്നു മുസ്ലിം സമുദായത്തെ സംബന്ധിച്ച് ഫസഹിന്‍െറ അവതരണം ഉയര്‍ത്തിയ കൊടുങ്കാറ്റ്.

ഫസഹ് ചിന്തക്ക് ഇടം നല്‍കാതിരുന്ന സമുദായ മതില്‍ക്കെട്ടിനുള്ളില്‍ ചര്‍ച്ചകളുടെ ഒച്ച ഉയര്‍ത്താനും അത് സമുദായത്തിനുപുറത്ത് സമൂഹത്തിലും അനുരണനങ്ങള്‍ തീര്‍ക്കാനും കാരണമായി. സി.ജെ.തോമസിനും പി.ജെ.ആന്‍റണിക്കും പൊന്‍കുന്നം വര്‍ക്കിക്കും തോപ്പില്‍ ഭാസിക്കും കാമ്പിശ്ശേരിക്കും ശേഷം സാമൂഹിക നവീകരണത്തിന് ഉതകുംവിധം ജീവിതത്തിലെ മാനവികത ഉയര്‍ത്തിക്കാട്ടിയ നാടകകാരനാണ് കേരളപുരം കലാം. മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നേര്‍ക്ക് പിടിച്ച കണ്ണാടിയായിരുന്നു കേരളപുരം കലാമിന്‍െറ നാടകങ്ങള്‍.

1941ന്‍െറ പുതുവത്സര പുലരിയിലാണ് കേരളപുരം കലാം ജീവിത നാടകത്തിന്‍െറ വിശാല അരങ്ങിലേക്ക് പിറന്നുവീണത്. നിലത്തെഴുത്ത് പള്ളിക്കൂടത്തില്‍നിന്ന് നേരെ എത്തിയത് കേരളപുരം സര്‍ക്കാര്‍ ഹൈസ്കൂളില്‍. ഇവിടെ കവി തിരുനെല്ലൂര്‍ കരുണാകരനായിരുന്നു അധ്യാപകന്‍. ഒരു പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയെ ഒരധ്യാപകന് എത്രമാത്രം സ്വാധീനിക്കാന്‍ കഴിയുമെന്നും അയാളെ കലയുടെ കളിയരങ്ങിലെ നക്ഷത്രമാക്കാന്‍ എങ്ങനെ പ്രചോദനമാകാം എന്നുതിന്‍െറയും തെളിവാണ് കലാം സാറിന്‍െറ നാടക സപര്യ.

സ്കൂള്‍ വിട്ട് ഉടന്‍ വീട്ടിലത്തെിയില്ളെങ്കില്‍ വാപ്പയുടെ വക ചൂരല്‍ കഷായം റെഡി. ഒരു ഓണക്കാലത്ത് പുലികളിയും ചെണ്ടകൊട്ടും ആസ്വദിച്ച് അവരോടൊപ്പം കൂടിയപ്പോള്‍ സമയം ഏറെ വൈകി. മനസ്സ് കിടുങ്ങി. ജീവന്‍ മറന്നുള്ള ഓട്ടത്തില്‍ വഴിയിലുള്ള തോട്ടില്‍ വീണു. തോട്ടില്‍നിന്ന്  കുറച്ചുകൂടി ചളിയൊക്കെ വാരി ഉടുപ്പിലും നിക്കറിലും തേച്ചു. നിലവിളിച്ച് വീട്ടിലേക്ക് വീണ്ടും ഓടി. വാപ്പയുടെ മുന്നിലത്തെി തോട്ടില്‍ വീണതും വേദനിച്ചതുമൊക്കെ അഭിനയിച്ചു കാണിച്ചു. വാപ്പയുടെ കരളലിഞ്ഞു. ജീവിതത്തിലെ ആദ്യാഭിനയം നന്നായി വിജയിച്ചു. അടിയില്‍നിന്ന് രക്ഷപ്പെട്ടു.

ചാത്തന്നൂര്‍ എന്‍.എസ്.എസ് സ്കൂളില്‍നിന്ന് 12ാം ക്ളാസ് തോറ്റപ്പോള്‍ നാടുവിട്ടു. ചെന്നത്തെിയത് പ്രശസ്തമായ കലാനിലയം നാടക ട്രൂപ്പിലായിരുന്നു. അനൗണ്‍സര്‍, അഭിനേതാവ് എന്നീ നിലകളില്‍ 10 വര്‍ഷം തുടര്‍ന്നു. ഈ കാലമാണ് തന്‍െറ നാടകാനുഭവത്തിന്‍െറ സുവര്‍ണകാലം. ജഗതി എന്‍.കെ.ആചാരി, പാപ്പനംകോട് ലക്ഷ്മണന്‍ തുടങ്ങിയ നാടക പ്രതിഭകളുമായുള്ള സൗഹൃദവും സംസര്‍ഗവും  നാടക രചനയിലേക്ക് ഉയര്‍ത്തി. ആദ്യ നാടകമായ ‘കേളി’ ഹിറ്റായതോടെ നാടക ചരിത്രത്തില്‍ കലാം തന്‍െറ പേര് അടയാളപ്പെടുത്തി. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കാല്‍നൂറ്റാണ്ടത്തെ  തിലകനുമായുള്ള ബന്ധം അവിസ്മരണീയ അനുഭവമാണ്.

നാടകരചനയില്‍ ശ്രദ്ധിച്ചതോടെ അഭിനയവും ഗൗരവത്തിലെടുത്തു. സര്‍ഗവീണ, മാ നിഷാദ, നവധാര, സാരഥി, ട്യൂണ തുടങ്ങി ഒട്ടനവധി നാടക ട്രൂപ്പുകളിലെ നാടക കഥാകാരനായും സംവിധായകനായും നടനായും തുടര്‍ന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടിന്‍െറ നാടകയാത്രക്കിടെ 40ലധികം നാടകങ്ങള്‍ക്ക് കഥാരചന, 25ലധികം നാടകങ്ങളുടെ സംവിധാനം, അതിലേറെ നാടകങ്ങളില്‍ പ്രധാന നടനായും കലാം തിളങ്ങി. കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിന് വേദികളില്‍ കേരളപുരം കലാം നിറസാന്നിധ്യമായിരുന്നു. കേരളക്കരയില്‍നിന്ന് ഇടക്കാലത്ത് നാടകങ്ങള്‍ അല്‍പം പിന്‍വാങ്ങിയിരുന്നെങ്കിലും സാമൂഹികമാറ്റത്തിന്‍െറ പ്രേരക ശക്തി എന്ന നിലയില്‍ നാടകങ്ങള്‍ക്ക് കാലാതീത പ്രസക്തിയുണ്ട്. ഇപ്പോള്‍ നാടകങ്ങള്‍ തിരിച്ചുവരവിന്‍െറ തയാറെടുപ്പിലാണ്.

ഉത്സവപ്പറമ്പുകളില്‍ നാടകങ്ങളും കഥാപ്രസംഗങ്ങളും അരങ്ങുവാണിരുന്ന സുവര്‍ണ കാലത്ത് ദേവാലയ ഭാരവാഹികള്‍പോലും പുരോഗമനവാദികളായിരുന്നു. വടക്കൊരു ക്ഷേത്രത്തില്‍ നാടകവുമായി കലാം പോയി. എതിര്‍പ്പുകള്‍ ഏറെയുണ്ടായിരുന്ന നാടകങ്ങളായിരുന്നതിനാല്‍ നാടകം കളിക്കുന്ന സ്ഥലത്ത് നേരത്തേ എത്തി പരിസരം പഠിക്കുന്നത് കലാം സാറിന്‍െറ ശീലമായിരുന്നു. ഏറും മറ്റും കിട്ടാന്‍ സാധ്യതയുണ്ടോ എന്നാരായുകയാണ് ഇത്തരം ചുറ്റിനടക്കലിന്‍െറ ലക്ഷ്യം. അന്ന് നാടകം കളിക്കേണ്ട ക്ഷേത്രത്തിലും അദ്ദേഹം എത്തി.

അവിടെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് ചെറിയ അക്ഷരത്തില്‍ എഴുതിയ ബോര്‍ഡ് കണ്ടു. അതിനുമുകളില്‍ വലിയ അക്ഷരത്തില്‍  ‘ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശമില്ല’ എന്ന ബോര്‍ഡും. ഹിന്ദുക്കളല്ലാത്തവരുടെ പരിപാടികള്‍പോലും അവതരിപ്പിക്കില്ലായിരുന്നു. എന്നാല്‍, സംഘാടകര്‍ക്ക് കലാം സാറിന്‍െറ പ്രശസ്ത നാടകം ഉത്സവത്തില്‍ അരങ്ങിലത്തെിക്കുകയും വേണം. തെക്കുനിന്നുള്ള കേരളപുരം കലാം വടക്ക് എത്തിയപ്പോഴേക്കും നോട്ടീസില്‍ കലാധരനായി വേഷപ്പകര്‍ച്ച നല്‍കി സംഘാടകര്‍ സംഗതി ഒതുക്കിയതും കൗതുക സ്മരണയാണ്.        

ഫസഹ്, ത്വലാഖ്, സിംഹാസനം, ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍, ഇന്ധനം, ഭരത് സാഗരം തുടങ്ങിയവ അദ്ദേഹത്തിന്‍െറ മികച്ച നാടകങ്ങളില്‍ ചിലതാണ്. പുരാണനാടകത്തിലെ അഭിനയത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ‘കലാരത്നം’ അവാര്‍ഡ് നല്‍കി ആദരിച്ചു.  സമഗ്ര സംഭാവനക്ക് 2010ല്‍ സംഗീത നാടക അക്കാദമിയുടെ ഗുരുവന്ദനം പുരസ്കാരം, 1987ല്‍  സംസ്ഥാന സര്‍ക്കാറിന്‍െറ മികച്ച നാടക രചനക്കുള്ള അവാര്‍ഡ്, ഗ്രന്ഥശാലാ സംഘം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കലാം സാറിനെ തേടിയത്തെി.
വരുംകാലത്ത് കേരളസമൂഹം ചര്‍ച്ചചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ നാടകത്തിന്‍െറ രചനയിലാണ് അദ്ദേഹം. കേരളപുരത്തെ വീട്ടില്‍ ഭാര്യ സുബൈദ ബായിയോടും മകളോടും ചെറുമക്കളോടുമൊപ്പം സന്തുഷ്ട ജീവിതം. മക്കള്‍: മിനിമോള്‍, സുനിമോള്‍, കനിമോന്‍.

TAGS
Loading...
COMMENTS